UPDATES

സിനിമ

ഹൃത്വിക് Vs കങ്കണ; നിയമക്കുരുക്കില്‍ പ്രണയ കലഹം

Avatar

അഴിമുഖം പ്രതിനിധി

ഹൃത്വിക് റോഷന്റെയും കങ്കണ റണൗട്ടിന്റെയും വക്കീല്‍ നോട്ടീസ് പ്രശ്‌നം ചുരുളഴിയുമ്പോള്‍ തെറ്റിപ്പിരിഞ്ഞ ഒരു പ്രണയബന്ധത്തോടനുബന്ധിച്ച് ബോളിവുഡിലുണ്ടായിട്ടുള്ളതില്‍ ഏറ്റവും മോശമായൊരു കലഹമായിരിക്കും നാം കാണുക.

‘ക്രിഷ് 3’യുടെ ഷൂട്ടിങ്ങിനിടെയാണ് ഹൃത്വികും കങ്കണയും പ്രണയത്തിലായത്. ഹൃത്വികും സുസെയ്‌നുമായുള്ള വിവാഹബന്ധം പ്രശ്‌നങ്ങളിലായിരുന്നുവെങ്കിലും വിവാഹമോചനത്തിനു മുന്‍പായിരുന്നു അത്. എന്നാല്‍ വിവാഹമോചനം നടത്താന്‍ ഹൃത്വിക്കിനു പരിപാടിയില്ലെന്നു കണ്ട കങ്കണ ബന്ധം അവസാനിപ്പിച്ചുവെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പിന്നീട് സുസെയ്‌നുമായുള്ള വിവാഹമോചനത്തിന്റെ വാര്‍ത്ത വന്നു. ഇതിനു കാരണമായത് കങ്കണയുമായുള്ള പ്രണയമാണോ എന്നതു വ്യക്തമല്ലെങ്കിലും വിവാഹമോചനത്തിനുശേഷം ഇരുവരും വീണ്ടും ഒന്നിച്ചു. കങ്കണയോട് ഹൃത്വിക് വിവാഹാഭ്യര്‍ത്ഥന വരെ നടത്തിയതായും വാര്‍ത്തകളുണ്ട്. എന്നാല്‍ ഇരുവരും തമ്മില്‍ ബന്ധമൊന്നുമുണ്ടായിരുന്നില്ലെന്നാണ് ട്വീറ്റുകളിലൂടെയും വക്കീല്‍ നോട്ടീസിലൂടെയും നടന്‍ പറയുന്നത്.

2014 അവസാനം വരെ പ്രണയത്തിലായിരുന്ന ഇവര്‍ക്കിടയില്‍ വീണ്ടും പ്രശ്‌നങ്ങളുണ്ടായി. അങ്ങനെ അവസാനിച്ച ബന്ധമാണ് ഇപ്പോള്‍ നിയമക്കുരുക്കുമായി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. കങ്കണ ‘സില്ലി എക്‌സ്…’ എന്നു പരാമര്‍ശിച്ചതും ഹൃത്വിക് തന്റെ ട്വീറ്റില്‍ തിരിച്ചടിച്ചതുമാണ് തുടക്കം.

അഭിമുഖങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും വെല്ലുവിളികള്‍ നടത്തിയശേഷം ഇരുവരും പരസ്പരം അയച്ച വക്കീല്‍ നോട്ടീസുകളിലെ വാദങ്ങളും പ്രതിവാദങ്ങളും ഇവയാണ്.

ആദ്യ നോട്ടീസ് ഹൃത്വിക്കിന്റെ വകയായിരുന്നു. ഒരു അഭിമുഖത്തില്‍ കങ്കണ ഹൃത്വിക്കിനെ ‘സില്ലി എക്‌സ്’ എന്നു പരാമര്‍ശിച്ചതിന് ക്ഷമാപണം ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്.

‘ ഏതാനും നാളുകളായി നിങ്ങള്‍ പത്ര, സാമൂഹിക മാധ്യമങ്ങള്‍ വഴി ചലച്ചിത്ര വ്യവസായരംഗത്തും പൊതുജനങ്ങള്‍ക്കിടയിലും നിങ്ങളും എന്റെ കക്ഷി ഹൃത്വിക്കും തമ്മില്‍ ബന്ധമുണ്ടെന്നു പറയുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നു,’ ഹൃത്വിക്കിന്റെ അഭിഭാഷകന്‍ ദീപേഷ് മെഹ്ത വഴി ഫെബ്രുവരി 26ന് അയച്ച നോട്ടീസില്‍ പറയുന്നു.

‘ നിങ്ങളുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ലെന്ന് ഞങ്ങളുടെ കക്ഷി പറയുന്നു. നിങ്ങള്‍ വ്യാജപ്രചാരണമാണു നടത്തുന്നത്. ഗൂഢ പ്രേരണകളും വഞ്ചനാപരമായ ഉദ്ദേശ്യങ്ങളും കൊണ്ട് പൊതുശ്രദ്ധ ആകര്‍ഷിക്കാനാണ് നിങ്ങളുടെ ശ്രമം,’ നാലുപേജുള്ള നോട്ടീസ് പറയുന്നു.

വാര്‍ത്താസമ്മേളനം വിളിച്ച് കങ്കണ ക്ഷമ പറയണമെന്നും തമ്മിലുണ്ടായിരുന്നു എന്നു പറയുന്ന ബന്ധം വ്യക്തമാക്കണമെന്നുമാണ് ഹൃത്വിക്കിന്റെ ആവശ്യം. ഇങ്ങനെയൊരു ബന്ധമേ ഉണ്ടായിരുന്നില്ല എന്നാണ് നടന്റെ നിലപാട്.

മാര്‍ച്ച് ഒന്നിന് കങ്കണ നല്‍കിയ 21 പേജുള്ള മറുപടിയില്‍ ‘ അവര്‍ ബുദ്ധിയില്ലാതെ പ്രണയത്തിലായ ടീനേജറല്ലെന്നും ഇരുവര്‍ക്കുമിടയില്‍ സംഭവിച്ചതെല്ലാം രണ്ടു കക്ഷികളുടെയും പൂര്‍ണ സമ്മതത്തോടെയാണെന്നും’ പറയുന്നു.

‘നിങ്ങളുടെ കക്ഷി എന്റ കക്ഷിയെ സംഭവത്തിലുടനീളം പിന്തുണയ്ക്കുകയും അവരെ പൂര്‍ണമായി ഇതില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. അവരെ തടയാനുള്ള ഒരു ശ്രമവും ഉണ്ടായില്ല. ഇ മെയിലുകള്‍ പാടില്ലെന്നാവശ്യപ്പെടുന്ന ഒരു സന്ദേശവും നിങ്ങളുടെ കക്ഷിയില്‍നിന്നുണ്ടായില്ല. സമ്മതത്തോടെയും പങ്കാളിത്തത്തോടെയുമാണ് ഇ മെയിലുകള്‍ സ്വീകരിച്ചത് എന്നാണ് ഇതിനര്‍ത്ഥം,’ കങ്കണയുടെ അഭിഭാഷകന്‍ റിസ്‌വാന്‍ സിദ്ദിഖി പറയുന്നു.

‘ഹൃത്വിക്ക് ഇങ്ങനെയൊരു കാര്യം ചെയ്യുക എന്നാല്‍ ഏറ്റവും ബുദ്ധിമോശമാണ്. സ്വയം വിഡ്ഢിയാകുകയാണ് ഹൃത്വിക്. ഏഴു ദിവസത്തിലധികമായി മറുപടിയൊന്നും ഞങ്ങള്‍ക്കു ലഭിച്ചിട്ടില്ല. വിവരങ്ങളും നിയമവും ഞങ്ങളുടെ വശത്താണ് എന്നതിനാല്‍ അവരുടെ മറുപടിക്കായി കാത്തിരിക്കുകയാണ് ഞങ്ങള്‍.’

ഹൃത്വിക്കിന്റെ നോട്ടീസ് അനുസരിച്ച് 2014, മേയ് 24ന് കരണ്‍ ജോഹറുടെ പിറന്നാള്‍ പാര്‍ട്ടിയില്‍ ഇരുവരും കണ്ടു. ‘ക്വീന്‍’ സിനിമയിലെ പ്രകടനത്തെ അഭിനന്ദിച്ച് ഹൃത്വിക് അയച്ച ഇ മെയിലിന് കങ്കണ നന്ദി പറഞ്ഞു. ‘എന്നാല്‍ താന്‍ ആ സിനിമ ഇതുവരെ കണ്ടിട്ടില്ലെന്നും അത് തന്റെ ഇ മെയില്‍ ഐഡി അല്ലെന്നുമായിരുന്നു എന്റെ കക്ഷിയുടെ പ്രതികരണം. തുടര്‍ന്ന് യഥാര്‍ത്ഥ ഇ മെയില്‍ വിലാസം നല്‍കുകയും ചെയ്തു,’ നോട്ടീസ് പറയുന്നു. 2014 ഡിസംബറില്‍ വ്യാജ ഇ മെയില്‍ ഐഡി സംബന്ധിച്ച് സൈബര്‍ സെല്ലിന് നടന്‍ പരാതി നല്‍കിയിരുന്നതായും നോട്ടീസ് പറയുന്നു.

‘ ഹൃത്വിക്കിന്റെ യഥാര്‍ത്ഥ ഇ മെയില്‍ ഐഡി ലഭിച്ചശേഷം നിങ്ങള്‍ അണപ്രവാഹം പോലെ ഇ മെയിലുകള്‍ അയച്ചു. ഞങ്ങളുടെ കക്ഷി അവയെല്ലാം (1439 എണ്ണം) അവഗണിക്കാന്‍ ശ്രമിച്ചു. അവ മാനസികപീഡനവും സംഘര്‍ഷവും ഉണ്ടാക്കിയെങ്കിലും. ഇ മെയിലുകള്‍ അയയ്ക്കുന്നതിനൊപ്പം ചലച്ചിത്രരംഗത്തും പുറത്തുമുള്ള ആളുകളോട് നിങ്ങള്‍ നടനുമായുള്ള പ്രണയത്തെപ്പറ്റി പറയുകയും പിന്നീട് ഞങ്ങളുടെ കക്ഷിയെ സില്ലി എക്‌സ് എന്നു വിളിക്കുകയും ചെയ്തു,’ നോട്ടീസ് ആരോപിക്കുന്നു.

എന്നാല്‍ 2014 മേയ് വരെ പരസ്പരം ഉപയോഗിച്ചിരുന്ന ഇ മെയില്‍ ഐഡി തന്നത് ഹൃത്വിക്കാണെന്ന് കങ്കണ പറയുന്നു. ‘വിവാഹമോചനക്കേസ് നടക്കുന്നതിനാല്‍ ഒരു പുതിയ ഇ മെയില്‍ ഐഡി ഉപയോഗിക്കാമെന്നു നിര്‍ദേശിച്ചത് ഹൃത്വിക്കാണെന്ന് ഞങ്ങളുടെ കക്ഷി പറയുന്നു. അയാളുടെ പേരും പ്രതിച്ഛായയും മാന്യതയും നിലനിര്‍ത്താനായി ഇടയ്ക്കിടെ എന്റെ കക്ഷിയുടെ ഇ മെയില്‍ ഹാക്ക് ചെയ്ത് അയച്ച മെയിലുകളെല്ലാം ഡിലീറ്റ് ചെയ്തു’വെന്നും കങ്കണയുടെ വക്കീല്‍ നോട്ടീസില്‍ പറയുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍