UPDATES

വിദേശം

ബ്രിട്ടന്‍ തൂക്കുപാര്‍ലമെന്റിലേക്ക്‌; തെരേസ മെയുടെ ചൂതാട്ടത്തിന് തിരിച്ചടി

മറ്റ് പാര്‍ട്ടികളുടെ സഹായത്തോടെ ലേബര്‍ പാര്‍ട്ടി അധികാരത്തിലേറുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്

ജനപിന്തുണയുണ്ടാകുമെന്ന കണക്കൂ കൂട്ടലില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് നേരത്തെ വിളിച്ച പൊതു തെരഞ്ഞെടുപ്പില്‍ തിരിച്ചടി. 650 സീറ്റുകളുള്ള പാര്‍ലമെന്റില്‍ 646 സീറ്റുകളിലെ വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ സാധിച്ചെങ്കിലും തെരേസ മെയുടെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയ്ക്ക് സര്‍ക്കാരുണ്ടാക്കാനുള്ള കേവല ഭൂരപക്ഷം നേടാനായില്ല. കേവല ഭൂരിപക്ഷത്തിന് 326 സീറ്റുകല്‍ വേണ്ട സ്ഥാനത്ത് 315 സീറ്റുകള്‍ മാത്രമാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേടിയത്. ഇതോടെ രാജ്യം തൂക്ക് മന്ത്രിസഭയിലേക്ക് നീങ്ങുമെന്ന് ഉറപ്പായി

അതേസമയം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മുഖ്യ എതിരാളിയായ ലേബര്‍ പാര്‍ട്ടി 261 സീറ്റുകള്‍ നേടി. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയും തിരിച്ചടി നേരിട്ടു. സ്‌കോട്‌ലാന്‍ഡില്‍ കഴിഞ്ഞ തവണ 59ല്‍ 56 സീറ്റുകളും നേടിയ അവര്‍ ഇക്കുറി 35 സീറ്റുകള്‍ മാത്രമാണ് നേടിയത്. അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റുകളിലൊതുങ്ങിയ ലിബറല്‍ ഡെമോക്രാറ്റ്‌സ് ഇക്കുറി രണ്ടക്കം കടന്ന് പന്ത്രണ്ട് സീറ്റുകള്‍ നേടി. ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിക്ക് പത്തും മറ്റ് പാര്‍ട്ടികള്‍ക്കെല്ലാം ചേര്‍ന്ന് 13 സീറ്റുകളുമാണ്‌ ഉള്ളത്.

വോട്ടെണ്ണലിന്റെ ആരംഭത്തില്‍ ലീഡ് നേടിയ ലേബര്‍ പാര്‍ട്ടി ഭരണത്തിലെത്തുമെന്നാണ് ആദ്യ പ്രവചനങ്ങള്‍ വന്നത്. എന്നാല്‍ പിന്നീട് ലീഡ് നില മെച്ചപ്പെടുത്തിയ കണ്‍സെര്‍വേറ്റീവ് പാര്‍ട്ടി ഭരണം നിലനിര്‍ത്താനുള്ള സാധ്യതയിലേക്കെത്തുകയായിരുന്നു. ഭരണത്തില്‍ മൂന്നുവര്‍ഷത്തെ കാലാവധി കൂടിയുണ്ടായിരുന്ന തേരേസ മെയ് തെരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ച് ജനവിധി നേടി ബ്രക്‌സിറ്റിന് ശക്തിപകരാനാണ് ശ്രമിച്ചത്. പിരിച്ചുവിട്ട സഭയില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 330 സീറ്റും ലേബര്‍ പാര്‍ട്ടിക്ക് 229 സീറ്റുമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ഒരു സീറ്റ് പോലും കുറഞ്ഞാല്‍ അത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് തിരിച്ചടിയാണ്.

മെയ്ഡന്‍ഹെഡില്‍ നിന്നും മത്സരിച്ച മെയ് വിജയിച്ചു. ലേബര്‍ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ജെറമി കോര്‍ബിനും ഇസ്ലിംഗ്ടണിലും വിജയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പരാജയം അംഗീകരിച്ച് തെരേസ മെയ് സര്‍ക്കാരുണ്ടാക്കുന്നതില്‍ നിന്നും പിന്മാറുമെന്നും മറ്റ് പാര്‍ട്ടികളുടെ സഹായത്തോടെ ലേബര്‍ പാര്‍ട്ടി അധികാരത്തിലേറുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയായാല്‍ ജെറമി കോര്‍ബിന്‍ ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍