UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എത്രകാലം നമുക്കിങ്ങനെ സേഫ് സോണിൽ ജീവിക്കാനാവും?

Avatar

അനുപമ.വി

ആകാശത്തിലേക്ക് ഉയർന്ന്  പോവുന്ന ചുവന്ന നിറത്തിലുള്ള ബലൂണുകൾ കണ്ടപ്പോള്‍ കുട്ടി രക്ഷിതാവിനോട്  ചോദിച്ചു “നീല നിറത്തിലുള്ള ബലൂണുകൾ ഇതുപോലെ പറക്കുമോ?’   അതിനുത്തരമായി രക്ഷിതാവ് പറഞ്ഞു “കുഞ്ഞേ, ബലൂണിന്റെ നിറമല്ല, അതിനുള്ളിലെ വാതകമാണ് അതിനെ ഉയരത്തിലെത്തിക്കുന്നത്”. പണ്ടെവിടെയോ വായിച്ച  ഈ കഥ ഇപ്പോൾ ഒന്ന് കൂടെ വിശകലനം ചെയ്യേണ്ടിവന്നിരിക്കുന്നു. ഏകലവ്യനിൽ  നിന്ന് രോഹിത് വെമുലയിലേക്കുള്ള ദൂരത്തിനിടയിൽ, ഉയർന്നു പറക്കേണ്ടിയിരുന്ന എത്ര ബലൂണുകളാണ് വർണത്തിന്റെ പേരിൽ ഇല്ലാതാക്കപ്പെട്ടത്?

പ്രശ്നങ്ങൾ പ്രശ്നങ്ങളായി അഭിമുഖീകരിക്കപ്പെടാത്ത, സമരം ചെയ്യാന്‍ നമ്മെ അപ്രാപ്തരാക്കുന്ന, അധീശപ്രത്യയ ശാസ്ത്രങ്ങൾക്ക്, പ്രതിരോധത്തിനുള്ള അവസരം പോലുമില്ലാതെ വഴങ്ങിക്കൊടുക്കേണ്ടി വരുന്ന ഒരു വ്യവസ്ഥിതിയിൽ, ആരോ തന്റെ ഫേസ്ബുക്ക്  വാളിൽ കുറിച്ചിട്ടതു പോലെ “ജീവിച്ചിരിക്കാനുള്ള ധൈര്യം ഒരു പ്രിവിലേജ് ആവുന്ന കാലത്ത് മരണം ഒരു രാഷ്ട്രീയ പ്രസ്താവനയാണ്!” ഹൈദരബാദ് യൂണിവേഴ്സിറ്റിയിലും EFLU വിലും (വലുതും ചെറുതുമായ ഓരോ ഇടങ്ങളിലും ) അനീതികളും  പ്രതിഷേധങ്ങളും ഉണ്ടാകുമ്പോൾ നമ്മളെ അതൊന്നും അലട്ടുന്നില്ലെങ്കിൽ, രോഹിതിനെ ഓർക്കുമ്പോൾ അസ്വസ്ഥരാകുന്നില്ലെങ്കിൽ, അവനു വേണ്ടി സമരം ചെയ്യേണ്ടത് എന്റെ കൂടി ചെറുത്തു  നില്‍പ്പാണെന്ന് തിരിച്ചറിയാനാകുന്നില്ലെങ്കിൽ അത് ഈ വ്യവസ്ഥിതി ഇല്ലായ്മ ചെയ്യുന്നതെന്തൊക്കെയാണെന്ന് മനസിലാക്കാനുള്ള ഒരു അളവുകോൽ കൂടിയാണ്.

എത്ര കാലം നമുക്കിങ്ങനെ safe zone ൽ അടങ്ങിയൊതുങ്ങി ജീവിക്കാനാവും? ഇതൊന്നും എന്നെ ബാധിക്കുന്നതല്ല എന്ന ചിന്തയോടെ ചുറ്റും നടക്കുന്നതൊക്കെയും കാണാതെ കേൾക്കാതെ മുമ്പോട്ട് പോകാനാവും? എവിടെയാണ് ജാതി ഇല്ലാത്തത്? പല രീതിയിൽ പല തലങ്ങളിൽ ഓരോ നിമിഷവും നമ്മൾ ജാതി കൈകാര്യം ചെയ്യുന്നുണ്ട്. ഭാഷയിലൂടെയും അല്ലാതെയും. നമ്മുടെ ക്ലാസ്സ് റൂമുകളും കോളേജ് മുഖ്യധാരയുമൊന്നും ഈ കാര്യത്തിൽ ഒട്ടും വ്യത്യസ്തമല്ല. ഞാൻ  പഠിക്കുന്ന പയ്യന്നൂർ കോളേജിൽ ആകെയുള്ള 69 അദ്ധ്യാപകരിൽ ഒരാൾ മാത്രമാണ് ദളിത് വിഭാഗത്തിൽ നിന്നുള്ളത്. ഒരാൾ മാത്രമാണ് മുസ്ലിം വിഭാഗത്തിൽ നിന്നുള്ളത്. അനധ്യാപക ജീവനക്കാരിൽ ഒരാൾ പോലുമില്ല ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന്. PG  കോഴ്സുകളിൽ  ST വിഭാഗത്തിൽപ്പെട്ട ഒരു വിദ്യാർഥി പോലുമില്ല. ഇതൊക്കെ ഒഴിവാക്കപ്പെടുന്ന ആളുകളെക്കുറിച്ചാണെങ്കിൽ,  ഇത്തരം  എല്ലാ exclusive  structuresനും ഉള്ളിലേക്ക് എത്തിച്ചേരാൻ കഴിയുന്ന  ചെറിയ ശതമാനം വിദ്യർഥികളുടെയും അവസ്ഥ വ്യത്യസ്തമല്ല.  

നമ്മളിൽ പലരും സെക്കുലർ എന്ന് കരുതുന്ന ഇടങ്ങളിൽ പോലും  (വിവേചനങ്ങൾക്കെതിരെ നിരന്തരം സംസാരിക്കുന്ന ഇടങ്ങളിൽ പോലും) കാര്യങ്ങൾ ഒട്ടും സുഖകരമല്ല എന്നതിന് നിരവധി ഉദാഹരണങ്ങൾ ഉണ്ടെങ്കിലും നമ്മൾ കാണാതെ , കാണാൻ തല്പര്യപ്പെടാതെ പോകുകയാണ് മിക്കതും. റിസർവേഷനിൽ  വരുന്ന കുട്ടികളോടുള്ള ദളിത് ഇതര വിഭാഗങ്ങളുടെ (പ്രത്യേകിച്ച് സവർണ ) മനോഭാവത്തിനു എന്ത് മാറ്റമാണുണ്ടായിട്ടുള്ളത്? കഴിഞ്ഞ വര്‍ഷം കോളേജ് ഹോസ്റ്റലിൽ നടന്ന ജാതി പ്രശ്നo ഒടുവിൽ ഒരു പരാതി പോലും അവശേഷിപ്പിക്കാത്ത വിധത്തിൽ ‘ഒത്തു തീര്‍പ്പാക്കപ്പെട്ടു’ എന്നറിയുമ്പോൾ ഇങ്ങനെ നാം അറിഞ്ഞും, അറിയാതെയും മുക്കിക്കളയുന്ന അനേകായിരം പരാതികൾക്ക് മുകളിലിരുന്നാണ് നാം സെക്കുലറിസത്തെക്കുറിച്ച് വാചാലരാവുന്നത് എന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഇത്  ഒരു സ്ഥാപനത്തിന്റെ മാത്രം തകരാറായി കാണാനാവില്ല. നിലവിലുള്ള വ്യവസ്ഥിതിയുടെ ഭാഗമായി നിലനില്ക്കുന്ന എല്ലാ സാമൂഹ്യ സ്ഥാപനങ്ങളിലും (social institutions) സ്ഥിതി വ്യത്യസ്തമല്ല . പ്രത്യേകിച്ചും Aided, un-aided മേഖലകളിൽ. ജാതിയിൽ, പഠന കാര്യങ്ങളിൽ, നിറത്തിൽ, ഭക്ഷണത്തിൽ എല്ലാം exclusive ആയ ചുറ്റുപാടിൽ നമുക്കെങ്ങനെ ഒരാളെ ‘മനുഷ്യൻ’ എന്ന കേവല ‘ideal human  being’ conceptലേക്ക് ചുരുക്കാനാവും? ജാതി വെറുമൊരു കോളത്തിൽ ഒതുങ്ങാതെ പ്രണയമുൾപ്പെടെയുള്ള  ബന്ധങ്ങളെപ്പോലും സ്വാധീനിക്കുമ്പോൾ, വെളുപ്പിന്റെയും പണക്കൊഴുപ്പിന്റെയും  സവർണാധിപത്യത്തിന്റെയും ആഘോഷങ്ങളായി ഓരോ  കലാലയ മുഖ്യധാരയും  മാറുമ്പോൾ, നീതിയെന്നത് അധികാരമുള്ളവരുടെ മാത്രം അവകാശമായി മാറ്റപ്പെടുമ്പോൾ ഇടങ്ങളില്ലാതായി പോവുന്നവരെക്കുറിച്ച്  പലപ്പോഴും നാം സൗകര്യപൂര്‍വം മറക്കുന്നു.

രോഹിത് ഒരു സൂചകമാണ്. കാലത്തെ നിർണയിക്കാൻ കെൽപ്പുള്ള സൂചകം. അധികാരത്തെ ചോദ്യം ചെയ്യുന്ന, നിലനില്പ്പിനു വേണ്ടി സമരം ചെയ്യുന്ന, സവർണ അസ്ഥിത്വത്തെ പൊളിക്കാൻ ശക്തിയുള്ള ഓരോ വ്യക്തിയും ഇത്തരത്തിൽ ഇല്ലാതാക്കപ്പെടുമ്പോൾ നിസംഗതയോടെ നോക്കി നില്ക്കാനാവില്ല ഇനിയും. വൈവിധ്യങ്ങളെ ഇല്ലാതാക്കുന്ന, ഭരണവര്‍ഗ്ഗ താൽപര്യങ്ങൾക്കനുസരിച്ചു മാത്രം പ്രവർത്തിക്കുന്ന ഏകതാനമായ തലച്ചോറുകളെ നിർമ്മിക്കുന്ന വെറും കച്ചവട സ്ഥാപനങ്ങളായി കലാലയങ്ങൾ മാറുമ്പോൾ സാമ്പ്രദായിക സവർണാധിപത്യ മൂല്യങ്ങൾക്ക് കീഴ്പ്പെടാതെ കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾക്കായി ശബ്ദമുയർത്തുക തന്നെ വേണം.

(പയ്യന്നൂർ കോളേജില്‍   മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍