UPDATES

സയന്‍സ്/ടെക്നോളജി

ഏഷ്യന്‍ മഴക്കാടുകള്‍ക്ക് മരണമണിയുമായി പാം ഓയില്‍

Avatar

ആദം മിന്റര്‍
(ബ്ലൂംബര്‍ഗ് ന്യൂസ്)

ഇന്ന് നിങ്ങള്‍ പാം ഓയില്‍ ഉപയോഗിച്ചിരിക്കാം. ടൂത്ത്‌പേസ്റ്റില്‍ അല്ലെങ്കില്‍ ഷാമ്പൂവില്‍, അതല്ലെങ്കില്‍ പ്രാതലില്‍ ഉപയോഗിച്ച മാര്‍ഗരൈനില്‍. ആധുനിക സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്ന, ഏകദേശം പകുതിയോളം വസ്തുക്കളില്‍ കാണപ്പെടുന്ന, പാം ഓയില്‍ ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള ഭക്ഷ്യ എണ്ണയാണ്. 

എന്നാല്‍, തെക്ക്കിഴക്കന്‍ ഏഷ്യയിലെ മഴക്കാടുകളെ നശിപ്പിക്കുന്നതിലൂടെ അത് ലോകത്തെ ഏറ്റവും വലിയ പരിസ്ഥിതി നാശത്തിനും കാരണമാകുന്നു. 1967 മുതല്‍ കെന്റക്കി മുഴുവനും പനന്തോട്ടങ്ങള്‍ വെച്ചു പിടിപ്പിക്കുമ്പോള്‍ ഇന്തോനേഷ്യയുടെ മഴക്കാടുകള്‍ നശിച്ചു കൊണ്ടിരുന്നു. മാത്രമല്ല, തെക്ക്കിഴക്കന്‍ ഏഷ്യയിലെ രീതിയനുസരിച്ച് മഴക്കാടുകളെ നശിപ്പിക്കുന്നത് നിലംപറ്റെ തീവെച്ചു കരിച്ചാണ്. ഇത് ആഗോള താപനത്തിന് കാരണമാകുന്ന വളരെയധികം ഹരിതഗൃഹവാതകങ്ങളെ പുറന്തള്ളുന്നു. ഒരു പിയര്‍ റിവ്യൂ പഠനമനുസരിച്ച് 2010 ല്‍ കത്തിച്ച മഴക്കാടുകള്‍ പുറന്തള്ളിയത് ഇരുപത്തെട്ട് ദശലക്ഷം കാറുകള്‍ പുറന്തള്ളുന്നതിനു സമാനമായ കാര്‍ബണ്‍ വികിരണമാണ്.

നിരവധി മധ്യവര്‍ത്തികളുള്ളതിനാല്‍ തങ്ങളുടെ ഉത്പന്നങ്ങളില്‍ പാം ഓയില്‍ ഉപയോഗിക്കുന്ന കമ്പനികള്‍ക്ക് അത് ലഭ്യമാകുന്ന സ്രോതസ്സിനെ പറ്റി കൃത്യമായ അറിവില്ല എന്നതാണ് ഇതിലെ അടിസ്ഥാനപ്രശ്‌നം. ഈ പ്രതിസന്ധിയെപ്പറ്റി ബോധവാന്മാരായിരുന്നെങ്കില്‍ പ്രകൃതിക്ക് ഭീഷണിയാവാതെയും പ്രകൃതി സംരക്ഷകരുടെ രോഷത്തിനു പാത്രമാവാതെയും ലഭ്യമാകുന്ന പാം ഓയില്‍ തന്നെ അവര്‍ തിരഞ്ഞെടുത്തേനെ.

ഭാഗ്യവശാല്‍ അത് തന്നെയാണ് സംഭവിക്കാന്‍ പോകുന്നത്.

ഏകദേശം അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു കൂട്ടം പ്രവര്‍ത്തകര്‍ ‘ട്രെയ്‌സബിലിറ്റി’ (traceability) എന്ന ഒരു ലളിതമായ ആശയം കൊണ്ട് വന്നു. തങ്ങള്‍ വാങ്ങുന്ന പാം ഓയിലിനെ പറ്റിയും,അതുണ്ടാക്കുന്ന മില്ലുകളെ പറ്റിയും പനകള്‍ വളരുന്ന സ്ഥലത്തെ പറ്റിയുമെല്ലാം കമ്പനികള്ക്ക് കൃത്യമായി അറിയാന്‍ കഴിയുന്ന ഒരു സംവിധാനം. അതിന്‍ പ്രകാരം മഴക്കാടുകള്‍ നശിപ്പിച്ചല്ലാതെയുണ്ടാക്കുന്ന (പഴയതോട്ടങ്ങളില്‍ നിന്നോ അല്ലെങ്കില്‍ വംശനാശ ഭീഷണി കുറഞ്ഞ സ്ഥലത്ത് നിന്നോ) സ്ഥലങ്ങളില്‍ നിന്ന് മാത്രം പാമോയില്‍ വാങ്ങാന്‍ അവര്ക്ക് കഴിയും.

വ്യവസായമേഖല ഇതേറ്റെടുത്തു കഴിഞ്ഞു. ‘വില്മര്‍ ഇന്റര്‌നാഷണല്‍’ എന്ന ലോകത്തെ ഏറ്റവും വലിയ പാമോയില്‍ വിതരണക്കാര്‍, അവരുടെ പാമോയിലിന്റെ സ്രോതസ്സിനെ പറ്റിയുള്ള (മില്ലുകളെയും തോട്ടങ്ങളെയും ഉള്‍പ്പെടുത്തി) എല്ലാ വിവരങ്ങളും ഒരു പാസ് വേര്‍ഡ് ഉപയോഗിച്ച് ആര്‍ക്കും- എതിരാളികള്‍ക്കോ എന്‍ ജി ഓയ്‌ക്കോ പത്രപ്രവര്‍ത്തകര്‍ക്കോ- ലഭ്യമാക്കാവുന്ന തങ്ങളുടെ പുതിയ വെബ്‌സൈറ്റിലൂടെ പ്രസിദ്ധീകരിച്ചു.

വെബ്‌സൈറ്റില്‍ അവര്‍ പാമോയില്‍ വാങ്ങുന്ന മില്ലിന്റെ പേര് മാത്രമല്ല നല്‍കിയിട്ടുള്ളത്; അത് വന നശീകരണം നടന്ന സ്ഥലമാണോ എന്ന് ഉപഭോക്താവിന് പരിശോധിക്കാം. സംശയാസ്പദമായ മില്ലുകളെ പറ്റിയുള്ള പരാതി വില്‍മറിന് നല്‍കുകയുമാകാം. സൈറ്റിലെ വിവരശേഖരണം ഇനിയും വലുതാക്കാനുള്ള തീരുമാനത്തിലാണ് വില്‍മര്‍. 

ഇത് പ്രായോഗികമാകുമോ? ഇപ്പോള്‍ പറയാന്‍ ബുദ്ധിമുട്ടാണ്. വില്‍മറിനെ ഡാറ്റ നല്‍കാന്‍ സഹായിക്കുന്ന ‘ഫോറസ്റ്റ് ഹീറോസ്’ എന്ന എന്‍.ജി.ഒ അഭിപ്രായപ്പെടുന്നത്, കാര്‍ഷിക വിതരണക്കാര്‍ എന്ന നിലയില്‍ മുന്‍ഗാമികളില്ലാത്ത വണ്ണം സുതാര്യതയാണ് കമ്പനി നേടുവാന്‍ പോകുന്നതെന്നാണ്. അത്തരം വലിയ ആഗ്രഹങ്ങള്‍ സാധിക്കുക അത്ര എളുപ്പമല്ല.

എന്നാല്‍ മറ്റൊരു രീതിയില്‍,’ട്രെയ്‌സബിലിറ്റി ക്യാമ്പയ്ന്‍’ നിലവില്‍ വിജയമാണ്. തങ്ങളുപയോഗിക്കുന്ന പാം ഓയിലില്‍ മുമ്പില്ലാത്ത വണ്ണം പാരിസ്ഥിതിക നിലവാരങ്ങള്‍ പാലിക്കാന്‍ തുടങ്ങുകയാണ് കമ്പനികള്‍. കെല്ലോഗും ജനറല്‍ മില്‍സും പോലെയുള്ള പാം ഓയില്‍ ഉപഭോക്താക്കള്‍ വില്‍മറിന്റെ പാത പിന്തുടരുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. മറ്റു പല കണ്‍സ്യൂമര്‍ പ്രൊഡക്റ്റ് കമ്പനികളെയും പോലെ ക്രിസ്പി ക്രീമും ഡന്‍കിന്‍ ഡോനട്ട്‌സും’ട്രെയ്‌സ്ബിള്‍’ പാം ഓയില്‍ മാത്രമേ ഉപയോഗിക്കൂ എന്ന് തീരുമാനിച്ചിരിക്കുകയാണ്.

തങ്ങളുടെ പ്രസിദ്ധ ഉത്പന്നങ്ങളായ ഡോറിസിലും ഫ്രിട്ടോസിലും പാം ഓയില്‍ ഉപയോഗിക്കുന്ന പെപ്‌സി കോ. പൂര്‍ണമായ’ട്രെയ്‌സ്ബിലിറ്റി’യില്‍ ഒരു അപവാദമാവുകയാണ്. കമ്പനി പറയുന്നത് തങ്ങള്‍ മുമ്പേ തന്നെ വനനശീകരണത്തിനെ പൂര്‍ണ്ണമായും എതിര്‍ക്കുന്ന നിലപാട് സ്വീകരിച്ചിട്ടുള്ളതിനാല്‍ ഇനിയൊരു പരിശോധനയുടെ ആവശ്യമില്ലെന്നാണ്. ഒരു പക്ഷെ കാലക്രമേണ അവരും പൂര്‍ണ ‘ട്രെയ്‌സ്ബിലിറ്റി’ നിലവാരം സ്വീകരിച്ചേക്കാം. തങ്ങളുടെ എതിരാളികളെ പോലെ പെപ്‌സി കോയ്ക്കും എന്തുകൊണ്ട് അവരുടെ പാം ഓയിലിന്റെ സ്രോതസ്സ് അന്വേഷിച്ചു കൂടാ എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചോദിക്കുന്നത്(ചില പ്രവര്‍ത്തകര്‍ ഇപ്പോള്‍ തന്നെ പെപ്‌സി കോയെ കുരങ്ങിന്റെ ശത്രുക്കളെന്നാണ് വിമര്‍ശിക്കുന്നത്).

പുതിയ പ്രകൃതിക്ക് അതിന്റേതായ തെറ്റുകുറ്റങ്ങളില്ല എന്നല്ല. തങ്ങള്‍ പാം ഓയില്‍ ശേഖരിക്കുന്ന സ്ഥലത്തെപ്പറ്റി മില്ലുകള്‍ കളവു പറഞ്ഞെന്നു വരാം. എങ്കിലും തെക്ക്കിഴക്കന്‍ ഏഷ്യയിലെ മഴക്കാടുകള്‍ക്ക് ഇതൊരു അവസാന അവസരമാവാം.’ട്രെയ്‌സ്ബിലിറ്റി’ വിജയിക്കുകയാണെങ്കില്‍ അത് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഭാഗത്ത് നിന്നെന്തെങ്കിലും ചെയ്യാനുള്ള അവസരമാകും; ഒരു സമയത്ത് ഒരു ഡോനട്ടും മാര്‍ഗരൈന്‍ ട്യൂബും മതിയെന്ന് വെയ്ക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍