UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രോഹിതിന്റെ രാഷ്ടീയം ആരെയാണ് ഭയപ്പെടുത്തിയത്?

രോഹിതിന്റെ മരണം കൊലപാതകമാണ്. അത് കേവലം വൈകാരികമായ ഒന്നല്ല. രാജ്യത്തെ ഉന്നത വിദ്യാഭ്യാസരംഗത്ത് രുപപ്പെട്ടുവരുന്ന ഒരു വലിയ പ്രതിസന്ധിയുടെ ഇരയാണ് രോഹിത്. നമ്മുടെ ഉന്നത വിദ്യഭ്യാസരംഗത്ത് കഴിഞ്ഞ ഏതാനും വർഷങ്ങളായി രൂപകൊള്ളുന്ന അരാഷ്ട്രീയതയും അതോടൊപ്പം ഉന്നതവിദ്യാഭ്യാസ രംഗത്ത് ഉണ്ടാകുന്ന അധികാര വടംവലിയും പിന്നോക്ക വിഭാഗങ്ങളിൽ പെടുന്ന വിദ്യാർഥികൾക്ക് ഉന്നത പഠനം ബുദ്ധിമുട്ടുള്ളതാക്കി തീര്‍ക്കുന്നുണ്ട്. അതുകൂടാതെ ആര് ആർക്കുവേണ്ടി പ്രതികരിക്കണം എന്ന പുത്തൻ രാഷ്ട്രീയത്തിന്റെ ഇരകൂടിയാണ് രോഹിത്. മുസഫർ നഗർ കലാപത്തെ പറ്റിയുള്ള ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനെ ചൊല്ലിയുണ്ടായ പ്രശ്നങ്ങൾ ആണ് രോഹിതിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളിൽ ഒന്നെന്നാണ് അറിയാൻ കഴിഞ്ഞത്.  മുസഫർ നഗർ കലാപത്തിന്റെ പിന്നിലുള്ള രാഷ്ട്രീയ കാരണങ്ങൾ പൊതുസമൂഹം ചർച്ചചെയ്യുന്നത് തടയുക എന്നത് രാജ്യം ഭരിക്കുന്നവരുടെ ആവശ്യമാണ്. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള ഏതൊരു നീക്കവും തടയേണ്ടത് അവരുടെ രാഷ്ട്രീയ നിലനില്‍പ്പിന്റെ ആവശ്യമാണ്.

മറ്റൊന്ന് ദളിത്‌ വിദ്യാർത്ഥികൾക്കിടയിൽ രൂപപ്പെട്ടുവരുന്ന പുതിയ രാഷ്ട്രീയ മുന്നേറ്റമാണ്. ഇത് കേവലം സംഘടിത രാഷ്ട്രീയ പാര്‍ട്ടികളുടെയോ പ്രത്യയശാസ്ത്രത്തിന്റെയോ ബലത്തിൽ ഉണ്ടാകുന്നതല്ല, അതിനർഥം ഇത്തരം മുന്നേറ്റങ്ങൾ കേവലം വ്യക്തികേന്ദ്രീകൃതമോ ഒറ്റപ്പെട്ടതോ അല്ല. പകരം ചരിത്രപരമായ ഒരു യാഥാര്‍ത്ഥ്യത്തിൽ നിന്നും രൂപംകൊണ്ടതാണ്. മുഖ്യധാരാ രാഷ്ടീയത്തിന്റെ അധികാര കേന്ദ്രങ്ങളെയാണ് അവർക്ക് എതിർക്കേണ്ടിവരുന്നത്. അതിൽ സംഘടിത രാഷ്ട്രീയ പാർട്ടികളും, മത-ജാതി ശക്തികളും അതോടൊപ്പം ഇത്തരം ശക്തികള്‍ നിയന്ത്രിക്കുന്ന സാമ്പത്തിക-രാഷ്ട്രീയവും ഉണ്ട്. മറ്റ് വിദ്യാർഥി സംഘടനകൾക്ക് പ്രവർത്തിക്കാൻ ഒരു പ്രത്യകമണ്ഡലം ഉണ്ട്. അവരുടെ മുദ്രാവാക്യങ്ങൾ അവരേ നിയന്ത്രിക്കുന്ന രാഷ്ട്രീയപാർട്ടികളുടെ താല്പര്യത്തിന് അനുകൂലമായിരിക്കും. മാത്രവുമല്ല അവരെ സംബന്ധിച്ചിടത്തോളം പുതിയ ഒരു രാഷ്ട്രീയം മുന്നോട്ട് വെക്കേണ്ട ആവശ്യവും ഇല്ല. രോഹിതിന്റെ മരണത്തിലേക്ക് നയിച്ചത് അത്തരം ഒരു രാഷ്ട്രീയത്തിന്റെ സങ്കുചിതമായ ഒരു രൂപമാണ്.

രോഹിതിന്റെ രാഷ്ട്രീയം ചോദ്യം ചെയ്തത് ABVP യുടെ മത-ജാതി രാഷ്ട്രീയത്തെയാണ്. അത്തരം മത-ജാതി രാഷ്ടീയം ഇന്നത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ അതിവേഗം കീഴ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. മത-ജാതി, സാമ്പത്തിക ശ്രേണിയിൽ മുന്നിട്ടുനില്‍ക്കുന്ന വിഭാഗം ഇത്തരം പ്രതിസന്ധികളെ അവസരമായി കാണുകയോ അല്ലെങ്കിൽ അതിനോട് ഐക്യപ്പെടുകയോ ചെയ്യും. എന്നാൽ ഈ രാഷ്ടീയത്തിന് എതിർ നില്ക്കുന്ന വിഭാഗം ഇല്ലാതാക്കപ്പെടുകയോ അല്ലെങ്കിൽ സ്വയം ഇല്ലാതാവുകയോ ചെയ്യും. അതോടൊപ്പം ഇതുണ്ടാക്കുന്ന മറ്റ് പ്രതിസന്ധികള്‍ മൂലം പിന്നോക്ക വിദ്യാർഥികൾക്ക് നിലനിൽക്കാൻ കഴിയാതെ വരും. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഒന്‍പത് ദളിത് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു എന്നാണ് അറിയാൻ കഴിഞ്ഞത്. കേരളത്തിൽ രജനി എസ് ആനന്ദ് എന്ന എഞ്ചിനീയറിംഗ് വിദ്യാർഥിയുടെ മരണവും ഇതിന് സമാനമായ ഒന്നായിരുന്നു എന്ന് കാണാം.

അംബേദ്ക്കർ വിദ്യാർഥി യുനിയന്റെ പ്രവർത്തനം പരിമിതമായ ഒരു ഇടത്തിൽ ഒതുങ്ങി നില്ക്കുന്നില്ല എന്നത് കൊണ്ടുകൂടിയാണ് രോഹിത് അടക്കമുള്ള വിദ്യാർഥികള്‍ മുസാഫർ നഗർ കലാപത്തെ തുറന്നു കാണിക്കുന്ന ഒരു സമരത്തിൽ പങ്ക് ചേർന്നത്. ഇത് കേവലം ഇരകളോടുള്ള ഐക്യപ്പെടൽ അല്ല. പകരം  വർത്തമാന കാലരാഷ്ട്രീയത്തിന്റെ അധികാരത്തേയും അതിനു പിന്നിലെ വംശീയ രാഷ്ട്രീയത്തേയും തുറന്നെതിർക്കുക എന്ന തികച്ചും മാനുഷികവും (കേവല മനുഷ്യസംഗമ വാദം അല്ല), സാമൂഹികവും അയ ഒരു രാഷ്ട്രീയപ്രവർത്തനമാണ്. എന്നാൽ അത്തരം ഒരു രാഷ്ട്രീയത്തെ ഇന്നത്തെ ഭരണകൂടത്തിന് അംഗീകരിക്കാൻ കഴിയില്ല. അവരെ സംബന്ധിച്ചിടത്തോളം ഇത്തരം രാഷ്ട്രീയവും അതിനെ പിന്തുണക്കുന്നവരും ഒഴിവാക്കപ്പെടേണ്ടവരാണ്. ഇതിൽ ഏറ്റവും പ്രധാനം രോഹിത് അടക്കമുള്ള വിദ്യാർഥികളെ രാജ്യദ്രോഹികൾ ആക്കുന്ന ഭരണകൂട രാഷ്ട്രീയവും അതിന്റെ പ്രയോക്താക്കൾ ആകുന്ന ABVP യുടെ നിലപാടുകളും ആണ് ചോദ്യം ചെയ്യപ്പെടേണ്ടത്. ഇവിടെ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ഇവരെ രാജ്യദ്രോഹികൾ ആക്കുക എന്നതാണ് എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നത്. കാരണം അതുവഴി ഭരണകൂടത്തിന്റെ ഇടപെടലിനെ സാധൂകരിക്കാൻ കഴിയും.

മരണത്തിന്റെ കാരണങ്ങൾ രോഹിത് തന്റെ ആത്മഹത്യ കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. അത് പൂർണ്ണമായും ശരിയുമാണ്. ഒരു വ്യക്തിയിൽ ഒതുങ്ങി നില്ക്കുന്നതല്ല ഈ കാരണങ്ങൾ.  രാജ്യത്തെ പിന്നോക്ക സമുഹങ്ങളിൽ നിന്ന് വരുന്ന വലിയ വിഭാഗം വിദ്യാർഥികളും ഈ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. സ്വകാര്യവൽക്കരിക്കപ്പെടുന്ന വിദ്യാഭ്യാസരംഗം പിന്നോക്ക വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം അപ്രാപ്യമാകുകയും, സർക്കാർ സംവിധാനങ്ങളെ കുടുതൽ ആശ്രയിക്കേണ്ട അവസ്ഥയിൽ എത്തിച്ചിട്ടുണ്ട്.

നമ്മുടെ സർവകലാശാലകള്‍ കൂടുതൽ ജനകീയമാകേണ്ട ഒരു കാലം കൂടിയാണിത്. കാരണം അറിവിനെ സാമൂഹിക മാറ്റത്തിന്റെ ഉപകരണമാക്കി മാറ്റാൻ കഴിയുന്ന ഒരു വലിയ വിഭാഗത്തെയാണ് ഇന്നത്തെ സർവകലാശാലകൾ ഉൾക്കൊള്ളുന്നത്.  അതുകൊണ്ട് തന്നെയാണ് രോഹിതുമാർ ഉണ്ടാകുന്നതും അവർ പിന്തിരിപ്പൻ ഭരണകൂടങ്ങളെ ചോദ്യം ചെയ്യുന്നതും. അവരുടെ സമരം യൂണിവേഴ്സിറ്റി കാമ്പസിൽ കൂടുതൽ സൌകര്യം വേണം എന്നതായിരുന്നില്ല. പകരം ഇന്നത്തെ ജീർണ്ണിച്ച രാഷ്ട്രീയത്തെയാണ് ചോദ്യം ചെയ്തത്. ഇത്തരം അറിവിനെ ഭയക്കുന്നതുകൊണ്ടാണ് യൂണിവേഴ്സിറ്റി വൈസ്ചാൻസലറും, ഒരു കേന്ദ്രമന്ത്രിയും ഇടപെടേണ്ടി വരുന്നത്. അവർ ഭയക്കുന്നത് രോഹിത് എന്ന വിദ്യാർഥിയെ മാത്രമല്ല പകരം അവരുടെ ലക്ഷ്യത്തെ കൂടിയാണ്. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എസ്. മുഹമ്മദ് ഇര്‍ഷാദ്

എസ്. മുഹമ്മദ് ഇര്‍ഷാദ്

മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ അദ്ധ്യാപകനാണ് ലേഖകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍