UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫാസിസ്റ്റ് കാലത്തെ ദളിത് വേട്ട

Avatar

ഡോ.കെ.രാജേഷ്

ആത്മഹത്യ കീഴടങ്ങലിന്റെ ലക്ഷണമായാണ് സാധാരണ വ്യാഖ്യാനിക്കപ്പെടാറ്. എന്നാല്‍ കീഴടങ്ങാന്‍ മനസ്സില്ലാത്ത ഒരുവന്‍ വ്യവസ്ഥിതിയോടു നടത്തുന്ന കലാപത്തിന്റെ നേര്‍ക്കാഴ്ച്ചയായി രോഹിത്തിന്റെ ആത്മഹത്യ തെളിഞ്ഞു നില്‍ക്കുന്നു. വ്യവസ്ഥിതിക്കെതിരെ ആയിരം കലാപങ്ങളെ ഉയിര്‍ക്കൊള്ളിക്കാനുള്ള പ്രതിരോധരൂപമായി രോഹിത്തിന്റെ ആത്മഹത്യ ചരിത്രത്തില്‍ ഇടം നേടുന്നു.

വര്‍ണ്ണവെറിയുടെ, സവര്‍ണ്ണ ഫാസിസത്തിന്റെ പീഢനങ്ങള്‍ നിരന്തരം ഏറ്റുവാങ്ങിയിട്ടും, എനിക്കാരോടും പകയില്ല എന്നും, തന്റെ മരണത്തിന്റെ പേരില്‍ ആരേയും ഉപദ്രവിക്കരുത് എന്നും എഴുതാനുള്ള വിശാല മാനവീകത രോഹിത് വെമുല മരണം വരെ അകത്ത് കെടാതെ സൂക്ഷിച്ചു. എന്നാല്‍, മാനവീകതയുടെ മഹത്തായ സന്ദേശം ജീവവായുവായി കണ്ട രോഹിത്തിനെ മരണത്തിലേക്ക് തള്ളിവിട്ട നരാധമന്മാര്‍ ആരാണെന്നും അവരുടെ ഗൂഢലക്ഷ്യങ്ങള്‍ എന്തായിരുന്നു എന്നുമുള്ള അന്വേഷണം ഇവിടെ കൂടുതല്‍ പ്രസക്തമാകുന്നു.

രോഹിത്തിന്റെ മരണത്തിന് ഉത്തരവാദികള്‍ ഫാസിസത്തിന്റെ വര്‍ത്തമാനകാല രൂപങ്ങള്‍ മാത്രമല്ല. സ്വാതന്ത്ര്യത്തിന്റെ ആറര പതിറ്റാണ്ട് പിന്നിട്ടിട്ടും നമ്മുടെ ഭരണകൂടങ്ങളേയും, ഉന്നത വിദ്യാപീഠങ്ങളേയും മറഞ്ഞിരുന്ന് ഭരിച്ച സവര്‍ണ്ണ ജാതി വ്യവസ്ഥയാണ് രോഹിത്തിന്റെ ആത്മഹത്യയ്ക്ക് ഒന്നാമത്തെ ഉത്തരവാദി. ഒരു മതേതര സോഷ്യലിസ്റ്റ് രാജ്യം എന്ന് ഭരണഘടനയില്‍ എഴുതിവെച്ചിട്ടും ജാതിഭ്രാന്തന്മാരുടെ കൂത്തരങ്ങായി തന്നെ നമ്മുടെ ഉന്നത വിദ്യാപീഠങ്ങള്‍ തുടര്‍ന്നു. പൂജകളും, മതചടങ്ങുകളും പലപ്പോഴും ക്യാമ്പസ്സുകളുടെ സ്വാഭാവിക നടപടികളായി അരങ്ങുവാണു. വിശ്വാസങ്ങളുടെ പേരില്‍ നാം എല്ലാത്തിനും അനുവാദം കൊടുത്തു. ഈ സവര്‍ണ്ണ ജാതിവ്യവസ്ഥയാകട്ടെ ദേശീയ സ്ഥാപനങ്ങളെ പലപ്പോഴും പരോക്ഷമായി ദളിതരില്‍ നിന്ന് അന്യവത്കരിച്ചു.

ഭരണകൂടത്തിന്റെ രൂപം പൂണ്ട വര്‍ത്തമാനകാല സവര്‍ണ്ണ ഫാസിസമാണ് രോഹിത് വെമൂലയുടെ ആത്മഹത്യയുടെ രണ്ടാമത്തെ ഉത്തരവാദി. ചാതുര്‍വര്‍ണ്യത്തെ ജീവിതവ്യവസ്ഥയായി പിന്തുടരുന്ന സവര്‍ണ്ണ ഹിന്ദുത്വം എങ്ങനെ പ്രതിരോധിക്കുന്ന ഒരു ദളിതനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് രോഹിത്തിന്റെ അനുഭവങ്ങളും ജീവിതാന്ത്യവും.

സ്വാതന്ത്ര്യത്തിന്റെ ആറര പതിറ്റാണ്ടിന് ശേഷവും സാമൂഹികനീതിയെ ജീവവായുവായി ഉയര്‍ത്തിപ്പിടിക്കുന്ന ഭരണഘടനാ വ്യവസ്ഥയുള്ള രാജ്യത്ത് ഒരു ദളിത് വിദ്യാര്‍ത്ഥിക്ക് തന്റെ ജന്മത്തെ, തന്റെ സ്വത്വത്തെ തന്നെ സ്വയം പഴിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? സംവരണത്തിന്റെ കാലം കഴിഞ്ഞുവെന്ന് പ്രഖ്യാപിക്കുന്ന ആര്‍.എസ്സ്.എസ്സ് മേധാവിക്ക് ഒരു ദളിതനെ മനുഷ്യനായി കാണാന്‍ കഴിയുന്നുണ്ടാവില്ല. സവര്‍ണ്ണ ഹിന്ദുക്കള്‍ക്ക് ചാതുര്‍ വര്‍ണ്യത്തിന് പുറത്തുള്ളവര്‍ എല്ലാം എന്നും അടിമകള്‍ മാത്രം ആയിരുന്നുവല്ലോ. തങ്ങള്‍ അടിമകളായി കാണുന്ന ഒരുവന്‍ ഹൈന്ദവ ഐക്യം എന്ന ഫാസിസ്റ്റ് പ്രചരണത്തിന്റെ കെണിയില്‍ പെടാതെ ഈ മുദ്രാവാക്യത്തിന്റെ കാപട്യം തുറന്നുകാണിച്ചത് സവര്‍ണ്ണര്‍ മാത്രം ഉള്‍പ്പെടുന്ന ഒരു ‘രാമരാജ്യം’ സ്വപ്നം കാണുന്ന നവഫാസിസ്റ്റുകള്‍ക്ക് ഒരു പക്ഷേ ദഹിച്ചു കാണില്ല.

എന്താണ് ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായ രോഹിത് വെമുല ചെയ്ത തെറ്റ്? മുസാഫിര്‍ നഗര്‍ കലാപത്തിന്റെ അന്തര്‍ധാരകള്‍ തുറന്ന് കാണിക്കുന്ന ‘മുസാഫിര്‍നഗറിലെ കൊലക്കളങ്ങള്‍’ എന്ന സിനിമ ക്യാമ്പസില്‍ പ്രദര്‍ശിപ്പിച്ചതോ. ഇതിന്റെ പേരിലാണ് ഒരു എ.ബി.വി.പി നേതാവിനെ ആക്രമിച്ചു എന്ന കള്ളക്കേസുണ്ടാക്കി രോഹിത് വെമുലയെയും അഞ്ചു സുഹൃത്തുക്കളേയും പീഢിപ്പിച്ചത്. ഈ കേസ്സ് കെട്ടിച്ചമച്ചതാണെന്ന് അന്വേഷണ റിപ്പോര്‍ട്ട് ഉണ്ടായിട്ടും ദളിത് പ്രവര്‍ത്തകരെ രാജ്യദ്രോഹികളും ഭീകരരുമായി ചിത്രീകരിച്ച് പീഢിപ്പിക്കുവാന്‍ ഭരണകൂടം നേരിട്ട് ഇടപെടുകയായിരുന്നു. ആന്ധ്രയില്‍ നിന്നുള്ള എം.പിയും കേന്ദ്ര തൊഴില്‍ മന്ത്രിയുമായ ബണ്ഡാരു ദത്താത്രേയയാണ് മാനവവിഭവശേഷി വികസന മന്ത്രാലയത്തില്‍ തന്റെ നിര്‍ബന്ധം ചെലുത്തി രോഹിത്തിനേയും അഞ്ചു സഹവിദ്യാര്‍ത്ഥികളേയും പുറത്താക്കാന്‍ മുന്‍കൈ എടുത്തത്. സര്‍വ്വകലാശാല തങ്ങളുടെ ഭരണസംവിധാനം ഉപയോഗിച്ച് എടുത്ത നിലപാടുകള്‍ പോലും ഇവിടെ കാറ്റില്‍ പറത്തപ്പെട്ടു. ഫാസിസ്റ്റ് ഭരണകാലത്ത് സ്വയം ഭരണസ്ഥാപനങ്ങള്‍ എങ്ങനെ മര്‍ദ്ദന ഉപാധികള്‍ ആകുന്നു എന്നതിന്റെ തെളിവുകൂടിയാണ് കേന്ദ്രമന്ത്രിയുടെ ഈ ഇടപെടലുകള്‍. മൗലാനാ അബ്ദുള്‍ കലാം ആസാദ് ഇരുന്ന ഇന്ത്യന്‍ വിദ്യാഭ്യാസ മന്ത്രിയുടെ കസേരയില്‍ വര്‍ഗീയ ഭ്രാന്തന്മാരുടെ കയ്യിലെ കളിപ്പാവയായ, വിദ്യാവിഹീനയായ ഒരു വ്യക്തി ഇരുന്നാല്‍ എന്താണ് സംഭവിക്കുക എന്നതുകൂടി ഇതിലൂടെ വെളിവാക്കപ്പെടുന്നു.

കഴിഞ്ഞ ഏഴ് ആഴ്ച്ചയായി നടക്കുന്ന സമരം വെമുലയെ തളര്‍ത്തിയിട്ടുണ്ടാകണം. തുടര്‍ച്ചയായ ഫെല്ലോഷിപ്പ് നിഷേധം, ഹോസ്റ്റലില്‍ നിന്നുള്ള കുടിയിറക്കം, കേവലം തയ്യല്‍ തൊഴിലാളി മാത്രമായ അമ്മയെ സാമ്പത്തികമായി ആശ്രയിക്കാനാവാത്ത അവസ്ഥ, കടുത്ത ദാരിദ്ര്യം, സാമ്പത്തിക ബാധ്യത, പഠനം തുടരാനാകാത്ത അവസ്ഥ, എല്ലാം രോഹിത്തിന്റെ സ്വപ്നങ്ങളുടെ മേല്‍ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ടാകണം.

രോഹിത്തിന്റെ ആത്മഹത്യാ കുറിപ്പ് വര്‍ത്തമാനകാല സമൂഹത്തിന്റെ മദ്ധ്യവര്‍ഗ്ഗപരതയുടെ മേല്‍, പുറം പൂച്ച് മാത്രം കാണിക്കുന്ന കപട മതേതര ജാതിരഹിത ബോധത്തിന് മേല്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. കാള്‍ സാഗനെപ്പോലുള്ള ശാസ്ത്രകാരനാകാന്‍ കൊതിച്ച ദളിതന്റെ വര്‍ത്തമാനകാല സ്വപ്നങ്ങളുടെ നിറം ആരാണ് കെടുത്തിയത്? ചുറ്റുമുള്ളവര്‍ അരികിലുള്ളവരോട് കാണിക്കുന്ന സ്‌നേഹം ഉപകരണപരതയുടേതാണ് എന്ന തിരിച്ചറിവ് രോഹിത്തില്‍ എങ്ങനെ സൃഷ്ടിക്കപ്പെട്ടു? സാമ്പത്തിക താത്പര്യം മാത്രം പ്രധാനമായ വര്‍ത്തമാനകാല സാമൂഹ്യ പരിസ്ഥിതി എങ്ങനെ മനുഷ്യ ബന്ധങ്ങളുടെ അര്‍ത്ഥതലങ്ങളെ കേവലം നിസ്സംഗതയുടേതായി മാറ്റിത്തീര്‍ത്തു? ചുറ്റുപാടുകളില്‍ നിന്ന് നിരന്തരം ഒറ്റപ്പെടല്‍ നേരിടേണ്ടി വന്ന ഒരു ദളിതന്റെ നിസ്സഹായമായ ജീവിതാവസ്ഥയല്ലേ അവനില്‍ സ്വയം ജീവനെടുക്കാനുള്ള മാനസികാവസ്ഥ സൃഷ്ടിച്ചിട്ടുണ്ടാവുക? ദേശീയ തലത്തിലുള്ള അക്കാദമിക സ്ഥാപനങ്ങളില്‍ വര്‍ഗ്ഗീയ ശക്തികള്‍ എങ്ങനെ വേരുറച്ചു എന്ന ചോദ്യം രോഹിത്തിന്റെ മരണത്തിനിടയില്‍ കൂടുതല്‍ ആഴത്തില്‍ അന്വേഷിക്കേണ്ട ഒന്നായി അവശേഷിക്കുന്നു.

പീഢന പരമ്പരകള്‍ക്കൊടുവില്‍ പിടിച്ചുനില്‍ക്കാനാകാതെ സ്വന്തം ജീവന്‍ എടുക്കുമ്പോഴും തന്നെ നിരാശ്രയനാക്കി മാറ്റിയ വ്യവസ്ഥിതിയോടോ, ഫാസിസ്റ്റ് ബോധത്തോടോ അല്‍പ്പം പോലും വെറുപ്പ് പ്രകടിപ്പിക്കാതെയാണ് രോഹിത്ത് യാത്രയാകുന്നത്. തന്റെ ശത്രുവിനെപ്പോലും വെറുക്കാതിരിക്കാനുള്ള അനന്യമായ മാനവികതയുടെ ഈ സംസ്‌കാരം മഹത്തായ ആര്‍ഷ ഭാരത പാരമ്പര്യത്തിന്റെ ഈട് പിന്തുടരുന്നു എന്ന് അവകാശപ്പെടുന്ന സവര്‍ണ്ണ ഹൈന്ദവ മേലാളന്മാര്‍ക്ക് എന്തുകൊണ്ട് ഇല്ലാതെ പോയി?

മൃതദേഹത്തോടുള്ള ആദരവ് എന്നത് ഏതൊരാള്‍ക്കും ലഭിക്കേണ്ട അടിസ്ഥാനപരമായ മനുഷ്യാവകാശമാണ്. ഇത് നിഷേധിക്കുന്നതാകട്ടെ കാടത്തവും. മുന്‍പ് സദ്ദാം ഹുസൈന്റെ മൃതദേഹത്തോട് ആ കാടത്തം അമേരിക്ക കാണിച്ച അനുഭവം നാം കണ്ടിട്ടുണ്ട്. ദളിതരുടെ അതിജീവന പ്രശ്‌നങ്ങളെ പോരാട്ടമാക്കി മാറ്റിയ രോഹിത് വെമുലയുടെ മൃതദേഹത്തോട് ബണ്ഡാരു ദത്താത്രേയ ഉള്‍പ്പെട്ട ഭരണകൂടം കാണിച്ചതും ഇതേ കാടത്തം തന്നെയാണ്.

ആയിരങ്ങളുടെ ആവേശമായ മാറിയ രോഹിത് വെമുല എന്ന വിമോചനപ്പോരാളിയെ ആരുമറിയാതെ രഹസ്യമായി ഒരു ശ്മശാനത്തില്‍ കത്തിച്ചു കളയാന്‍ ഫാസിസ്റ്റ് ഭരണകൂടത്തെ പ്രേരിപ്പിച്ചത് എന്താണ്? ഒരു ദിവസം കൊണ്ട് ഇന്ത്യയിലാകെ കത്തിപ്പടര്‍ന്ന പ്രതിഷേധം മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തിയാല്‍ ഭൂരിഭാഗം ജനങ്ങളും തങ്ങള്‍ക്കെതിരെ തിരിയുമെന്ന ഭീരുവിന്റെ മനശാസ്ത്രം തന്നെയല്ലേ അവരെകൊണ്ട് അത് ചെയ്യിച്ചത്? ഹൈദരാബാദിന് പുറത്തുള്ള ഒക്കലില്‍ ഒരു ശ്മശാനത്തില്‍ മൃതദേഹം കത്തിക്കും എന്നു കരുതി കാത്തുനിന്ന രോഹിത്തിന്റെ സുഹൃത്തുക്കളേയും പ്രിയപ്പെട്ട അമ്മയേയും ബന്ധുക്കളേയും വിഢ്ഢികളാക്കി ആരുമറിയാതെ ആ യുവാവിന്റെ മൃതദേഹം എരിച്ചു കളയുകയായിരുന്നു പോലീസ് ചെയ്തത്. ഒരു മനുഷ്യന്റെ മരണാനന്തര ചടങ്ങുകള്‍ പോലും നടത്താനുള്ള അവകാശം രോഹിത് വെമുലയുടെ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഇന്ത്യന്‍ പീനല്‍ കോഡിലെ ഏത് നിയമ വ്യവസ്ഥ ഉപയോഗിച്ചാണ് പോലീസ് തട്ടിയെടുത്തത്? നരേന്ദ്ര മോദിക്കോ, ബണ്ഡാരു ദത്താത്രേയക്കോ, എന്തിന്, സംഘപരിവാറിന്റെ ഒരു പ്രാദേശിക നേതാവിനാണ് ഇത് സംഭവിച്ചിരുന്നതെങ്കില്‍ ഇന്ത്യയില്‍ എന്തെല്ലാം നടന്നേനെ എന്ന് മാത്രം ഓര്‍ക്കുക. ഈ മനുഷ്യാവകാശ ലംഘനത്തിനും പീഢനങ്ങള്‍ക്കും ആര്‍.എസ്.എസിന്റേയും അനുബന്ധ കിങ്കരസംഘടനകളുടേയും ഫാസിസം മാത്രമാണ് ഉത്തരവാദി. ഇന്ത്യന്‍ മനസ്സാക്ഷിക്ക് മുന്‍പില്‍ അവര്‍ മറുപടി പറഞ്ഞേ പറ്റൂ.

ഓരോ പ്രസംഗത്തിലും തന്റെ ചായക്കടക്കാരന്റെ ജീവിത പശ്ചാത്തലം അതിഭാവുകത്വത്തോടെ വര്‍ണ്ണിക്കുന്ന, തന്റെ പിന്നോക്കജാതി ജന്മത്തില്‍ അഭിമാനം കൊള്ളുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ഈ മനുഷ്യാവകാശലംഘനം അരങ്ങേറുമ്പോള്‍ എവിടെയായിരുന്നു? സവര്‍ണ്ണ ഹിന്ദുത്വത്തെ ഇന്ത്യയില്‍ സ്ഥാപിച്ചെടുക്കാന്‍ അശ്രാന്ത പരിശ്രമം നടത്തുന്ന ആര്‍.എസ്.എസ് അജണ്ടക്ക് അര്‍ത്ഥഗര്‍ഭമായ മൗനത്തിലൂടെ ആശിര്‍വാദങ്ങള്‍ ചൊരിയുകയല്ലേ മോദി ചെയ്തത്. അതുകൊണ്ടല്ലേ ദളിത് കുട്ടികളെ ചുട്ടുകൊല്ലുമ്പോഴും ദളിത് സ്ത്രീകള്‍ തെരുവില്‍ വേട്ടയാടുമ്പോഴും നിശബ്ദനായിരിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കഴിയുന്നത്. ഇപ്പോള്‍ നരേന്ദ്ര മോദിയുടെ ചിത്രം ഞങ്ങളെ ഓര്‍മ്മിപ്പിക്കുന്നത് പുത്ര വാത്സല്യത്താല്‍ അന്ധനായ ധൃതരാഷ്ട്രരുടെ കൗശലം നിറഞ്ഞ നിസ്സംഗ മുഖത്തേയാണ്.

രോഹിത്തിന്റെ വേര്‍പാട് ഒരു യാഥാര്‍ത്ഥ്യത്തെകൂടി തുറന്നു കാട്ടുന്നു. ഹിന്ദുത്വം എന്നത് ചാതുര്‍വര്‍ണ്യത്തിനകത്തുള്ളവര്‍ക്ക് മാത്രമായി രൂപപ്പെടുത്തിയതാണ്. അതിന് പുറത്തുള്ള ദളിതനും, പിന്നോക്കക്കാരനും അവരുടെ കണക്കില്‍ മനുഷ്യര്‍ പോലുമല്ല. തങ്ങളുടെ ഇംഗിതങ്ങള്‍ നിര്‍വ്വഹിക്കാന്‍ ബാധ്യതപ്പെട്ട അടിമകള്‍ മാത്രമാണ്. നമ്പൂതിരി മുതല്‍ നായാടി വരെ എന്ന വിശാലമായ മുദ്രാവാക്യത്തിന് പിന്നിലെ കെണിയില്‍ അകപ്പെട്ടു പോയ കേരളത്തിലെ ദളിത് സംഘടനകളും നേതാക്കളും ഇനിയെങ്കിലും ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയണം. 

(പാലക്കാട് ഐ.ആര്‍.ടി.സിയിലെ സാമൂഹ്യശാസ്ത്ര വിഭാഗം ഫാക്കല്‍റ്റിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍