UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചാന്ദ് അകേലാ ജായേ സഖി രെ… കാഹെ അകേലാ ജായേ സഖി…

Avatar

നയന തങ്കച്ചന്‍

വെളുത്ത പൈജാമയും കുര്‍ത്തയും ധരിച്ച, നരച്ചതാടിയുള്ള മനുഷ്യന്‍ ചരിഞ്ഞു കിടന്നു പാട്ട്‌ കേള്‍ക്കുന്ന കടത്തിണ്ണയുടെ അരികുചേര്‍ന്ന് ഞങ്ങള്‍ നടന്നു. ഊദും അത്തറും മുല്ലപ്പൂവും മണക്കുന്ന ചാര്‍മിനാറിന്റെ രാത്തെരുവോരങ്ങളിലൂടെ, അണിയാതെപോയ കുപ്പിവളകളുടെ നുറുങ്ങാത്മാക്കളെ ചവിട്ടിയരച്ചുകൊണ്ട്, ഏതോ സ്വപ്നത്തിലെന്ന പോലെ. പൈപ്പ്‌ പൊട്ടിയിട്ടോ മറ്റോ വെള്ളം കെട്ടിക്കിടക്കുന്ന റോഡരികിലെ ജലക്കണ്ണാടിയില്‍ മുഖംനോക്കാന്‍ ഞാനൊരു പാഴ്ശ്രമം നടത്തി നോക്കി. വലിയ പൊട്ടുതൊട്ട ഈ പെണ്ണുങ്ങളുടെ കൈയ്യില്‍നിന്ന് ഒരുകഷ്ണം കവിതയോ ഒരുമൂളിപ്പാട്ടോ ഒരുതുണ്ട് ബിസ്‌ക്കറ്റോ എങ്കിലും പ്രതീക്ഷിച്ചു കൂടെക്കൂടിയ ഒരുനായ എന്റെ കണ്ണാടിക്കളിയെ ഒന്ന് പരിഹസിച്ചു കുരച്ചു. ‘എന്നാ ഞാന്‍ അങ്ങോട്ട്…’ എന്ന് ഞങ്ങളെയൊന്നു ചരിഞ്ഞുനോക്കി വാലാട്ടിക്കൊണ്ട് ഏതോ മനുഷ്യന്റെ പുതപ്പിനടിയിലേക്ക് അവന്‍ നൂഴ്ന്നുകയറി. ഒരുപക്ഷെ അവനെപ്പോലെ തന്നെ സ്വതന്ത്രനായ ഒരുമനുഷ്യന്റെ. ബന്ധങ്ങളും രാഷ്ട്രീയവും വിദ്യാഭ്യാസവും പുരയിടവും ഒന്നുമില്ലാത്ത, വിശപ്പും ദാഹവും ചൂടും തണുപ്പും മാത്രമറിയുന്ന സ്വതന്ത്രനായ ഒരുവന്‍. 

 

തിരഞ്ഞിട്ടും തിരഞ്ഞിട്ടും കണ്ടെത്താത്ത പരമസത്യത്തെ തേടി വീണ്ടും വീണ്ടും കൊടുമുടികള്‍ കയറുന്ന സന്യാസിമാരെപ്പോലെ, നേര്‍ത്ത മഞ്ഞവെളിച്ചത്തില്‍ തിളങ്ങിനില്‍ക്കുന്ന വളക്കടകളിലും മാലക്കടകളിലും ഞങ്ങള്‍ എന്തൊക്കെയോ തേടി. ഓരോ മുത്തിനെയും ഓരോകല്ലിനെയും തൊട്ട് ഇക്കിളിപ്പെടുത്തിക്കൊണ്ട് പര്‍ദ്ദ ധരിച്ച സ്ത്രീകളുടെ ഇടയിലൂടെ, നിറങ്ങള്‍ സമ്മാനിച്ച കുറ്റബോധത്തോടെ ഞങ്ങള്‍ നടന്നു. അതില്‍ ഒരു സ്ത്രീ അല്പ്പനേരം എന്റെ കണ്ണുകളിലേയ്ക്ക് തറപ്പിച്ചുനോക്കി.ബുര്‍ഖയുടെ വിടവിലൂടെ എന്നെ നോക്കിയ കണ്ണുകള്‍ മന്ദഹസിക്കുന്നത് ഞാന്‍ അറിഞ്ഞു. ആയിരമായിരം തവണ അവരുടെ മനോഹരമായ മുഖം എന്റെ പാകപ്പെടാത്ത ഭാവനാലോകത്ത് ഞാന്‍ സൃഷ്ടിച്ചെടുത്തു.

 

പര്‍ദ്ദ ധരിച്ച വേറെ ചില സ്ത്രീകള്‍ ഒരുപഴക്കച്ചവടക്കാരനുമായി തര്‍ക്കിക്കുകയായിരുന്നു. ഹൈദരാബാദിന്റെ ഏറ്റവും ശുദ്ധമായ പഴം, പച്ചക്കറി സാധനങ്ങള്‍ ലഭിക്കുന്ന സമയം അതാണെന്ന് ഒരു സുഹൃത്ത് പറഞ്ഞു. അവളുടെ അറിവ് ശരിയായിരിക്കാം. ഒരു പേരക്കയെടുത്ത് കടിച്ചുകൊണ്ട് മെക്കാ മസ്ജിദ്‌ ലക്ഷ്യമാക്കി നടന്നു.
രാത്രിയായിക്കഴിഞ്ഞാല്‍ നിസ്‌കാരസമയമൊഴിച്ച് ബാക്കി സമയമെല്ലാം മസ്ജിദ് അടച്ചിടുകയാണ് പതിവെന്ന് അന്നാണ് മനസ്സിലാക്കിയത് എന്നതിലെ ജാള്യത എല്ലാവരുടെ മുഖത്തും വ്യക്തമായിരുന്നു. മസ്ജിദിന്റെ മുന്നിലായി, ഞങ്ങളുടെ വലതുവശത്ത്‌ നിരത്തിവച്ചിരുന്ന അത്തര്‍കുപ്പികളുടെ നടുവില്‍ പക്ഷെ അത്തറുപ്പാപ്പയെ കണ്ടില്ല. അത്തറുപ്പാപ്പ- ബഷീറിയന്‍ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ഓമനത്തമുള്ള ആ പേര് അദേഹത്തിന്‌ സമ്മാനിച്ചത് ഞാനായിരുന്നു. യാത്ര പറയണമെന്നുണ്ടായിരുന്നു. ആ നഗരത്തിലെ എന്റെ ജീവിതം അവസാനിപ്പിക്കാറായിരുന്നു. ഒരുപക്ഷെ പിന്നീടൊരിക്കലും അവിടേയ്ക്കു തിരിച്ചുപോകാന്‍ സാധിച്ചില്ലെങ്കിലോ?

 

 

മെക്കാ മസ്ജിദില്‍നിന്ന് തിരിച്ചുവരുമ്പോഴാണ് ബാംഗിള്‍ ബാസാറിലെ ഒരുകടയില്‍, ഒരു അലൂമിനിയവടി നിറയെ കരിവളകള്‍ നിരത്തിവെച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ആര്‍ത്തിയോടെ ഓടിച്ചെന്ന്‌ കൈയിലേയ്ക്ക് എടുത്തിട്ടപ്പോള്‍ നാലെണ്ണം പൊട്ടിപ്പോയത് കടക്കാരനെ അറിയിക്കാതെ, ചോദിച്ച ചില്ലറയെല്ലാം പെറുക്കിക്കൊടുത്ത് കടയില്‍നിന്നും ഇറങ്ങിയപ്പോള്‍, മനസ്സില്‍ ഒരു ചോദ്യമിങ്ങനെ തികട്ടിനിന്നു. ‘കാലമിത്ര കഴിഞ്ഞിട്ടും പെണ്ണെ, എന്തേ നിനക്ക് കരിവളകളോട് ഇത്ര പ്രണയം?’

 

ഓട്ടോ ഡ്രൈവറോട്‌ പേശിയുറപ്പിച്ച തുകയ്ക്ക് വണ്ടിയിലിങ്ങനെ തിങ്ങിഞെരിഞ്ഞിരുന്നു പോകുമ്പോള്‍, തല പുറത്തേയ്ക്ക് ഇട്ടുകൊണ്ട് ചാര്‍മിനാര്‍ എന്ന ആ അത്ഭുതത്തെ ഒന്നുകൂടി നോക്കി. ഹൈദരാബാദില്‍നിന്നും പ്ലേഗ്‌ നിര്‍മാര്‍ജ്ജനം ചെയ്തതിന്റെ ഓര്‍മ്മയ്ക്കായി താന്‍ നിര്‍മ്മിച്ച സ്മാരകത്തിനു മുന്നില്‍നിന്ന്, മുഹമ്മദ് ഷാഹി കുതുബ് ഷാ പ്രാര്‍ത്ഥിക്കുന്നത് ഞാന്‍കേട്ടു: ‘അല്ലാഹുവേ, ഈനഗരത്തിനു ശാന്തിയും ഐശ്വര്യവും നല്കണമേ. ജാതി,മത ഭേതമന്യേ കോടാനുകോടി ജനങ്ങള്‍ക്ക് തണലേകുന്ന ഒരുനഗരമായി ഇതിനെ മാറ്റേണമേ’. ചാര്‍മിനാറിന്റെ ഇടുങ്ങിയ പടവുകളെ നോക്കി കൊഞ്ഞനംകുത്താന്‍, ഞാനെന്ന ക്ലോസ്‌ട്രോഫോബിക് ഇനിയും എന്നായിരിക്കാം അതുവഴി പോകുക?

 

വെളുത്ത വസ്ത്രം ധരിച്ച മനുഷ്യന്‍ ഉറങ്ങിക്കഴിഞ്ഞിരുന്നു. അയാളുടെ കടയില്‍ നിന്നും അപ്പോഴും പാട്ട്‌ കേള്‍ക്കുന്നുണ്ടായിരുന്നു.

യാദ്‌ നാ ജായെ ബീതെ ദിനോം കീ
ജാകേ നാ ആയെ ജോ ദിന്‍
ദില്‍ ക്യൂം ബുലായെ ഉന്‍ഹൈം
ദില്‍ ക്യൂം ബുലായെ…. 

 

(ഇഫ്ളുവില്‍ എം.എ ജേര്‍ണലിസം വിദ്യാര്‍ഥിയായിരുന്നു)

 

അഴിമുഖം പ്രസിദ്ധീകരിച്ച നയനയുടെ മറ്റൊരു ലേഖനംക്രോസ് ഡ്രസിംഗ്: ഇഫ്ളു രാഷ്ട്രീയം വ്യക്തമാക്കുന്നു

 

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍