UPDATES

സയന്‍സ്/ടെക്നോളജി

തോമസ് ആല്‍വ എഡിസണ്‍ എന്തുകൊണ്ട് പെട്രോളിയം വ്യവസായത്തില്‍ പണം മുടക്കിയില്ല?

Avatar

ടീം അഴിമുഖം

നമുക്ക് ഇവിടെ ചില സംഖ്യകളെ കുറിച്ച് സംസാരിക്കാം. നമ്മള്‍ അധികം ഉപയോഗിക്കാത്തതും എന്നാല്‍ ഒരു നിശ്ചിത സമയത്തിന് ശേഷം ഫോട്ടോഗ്രാഫുകള്‍ ഓട്ടോമാറ്റിക്കായി മാഞ്ഞു പോവുന്നതിന്റെ പേരില്‍ പ്രചാരം നേടുകയും ചെയ്ത സ്‌നാപ്ചാറ്റിന്റെ ഇപ്പോഴത്തെ മൂല്യം 60,000 കോടി രൂപയാണ്. വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മൊബൈല്‍ മെസേജ് സേവനമായ വാട്ട്‌സ്ആപ് കഴിഞ്ഞ ഫ്രെബ്രുവരിയില്‍ ഫേസ്ബുക്ക് വാങ്ങിയത് 114,000 കോടി രൂപയ്ക്കാണ്. ഇപ്പോഴും ലാഭത്തിലായിട്ടില്ലാത്ത ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിന്റെ ഇപ്പോഴത്തെ മൂല്യം 42,000 കോടി രൂപയാണ്. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍റെയും അലൂമിനിയം കമ്പനിയായ ഹിണ്ടാല്‍കോയുടെയും വിപണി മുല്യത്തിന് തുല്യമാണിത്.

ഭൗതിക സാന്നിധ്യമോ പ്രലോഭിപ്പിക്കുന്ന കണ്ടുപിടിത്തങ്ങളോ കണ്ണഞ്ചിപ്പിക്കുന്ന ലാഭമോ ഇല്ലാതെ തന്നെ പല പുതിയ സംരംഭങ്ങളുടെ വിപണി മൂല്യം അമ്പരപ്പിക്കുന്ന രീതിയില്‍ വര്‍ദ്ധിക്കുകയാണ്. തങ്ങളുടെ പണം ഇത്തരം കമ്പനികളില്‍ നിക്ഷേപിക്കുന്ന ബുദ്ധിമാന്മാരും മിടുക്കന്മാരുമായ മനുഷ്യരാണ് ഇത്തരം കമ്പനികള്‍ക്ക് ഈ മുല്യം ചാര്‍ത്തി കൊടുക്കുന്നത്. അവരോട് നിങ്ങള്‍ സംസാരിച്ചു നോക്കു. ഭാവി സാധ്യതകളെ കുറിച്ച് അവര്‍ വാചാലരാവും. സാങ്കേതിക വിദ്യയിലും കണക്കിലുമുള്ള അവരുടെ പ്രാഗത്ഭ്യത്തിലൂടെ നിങ്ങളുടെ വിശ്വാസ്യത അവര്‍ നിഷ്പ്രയാസം നേടിയെടുക്കും.

എന്നാല്‍ ഒരു നിമിഷം നില്‍ക്കൂ. നിങ്ങള്‍ കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വം നോക്കിക്കാണുകയാണെങ്കില്‍ മറ്റൊരു സാങ്കേതിക കുമിളയുടെ അപകട മുന്നറിയിപ്പ് നിങ്ങള്‍ക്ക് ശ്രവിക്കാനാവും. നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുമ്പോള്‍ മനുഷ്യ പുരോഗതിക്ക് ഒരു സംഭാവനയും ചെയ്യാത്ത ഇത്തരം കമ്പനികളിലേക്ക് ഒഴുകുന്ന യഥാര്‍ത്ഥ പണത്തിന്റെ ഭീമാകാരമായ അളവ് നിങ്ങളെ ആശങ്കപ്പെടുത്തും. 

മനുഷ്യപുരോഗതിയെ നേരിട്ടും വ്യക്തമായും നിര്‍ണയിക്കുന്ന ആരോഗ്യം, നിര്‍മ്മാണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലേക്ക് പോകേണ്ട അമൂല്യമായ പണമാണ് ഇങ്ങനെ സ്‌നാപ്ചാറ്റ്, വാട്ട്‌സ്ആപ്, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ കമ്പനികളിലെ നിക്ഷേപങ്ങളിലൂടെ വഴി മാറിപ്പോകുന്നത്.

മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ആഞ്ഞടിച്ചു കൊണ്ടിരിക്കുന്ന ഐടി വിപ്ലവത്തിനെതിരായി ഒരു നിമിഷം പോലും ഞങ്ങള്‍ ചിന്തിക്കുന്നില്ല. കണക്ക് കൂട്ടലുകളുടെ വേഗത വാനോളം ഉയര്‍ന്നപ്പോള്‍ നമുക്ക് ഏത് പ്രശ്‌നങ്ങളും നിമിഷാര്‍ദ്ധത്തില്‍ പരിഹരിക്കാന്‍ ഇപ്പോള്‍ സാധിക്കുന്നുണ്ട്. വേഗതയാര്‍ന്ന സാങ്കേതിക പരിഹാരങ്ങള്‍ സൃഷ്ടിക്കുന്നതിനായി നമ്മുടെ ഇന്ദ്രിയങ്ങളെ ചൂഷണം ചെയ്യുമ്പോള്‍ നമ്മുടെ കൃഷ്ണമണികളും കൈവിരലുകളും റിമോട്ട് കണ്‍ട്രോള്‍ യന്ത്രങ്ങള്‍ ആകുന്ന കാലവും അത്ര വിദൂരമല്ല. കൂടാതെആരോഗ്യം, നിര്‍മ്മാണം തുടങ്ങിയ മേഖലകളിലൊക്കെ അവ നമുക്ക് വലിയ സഹായമായി വര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ സ്‌നാപ്ചാറ്റ്, വാട്ട്‌സ്ആപ് തുടങ്ങിയ കമ്പനികളിലേക്ക് പുതിയ കണ്ടുപിടിത്തങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കുമായി ചിലവഴിക്കേണ്ട ഇത്രയും ഭീമാകാരമായ തുക തിരിച്ചുവിടപ്പെടുന്നത് സ്വതന്ത്രമായി ചിന്തിക്കുന്ന ആളുകള്‍ക്ക് ന്യായീകരിക്കാനോ വിശ്വസിക്കാനോ തന്നെ പ്രയാസമാണ്. ചില സന്ദേശ സേവനങ്ങളിലേക്കും സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലേക്കും കൗതുക ആപ്ലിക്കേഷനുകള്‍ക്കുമായി വലിയ തുക ചിലവഴിക്കപ്പെടുന്നത് നിരാശാജനകം തന്നെയാണ്. 

ലോകം ആന്റിബയോട്ടിക് അനന്തര കാലത്തിലേക്ക് പ്രവേശിച്ചിട്ടും നമ്മുടെ ആരോഗ്യ കണ്ടുപിടുത്തങ്ങള്‍ക്ക് അതിനനുസരിച്ചുള്ള വേഗതയില്‍ വളരാന്‍ സാധിക്കാത്തതിനുള്ള കാരണം ഇതാണോ? ഒരു ആന്റീബയോട്ടിക്കിനും പ്രതിപ്രവര്‍ത്തിക്കാന്‍ കഴിയാത്ത ഏഴില്‍ പരം സൂക്ഷമജീവികളെ ഗവേഷകര്‍ ഇതിനകം തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ മൂന്ന്, നാല് ദശാബ്ദങ്ങള്‍ക്കിടയില്‍ ആന്റീബയോട്ടിക്കിന്റെ മേഖലയില്‍ പ്രധാനപ്പെട്ട ഒരു കണ്ടുപിടിത്തവും നടന്നിട്ടില്ല. ഈ രംഗത്തെ അവസാനത്തെ പ്രധാനപ്പെട്ട നേട്ടമായ കാര്‍ബപെനംസ് കണ്ടുപിടിച്ചത് 1976 ലാണ്! 

നമ്മുടെ ജീവിതത്തിലെ എല്ലാ തുറകളിലും ഈ തരത്തിലുള്ള സാങ്കേതിക ഇടവേളകള്‍ കാണാന്‍ സാധിക്കും. നിങ്ങുടെ ഗ്രാമത്തിലുള്ള മുത്തശ്ശിക്ക് അസുഖം വന്നാല്‍ നിങ്ങള്‍ വാട്ട്‌സ്ആപ് വഴി എല്ലാവരെയും അറിയിച്ചു എന്ന് വരാം. എന്നാല്‍ അവരെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുന്ന തരത്തിലുള്ള പരിഹാരങ്ങള്‍ പ്രാവര്‍ത്തികമാവുന്നില്ല. ഒരു പക്ഷെ ഡോക്ടര്‍മാരും ഉപകരണങ്ങളുമില്ലാത്ത തിരക്കേറിയ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്നതിനായി ഓട്ടോറിക്ഷയില്‍ നിങ്ങള്‍ക്ക് നാട്ടിന്‍പുറത്തെ കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ സഞ്ചരിക്കേണ്ടി വന്നേക്കാം. സ്‌നാപ്ചാറ്റിന്റെയും വാട്ട്‌സ്ആപിന്റെയും കാലത്ത് നമുക്ക് പൊട്ടിപ്പൊളിഞ്ഞ റോഡുകളും സഞ്ചാരം ദുഷ്‌കരമാക്കുന്ന ഓട്ടോറിക്ഷകളും മാത്രം.

ബെസ്റ്റ് ഓഫ് അഴിമുഖം

എവിടെ നമ്മുടെ സ്റ്റീവ് ജോബ്സ്?
മിസൈലുകള്‍ പറയുന്ന കഥകള്‍; സങ്കീര്‍ണതകള്‍
ഇന്‍റര്‍നെറ്റ് നിഷ്പക്ഷത’യെ പറ്റി അഞ്ചു മിത്തുകള്‍
പന്ത്രണ്ടാം നിലയിലെ രാഷ്ട്രീയക്കാരനും സോഷ്യല്‍ മീഡിയ ദിനവും- ഒരു കല്‍പ്പിത കഥ
വാങ്ങി വാങ്ങി മുന്നേറാന്‍ ഫേസ്ബുക്കിനാവുമോ?

പുതിയ കണ്ടുപിടിത്തങ്ങളെയും തങ്ങളുടെ നിക്ഷേപങ്ങള്‍ തിരികെ വരുന്നതിനേയും സംബന്ധിച്ച് പണക്കാരായ ആളുകളുടെ കാഴ്ചപ്പാടില്‍ തന്നെ അടിസ്ഥാനപരമായ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. സാങ്കേതിക കുമിളകളിലെ നമ്മുടെ നിലനില്‍പ്പ് ആഘോഷിക്കുകയും അതിന് പുറത്തുള്ള യാഥാര്‍ത്ഥ്യങ്ങള്‍ കാണാതിരിക്കുകയും ചെയ്യുന്നതില്‍ തന്നെ ചില തെറ്റുകള്‍ അടങ്ങിയിരിക്കുന്നു.

ചരിത്രത്തിലെ തന്നെ ഏറ്റവും മഹാനായ കണ്ടുപിടിത്തക്കാരനായിരുന്ന തോമസ് ആല്‍വ എഡിസണിന്റെ കമ്പനിയില്‍ 1914 ഡിസംബര്‍  10ന് ഒരു അഗ്നിബാധ ഉണ്ടായി. തികച്ചും ശാന്തനായി കാണപ്പെട്ട എഡിസണ്‍ തന്റെ പുത്രന്‍ ചാള്‍സിനോട് പറഞ്ഞു: ‘പോയി അമ്മയെയും അവരുടെ സുഹൃത്തുക്കളെയും കൂട്ടിക്കൊണ്ട് വരൂ. അവര്‍ ഒരിക്കലും ഇങ്ങനെ ഒരു അഗ്നിബാധ കണ്ടിട്ടുണ്ടാവില്ല.’ 

ദുഃഖാകുലനായി ഇരിക്കാന്‍ എഡിസണ് സമയം ഉണ്ടായിരുന്നില്ല. 1877 ല്‍ അദ്ദേഹം ഫോണോഗ്രാഫ് കണ്ടു പിടിച്ചു. 1888 ല്‍ വൈദ്യുതി സംവിധാനവും ബള്‍ബും അദ്ദേഹത്തിന് ലോകത്തിന് സംഭാവന ചെയ്തു. അദ്ദേഹത്തിന് ചലച്ചിത്ര ക്യാമറ കണ്ടുപിടിക്കുകയും ടെലിഫോണ്‍, ടെലിഗ്രാഫ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതുണ്ടായിരുന്നു.

സംഭവസ്ഥലത്തേക്ക് ഇരച്ചുകയറിയ പത്ര റിപ്പോര്‍ട്ടര്‍മാരോട് അദ്ദേഹം പറഞ്ഞു: ‘എനിക് 67 വയസില്‍ കൂടുതല്‍ പ്രായം ആയെങ്കിലും ഞാന്‍ നാളെ തന്നെ എല്ലാം പുനരരാംഭിക്കുകയാണ്.’ ഒരു ഇന്‍ഷുറന്‍സില്‍ നിന്നും ലഭിച്ച തുകയും കൂട്ടുകാരനായ ഹെന്‍ട്രി ഫോര്‍ഡിനോട് വാങ്ങിയ തുകയും വച്ച് അദ്ദേഹം പിറ്റെ ദിവസം തന്നെ കമ്പനിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ ഒരു പോര്‍ട്ടബിള്‍ സെര്‍ച്ച് ലൈറ്റിന് അദ്ദേഹം രൂപകല്‍പന നടത്തി. തന്റെ ഫാക്ടറിയില്‍ അഗ്നിശമന സേനയുടെ ബുദ്ധിമുട്ട് അദ്ദേഹം മനസിലാക്കിയിരുന്നു.

വളരെ വിജയകരമായി വ്യാപാരം നടത്തിയിരുന്ന പണക്കാരനായിരുന്നു എഡിസണെങ്കിലും തന്റെ കാലത്ത് പണം ഇരട്ടിപ്പിക്കാന്‍ സഹായിച്ചിരുന്ന പെട്രോളിയം പോലെയുള്ള വ്യാപാരങ്ങളില്‍ അദ്ദേഹം പണം മുടക്കിയില്ല. പകരം നമ്മുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ക്ക് കാരണമായ നിരവധി കണ്ടുപിടിത്തങ്ങള്‍ക്കായി അദ്ദേഹം പണം ചിലവഴിച്ചു. എഡിസണ്‍മാര്‍ ഇപ്പോള്‍ നമ്മുടെ ലോകത്ത് വിരളമാണ്. പെട്ടെന്ന് പണം പെരുപ്പിക്കാന്‍ ആഗ്രഹിക്കുന്ന കുറുക്കന്മാരുടെ കാലമാണിത്. സ്‌നാപ്പ്ചാറ്റിനും വാട്ട്‌സ്ആപ്പിനും ഫ്‌ളിപ്കാര്‍ട്ടിനും കിട്ടുന്ന കമ്പോള മൂല്യം അവരുടെ പണപ്പെട്ടിയുടെ കഥ പറയുന്നു. പക്ഷെ നമുക്ക് എഡിസണ്‍മാരെ നഷ്ടപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍