UPDATES

കടുത്ത ദാരിദ്ര്യം കുറഞ്ഞെന്ന് ലോകബാങ്ക്

Avatar

ആഡം ടെയ്‌ലര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ലോക ബാങ്ക് പുറത്തു വിട്ട ഏറ്റവും പുതിയ വിവരങ്ങള്‍ അല്‍പം ആശ്വാസം പകരുന്നതാണ്. ലോകത്തൊട്ടാകെ ഇതാദ്യമായി കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്നവരുടെ എണ്ണം 10 ശതമാനത്തിനും താഴേക്കു വന്നിരിക്കുന്നു. ദിവസം 1.90 യുഎസ് ഡോളര്‍ എന്ന തോതില്‍ പുതുക്കിയ അന്താരാഷ്ട്ര ദാരിദ്ര്യ രേഖ അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ പ്രകാരം ആഗോള ദാരിദ്ര്യം  ലോക ജനസംഖ്യയുടെ 12.8 ശതമാനത്തില്‍ നിന്ന് 9.6 ശതമാനമായി കുറഞ്ഞിരിക്കുന്നു. 2012-നും 2015-നുമിടയിലാണ് ഈ കുറവുണ്ടായത്. സമീപ ഭാവിയില്‍ കടുത്ത ദാരിദ്ര്യം തുടച്ചു നീക്കാനാകുമെന്നും ഈ കണക്കുകള്‍ മുന്‍നിര്‍ത്തി ലോക ബാങ്ക് പ്രത്യാശ പ്രകടിപ്പിക്കുന്നു. ‘ഈ കണക്കുകള്‍ കാണിക്കുന്നത് കടുത്ത ദാരിദ്ര്യം അവസാനിപ്പിക്കാന്‍ ശേഷിയുള്ള മാനവ ചരിത്രത്തില്‍ ആദ്യ തലമുറയാണ് നമ്മുടേത്,’ ലോക ബാങ്ക് പ്രസിഡന്റ് ജിം യോംഗ് കിം പറഞ്ഞു.

25 വര്‍ഷം മുമ്പ് വരെ ലോകത്തെ മൂന്നിലൊന്ന് ജനങ്ങളും കടുത്ത ദാരിദ്ര്യത്തിലായിരുന്നുവെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ പുതിയ കണക്കുകള്‍ ഏറെ ശ്രദ്ധേയമാണ്. ലോകത്തൊട്ടാകെ ജനസംഖ്യ വര്‍ധനവുണ്ടായിട്ടും കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവരുടെ എണ്ണം 1990-ല്‍ നിന്ന് 2015-ല്‍ എത്തിയപ്പോഴേക്കും പകുതിയിലും കുറഞ്ഞിരിക്കുന്നു. ദിവസം 1.25 യുഎസ് ഡോളര്‍ എന്ന തോതിലുള്ള അന്താരാഷ്ട്ര ദാരിദ്ര്യ രേഖ ഉപയോഗിച്ച് 2030-ഓടെ കടുത്ത ദാരിദ്ര്യം അവസാനപ്പിക്കാനുള്ള പദ്ധതി യുഎന്‍ പ്രഖ്യപിച്ചത് കഴിഞ്ഞ ആഴ്ചയാണ്. നേരത്തെ 2000-ല്‍ നിശ്ചയിച്ച സഹസ്രാബ്ദ വികസന ലക്ഷ്യങ്ങളില്‍ ഇതുവരെ നേടി എടുക്കാനായ ഏക ലക്ഷ്യവും ലോകത്തെ കടുത്ത ദാരിദ്ര്യമനുഭവിക്കുന്നവരുടെ എണ്ണം പകുതിയായി കുറക്കുക എന്നതാണ്. മുഖ്യമായും ചൈനയുടെ സാമ്പത്തിക വളര്‍ച്ചയാണ് ഇതിനു കാരണമായത്.

വികസ്വര രാജ്യങ്ങളുടെ ശക്തമായ വളര്‍ച്ച, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ എന്നീ മേഖലകളിലുള്ള നിക്ഷേപങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ ആഗോള ദാരിദ്ര്യം കുറക്കുന്നതിന് സഹായകമായെന്ന് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നതായി ലോക ബാങ്ക് ഊന്നിപ്പറയുന്നു. ദാരിദ്ര്യം തുടച്ചു നീക്കുന്നതില്‍ കാര്യമായ പുരോഗതി കൈവരിച്ചെങ്കിലും സബ് സഹാറന്‍ ആഫ്രിക്ക, ദക്ഷിണേഷ്യ എന്നീ മേഖലകളില്‍ ദാരിദ്ര്യം ഗൗരവമേറിയ പ്രശ്‌നമായി ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും ലോക ബാങ്ക് പറയുന്നു. ഈ മേഖലകളില്‍ നിന്നും വിരുദ്ധമായി കിഴക്കന്‍ ഏഷ്യയിലെ കടുത്ത ദാരിദ്ര്യം 60 ശതമാനത്തില്‍ നിന്നും 2015-ല്‍ 4.1 ശതമാനമായി കുറയുമെന്നാണ് പ്രവചിക്കപ്പെടുന്നത്.

അതേസമയം ലോക ബാങ്ക് കണക്കുകൂട്ടലുകള്‍ക്ക് ആധാരമാക്കിയ വിവരങ്ങളുടെ വിശ്വാസ്യതയും സംശയത്തിലാണ്. പഠന വിധേയമാക്കിയ 155 രാജ്യങ്ങളില്‍ 77 ശതമാനം മാത്രമാണ് ദാരിദ്ര്യം സംബന്ധിച്ച് വിശ്വസനീയ കണക്കുകള്‍ നല്‍കുന്നതെന്ന് നേരത്തെ ലോകബാങ്ക് ഗവേഷകള്‍ പറഞ്ഞിരുന്നു. ഏറ്റവും പുതിയ പ്രാദേശിക ദാരിദ്ര്യ കണക്കുകളില്‍ നിന്ന് മധ്യപൂര്‍വ്വേഷ്യയെ (മിഡ്ല്‍ ഈസ്റ്റ്) മാറ്റി നിര്‍ത്തിയിരിക്കുന്നു. ഈ മേഖലയിലെ പ്രധാന രാജ്യങ്ങളിലെ സംഘര്‍ഷങ്ങളും അസ്ഥിരതയും കാരണം കണക്കുകള്‍ ലഭ്യമല്ലെന്ന കുറിപ്പ് മാത്രമാണ് ലോക ബാങ്ക് റിപ്പോര്‍ട്ടിലുള്ളത്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍