UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തീവ്രവാദിയാക്കുന്നതിന് മുന്‍പ് പട്ടിണിയെക്കുറിച്ചും ചിലത് പറയേണ്ടതുണ്ട്

Avatar

എസ്. മുഹമ്മദ് ഇര്‍ഷാദ്

യതീംഖാനയിലേക്ക് കുട്ടികളെ അനധികൃതമായി കൊണ്ട് വന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് ലഭിച്ച പ്രാധാന്യം ഇതുമായി ബന്ധപെട്ട മനുഷ്യകടത്തിനെ സംബന്ധിച്ച വസ്തുനിഷ്ഠമായ ഒരു വിലയിരുത്തലിലേക്ക് മുഖ്യധാരാ മാധ്യമങ്ങളെ നയിച്ചില്ല. പകരം, പതിവ് പോലെ, ഈ വാര്‍ത്തയെ മതതീവ്രവാദത്തിന്റെ പരിധിയില്‍പ്പെടുത്തി അപ്രസക്തമാക്കി.

 

കേരളത്തിലെ യതീംഖാനയിലേക്ക് വന്ന കുട്ടികളെ വച്ച് രാജ്യത്ത് നടക്കുന്ന മനുഷ്യക്കടത്തുകളെ താരതമ്യം ചെയ്യാന്‍ കഴിയില്ല. ഇത് സംബന്ധിച്ച നിരവധി പഠനങ്ങള്‍ ആവര്‍ത്തിച്ച് പറയുന്നത് രാജ്യത്തെ എറ്റവും ദരിദ്ര മേഖലകളില്‍ നിന്നും ഇത്തരത്തില്‍ കടത്തപ്പെടുന്ന കുട്ടികള്‍, പ്രത്യേകിച്ചും പെണ്‍കുട്ടികള്‍, എവിടേയ്ക്ക് പോകുന്നു എന്നതിനെക്കറിച്ച് ഒരു വിവരവും പോലിസ് സംവിധാനത്തിന് ഇല്ല എന്നതാണ്. അതായത് ഇവര്‍ അപ്രത്യക്ഷമാകുന്ന ഇടങ്ങള്‍ കണ്ടെത്താന്‍ കഴിയിന്നില്ല എന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒ കള്‍ അടക്കം രേഖപെടുത്തിയിട്ടുണ്ട്. ഏറ്റവും കുടുതല്‍ മനുഷ്യക്കടത്ത് ഉണ്ട് എന്ന് കരുതുന്ന അസാമില്‍ പോലും കേവലും ആറില്‍ താഴെ കേസുകള്‍ ആണ് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയതത്. എന്നാല്‍ ഈ സംഖ്യ ഇതിലും കൂടും എന്നാണ് അനൗപചാരിക കണക്കുകള്‍ പറയുന്നത്.

മേഘാലയ വഴി നടക്കുന്ന ഇത്തരം മനുഷ്യക്കടത്തുകളെക്കുറിച്ച് IMPULSE എന്ന എന്‍ ജി ഒ നടത്തിയ പഠനത്തില്‍ എട്ടിനും പതിനൊന്നിനും ഇടക്ക് പ്രായമുള്ള പെണ്‍കുട്ടികളെ മാസങ്ങളോളം തടവില്‍ വച്ചതിന് ശേഷമാണ് കൈമാറ്റം ചെയ്യപ്പെടുന്നത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെ ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിക്കുകയും അതിന് ശേഷം ചുവന്ന തെരുവുകളിലേക്ക് കടത്തുന്നു എന്നും ഇത്തരം പഠനങ്ങള്‍ രേഖപെടുത്തിയിട്ടുണ്ട് . ഇത്തരം കുറ്റകൃത്യങ്ങള്‍ പല തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും സര്‍ക്കാര്‍ കേസെടുക്കുകയോ സംഭവങ്ങള്‍ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. ഇതിന്റെ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഈ കുട്ടികളുടെ ജാതി, മത, സാമ്പത്തിക പിന്നോക്കാവസ്ഥയാണ്. ഇവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരും തന്നെ തയ്യാറല്ല താനും.

 

 

കേരളത്തിലെ യതീംഖാനയിലേക്ക് കുട്ടികളെ കൊണ്ട് വന്നതിനെ സംബന്ധിച്ച വിവാദങ്ങള്‍ ഒന്നും മനുഷ്യകടത്തിനെ കുറിച്ചുള്ള കേവല ധാരണകള്‍ക്കപ്പുറം പോയിട്ടില്ല. അഭ്യന്തര വകുപ്പ് ഈ സംഭവത്തെ നിയമപരമായി നേരിട്ടപോള്‍ കേരളത്തിലെ പൊതുസമുഹം ഇതിനെ ഒരു കുറ്റകൃത്യമായും മാധ്യമങ്ങള്‍ ഇതിനെ മതതീവ്രവാദപ്രവര്‍ത്തനമായും കാണുന്ന രീതിയിലേക്ക് എത്തി. പലപ്പോഴും മുസ്ലിം സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിരീഷണത്തില്‍ വരേണ്ടതാണ് എന്നും ഇവയെല്ലാം തന്നെ ഒരുതരത്തില്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ഒരു പൊതു കാഴ്ച്ചപ്പാട് ഉണ്ടാകാന്‍ കാരണമായി. പലപ്പോഴും ചാനല്‍ ചര്‍ച്ചകളില്‍ അവസാന അഭിപ്രായം പറയുന്ന ബി ജെ പി നേതാക്കള്‍ എല്ലാം തന്നെ ഇത് മനുഷ്യക്കടത്ത് ആണ് എന്നും ഇതിനുപിന്നില്‍ അനധികൃത ബംഗ്ലാദേശികള്‍ക്ക് ഇന്ത്യന്‍ പൌരത്യം കിട്ടാന്‍ വേണ്ടിയുള്ള പ്രവര്‍ത്തിയാണ് എന്നും സ്ഥാപിക്കാന്‍ തിടുക്കം കൂട്ടുന്നത് കാണാം. യതീംഖാനകള്‍ പോലുള്ള മുസ്ലിം സ്ഥാപനങ്ങള്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് യാതൊരു തെളിവും ഇല്ലാതെ ഈ നേതാക്കള്‍ പ്രഖ്യാപിക്കുകയും ചെയുന്നുണ്ട്. പലപ്പോഴും വാര്‍ത്ത അവതാരകര്‍ അത് ശരിവയ്ക്കുകയും ചെയ്യുന്നു.

 

ഇത്തരം ഏകപക്ഷീയമായ അഭിപ്രായങ്ങള്‍ ചിന്താക്കുഴപ്പങ്ങള്‍ ഉണ്ടാക്കുക മാത്രമല്ല, രാജ്യത്ത് നടക്കുന്ന മനുഷ്യക്കടത്തുമായി ഇതിനെ ബന്ധിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ പൊതുബോധത്തെ സ്വാധീനിക്കുകയും ചെയ്യുന്നു. ഈ വിഷയത്തില്‍ അഭിപ്രായം പറയുന്ന ‘വിദഗ്ദ്ധര്‍’ ആരും തന്നെ 2013 ലെ ആഗോള അടിമത്ത സൂചിക പ്രകാരം ഇന്ത്യ മഹാരാജ്യത്തില്‍ നിന്നും മൂന്നു കോടി മനുഷ്യര്‍ ഇത്തരത്തില്‍ അടിമകളായി വിപണനം ചെയ്യപെടുന്നു എന്ന സത്യം അറിയാതെ പോകുന്നു. ഇതില്‍ ഭുരിഭാഗം പെണ്‍കുട്ടികളും ചുവന്ന തെരുവിലോ അല്ലങ്കില്‍ ബാലതൊഴിലാളികളായോ മാറുന്നു എന്നാണ് കണക്ക്. മാത്രവുമല്ല, ആഗോള സുചികയില്‍ ഇന്ത്യക്ക് നാലാം സ്ഥാനമാണ് മനുഷ്യ കടത്തില്‍ ഉള്ളത് എന്നും രേഖപെടുത്തിയിട്ടുണ്ട്.

ബെസ്റ്റ് ഓഫ് അഴിമുഖം

യത്തീംഖാന വിവാദത്തിന്റെ കാണാപ്പുറങ്ങള്‍
ആരു പറഞ്ഞു അടിമത്തം നിര്‍ത്തലാക്കിയെന്ന്?
ജാതിഹിന്ദു എന്ന മുഖ്യധാര (ആറു ബ്രാഹ്മണര്‍ മണ്ടേലയെ കണ്ട കഥ)
മുസ്ലീമിനെ പടിക്കു പുറത്തു നിര്‍ത്തുമ്പോള്‍
ഗുജറാത്ത് എന്നെ അസ്വസ്ഥനാക്കിക്കൊണ്ടേയിരിക്കും – ടി.വി ചന്ദ്രന്‍

2009 – 12 കാലയളവില്‍ ബി ജെ പി ഭരിച്ചിരുന്ന കര്‍ണാടകയില്‍ നിന്നും ഇത്തരത്തിലുള്ള 1300-ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ കേസുകളില്‍ ഒന്നും തന്നെ ഇവര്‍ എവിടേക്ക് പോകുന്നു എന്നോ അഥവാ ജീവിച്ചിരിക്കുന്നു എന്ന് പോലും തെളിവുകളോ ഇല്ല. ഈയൊരു സാഹചര്യത്തില്‍ വേണം കേരളത്തിലേക്ക് വന്ന കുട്ടികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത്. ഇത് മനുഷ്യകടത്താണെങ്കില്‍ അത് നിയമപരമായി തന്നെ നേരിണ്ടേതാണ്, എന്നാല്‍ ഈ കുട്ടികള്‍ കേരളത്തില്‍ എത്തുകയും അവര്‍ മറ്റ് ചൂഷണങ്ങള്‍ക്ക് വിധേയാരാവാത്ത കാലത്തോളം ഇവരെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനും പൊതുസമൂഹത്തിനും ഉണ്ട് എന്ന സാഹചര്യം മാധ്യമങ്ങള്‍ ഇവരെ തീവ്രവാദികളാക്കി മാറ്റിയതോടെ ഇല്ലാതായി. ഇവരെ സംരക്ഷിക്കേണ്ട ചുമതലയില്‍ നിന്ന് മാത്രമല്ല ഇത്തരം മനുഷ്യരുടെ പ്രശ്‌നങ്ങള്‍ പൊതുസമൂഹം ചര്‍ച്ച ചെയ്യേണ്ടതില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി.

 

 

മനുഷ്യക്കടത്ത് സ്ഥാപനങ്ങള്‍ എന്ന ലേബല്‍ പതിച്ചുകിട്ടിയതോടെ ഇത്തരം അനാഥാലയങ്ങള്‍, പ്രത്യേകിച്ചും മുസ്ലിം സംഘടനകള്‍ നടത്തുന്നവ, ഇനി മുതല്‍ സര്‍ക്കാര്‍ നിരീക്ഷണത്തില്‍ ആകും. അതോടെ തന്നെ സാമ്പത്തികമായി പിന്നോക്കാവസ്ഥയില്‍ ഉള്ള അന്യസംസ്ഥാന കുട്ടികളെ ഏറ്റെടുക്കാന്‍ കേരളത്തിലെ ഒരു യതീംഖാനയും തയ്യാറാവില്ല. ഇതിന് പിന്നില്‍ മതതീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണത്തില്‍ നിന്നും രക്ഷപെടുക എന്ന കാരണവും ഉണ്ട്. ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ അര്‍ജുന്‍ മുണ്ടെ ഈ കുട്ടികളെ അവയവദാനത്തിന് വേണ്ടി കടത്തുന്നു എന്ന് അഭിപ്രായപെട്ട സാഹചര്യം അന്വേഷിക്കേണ്ടതാണ്. എന്നാല്‍ കേരള സര്‍ക്കാര്‍ എട്ട് ലക്ഷം രുപ മുടക്കി ഇവരെ തിരിച്ചയച്ചതോടെ ഇത്തരം അന്വേഷണങ്ങള്‍ക്കുള്ള സാധ്യത ഇല്ലാതായി. ഒരു പക്ഷെ മനുഷ്യക്കടത്തിനെ സംബന്ധിച്ച ഗൌരവപൂര്‍ണമായ ഒരന്വേഷണം രാജ്യത്ത് നടത്താന്‍ പര്യാപ്തമായ വിഷയത്തെ മുസ്ലീം തീവ്രവാദമാക്കി ഇല്ലാതാക്കുകയാണ് മുഖ്യധാരാ മാധ്യമങ്ങളും ബി ജെ പിയും ചെയ്തത്. ഈ ലേഖകന്റെ ഒരു വിദ്യാര്‍ത്ഥി അസാം, മേഘാലയ ഭാഗങ്ങളില്‍ നടക്കുന്ന മനുഷ്യക്കടത്തിനെക്കുറിച്ച് നടത്തിയ പഠനം നമ്മുടെ നിയമ വ്യവസ്ഥ എത്രത്തോളം മനുഷ്യത്വരഹിതമാകാം എന്ന് കാണിച്ചുതരുന്നുണ്ട്.

 

ദാരിദ്ര്യം എത്രത്തോളം മനുഷ്യരെ നിസഹായരാക്കും എന്നതിന്റെ തെളിവാണ് ഈ കുട്ടികളും അവരുടെ മാതാപിതാക്കളും. എന്നാല്‍ ഈ അവസ്ഥയുടെ കാരണം വ്യവസ്ഥിതി തന്നെയാണ് എന്ന സത്യം മറച്ചു വച്ചുകൊണ്ട് അവരെ മതതീവ്രവാദികളും സാമുഹികവിരുദ്ധരും ആക്കുന്നതാണ് ശരിക്കുള്ള മനുഷ്യവകാശലംഘനവും നിയമലംഘനവും. ഝാര്‍ഖണ്ടില്‍ നിന്ന് ആന്ധ്ര പ്രദേശിലെ ഇഷ്ടികചൂളകളിലേക്ക് ഇപ്പോഴും കുട്ടികളെ കടത്തുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ നിന്നും കുട്ടികളെ തിരിച്ചു കൊണ്ടുവരാന്‍ കാണിച്ച താല്പര്യം ഒന്നും ഈ കുട്ടികളുടെ കാര്യത്തില്‍ ഝാര്‍ഖണ്ട് സര്‍ക്കാര്‍ എടുത്തതായി അറിവില്ല. കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ഇതില്‍ വാര്‍ത്താപ്രധാന്യം കണ്ടെത്താന്‍ കഴിഞ്ഞതുമില്ല.

 

(മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ അദ്ധ്യാപകനാണ് ലേഖകന്‍)

*Views are personal

 

അഴിമുഖം പ്രസിദ്ധീകരിച്ച ഈര്‍ഷാദിന്റെ മറ്റൊരു ലേഖനം : കേരളവും മാവോയിസ്റ്റുകളും: ആദിവാസികള്‍ക്ക് ആയുധം നല്കുമ്പോള്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍