UPDATES

വിദേശം

ലോകം ട്രംപിനെ കേട്ടത് ഇങ്ങനെ ആയിരുന്നു

സത്യപ്രതിജ്ഞയ്ക്ക് ശേഷം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്ത് പറയുമെന്നറിയാന്‍ ലോകം മുഴുവന്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ അതിദേശീയത വിദ്വേഷം കുത്തിനിറച്ച ട്രംപിന്റെ ആമുഖ പ്രസംഗം, അമേരിക്കയെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്ന രാജ്യങ്ങളെ ഒരു പോലെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്.

അഫ്ഗാനിസ്ഥാനെ കുറിച്ച് പ്രസംഗത്തില്‍ ഒരു വാക്കുപോലും പരാമര്‍ശിക്കാത്തതിലാണ് അവര്‍ക്ക് നിരാശ. അഫ്ഗാന്‍ പോലീസിനും സൈന്യത്തിനും ഇപ്പോള്‍ ശമ്പളം നല്‍കുന്നത് യുഎസ് ആണ്. അമേരിക്ക തങ്ങളെ സഹായിക്കുന്നത് നിറുത്തിയാല്‍ രാജ്യത്ത് വീണ്ടും തീവ്രവാദം തഴച്ചുവളരുമെന്ന് ബഹുഭൂരിപക്ഷവും ഭയപ്പെടുന്നു. എന്നാല്‍, ഇസ്ലാമിക ഭീകരവാദം ലോകത്ത് നിന്നും തുടച്ചുനീക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം ചിലര്‍ക്കെങ്കിലും പ്രതീക്ഷ നല്‍കുന്നു.

മെക്‌സിക്കോയെ പോലെ ആകാംഷയോടെ മറ്റൊരു രാജ്യവും ട്രംപിന്റെ പ്രസംഗം ശ്രവിച്ചിട്ടുണ്ടാവില്ല. അമേരിക്കയിലേക്ക് വരുന്ന കുടിയേറ്റക്കാരെ കുറിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ വിമര്‍ശിച്ച ട്രംപ് മെക്‌സിക്കോയില്‍ നിന്നും ഉല്‍പന്നങ്ങള്‍ രാജ്യത്തെത്തുന്നത് തടയാന്‍ അതിര്‍ത്തിയില്‍ പിഴയീടാക്കുമെന്നും പറഞ്ഞിരുന്നു. അമേരിക്കയാണ് മെക്‌സിക്കോയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. 2015ലെ മെക്‌സിക്കോയുടെ കയറ്റുമതിയായ 532 ദശലക്ഷം ഡോളറിന്റെ 80 ശതമാനവും അമേരിക്കയിലേക്കായിരുന്നു. പുതിയ കമ്പോളങ്ങള്‍ കണ്ടുപിടിക്കേണ്ടി വരുമെന്നാണ് ഭൂരിപക്ഷം മെക്‌സിക്കോക്കാരും വിലയിരുത്തുന്നത്.

ട്രംപ് കാലത്ത് ഇസ്ലാമിക രാജ്യങ്ങള്‍ക്ക് കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നാണ് പാകിസ്ഥാനില്‍ നിന്നുള്ള വിലയിരുത്തല്‍. ഇസ്ലാമിക തീവ്രവാദം അവസാനിപ്പിക്കുമെന്ന ട്രംപിന്റെ അവകാശവാദത്തെ പലരും അങ്ങനെയാണ് വിലയിരുത്തുന്നത്. ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും ഭീകരപ്രവര്‍ത്തനം നടത്തുന്നവരുടെ താവളം പാകിസ്ഥാനാണെന്ന് ശക്തമായ ആരോപണവും നിലനില്‍ക്കുന്നുണ്ട്.

ട്രംപിന്റെ അസ്ഥിരതയാണ് ജപ്പാന്‍കാരെ അസ്വസ്ഥരാക്കുന്നത്. ലോക ശക്തിയായ അമേരിക്കയില്‍ അസ്ഥിരത നിലനിന്നാല്‍ അത് ലോകത്തെയാകെ ബാധിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. 12 രാജ്യങ്ങള്‍ അംഗങ്ങളായുള്ള ട്രാന്‍ പസഫിക് പാര്‍ട്ടര്‍ഷിപ്പ് പിന്‍വലിക്കാനുള്ള ട്രംപിന്റെ തീരുമാനം ജപ്പാനും യുഎസും തമ്മിലുള്ള വ്യാപാര സംഘര്‍ഷത്തിന് വഴിതെളിക്കുമെന്നും പലരും വിലയിരുത്തുന്നു.

യുഎസും ചൈനയും തമ്മിലുള്ള വ്യാപര സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുമെന്ന് ചൈന വിലയിരുത്തുന്നു. യുഎസ്, ആഗോള സാമ്പത്തിക മേഖലകളില്‍ നാടകീയ മാറ്റങ്ങള്‍ക്കാണ് സാധ്യത. ചൈനയുടെ ഊഴം കാത്തിരിക്കുകയേ മാര്‍ഗ്ഗമുള്ളു എന്നാണ് ഭൂരിപക്ഷവും വിലയിരുത്തുന്നത്. ചൈനയുടെ വ്യാപാരസമ്മര്‍ദം സൃഷ്ടിക്കുന്നതിന് തായ്‌വാനുമായുള്ള നല്ല ബന്ധങ്ങള്‍ ട്രംപ് ഉപയോഗിക്കാനുള്ള സാധ്യതയും അവര്‍ മുന്‍കൂട്ടി കാണുന്നു.

തന്റെ പ്രസംഗത്തില്‍ തായ്വാനെ കുറിച്ചും ട്രംപ് പരാമര്‍ശങ്ങള്‍ ഒന്നും നടത്തിയില്ലെങ്കിലും നവംബറില്‍ തിരഞ്ഞെടുപ്പ് ജയിച്ച ഉടനെ അദ്ദേഹം തായ്വാന്‍ പ്രസിഡന്റ് ത്സായി ഇംഗ്-വെന്നുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇത് ചൈനയെ ചൊടിപ്പിക്കുകയും ചെയ്തിരുന്നു. ഏക ചൈന വാദം ഇനി യുഎസ് അംഗീകരിക്കാന്‍ സാധ്യതയില്ലെന്നാണ് തായ്വാന്റെ പ്രതീക്ഷ.

സുരക്ഷാകാരണങ്ങളാണ് ദക്ഷിണ കൊറിയയെ സമ്മര്‍ദത്തിലാക്കുന്നത്. ഉത്തരകൊറിയയുടെ ആക്രമണം നേരിടാന്‍ ദക്ഷിണ കൊറിയയില്‍ തങ്ങുന്ന അമേരിക്കാന്‍ സേനയക്ക് കൂടുതല്‍ പണം നല്‍കാന്‍ ട്രംപ് നിര്‍ദ്ദേശിച്ചേക്കാം. ഇത് വ്യാപാര ബന്ധങ്ങളെയും നയതന്ത്ര ബന്ധങ്ങളെയും ബാധിച്ചേക്കാമെന്നും അവര്‍ ഭയപ്പെടുന്നു.

കുടിയേറ്റത്തിന് വെല്ലുവിളിയാകുന്നതായിരിക്കും ട്രംപിന്റെ നയങ്ങളെന്ന് ഇന്ത്യക്കാര്‍ ഭയപ്പെടുന്നു. തൊഴില്‍ വിസകളും ഗ്രീന്‍ കാര്‍ഡും ലഭിക്കാന്‍ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ സാധ്യതയുണ്ട്. ട്രംപിന്റെ ലൈംഗീക പരാമര്‍ശങ്ങള്‍ ചിലരെ അസ്വസ്ഥരാക്കുമ്പോള്‍, ആഭ്യന്തര സംരക്ഷണത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളായിരുന്നു ദിനപത്രങ്ങള്‍ തലക്കെട്ടാക്കിയത്.

അമേരിക്കക്കാര്‍ക്ക് മാത്രം ഉള്ളതായിപ്പോയി ട്രംപിന്റെ പ്രസംഗമെന്ന് വിയറ്റ്‌നാമികള്‍ കരുതുന്നു. ഒരു തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പറ്റിയ പ്രസംഗമാണെങ്കിലും സത്യപ്രതിജ്ഞാ വേളയില്‍ ചെയ്യേണ്ട ഒന്നായിരുന്നില്ല അതെന്ന് അവര്‍ വിലയിരുത്തുന്നു.

വളരെ വിഭാഗീയമായ ഒരു പ്രസംഗമായിരുന്നു ട്രംപിന്റെതെന്നാണ് ഓസ്‌ട്രേലിയക്കാര്‍ പൊതുവില്‍ അഭിപ്രായപ്പെടുന്നത്. യോഗങ്ങളില്‍ ആളെക്കൂട്ടാന്‍ പറ്റിയ പ്രസംഗം മാത്രമാണിതെന്ന് അവര്‍ കരുതുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്തുണ്ടായിരുന്ന ട്രംപില്‍ നിന്നും പ്രസിഡന്റ് ട്രംപിലേക്ക് ഒരു പരിവര്‍ത്തനവും ഉണ്ടായിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍