UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹുസൈന്‍ സാഗര്‍: വിനായകചതുര്‍ഥിയുടെ ബാക്കിപത്രം

Avatar

അനഘ ജയന്‍

‘മനോഹരമായി വിഗ്രഹങ്ങള്‍ നിര്‍മ്മിച്ച്, ആഴ്ചകളോളം ആരാധിച്ച ശേഷം മമത വെടിഞ്ഞ്, അവയെ ഘോഷയാത്രയോടെ കൊണ്ടുപോയി തടാകത്തില്‍ തള്ളുന്നു. അതെ വിനായകചതുര്‍ഥി ജീവിതം തന്നെയാണ്. ജനനമരണങ്ങളുടെ ചംക്രമണം.’

നിറഞ്ഞും തെളിഞ്ഞും താളം തെറ്റിയും അനുനിമിഷം രൂപാന്തരപ്പെടുകയാണ്, നഗരം;   വിഗ്രഹങ്ങളെയും അവയെ പേറുന്ന വാഹനങ്ങളെയും ഘോഷയാത്രകളെ തന്നെയും വരവേറ്റു കൊണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത തടാകമായ ഹുസൈന്‍ സാഗര്‍ ഓരോ വര്‍ഷവും വിനായകോത്സവക്കാലത്ത് ഏറ്റുവാങ്ങുന്നത് അറുപതിനായിരത്തോളം വിഗ്രഹങ്ങളെയാണ്. നഗരവാസികളും വഴിയാത്രക്കാരും സന്ദര്‍ശകരും നിക്ഷേപിക്കുന്ന മാലിന്യങ്ങളെക്കൊണ്ട് സ്വതവേ മലിനമായ തടാകം ഇപ്പോള്‍ പകുതിയലിഞ്ഞ വിഗ്രഹങ്ങളുടെ അവശിഷ്ടങ്ങളും പൂക്കളും വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് സാധനങ്ങളും കൊണ്ട് വൃത്തിഹീനമാണ്. 1562-ല്‍ ഹസ്രത് ഹുസൈന്‍ ഷാ വാലി നിര്‍മിച്ച ഈ തടാകം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ നഗരത്തിന്റെ പ്രധാന ജലസ്രോതസ്സ് ആയിരുന്നു.

ഹൈദരാബാദ് മെട്രോപൊലിറ്റെന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ കണക്കു പ്രകാരം ഈ വര്‍ഷത്തെ ഏകീകൃതവിഗ്രഹ നിമജ്ജനത്തിന്റെ ഭാഗമായി നാലായിരം മെട്രിക് ടണ്‍ മാലിന്യമാണ് തടാകത്തില്‍ നിന്ന് നീക്കം ചെയ്തത്. നഗരവാസികള്‍ വീടുകളില്‍ പൂജിച്ച ഒറ്റച്ചാണ്‍ വിഗ്രഹങ്ങള്‍ മുതല്‍ ഖൈരത്താബാദില്‍ ഉയര്‍ന്ന അറുപത് അടിയുടെ ഗണേശവിഗ്രഹം വരെ നിമജ്ജനം ചെയ്യപ്പെടുന്നത് ഹുസൈന്‍ സാഗര്‍ തടാകത്തില്‍ ആണ്. ചടങ്ങുകള്‍ക്ക് ശേഷം ഇവയെ നീക്കം ചെയ്യാനായി ക്രെയ്‌നുകള്‍ സജ്ജമാക്കി നിര്‍ത്തിയിരുന്നു. ഇവയുപയോഗിച്ച് പൊക്കിയെടുത്ത വിഗ്രഹങ്ങള്‍ അളിഞ്ഞുനാറി നടപ്പാതയില്‍ കിടന്നു കാല്‍നടക്കാരെയും സഞ്ചാരികളെയും അലോസരപ്പെടുത്തിക്കൊണ്ട്.

 

 

തടാകത്തില്‍ ഇറങ്ങി നിരന്തരം ജോലി ചെയ്യുന്ന മാലിന്യ സംസ്‌കരണ തൊഴിലാളികള്ക്ക് വിനായക ചതുര്‍ഥി കഷ്ടപ്പ്പാടിന്റെ കാലമാണ്. ‘മാലിന്യങ്ങളും അടിഞ്ഞു കൂടുന്ന കൊച്ചു വിഗ്രഹങ്ങളും മറ്റു അവശിഷ്ടങ്ങളും ഞങ്ങള്‍ നേരിട്ട് ശേഖരിച്ച് ഇന്ദിരാപാര്‍ക്കിനു അടുത്തുള്ള സംസ്‌കരണശാലയിലേക്ക് എത്തിക്കുകയാണ് പതിവ്. ഇപ്പോള്‍ മാലിന്യങ്ങളുടെ കൂടിയ അളവും രാസസ്വഭാവവും കാരണം കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. ഞങ്ങള്‍ ഇത്രപേരെക്കൊണ്ട് ഒന്നും ആവുന്നില്ല’ ഒരു തൊഴിലാളി പറയുന്നു. വിഗ്രഹങ്ങളെക്കാള്‍ അവ അലിഞ്ഞൂറുന്ന പള്‍പ്പും ചകിരിയും എല്ലാം മറ്റു മാലിന്യങ്ങളോട് കൂടെ ചേരുമ്പോള്‍ ഇവരുടെ ജോലി കൂടുതല്‍ ആയാസകരമാകുന്നു.

വെള്ളത്തില്‍ അലിഞ്ഞു ചേര്‍ന്ന് മണ്ണില്‍ ലയിക്കുന്ന ‘ഇകോ ഫ്രെണ്ട്‌ലി’ വിഗ്രഹങ്ങളുമായി ഒരു കൂട്ടം വിഗ്രഹ നിര്‍മാതാക്കള്‍ ഈ വര്‍ഷം മുന്നോട്ട് വന്നു. വിഗ്രഹനിമജ്ജനം സ്വന്തം വീട്ടില്‍ നടത്താന്‍ ഈ നവീന ആശയം സഹായിക്കുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് കളിമണ്‍ വിഗ്രഹങ്ങള്‍ ഒരു രൂപയ്ക്ക് മുതല്‍ ലഭ്യമാക്കിക്കൊണ്ട് ചില എന്‍.ജി.ഓകള്‍ രംഗത്ത് വന്നതും ശ്രദ്ധേയമായി.

ബെസ്റ്റ് ഓഫ് അഴിമുഖം 

ആരുമില്ലാത്ത വീടുകള്‍
ഒരു തമിഴ് പ്രണയത്തിന്റെ ബാക്കിപത്രം- അന്ന എഴുതുന്നു
ദേവദാസികള്‍ – മൂല്യശോഷിപ്പിന്റെ ഇരട്ടത്താപ്പുകൾ
ശങ്കരാഭരണത്തിന്റെ പേടികള്‍
തേങ്ങയുടെ നല്ലസമയം വരാന്‍ പോകുന്നതേയുള്ളൂ

 ‘ഇതാണ് ഞങ്ങളുടെ ലക്കി സീസണ്‍’; ലോറി ഡ്രൈവര്‍ മല്ലയ്യ പറയുന്നു; ‘വലിയ വിഗ്രഹങ്ങള്‍ കൊണ്ട് പോകാന്‍ ഞങ്ങളുടെ വാഹനങ്ങള വേണമല്ലോ. വാര്‍ഷിക വരുമാനത്തിന്റെ ഏറിയ പങ്കും ഞങ്ങള്‍ ഈ മൂന്നു മാസം കൊണ്ടാണ് സമ്പാദിക്കുന്നത്.’

ആയിരക്കണക്കിന് ആളുകള്‍ ഒരൊറ്റ തടാകത്തിനു ചുറ്റും തടിച്ചുകൂടുമ്പോള്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഹൈദരാബാദ് സിറ്റി പോലീസ് കര്‍ശന സംവിധാനങ്ങള്‍ നഗരമൊട്ടാകെ ഏര്‍പ്പെടുത്തിയിരുന്നു. ‘നഗരത്തിന്റെ മാറിയ പ്രതിച്ഛായയോ തെലങ്കാനയുടെ പുതുമയോ സുരക്ഷാ സംവിധാനങ്ങളെ ഒരു രീതിയിലും ബാധിച്ചിട്ടില്ല. ഹൈദരാബാദ് എന്നും ഒരു ഐക്കോണിക്ക് സഞ്ചാരകേന്ദ്രമാണ്. ഗണേശോത്സവം കൂടുതല്‍ ജാഗ്രത അര്‍ഹിക്കുന്നു അത്രമാത്രം’ സിറ്റി പോലീസ് ഇന്‍സ്‌പെക്ടര്‍ വീര സ്വാമിയുടെ കണ്ണുകളില്‍ ‘സുരക്ഷിതത്വബോധം അന്വേഷകരില്‍ പോലും പടര്‍ത്താനുള്ള ചുമതലാബോധം’ തെളിഞ്ഞു കാണാമായിരുന്നു.

വിഗ്രഹനിമജ്ജന ദിവസത്തെ ജനക്കൂട്ടത്തിനു സഹായഹസ്തവുമായി ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഹുസൈന്‍ സാഗറിന് സമീപം ക്യാമ്പ് ഓഫീസ് തുടങ്ങിയിരുന്നു.ഡോക്ടര്‍മാരും പോലീസും വനിതാ ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ജീവനക്കാരും സുരക്ഷാപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന ക്യാമ്പ് ടോള്‍ ഫ്രീ ഹെല്പ് ലൈന്‍ നമ്പരുകളും ഏര്‍പ്പെടുത്തിയിരുന്നു. ‘ആഘോഷങ്ങള്‍ക്കിടയില്‍ പല അപകടങ്ങളും മുന്‍പ് ഉണ്ടായിട്ടുണ്ട്. കുട്ടികളെ തടാകത്തില്‍ നഷ്ടപ്പെടുകയും മറ്റും നിമജ്ജനദിവസം പതിവാണ്. അപകടനിയന്ത്രണവും വൈദ്യസഹായവുമാണ് ഈ ക്യാമ്പിന്റെ പ്രധാന ലക്ഷ്യം’ ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നാമ്യ നായിക് വിശദീകരിച്ചു.

 

വിഗ്രഹവുമായി തടാകത്തിനു അടുത്ത് എത്തുന്നവര്‍ നാളികേരമുടച്ച് ചന്ദനത്തിരി കത്തിച്ച് ഒരു കൊച്ചു പൂജ തന്നെ നടത്തിയതിനു ശേഷമാണ് വിഗ്രഹത്തെ വെള്ളത്തിലേക്ക് മുക്കിയോഴുക്കുന്നത്. ലഡുവും മോദകവും മറ്റു മധുരപലഹാരങ്ങളും ഉണ്ടാക്കി വിറ്റ് ഉത്സവക്കാലം ലാഭാകരമാക്കുന്നവരും ഹൈദരാബാദില്‍ നിരവധിയാണ്. അവരുടെ ഭാവന വളരുന്നിടത്തോളം ഗണേശ ചതുര്‍ഥിയുടെ മാധുര്യം കൂടുക തന്നെ ചെയ്യും.

വെള്ളത്തിന്റെ ഉപരിതലത്തില്‍ ഒഴുകി നടക്കുന്ന ഘരമാലിന്യങ്ങളെ ഭക്ഷിച്ച് ജീവിക്കുന്ന ഒരു പറ്റം താറാവുകളും കുളക്കോഴിവര്‍ഗ്ഗവും ഉണ്ടിവിടെ. ആവാസസ്ഥലം മലിനമായത് അറിയാതെ തിന്നും കുടിച്ചും നീന്തിത്തുടിച്ചും അവ ജീവിതം ആഘോഷിക്കുന്നു; വിനായക ചതുര്‍ഥിയെയൊ തെലങ്കാനയുടെ സംസ്‌കാരത്തെയോ കുറിച്ച് ഒട്ടും ഗൗനിക്കാതെ!

(ഹൈദരാബാദ് ഇ.എഫ്.എല്‍ യൂണിവേഴ്സിറ്റിയില്‍ ഒന്നാം വര്‍ഷ ജേര്‍ണലിസം വിദ്യാര്‍ഥിയാണ് അനഘ)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍