UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫാസിസത്തിന്റെ കാവല്‍ക്കാര്‍ വീടുകടന്നെത്തുമ്പോള്‍- മനുഷ്യാവകാശ പ്രവര്‍ത്തക ജോളി ചിറയത്ത് സംസാരിക്കുന്നു

Avatar

കളമശേരിയില്‍ ദേശീയപാത ഓഫിസിനുനേരെ ആക്രമണം നടന്നതിന് ശേഷം പൊലീസില്‍ നിന്നുണ്ടായ അനുഭവങ്ങളെക്കുറിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകയായ ജോളി ചിറയത്ത് സംസാരിക്കുന്നു. (തയ്യാറാക്കിയത്: രാകേഷ് നായര്‍)

അവര്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും, നമ്മള്‍ ഉത്തരം പറയാതിരിക്കുന്നതുവരെ. ഒടുവിലത്തെ ജയം അവര്‍ക്ക് ആയിരിക്കണമെന്നത് നിര്‍ബന്ധമാണ്. ജനാധിപത്യത്തെ ഫാസിസം വിഴുങ്ങിത്തീരാറായിരിക്കുന്നിടത്ത്, അതിന്റെ കൂലിപ്പടയാളികള്‍ മനുഷ്യാവകാശങ്ങളുടെ അവസാനശ്വാസവും ഇല്ലാതാക്കാന്‍ പാഞ്ഞുനടക്കുകയാണ്. ഇന്ന് എന്നെ തേടിയെത്തിവയര്‍ നാളെ നിങ്ങളെ തേടിയെത്തും. അവര്‍ തുന്നിയ കുപ്പായത്തില്‍ നമ്മുടെ ഉടല്‍ കയറ്റിവയ്ക്കും. എന്നിട്ടവര്‍ നമ്മളെ നോക്കി പറയും- നിങ്ങള്‍ സ്‌റ്റേറ്റിന്റെ ശത്രുക്കള്‍.

ജനാധിപത്യത്തിന്റെ ഏറ്റവും വലിയ നേട്ടം, അത് അവകാശങ്ങള്‍ സംരക്ഷിക്കുമെന്നതാണ്. അതു സംഭവിക്കുന്നില്ലെങ്കില്‍ ജനാധിപത്യത്തിന്റെ ഒരു സമൂഹനിഘണ്ടു നമുക്ക് സ്വന്തമെന്നു പറയാന്‍ സാധിക്കില്ല. ഇവിടെയാണ് അവകാശപ്പോരാട്ടങ്ങള്‍ അവശ്യമായി വരുന്നത്. പോരാട്ടത്തിന് അക്രമം എന്ന പര്യായം ഭരണകൂട പദാവലികളില്‍ മാത്രമാണ് കാണുക. ഉണ്ടെന്നു പറയുന്ന നിയമം, സിംഹാസനങ്ങളുടെയും അതിന്റെ പരിചാരകരുടെയും താല്‍പര്യങ്ങള്‍ക്ക് മാത്രം തലയിളക്കുകയും അവര്‍ ചൂണ്ടിക്കാണിക്കുന്ന തലകളെ ചവിട്ടിയരയ്ക്കുകയും ചെയ്യുന്ന മാമത്തുകളായി മാറുകയും ചെയ്യുന്നിടത്ത് ഈ പോരാട്ടം അവശ്യമായി വരും. അത്തരമൊരു പോരാട്ടത്തിന്റെ ഭാഗമായി എന്നതാണ് ഞാന്‍ അവര്‍ക്ക് ‘കുറ്റവാളി’ ആകാന്‍ കാരണം. നീണ്ടകാലത്തെ പ്രവാസജീവിതത്തിനുശേഷം കേരളത്തിലെത്തിയ ഞാന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ‘സ്ത്രീ കൂട്ടായ്മ’ എന്ന സ്ത്രീ സംഘടനയിലും ‘ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം’ എന്ന മനുഷ്യാവകാശ സംഘടനയിലുമാണ്. എന്റെ മാര്‍ഗം അക്രമമല്ല, ഒരുതരത്തിലുള്ള അക്രമത്തെയും പിന്തുണയ്ക്കുന്നുമില്ല. എന്നാല്‍ ഒരു വിഭാഗം തങ്ങളുടെ സ്ഥാനം സുരക്ഷിതമാക്കുന്നതിനുവേണ്ടി നടത്തുന്ന നിരന്തരമായ അക്രമണങ്ങളെ ചോദ്യം ചെയ്യാന്‍ സന്നദ്ധയാകാറുണ്ട്.

കേരളത്തില്‍ നടക്കുന്ന ജനകീയ സമരങ്ങളെ പിന്തുണയ്ക്കുന്നതും അത്തരം സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവരോടും മനുഷ്യാവകാശ സംരക്ഷകരോടും അനുഭാവം പ്രകടിപ്പിക്കുന്നതും ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയാക്കി എന്നെ മാറ്റി. അതൊരു കുറ്റമാണെന്നു അവര്‍ പറയുന്നുണ്ടെങ്കില്‍, ആ ഭീഷണി എന്നെ ഭയപ്പെടുത്തുന്നില്ല. ഏതു സമരം നടന്നാലും അതില്‍ എന്റെ പങ്കുണ്ടോയെന്നുപോലീസ് അന്വേഷിക്കുന്നു. ഭരണകൂടം = രാജ്യം എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ് ഇന്നത്തെ ഫാസിസ്റ്റ് സങ്കല്‍പ്പം. ഭരണകൂടത്തെ വിമര്‍ശിക്കുന്നത് രാജ്യവിമര്‍ശനവും വിമര്‍ശകര്‍ രാജ്യദ്രോഹികളുമാവുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.  അവര്‍ എനിക്കുണ്ടാക്കുന്ന മാനസികവിഷമങ്ങള്‍ ചില്ലറയല്ല. സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്താനും കുടുംബത്തില്‍ അരക്ഷിതത്വവും അപമാനവും അടിച്ചേല്‍പ്പിക്കാനും അവര്‍ ശ്രമിക്കുകയാണ്.

അനുസരിച്ചില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ മാവോയിസ്റ്റാക്കി കളയും എന്ന ഭീഷണി കേരളത്തില്‍ ഭരണകൂടം ഏറ്റെടുത്തു നടപ്പിലാക്കി തുടങ്ങിയശേഷമാണ് ഈ ബുദ്ധിമുട്ടുകള്‍ ഏറിയത്. കൊച്ചിയില്‍ നിറ്റാ ജലാറ്റിന്‍ ഓഫിസിനുനേരെ ആക്രമം നടന്നതിനു ശേഷമാണ് പൊലീസ് എന്നെത്തേടി ആദ്യമെത്തുന്നത്. കഴിഞ്ഞ ഡിസംബറിലാണ്. സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നും ഒരു സംഘമെത്തുന്നു. ഒരാഴ്ച കഴിഞ്ഞ് തേവര സി ഐ ഓഫിസില്‍ നിന്നു മുന്‍കൂര്‍ വിളിച്ചു പറഞ്ഞശേഷം സി ഐയുടെ നേതൃത്വത്തില്‍ മറ്റൊരു സംഘം വന്നു. അവര്‍ എന്റെ ഫ്ലാറ്റിലേക്കു വരുന്നതേ വീഡിയോ കാമറ ഓണാക്കി കൊണ്ടാണ്. രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്യല്‍. എല്ലാം റെക്കോര്‍ഡ് ചെയ്‌തെടുത്തു. അന്നവര്‍ വളരെ മര്യാദയോടെയാണ് പെരുമാറിയതെന്നത് മറച്ചുവയ്ക്കുന്നില്ല.

ഇപ്പോഴിതാ കളമശേരിയിലെ ദേശീയപാത അഥോറിറ്റിയുടെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് വീണ്ടും അവര്‍ എന്നെ തേടി എത്തിയിരിക്കുന്നു. എന്നിലേക്കെത്താന്‍ പ്രധാനമായും അവരെ പ്രേരിപ്പിച്ചത്, ഇതേ പ്രശ്‌നത്തിന്റെ പേരില്‍ അന്യായമായി കസ്റ്റഡിയിലെടുത്തിരിക്കുന്ന അഡ്വക്കേറ്റ് തുഷാര്‍ നിര്‍മല്‍ സാരഥിയുമായുള്ള ബന്ധമാണ്. ഞാന്‍ പ്രവര്‍ത്തിക്കുന്ന ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം. എനിക്കദ്ദേഹത്തെ അറിയാം. ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. ഈ ആക്രമണത്തില്‍ അദ്ദേഹം തീര്‍ത്തു നിരപരാധിയാണെന്നും പൊലീസ് നടത്തിയത് തികച്ചും മനഷ്യാവകാശ ധ്വംസനമാണെന്നും ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. പൊലീസിന് അദ്ദേഹം നോട്ടപ്പുള്ളിയാണ്. സാധാരണക്കാരനുവേണ്ടി ശബ്ദിക്കുന്ന എല്ലാവരുമെന്നപോലെ. 

ജനുവരി 29 നാണ് പൊലീസ് എന്നെത്തേടി എത്തുന്നത്. ചില സ്വകാര്യആവശ്യങ്ങള്‍ക്കായി പുറത്തുപോയി വരുന്നേരമാണ് ഫ്ലാറ്റിന് മുന്നില്‍ ഒരു വണ്ടി പോലീസും കാര്യമറിയാന്‍ ഒത്തുകൂടിയ മറ്റുള്ളവരും നില്‍ക്കുന്നത് കാണുന്നത്. സമയം രാത്രി ഏഴര. പൊലീസ് എന്റെ ഫ്ലാറ്റ് തിരക്കുകയാണ്. എന്തായാലും അപ്പോഴേക്കും ഞാനെത്തി. നിങ്ങളാണോ ജോളി ചിറയത്ത്- എന്നായിരുന്നു ആദ്യ ചോദ്യം. അതെ എന്നു മറുപടി പറഞ്ഞപ്പോള്‍, എന്റെ ഫ്ലാറ്റ് സെര്‍ച്ച് ചെയ്യാനാണ് വന്നിരിക്കുന്നതെന്നു അറിയിച്ചു. സെര്‍ച്ച് വാറണ്ട് ഉണ്ടോ, ഞാന്‍ ചോദിച്ചു. മുകളില്‍ നിന്നുള്ള ഉത്തരവാണത്രേ!. മുകളിലുള്ളവനെ താഴെയുള്ളവന്‍ അനുസരിച്ചല്ലേ പറ്റൂ. അഞ്ച് പൊലീസുകാരാണ് ഉണ്ടായിരുന്നത്. ഒരാള്‍ എന്‍ ഐ എ യില്‍ നിന്നുള്ളതായിരുന്നു. ആദ്യം തന്നെ അവര്‍ എന്റെ മൊബൈല്‍ ഫോണ്‍ വാങ്ങിച്ചു. കോള്‍ ലിസ്റ്റും മെസേജുമെല്ലാം പരിശോധിച്ചു. പിന്നെ അതില്‍ പിടിച്ചുള്ള ചോദ്യം ചെയ്യല്‍. തുഷാര്‍ നിര്‍മല്‍ സാരഥിക്കൊപ്പം പൊലീസ് അറസ്റ്റ് ചെയ്ത ജെയ്സണ്‍ സി കൂപ്പര്‍ ദിവസങ്ങള്‍ക്കു മുമ്പ് ഒരു മീറ്റിംഗിന് ക്ഷണിച്ചു കൊണ്ട് മെസേജ് അയച്ചിരുന്നു. ഈ മെസേജ് വായിച്ച പൊലീസ് സംഘത്തിന് എന്തൊ വലുതു കണ്ടുപിടിച്ച ആഹ്ലാദമായിരുന്നു. ‘ജയ്‌സണുമായി ബന്ധമുണ്ടോ] എന്നായിരുന്നു ചോദ്യം ( ജയ്‌സണ്‍ അന്തരാഷ്ട്ര കുറ്റവാളിയാണെന്നു തോന്നും അവരുടെ ഭാവം കണ്ടാല്‍). ‘അറിയും’, ഞാന്‍ പറഞ്ഞു. ‘മീറ്റിംഗിനു പോയോ?’ അടുത്ത ചോദ്യം. ഞാന്‍ മുഴുവന്‍ സമയവും ഇത്തരം കാര്യങ്ങള്‍ക്കു വേണ്ടി നടക്കുന്നൊരാളല്ല, എല്ലാ മീറ്റിംഗുകള്‍ക്കും പോകാനും എല്ലാ സമരങ്ങളിലും പങ്കെടുക്കാനും എനിക്ക് കഴിയില്ല. ‘ഇല്ല, പങ്കെടുത്തില്ല,’ ഞാന്‍ പറഞ്ഞു. പോയില്ലെങ്കിലും ‘എന്തായിരുന്നു മീറ്റിംഗിന്റെ വിഷയ’മെന്നു അറിയാമോ എന്നായി അടുത്ത ചോദ്യം. പങ്കെടുക്കാത്ത മീറ്റിംഗിന്റെ അജണ്ട എനിക്കെങ്ങനെ മനസ്സിലാകും!

മറ്റൊരു മെസേജ് ഭര്‍ത്താവിന്റെ സുഹൃത്ത് അയച്ചതായിരുന്നു. അദ്ദേഹം എന്റെ ഭര്‍ത്താവിനൊപ്പം വിദേശത്തു ജോലി ചെയ്യുകയാണ്. നാട്ടില്‍ വന്നപ്പോള്‍ എന്നെ കാണാനായി വിളിച്ചിരുന്നു, അപ്പോഴെനിക്ക് ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ കഴിയാതിരുന്നതിനാല്‍ അദ്ദേഹം എവിടെവെച്ചു കാണാമെന്നു ചോദിച്ചുകൊണ്ട് മെസേജ് അയക്കുകയായിരുന്നു. ആരാണ് ഇയാള്‍, എന്തിനാണ് കാണാന്‍ പറയുന്നതെന്നായി ചോദ്യം. ഞാന്‍ എന്തു മറുപടിയാണ് ഇതിനൊക്കെ പറയേണ്ടത്. എങ്ങനെയെങ്കിലും അവര്‍ക്കെന്റെ മേല്‍ മാവോയിസമോ നക്‌സലിസമോ കെട്ടിവയ്ക്കണം. ഫോണിലെ തിരച്ചില്‍ കഴിഞ്ഞ് ഫെയ്‌സബുക്ക് അകൗണ്ടിലേക്കായി. അതിലെ ഒരോ പോസ്റ്റിനെ കുറിച്ചും വിശദമായ അന്വേഷണം. ആരോ ഷെയര്‍ ചെയ്ത നിറ്റാ ജലാറ്റിന്‍ ഓഫിസ് അക്രമണത്തിന്റെ ഫോട്ടോ കണ്ടപ്പോള്‍, അതിനെക്കുറിച്ചായി അന്വേഷണം. ആരോ എനിക്ക് ഷെയര്‍ ചെയ്‌തൊരു ഫോട്ടോയുടെ പേരിലാണ് അവര്‍ക്കെന്നെ സംശയം, ബാക്കിയെത്രയോ ഫോട്ടോകള്‍ ഞാനായിട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്. അതൊന്നും അവരുടെ കണ്ണില്‍പ്പെട്ടില്ല.

അടുത്ത ചോദ്യം, ഞാനെത്ര ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു. എന്റെ കൈയില്‍ രണ്ടു ഫോണുകളുണ്ട്. ഒരെണ്ണം ഞാനുപയോഗിക്കുന്നത്, മറ്റൊന്ന് ഭര്‍ത്താവ് തന്നൊരു ആന്‍ഡ്രോയിഡ് ഫോണാണ്. വാസ്തവം പറഞ്ഞാല്‍ അതിന്റെ ഉപയോഗത്തെകുറിച്ച് എനിക്കു വലിയ പിടിയില്ല. അതുകൊണ്ട് തന്നെ അതുപയോഗിക്കുന്നതും കുറവ്. എന്നാലും പൊലീസുകാര്‍ക്ക് ഉറപ്പായിരുന്നു; ആ ഫോണ്‍ ഞാന്‍ മാവോയിസ്റ്റുകളെ വിളിക്കാന്‍ മാത്രം ഉപയോഗിക്കുന്നതാണത്രേ! ഇത്തരം കണ്ടുപിടിത്തങ്ങളോട് ഞാനെന്ത് പ്രതികരിക്കാനാണ്. ഞാന്‍ വൈ ഫൈ ഉപയോഗിക്കുന്നതുപോലും എന്തിനാണന്ന് അവര്‍ക്കറിയണമായിരുന്നു. എനിക്കൊരു ഡെസ്‌ക് ടോപ് കമ്പ്യൂട്ടര്‍ ഉണ്ടായതുപോലും ഗൂഢലക്ഷ്യങ്ങള്‍ക്കാണെന്നവര്‍ സംശയിച്ചു. രാജ്യം മുഴുവന്‍ വൈ ഫൈ സൗകര്യം ഏര്‍പ്പെടുത്താന്‍ പോകുമ്പോള്‍ ഞാനെന്റെ ഫ്ലാറ്റില്‍ വൈ ഫൈ കണക്ഷന്‍ സ്വീകരിച്ചത് ഏതു തരത്തിലാണ് രാജ്യദ്രോഹമാകുന്നത്. ഗീതയും ബൈബിളും ഖുറാനും ഇരുന്ന എന്റെ ബുക്ക് ഷെല്‍ഫില്‍ മാര്‍ക്‌സിസ്റ്റ് ഫിലോസഫി കണ്ടപ്പോള്‍, ഞാനവര്‍ക്ക് മാവോയിസ്റ്റായി. എന്തിനാണ് ഇത്തരം പുസ്തകങ്ങള്‍ വായിക്കുന്നതെന്നറിയണം. ധനതത്വശാസ്ത്രം പഠിക്കുന്നവര്‍പോലും വായിക്കുന്ന ഒരു പുസ്തകം ഞാന്‍ വായിച്ചാല്‍ അപരാധം! വായിക്കുന്ന പുസ്‌കത്തില്‍ നിന്ന് ഇഷ്ടപ്പെടുന്ന ക്വോട്ടുകള്‍ കുറിച്ചിട്ട എന്റെ നോട്ട് ബുക്കടക്കം കിട്ടിയ കടലാസുകഷ്ണങ്ങളെല്ലാം അവര്‍ കൈയിലെടുത്തു. അവരെന്റെ വീട് സ്‌കെച്ച് ചെയ്തു. എത്ര മുറികളുണ്ട്, വാതിലുകളുണ്ട്, പുറത്തു നിന്ന് എങ്ങനെയൊക്കെ അകത്തു കടക്കാം, അകത്തു നിന്ന് രക്ഷപ്പെട്ട് പുറത്തുപോകാമെന്നൊക്കെ മനസ്സിലാക്കുന്ന വിശദമായ ലൊക്കേഷന്‍ മാപ്പ് തയ്യാറാക്കി. 

സമരങ്ങളോട് എനിക്ക് വല്ലാത്ത താല്‍പര്യമാണെന്നും വയലന്‍സിനെ പ്രമോട്ട് ചെയ്യുകയാണെന്നും അവര്‍ കണ്ടെത്തിയിരിക്കുന്നു! സമരങ്ങള്‍ ചെയ്യണമെന്ന് എനിക്ക് താല്‍പര്യമില്ല, സമരം ചെയ്‌തേ അടങ്ങൂ എന്നു സാധാരണ ജനങ്ങളും ആഗ്രഹിക്കുന്നുണ്ടാവില്ല. എന്നാല്‍ ജനകീയസമരങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു, അത് ജനങ്ങളുടെ തെറ്റല്ല, അവരെ അതിന് നിര്‍ബന്ധിതരാക്കുന്ന ഭരണകൂടത്തിന്റെ തെറ്റാണ്. വയലന്‍സ് കാണിക്കുന്നത് ജനങ്ങളല്ല, ജനങ്ങളോടാണ് .

ഞാനടക്കമുള്ളവരെ വേട്ടയാടുന്നത് ഭരണകൂടവും അതിന്റെ പൊലീസും മാത്രമല്ല, അവര്‍ക്ക് പിന്നില്‍ വേട്ടപ്പട്ടികളാകുന്നു മറ്റു മാന്യന്മാരുമുണ്ട്. എന്റെ അതേ ഫ്ലാറ്റില്‍ താമസിക്കുന്ന ലീല മേനോന്‍ എന്ന പ്രശസ്ത പത്രപ്രവര്‍ത്തകയുമൊക്കെ അതിന്റെ ഭാഗമാണ്. അവരുടെ തൊട്ടടുത്തു തന്നെ താമസിക്കുമ്പോഴും എന്നെ പൊലീസ് തിരക്കുന്ന കുറ്റവാളിയാക്കി എഴുതിയ പത്രധര്‍മ്മത്തെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്. ഞാന്‍ ഇടുക്കിയിലെ കാടുകളില്‍ നിന്ന് ഗറില്ല യുദ്ധമുറകള്‍ വരെ അഭ്യസിച്ചിട്ടുണ്ടത്രേ!

തങ്ങള്‍ക്ക് അഹിതമായതൊക്കെ ഇല്ലായ്മ ചെയ്യുന്ന ഫാസിസത്തിന്റെ വിളയാട്ടമാണ് ഇന്നാട്ടിലും നടക്കുന്നതെന്ന് ഇതില്‍ കൂടുതല്‍ എന്തു തെളിവു പരിശോധിച്ചാണ് മനസ്സിലാക്കേണ്ടത്. നിയമങ്ങള്‍ ഭരണകൂടത്തിന് ഇരകളെ വേട്ടയാടാനുള്ള ആയുധങ്ങളാണ്. ഇത്തരം ആയുധങ്ങളുടെ ഒഴിയാ ആവനാഴി അവരുടെ കൈയിലുണ്ട്. തുഷാല്‍ നിര്‍മല്‍ സാരഥിയെയും ജെയ്‌സണ്‍ കൂപ്പറെയും ഇരുട്ടുമറവിലേക്ക് എയ്തിടുന്നതും എനിക്ക് ബലിത്തറകള്‍ ഒരുക്കുന്നതുമെല്ലാം ഇതേ വേട്ടയുടെ ഭാഗമായാണ്. ഓര്‍ക്കുക, അവരുടെ ലക്ഷ്യം ഞങ്ങളില്‍ ഒടുങ്ങുന്നതല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍