UPDATES

unni krishnan

കാഴ്ചപ്പാട്

unni krishnan

ന്യൂസ് അപ്ഡേറ്റ്സ്

രണ്ടുപേര്‍ കെട്ടിപ്പിടിക്കുമ്പോള്‍ ഈ ലോകം മാറുന്നുണ്ട്

unni krishnan

ഇന്നു രാവിലെ വാട്ട്സാപ്പില്‍ കൂട്ടുകാരി എനിക്കൊരു ലിങ്ക് അയച്ചു തരികയുണ്ടായി. ഒരു മുസ്ലീം യുവാവ് മുംബൈയിലെ തെരുവില്‍ ഞാന്‍ മുസ്ലീം ആണ്, എനിക്ക് നിങ്ങളെ വിശ്വാസമാണ്, നിങ്ങള്‍ക്ക് എന്നെ വിശ്വാസമാണെങ്കില്‍ ആലിംഗനം ചെയ്യാം എന്നെഴുതിയ പ്ലെക്കാര്‍ഡുമായി നില്‍ക്കുന്ന വീഡിയോ ക്ലിപ്പിങ്ങ് അടക്കമുള്ള ഒരു വാര്‍ത്തയായിരുന്നു അത്. യാത്രക്കാരില്‍ പലരും കാഴ്ചക്കാരായി നിന്നെങ്കിലും നിരവധി പേര്‍ മുന്‍പോട്ടു വന്നു യുവാവിനെ ആലിംഗനം ചെയ്തു. ആ വീഡിയോ കണ്ടപ്പോള്‍ എന്തു കൊണ്ടോ എന്റെ കണ്ണുകള്‍ നിറഞ്ഞു പോയി എന്നതാണു സത്യം.

 

ആ കൂട്ടത്തില്‍ ഞാനുണ്ടെങ്കില്‍ തീര്‍ച്ചയായും ആ യുവാവിനെ ആലിംഗനം ചെയ്തേനെ എന്നു പറഞ്ഞപ്പോള്‍, എന്നിട്ടു വേണം നാട്ടുകാരായ നാട്ടുകാരുടെയൊക്കെ സദാചാരം കുടഞ്ഞെഴുന്നേല്‍ക്കാന്‍ എന്നു മകന്‍ പറഞ്ഞപ്പോള്‍ എനിക്ക് ചിരി അടക്കാനായില്ല. മാസങ്ങള്‍ക്കു മുന്‍പ് ഒരു വിദേശ യാത്ര കഴിഞ്ഞു വന്ന മകനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ ചെന്ന എന്നെ മകന്‍ മുറുകെ പുണര്‍ന്നപ്പോള്‍ ഒരു പാടു പേര്‍ എന്തോ വിചിത്ര കാഴ്ച കണ്ട പോലെ നോക്കി നിന്നത് ഓര്‍ത്താണവന്‍ അതു പറഞ്ഞത്. താടിയും മീശയുമൊക്കെ വെച്ച് ആറടിക്കടുത്ത് പൊക്കമുള്ള അവന്‍ എന്നെ കെട്ടിപിടിച്ചപ്പോള്‍ അമ്മയും മകനുമാണെന്ന് ഓര്‍ക്കാതെ പോയത് നമ്മുടെ സംസ്ക്കാരം കൊണ്ടു കൂടിയാവാം.

 

 

കേരളീയര്‍ പൊതുവെ ആലിംഗനം ചെയ്യാറില്ല. ആ‍ലിംഗനമോ, അത് പാശ്ചാത്യരുടെ സംസ്ക്കാരമല്ലേ എന്നാണവര്‍ ചിന്തിക്കുന്നത്. ഒരുപാട് ദിവസങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുമ്പോള്‍ പരസ്പരം കെട്ടിപ്പിടിച്ചു ചുമലുകളില്‍ മാറിമാറി ആലിംഗനം ചെയ്യുന്ന വേറിട്ടൊരു അഭിവാദ്യരീതിയും സംസ്‌കാരവുമാണ് അറബികളുടേത്. ഇതൊന്നും പരിചയമില്ലാത്ത എന്റെ മകള്‍ അവളുടെ എമിരാത്തി കൂട്ടുകാരിയുടെ വീട് ആദ്യമായി സന്ദര്‍ശിച്ചപ്പോള്‍ ആ വീട്ടിലെ സ്ത്രീകളെല്ലാം അവളെ കെട്ടി പിടിച്ചു രണ്ടു കവിളിലും ചുംബിച്ചപ്പോള്‍ ആദ്യം അന്തം വിട്ടു പോയി എന്നൊരിക്കല്‍ പറഞ്ഞിരുന്നു.

 

മുതിര്‍ന്ന മക്കളെ ആലിംഗനം ചെയ്യുന്ന എത്ര അമ്മമാരുണ്ടാവും നമുക്കിടയില്‍. ബാപ്പയോ ഉമ്മയോ മുതിര്‍ന്നതിനു ശേഷം എന്നെ കെട്ടിപ്പിടിച്ചത് ഞാന്‍ ഓര്‍ക്കുന്നേ ഇല്ല. ചെറിയ തെറ്റുകള്‍ക്കു പോലും വലിയ ശിക്ഷകള്‍ കിട്ടിയിരുന്ന ആ ബാല്യത്തില്‍ കുട്ടികളെ ലാളിക്കുന്ന പതിവൊന്നും ഉണ്ടായിരുന്നില്ല. ഉമ്മ എന്നെ ഒന്ന് ചേര്‍ത്തു പിടിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിരുന്ന ബാല്യമായിരുന്നു എന്റേത്. അതുകൊണ്ടാവാം മക്കള്‍ മുതിര്‍ന്നിട്ടും കാണുമ്പോഴെല്ലാം ഞാന്‍ അവരെ മുറുകെ കെട്ടിപിടിക്കുന്നത്. ആലിംഗനത്തിനൊരു രാഷ്ട്രീയമുണ്ട്. സ്നേഹത്തിന്റെ, കരുതലിന്റെ രാഷ്ട്രീയം. അതെനിക്ക് ഉറപ്പായത് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു വീടു താമസത്തിനു പോയപ്പോളാണ്. പ്രമാണിമാരും രാഷ്ട്രീയ നേതാക്കളുമൊക്കെ പങ്കെടുത്തിരുന്ന ഒരു സത്ക്കാരമായിരുന്നു അത്. വിരുന്നുകാരെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു വിട്ടുകാരെല്ലാം. ബുദ്ധിമുട്ടിക്കേണ്ടെന്ന് ഓര്‍ത്ത് യാത്ര പറയാന്‍ നേരമാണ് ഞാനവരുടെ അടുത്തേക്ക് പോയത്. എന്നെ തിരിച്ചറിഞ്ഞ അവരുടെ കൗമാരക്കാരിയായ മകള്‍ ഓടി വന്ന് കെട്ടിപ്പിടിച്ച് ഞാന്‍ ആന്റിക്ക് കരുതി വെച്ച ഹഗ്ഗ് ആണിത് എന്നു പറഞ്ഞപ്പോള്‍ ആര്‍ക്കും ഒന്നും മനസിലായില്ല.

 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന് ഒരു കുഞ്ഞു കാര്യമായിരുന്നു അത്. കേരളത്തിനു പുറത്തുള്ള ബോര്‍ഡിങ്ങ് സ്കൂളില്‍ മകന്‍ പഠിക്കുന്ന കാലം. അന്നാണ് ഞാനീ കുടുംബത്തെ പരിചയപെട്ടത്. ക്ലാസ്മുറിയുടെ നാലു ചുമരുകള്‍ക്കുള്ളില്‍ ഇരുന്ന് പഠിക്കാതെ മരത്തണലിലും ലൈബ്രറിയിലും ഇരുന്ന് വായിച്ചും ഡിസ്കസ് ചെയ്തും പഠിക്കാന്‍ സ്വാതന്ത്രമുള്ള സ്കൂളായിരുന്നു അത്. മകനെ കാണാന്‍ ചെന്ന ദിവസം. വേറൊരു സ്കൂളില്‍ ക്യാമ്പിനു പോവാനുള്ള ഒരുക്കത്തിലായിരുന്നു കുട്ടികള്‍. വേറേയും മാതാപിതാക്കള്‍ ഉണ്ടായിരുന്നു അവിടെ. രക്ഷിതാക്കള്‍ക്കും വേണമെങ്കില്‍ വരാമെന്ന് പറഞ്ഞതനുസരിച്ച് സ്കൂള്‍ ബസിനു പിറകില്‍ ഞങ്ങളുടെ വാഹനവും നീങ്ങിത്തുടങ്ങി. ഒരു വളവു തിരിയുന്നതിനിടെയാണ് ഞങ്ങള്‍ക്ക് മുന്‍പിലുണ്ടായിരുന്ന ഒരു കുട്ടിയുടെ അച്ഛനമ്മമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒരു ലോറിയുമായി കൂട്ടിയിടിച്ചത്. വാഹനം നിര്‍ത്തി ഞങ്ങളെല്ലാവരും ഓടിച്ചെന്നെങ്കിലും കാര്യമായ പരിക്കൊന്നും ആര്‍ക്കും ഉണ്ടായിരുന്നില്ല. സ്കൂള്‍ ബസിലിരുന്ന് കുട്ടികള്‍ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അപകടം കണ്ട് ഓടി വന്ന പോലീസുകാരും പ്രിന്‍സിപ്പാളും വണ്ടി വര്‍ക്ക് ഷോപ്പില്‍ കാണിച്ചു അവരേയും കൂട്ടി പിറകെ വരാമെന്ന് പറഞ്ഞതനുസരിച്ച് ഞങ്ങളെല്ലാം പുറപ്പെട്ടു.

 

 

ക്യാമ്പു നടക്കുന്ന സ്ഥലത്ത് എത്തിയപ്പോള്‍ കുട്ടികളെല്ലാം കളിചിരിയും ഗെയിമും എല്ലാമായി ബഹളമായിരുന്നു. അതിനിടയിലാണ് ആക്സിഡന്റ് നടന്ന അച്ഛനമ്മമാരുടെ മകള്‍ മാറിയിരുന്ന് കരയുന്നു എന്ന് മകന്റെ കൂട്ടുകാരന്‍ എന്നോട് വന്നു പറഞ്ഞത്. ഞാന്‍ പോയി നോക്കുമ്പോള്‍ അച്ഛനമ്മമാര്‍ക്ക് എന്തു പറ്റിയെന്നറിയാതെ വലിയ രണ്ടു കണ്ണുനിറയെ കണ്ണീരുമായി ഒരു കുഞ്ഞു പെണ്‍കുട്ടി തല താഴ്ത്തിയിരിക്കുന്നു. അതു കണ്ടപ്പോള്‍ എന്റെ അമ്മ മനസ് തേങ്ങിപ്പോയി. അടുത്ത് ചെന്ന് നെഞ്ചോട് ചേര്‍ത്തത് ഇതു പോലൊരു മകള്‍ എനിക്കുമുണ്ടല്ലോ എന്ന് ഓര്‍ത്തായിരുന്നു. അമ്മക്കൊന്നും പറ്റിയില്ല പത്തു മിനിറ്റിനകം അവര്‍ വരുമെന്ന് പറഞ്ഞ് മൂര്‍ദ്ധാവില്‍ ഉമ്മ വെച്ചപ്പോള്‍ രണ്ട് കുഞ്ഞി കൈകള്‍ എന്നെ മുറുകെ പിടിക്കുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. അവള്‍ വളര്‍ന്ന് വലുതായപ്പോള്‍ ആ ആലിംഗനം എനിക്ക് തിരിച്ചു തരുന്നു എന്ന് പറഞ്ഞപ്പോള്‍ ശരിക്കും എനിക്ക് കരച്ചില്‍ വന്നു. 

 

ഊഷ്മളമായ ഒരു ആലിംഗനം നമ്മില്‍ ഏറെ സന്തോഷവും ആശ്വാസവും ഉണ്ടാക്കും. കഴിഞ്ഞ ദിവസം ഇവിടെ വന്ന എന്റെ കൂട്ടുകാരികള്‍ ഇവിടെ നില്‍ക്കുന്ന അറുപതു വയസുള്ള പാത്തുമ്മാത്തയോട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ് അവരെ അണച്ചു പിടിച്ചപ്പോള്‍ മക്കളോ ഭര്‍ത്താവോ ആരുമില്ലാത്ത അവരുടെ കണ്ണുകള്‍ നിറഞ്ഞു പോയി. ഒരു വയനാട് യാത്രയില്‍ ട്രെക്കിങ്ങിന്റെ ക്ഷീണം തീര്‍ക്കാന്‍ ഇരിക്കുമ്പോഴാണ് ജ്യേഷ്ഠന്മാരെന്നു തോന്നിക്കുന്ന രണ്ടാണ്‍കുട്ടികളുടെ ഒപ്പം ഒരു പെണ്‍കുട്ടിയേയും കണ്ടത്. മടിച്ചു മടിച്ചാണ് അവളെന്റെ അടുത്തേക്ക് വന്നത്. കാട്ടില്‍ നിന്ന് ശേഖരിച്ച പേരക്ക വില്‍ക്കുകയായിരുന്നു അവരുടെ ഉദ്ദേശം. എന്താ സുന്ദരിക്കുട്ടിയുടെ പേരെന്ന് ഞാന്‍ സാധാരണ ഏത് കുട്ടികളോടും ചോദിക്കുന്ന പോലെ ചോദിച്ചതായിരുന്നു. കൂടെയുള്ള ചേട്ടന്മാരെല്ലാം അത് കേട്ട് അവളെ കളിയാക്കി. പൂമ്പാറ്റ എന്നാണോ പേര് എന്നൊക്കെ ചോദിച്ചു തുടങ്ങിയപ്പോള്‍ അംബിക എന്ന് നാണത്തോടെ പറഞ്ഞ് ഓടാന്‍ തുടങ്ങിയ അവളുടെ കവിളില്‍ ഒന്നു തൊട്ടതേ ഉള്ളു ഞാന്‍. അന്നാ മുഖത്തു കണ്ട സന്തോഷം മതിയായിരുന്നു അന്നത്തെ എന്റെ ദിവസം ധന്യമാവാന്‍. 

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍