UPDATES

വിദേശം

അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ടുകള്‍ മുങ്ങി; ഇരുന്നൂറോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ഈവര്‍ഷം അഭയാര്‍ത്ഥി പ്രവാഹത്തിനിടെയുണ്ടായ അപകയങ്ങളില്‍ അറുന്നോറോളം പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടമായതായാണ് കണക്കാക്കപ്പെടുന്നത്

ആഫ്രിക്കന്‍ വംശജരായ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ടുകള്‍ ലിബിയന്‍ തീരത്ത് മുങ്ങി ഇരുന്നൂറോളം പേര്‍ മരിച്ചതായി സംശയം. സ്പാനിഷ് സന്നദ്ധ സംഘടന പുറത്തുവിട്ട വാര്‍ത്തയില്‍ അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. 15നും 25നും ഇടയില്‍ പ്രായമുള്ളവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച രണ്ട് ബോട്ടുകള്‍ കൂട്ടിയിടിച്ചതാണ് ദുരന്തത്തിന് കാരണമെന്നാണ് വിവരം. ലിബിയന്‍ തീരത്തു നിന്നും 15 മൈല്‍ അകലെയാണ് അപകടമുണ്ടായത്. തുര്‍ക്കിയും ഗ്രീസും അതിര്‍ത്തികള്‍ അടച്ചതോടെ യൂറോപ്പിലേക്കുള്ള കുടിയേറ്റം ഇറ്റലി വഴിയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പ് സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹമാണ് ഇപ്പോള്‍ നടക്കുന്നത്. അടിയന്തര സഹായം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളൊന്നും ബോട്ടുകളില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് ഇറ്റാലിയന്‍ തീരസംരക്ഷണ സേന വക്താവ് അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ ഈ മേഖലയില്‍ ഒട്ടേറെ അപകടങ്ങള്‍ നടന്നുവരുന്നതായാണ് അറിയുന്നത്.

നാല്‍പ്പതിലേറെ രക്ഷാപ്രവര്‍ത്തനങ്ങളാണ് ഇറ്റാലിയന്‍ തീരസംരക്ഷണ സേന കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയത്. അയ്യായിരത്തിലേറെ പേരെ രക്ഷപ്പെടുത്തിയിട്ടുമുണ്ട്. മൂന്ന് മാസത്തിനിടെ 21,000ല്‍ അധികം അഭയാര്‍ത്ഥികളാണ് ഇറ്റലിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. അതേസമയം അഭയാര്‍ത്ഥി പ്രവാഹത്തിനിടെയുണ്ടായ അപകയങ്ങളില്‍ അറുന്നോറോളം പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടമായതായാണ് കണക്കാക്കപ്പെടുന്നത്. രാജ്യാന്തര അഭയാര്‍ത്ഥി സംഘടനയാണ് ഈ കണക്കുകള്‍ പുറത്തുവിടുന്നത്. കഴിഞ്ഞ വര്‍ഷം 4000ല്‍ അധികം അഭയാര്‍ത്ഥികളാണ് കടലിലുണ്ടായ അപകടങ്ങളില്‍ മരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍