UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രോഹിത്; നീയും ഞാനുമാണ് ശരി, അവരല്ല- കെ.കെ ഷാഹിന എഴുതുന്നു

Avatar

കെ കെ ഷാഹിന

2010 സെപ്തംബര്‍ ; ഹൈദരാബാദിൽ നിന്നും ഏതാണ്ട് 60 കിലോമീറ്റർ സഞ്ചരിച്ചാണ് രംഗറെഡ്ഡി ജില്ലയിലെ ചിന്തുള എന്ന ഗ്രാമത്തിലെത്തിയത്. ഹൈദാരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പി എച്ച് ഡി സ്കോളർ ആയിരുന്ന ആർ. ബലരാജ് എന്ന യുവാവിന്റെ വീടന്വേഷിച്ചായിരുന്നു ആ യാത്ര. തെലുഗു ഭാഷാ സാഹിത്യത്തിലായിരുന്നു ബൽരാജിന്റെ ഗവേഷണം. പി എച്ച് ഡിക്ക് ചേര്‍ന്ന് രണ്ടാം വർഷം ബൽരാജ് തൂങ്ങി മരിച്ചു. ബൽരാജിന്റെ  സമുദായത്തിൽ നിന്നും, നാട്ടിൽനിന്നും തന്നെ, ആദ്യത്തെ പി എച്ച് ഡിക്കാരനാവേണ്ടതായിരുന്നു അയാൾ. ചെങ്കല്ല് കൊണ്ട് കെട്ടിയ രണ്ടു മുറികൾ മാത്രമുള്ള ആ ചെറിയ വീട്ടിൽ ബൽരാജിന്റെ അച്ഛനും അമ്മയും രണ്ടു സഹോദരിമാരും സഹോദരനും. വീട്ടിലെ ഏക സാക്ഷരനായിരുന്നു ബൽരാജ്. ബാക്കിയെല്ലാവരും ജാതിത്തൊഴിലായിരുന്നു ചെയ്തിരുന്നത്; കന്നുകാലികളെ മേക്കൽ.

ബൽരാജിന്റെ അമ്മ യാദമ്മയുടെ കണ്ണീരിൽ ചിലമ്പിപ്പോയ ശബ്ദം ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നുണ്ട്. മകന്റെ സർട്ടിഫിക്കറ്റുകൾ ഓരോന്നായെടുത്ത് അവർ എന്നെ കാണിച്ചു. സ്കൂള്‍തലം മുതലുള്ള മാർക്ക് ലിസ്റ്റുകൾ. ഡിസ്റ്റിംഗ്ഷനിലും ഉയർന്ന മാർക്ക് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ; പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ.

രോഹിത് വെമുല, കാൾ സാഗനെ പ്പോലെ എഴുതാനായിരുന്നു ആഗ്രഹിച്ചത്‌. ഭാഷാസാഹിത്യത്തിൽ ഗവേഷകനായിരുന്ന ബൽരാജ് എന്തായിരിക്കാം ആഗ്രഹിച്ചിരുന്നത്? അയാളുടെ സ്വപ്‌നങ്ങൾ രേഖപ്പെടുത്തപ്പെട്ടത് പോലും ഇല്ല. നാട്ടിൽ വീടിനടുത്തുള്ള ഒരു മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു ബൽരാജ് . ആത്മഹത്യാക്കുറിപ്പ്‌ ഉണ്ടായിരുന്നോ എന്നറിയില്ല. പി എച്ച് ഡിയുടെ ആദ്യ വർഷം മുതൽ തന്നെ ബൽരാജ് വളരെ നിരാശനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത്‌ വിനോദ് കുമാർ പറഞ്ഞു.

ഒന്നാം വർഷം ബൽരാജിന് സൂപ്പർ വൈസറെ കൊടുത്തിരുന്നില്ല. ഒരു പ്രൊഫസർ ജാതി പറഞ്ഞ് അധിക്ഷേപിക്കുമായിരുന്നു. ഒരു ദിവസം വളരെ നിരാശനായാണ് ഹോസ്റ്റലിൽ നിന്നും വീട്ടിലെത്തിയത്. കന്നുകാലികളെ മേക്കാൻ പൊയ്ക്കൂടെയെന്നു ആ പ്രൊഫസ്സർ ചോദിച്ചതായി അന്ന് ബൽരാജ് വിനോദിനോട് പറഞ്ഞിരുന്നു.

ചിന്തുള പോലീസ് സ്റ്റേഷനിൽ കയറി വിവരങ്ങൾ അന്വേഷിച്ചു. പോലീസ് റെക്കോർഡുകൾ തപ്പിയപ്പോൾ, പ്രേരണാക്കുറ്റത്തിന് ആ പ്രൊഫസ്സറുടെ പേരിൽ ഒരു എഫ് ഐ ആർ ഇട്ടതായി കണ്ടു. പക്ഷെ ‘തെളിവ് ഒന്നും ഇല്ലാ’ത്തതു കൊണ്ട് കേസ് മുന്നോട്ടുപോയില്ലെന്നും ആ ഫയൽ ക്ലോസ് ചെയ്തെന്നും സ്റ്റേഷൻ ഹൌസ് ഓഫീസർ എന്നോട് പറഞ്ഞു. അയാളോട് കൂടുതൽ എന്തെങ്കിലും ചോദിക്കുന്നത് നിരർത്ഥകമാണെന്ന് അറിയാവുന്നതുകൊണ്ട് അവിടുന്നിറങ്ങി. 


അമരാവതി 

ദേശീയ ബോക്സിംഗ് ചാമ്പ്യനായിരുന്ന അമരാവതി എന്ന ദളിത്‌ യുവതി സ്പോട്സ് അക്കാദമിയിലെ ഹോസ്റ്റൽ മുറിയിൽ വിഷം കഴിച്ചു മരിച്ചു. ഹൈദാരാബാദിലെ ഇടുങ്ങിയ ഒരു ഗലിയിലെ ഒരു ഒറ്റമുറി വീട്ടിൽ അമരാവതിയുടെ അമ്മ ലക്ഷ്മിയെ കണ്ടു. അവർ വീട്ടുപണി ചെയ്താണ് മകളെ പഠിപ്പിച്ചത്. ഞാൻ വന്നതറിഞ്ഞ് പണി ചെയ്യുന്ന വീട്ടിൽ നിന്നും മുഷിഞ്ഞ വേഷത്തിൽ ആ അമ്മ വന്നു. മകളെ അക്കാദമിയിൽ ചേർക്കേണ്ടിയിരുന്നില്ലെന്ന് അവർ കണ്ണീരോടെ പശ്ചാത്തപിച്ചു. ജാതീയമായി അവൾ വലിയ അവഹേളനങ്ങൾ നേരിട്ടിരുന്നു. കോച്ചിന് അമരാവതിയോടു വെറുപ്പായിരുന്നു. അവളെ അയാൾ പലപ്പോഴും തഴയുകയും അപമാനിക്കുകയും ചെയ്തു. ദേശീയ, അന്തർദേശീയ മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിനിടെയാണ് അമരാവതി ജീവനൊടുക്കിയത്.

വീടിന്റെ ഒരു മൂലയിൽ, ഒരു മരബെഞ്ചിൽ അമരാവതിയുടെ സർട്ടിഫിക്കറ്റുകളും മെഡലുകളും. അമരാവതി റിങ്ങിൽ നിൽക്കുന്ന ഒരു വലിയ ഫോട്ടോ. ബോക്സിംഗ് റിങ്ങിലെ മിന്നുന്ന കരുത്ത് അവളെ തുണച്ചില്ല. ജാതിവെറിയുടെ തീച്ചൂളയെ അതിജീവിക്കാൻ ആ കൈക്കരുത്ത് പോരായിരുന്നു. വിജയവും പരാജയവും കളിനിയമം തന്നെ. വിജയങ്ങൾ ഏറെ ഉണ്ടായിരുന്നു അമരാവതിയുടെ അക്കൌണ്ടിൽ. പക്ഷെ അവൾ ഏറ്റുവാങ്ങിയ ഓരോ പരാജയവും ജാതിയുടെ അക്കൌണ്ടിലാണ് ചേർക്കപ്പെട്ടത്. ഓരോ പരാജയത്തിലും അവൾ ജാതിയുടെ പേരിൽ അപമാനിക്കപ്പെട്ടു.

അമരാവതിയുടെ മരണം സംബന്ധിച്ച് നാഷണൽ ദളിത്‌ ഫോറം നടത്തിയ വസ്തുതാന്വേഷണത്തിൽ ഇക്കാര്യം കണ്ടെത്തിയിരുന്നു. അമരാവതിയുടെ അമ്മയുടെ കണ്ണീരുണങ്ങിയ മുഖം. മകളെ ഓർത്തുള്ള ഒടുങ്ങാത്ത കുറ്റബോധം. അർഹിക്കാത്തതാണോ എന്റെ മകൾ ആഗ്രഹിച്ചത് എന്ന ചോദ്യം….

പത്രപ്രവർത്തനത്തിന്റെ ഭാഗമായി അനുഭവിക്കുന്ന ഒരായിരം മുറിവുകളുടെ കൂട്ടത്തിൽ ഉണങ്ങാതെ കിടക്കുന്നു അതിപ്പോഴും.

ഹൈദാരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഫിസിക്സിൽ പി എച്ച് ഡി സ്കോളറായിരുന്ന സെന്തിൽ കുമാർ 2008 ഫെബ്രുവരിയിൽ  തൂങ്ങി മരിച്ചു. സേലം സ്വദേശിയായിരുന്ന സെന്തിലും ബൽരാജിനെ പോലെ, സമുദായത്തിൽ നിന്നും ഉന്നതവിദ്യാഭ്യാസം നേടിയ ആദ്യത്തെയാളായിരുന്നു. പന്നി വളർത്തലായിരുന്നു ജാതിത്തൊഴിൽ. ഒരു വർഷം  കഴിഞ്ഞിട്ടും സെന്തിലിനു സൂപ്പര്‍വൈസറെ കൊടുത്തിരുന്നില്ല. കോഴ്സ് വർക്കിന്റെ ഭാഗമായുള്ള നാല് പേപ്പറുകളിൽ ഒന്ന് കിട്ടാനുണ്ടായിരുന്നു. അതിന്റെ പേരിൽ സെന്തിലിനു ഫെലോഷിപ്പ് നിഷേധിക്കപ്പെട്ടു. അക്കാര്യം നോട്ടീസ് ബോര്‍ഡില്‍ പ്രദർശിപ്പിക്കുകയും ചെയ്തു. ഫെലോഷിപ്പ് കിട്ടാതായപ്പോൾ സെന്തിൽ കടുത്ത സാമ്പത്തിക പരാധീനത അനുഭവിച്ചിരുന്നു. കോഴ്സ് വർക്കിൽ പരാജയപ്പെട്ടതുകൊണ്ട് ഫെലോഷിപ്പ് കൊടുക്കാൻ കഴിയില്ലെന്ന് പരസ്യമായി നോട്ടീസ് ബോർഡിൽ പ്രദര്‍ശിപ്പിച്ചത് അയാൾക്ക് കടുത്ത മനോവിഷമം ഉണ്ടാക്കിയെന്ന് സെന്തിലിന്റെ സുഹൃത്തുക്കൾ പറഞ്ഞു.


സെന്തില്‍

ജാതി വിവേചനമാണ് സെന്തിലിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് അന്ന് വൈസ് ചാന്‍സലറായിരുന്ന പ്രൊഫ. സയ്യിദ് ഇ ഹസ്നൈൻ സമ്മതിക്കാൻ തയ്യാറായിരുന്നില്ല. അങ്ങനെ ഒരു നിഗമനത്തിലെത്താൻ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. മാത്രമല്ല ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ദളിതർക്ക് ധാരാളം അവസരങ്ങൾ ഉണ്ടെന്നും അമ്പതു ശതമാനത്തോളം ദളിത്‌ വിദ്യാർഥികളാണെന്നും വൈസ് ചാൻസലർ എന്നെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. വി സിയെ തർക്കിച്ചു തോൽപ്പിക്കൽ എന്റെ ജോലിയല്ലാത്തതിനാലും അതിന് എനിക്ക് ശേഷി ഇല്ലാത്തതിനാലും അദ്ദേഹത്തിന് പറയാനുള്ളത് കേൾക്കുക മാത്രം ചെയ്തു. ജാതി വിവേചനത്തിനു തെളിവ് ചോദിക്കുന്നവരോട് സംവദിക്കൽ എളുപ്പമല്ല. അത് അനുഭവിച്ചറിയേണ്ടതാണ്. അറിഞ്ഞാലും അറിയില്ലെന്ന് ഭാവിക്കുന്നവരോട് ഒട്ടും സംവാദം സാധ്യമല്ല. 

സോമാജിഗുഡയിലെ വില്ലാ മേരി കോളേജിലെ അവസാന വർഷ ബികോം വിദ്യാർഥിയായിരുന്ന അനുഷ കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. 2009 നവംബറിൽ ‘കോളേജ് ഓഫ് റോയൽ ഗേൾസ്‌’ എന്നാണത്രേ ആ കോളേജ് അറിയപ്പെടുന്നത് തന്നെ. അനുഷയെ പോലെ ഒരു ദളിത്‌ പെൺകുട്ടി അവിടെ എത്തിപ്പെട്ടത് മറ്റൊരു ‘ഫേറ്റൽ ആക്സിഡന്റ്’ ആയിരുന്നു. അനുഷക്ക് അവിടെ കൂട്ടുകാരുണ്ടായിരുന്നില്ല. ക്ലാസ്സിൽ ഒരു ബെഞ്ചിൽ ഒറ്റക്കായിരുന്നു അവൾ ഇരുന്നത്. ‘റോയൽ ഗേൾസ്‌ ‘ ആരും അനുഷയുടെ കൂടെ ഇരിക്കാൻ തയ്യാറായിരുന്നില്ല. അധ്യാപകരാരും അത് ചോദ്യം ചെയ്തതുമില്ല. കടുത്ത അവഗണനയുടെ അവസാനം അനുഷ തന്നെ പരിഹാരം കണ്ടെത്തി. രോഹിത് വെമുല കുറിച്ചുവെച്ചത് പോലെ ഒരേയൊരു സ്വത്വത്തിലേക്ക്‌ ഒരു കടുക് മണിയോളം ചുരുക്കപ്പെട്ടവൾ. ഒരു വലിയ ബെഞ്ചിൽ ഒറ്റയ്ക്ക് അവൾ കടുത്ത ഏകാന്തത അനുഭവിച്ചിരിക്കണം. 

വിദ്യാർഥികൾക്ക് മാത്രമല്ല പറയാനുള്ളത്. ദളിതരായ അധ്യാപകർക്കുമുണ്ട്. ഹൈദാരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ അധ്യാപകനായിരുന്ന (അദ്ദേഹം ഇപ്പോഴും അവിടെ ഉണ്ടാകണം) ഡോ. കെ. വൈ രത്നം. ഹോസ്റ്റൽ വാർഡന്റെ ചുമതല വഹിച്ചിരുന്ന അദ്ദേഹത്തെ പെട്ടെന്നൊരു ദിവസം ആ പദവിയിൽ നിന്നും മാറ്റി ആ ജോലി മറ്റൊരധ്യാപകന് കൈമാറി. തീർച്ചയായും ഒരു സവർണൻ തന്നെ. പകരം പ്രൊഫ. രത്നത്തിന് നൽകിയത് സാനിറ്റേഷന്റെ ചുമതലയാണ്. “രാഷ്ട്രമീമാംസയോ സാമൂഹ്യ ശാസ്ത്രമോ പഠിച്ചത് കൊണ്ടുമാത്രം ഒരാൾക്ക് മനസ്സിലാവണമെന്നില്ല ഇതിലെ ജാതിപ്രസ്താവന”. അദ്ദേഹം അന്ന് പറഞ്ഞത് ഓർക്കുന്നു. എങ്ങനെയാണ് അത് വാദിച്ചും തർക്കിച്ചും ഒരാളെ ബോധ്യപ്പെടുത്താന്‍ കഴിയുക എന്നറിയില്ലെന്ന് ആ അധ്യാപകൻ അന്നെന്നോട് പറഞ്ഞു.

എഫ്ലുവിൽ (English and Foreign Languages University) ജർമൻ സ്റ്റഡീസിൽ എം എ വിദ്യാർഥിയായിരുന്ന, വാറങ്കലിൽ നിന്നുള്ള ഒരു ആദിവാസി പെൺകുട്ടി ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. അവളെ പക്ഷെ നാട്ടുകാർ രക്ഷപ്പെടുത്തി. 2010 ആഗസ്റ്റിലായിരുന്നു അത്. ഒന്നും രണ്ടും സെമസ്റ്റർ എല്ലാ പേപ്പറും പാസ്സായ ആ പെൺകുട്ടി മൂന്നാം സെമസ്റ്റർ ചില പേപ്പറുകള്‍ തോറ്റു. അതോടെ അവളുടെ സ്റ്റൈപ്പന്റ്  നിന്നു. അപമാനവും ഒറ്റപ്പെടലും താങ്ങാനാവാതെ സ്വയം റെയിൽവേ ട്രാക്കിൽ അവസാനിപ്പിക്കാൻ അവൾ ശ്രമിച്ചു.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്, ഉന്നത വിദ്യാഭ്യാസ രംഗത്തെ ദളിത്‌, ആദിവാസി കൊലകളെ കുറിച്ച് എഴുതാനായി അങ്ങനെയൊരു യാത്ര നടത്തിയത്. തെഹൽക്കയിൽ ജോലി ചെയ്യുന്ന കാലത്തായിരുന്നു അത്. ആന്ധ്രയിലെ പല ദളിത്‌ സംഘടനാപ്രവർത്തകരെയും ആക്ടിവിസ്റ്റുകളുടെയും കണ്ടു. അവർ നടത്തിയിട്ടുള്ള പഠനങ്ങൾ, കടന്നു പോയ മുറിവുകൾ, തെളിവില്ലാത്തതിനാൽ, നിസ്സഹായതയോടെ വിട്ടു കളയേണ്ടി വന്ന കേസുകൾ.

ഇത്രയും വിശദാംശങ്ങളോടെ ഫയൽ ചെയ്യപ്പെട്ട ആ സ്റ്റോറി പക്ഷേ പ്രസിദ്ധീകരിക്കപ്പെട്ടില്ല. തരുൺ തേജ്പാൽ നയിച്ച തെഹൽകയുടെ അപ്രമാദിത്വം അവസാനിച്ചതുകൊണ്ടും നീതിയുടെ പതാകവാഹകരായി വിലയിരുത്തപ്പെട്ടവർ പിന്നീട് അനീതിയുടെയും അധികാര ദുർവിനിയോഗത്തിന്റെയും ഏജന്റുമാരായി മാറിയതുകൊണ്ടും ഇനി ഇതൊക്കെ പറയാം എന്ന് തോന്നുന്നു. മുൻപായിരുന്നെങ്കിൽ ഒരുപക്ഷെ ആരും വിശ്വസിക്കുമായിരുന്നില്ലല്ലോ. എന്റെ റിപ്പോർട്ടിംഗ് അതോറിട്ടി ആയിരുന്ന എഡിറ്റർ ഈ സ്റ്റോറി ഒറ്റ വായനയിൽ തള്ളിക്കളഞ്ഞു. ജാതി വിവേചനം കൊണ്ടാണ് ഈ ആത്മഹത്യകൾ എല്ലാം നടന്നത് എന്നതിന് തെളിവില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അദ്ദേഹം ബ്രാഹ്മണനായിരുന്നു. പിന്നീട് തെഹൽക വിട്ട അദ്ദേഹം ഫസ്റ്റ് പോസ്റ്റിന്റെ എഡിറ്റർ ആയിരുന്നു. ഇപ്പോൾ എവിടെയാണെന്നറിയില്ല.

ജാതിവെറി എന്നത് ഒരു അനുഭവമാണെന്നും അതിനു ഫയലിൽ എഴുതി ചേർക്കപ്പെട്ട തെളിവുകള്‍ ഉണ്ടാകണമെന്നില്ലെന്നും വാദിച്ചു നോക്കി. പക്ഷേ അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ എനിക്ക് കഴിഞ്ഞില്ല . മക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാരുടെ തോരാത്ത കണ്ണീര് ഇന്നത്തെക്കാലത്ത് ആരും ഒരു തെളിവായി എടുക്കാറില്ല; അതെനിക്കുമറിയാം. ചിന്തുള പോലീസ് സ്റ്റേഷനിലെ ഫയൽക്കൂമ്പാരത്തിൽ  നിന്നും വീണ്ടെടുത്ത എഫ് ഐ ആർ, (അത് കൊണ്ട് ആർക്കും ഒരു പ്രയോജനമോ ഉപദ്രവമോ ഉണ്ടാവില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാവണം ആ ഫയൽക്കെട്ട് അവർ എന്റെ മുന്നിലേക്ക്‌ നീക്കി വെച്ച് തന്നത്) അനുഷയുടെയും അമരാവതിയുടെയും മരണത്തെക്കുറിച്ച് നാഷണൽ ദളിത്‌ ഫോറം നടത്തിയ വസ്തുതാന്വേഷണങ്ങൾ, ഹൈദരാബാദിലെ ദളിത്‌ ആക്ടിവിസ്റ്റുകളുടെ അനുഭവങ്ങൾ, അംബേദ്‌കർ സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രവർത്തകരുടെ മൊഴികൾ, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെയും എഫ്ലുവിലെയും ഒസ്മാനിയ യൂണിവേഴ്സിറ്റിയിലെയും ഒക്കെ അധ്യാപകരുടെ അനുഭവങ്ങൾ ഒന്നുമൊന്നും അദ്ദേഹം തെളിവായി സ്വീകരിച്ചില്ല.

ഡോക്ടർ രത്നം പറഞ്ഞത് പോലെ ഈ മുറിവുകൾ എങ്ങനെയാണ് ഒരാൾക്ക് കാട്ടിക്കൊടുക്കേണ്ടത്?  രോഹിതിന്റെ രക്തസാക്ഷിത്വത്തിലൂടെയെങ്കിലും അദ്ദേഹത്തിന് അത് ബോധ്യപ്പെട്ടിട്ടുണ്ടാകുമോ? കർഷക ആത്മഹത്യകൾ തുടർക്കഥയായിരുന്ന ഒരു കാലത്ത് ഡൽഹിയിലെ സീനിയറായ ഒരു പത്രപ്രവർത്തകൻ നിരാശയോടെ പറഞ്ഞതോര്‍ക്കുന്നു. ‘പരുത്തികൃഷി നഷ്ടത്തിലായാൽ എന്തിന് ആത്മഹത്യ ചെയ്യണം, പകരം കോളിഫ്ലവർ കൃഷി ചെയ്തു കൂടെ’ എന്ന് ചോദിക്കുന്നവരുടെ കൂടെയാണ് ജോലി ചെയ്യുന്നത്.

പ്രിയ രോഹിത്, സെന്തിലും ബൽരാജും അനുഷയും അമരാവതിയുമൊക്കെ എന്തിന് ആത്മഹത്യ ചെയ്തുവെന്ന് പേർത്തും പേർത്തും ആലോചിച്ചിട്ടും മനസ്സിലാവാത്തവർക്ക് ഒരുപക്ഷേ കുറച്ചെങ്കിലും അതിപ്പോൾ മനസ്സിലാവുന്നുണ്ടാവണം. നിന്റെ രക്തസാക്ഷിത്വം കൊണ്ടാണ്, അതുകൊണ്ട് മാത്രമാണ് അവർക്ക് അത് മനസ്സിലാവുന്നത്. ജീവിതത്തേയും മരണത്തെയും അനശ്വരമാക്കിക്കൊണ്ട് നീ എഴുതിയ ആ കവിതയുണ്ടല്ലോ, അത് അവരെയൊക്കെ പേടിപ്പിച്ചിട്ടുണ്ടാകും, തീർച്ച. ഒരുതരത്തിൽ ഞാൻ നിന്നോട് കടപ്പെട്ടിരിക്കുന്നു. പരാജയപ്പെട്ടുപോയ ഒരു പത്രപ്രവർത്തക എന്ന നിലയിൽ. നിന്റെ രാഷ്ട്രീയ നിലപാടുകൾ, സമരമുഖങ്ങളിൽ നീ ബാക്കി വെച്ച് കടന്നു പോയ അടയാളങ്ങൾ, വൈസ് ചാൻസലർക്ക് എഴുതിയ ഗർജനം പോലെയുള്ള ആ കത്ത്, പിന്നെ ആ അവസാനത്തെ കവിതയും – അതൊക്കെ തെളിവുകളാണല്ലോ. എന്നെപ്പോലെ തോറ്റുപോകുന്നവർക്ക് സൂക്ഷിച്ചു വെക്കാനുള്ള തെളിവുകള്‍. സെന്തിലും അമരാവതിയും ബൽരാജുമൊക്കെ ജാതിതീയിൽ വെന്തു തീർന്നതാണ് എന്നതിന് തെളിവെന്ത് എന്ന് ചോദിച്ചവർക്ക് കൊടുക്കാൻ എന്റെ കയ്യിൽ ഒന്നുമില്ലായിരുന്നു. ഇപ്പോൾ ഇതാ നിന്റെ മരണത്തിലൂടെ, അവരെക്കൂടി നീ അടയാളപ്പെടുത്തിയിരിക്കുന്നു. 

മലയാളം ജേർണലിസത്തിൽ നിന്നും ബ്രാഹ്മണാധിപത്യം കൊടികുത്തി വാഴുന്ന ഇംഗ്ലീഷ് മാധ്യമരംഗത്തേക്കുള്ള ചുവടുവെപ്പ് വലിയ ക്ലേശമായിരുന്നു. സർക്കാർ സ്കൂളിൽ മലയാളം മീഡിയത്തിൽ പഠിച്ച, ഇന്ത്യയിലെ ഒരു ചെറിയ ടൌണിൽ നിന്നും വരുന്ന ഒരാൾക്ക് ഒരു മെട്രോ നഗരത്തിൽ അതിജീവിക്കാൻ ഭാഷ മാത്രം പോരായിരുന്നു. മറ്റാർക്കും അത് മനസ്സിലായില്ലെങ്കിലും നിനക്കതു മനസ്സിലാവും, എനിക്കുറപ്പുണ്ട്. ‘ഭാഷയിലും ശരീരഭാഷയിലും ബ്രാഹ്മണിസം പ്രസരിപ്പിക്കുന്ന ഒരു എഡിറ്ററോട്‌ ഒരു കാര്യം തർക്കിച്ചു സ്ഥാപിച്ചെടുക്കാനുള്ള സാംസ്കാരിക മൂലധനം അന്ന് എനിക്കുണ്ടായിരുന്നില്ല. എനിക്ക് ഒരിക്കലും എഡിറ്ററുടെ ‘ബ്ലൂ ഐഡ് ഗേൾ’ ആവാൻ കഴിഞ്ഞിട്ടില്ല. അങ്ങനെ ആവേണ്ടതില്ല എന്ന് എനിക്കിപ്പോൾ അറിയാം. അതല്ല എന്നതിൽ ഞാൻ ഇപ്പോൾ അഹങ്കരിക്കുന്നു.

വിറയ്ക്കുന്ന കൈകളിൽ പേന ഉളി പോലെ കുത്തിപ്പിടിച്ച് തർക്ക മന്ദിരം വെട്ടി ബാബറി മസ്ജിദ് പുന:സ്ഥാപിക്കുന്ന എഡിറ്റർമാർ ന്യൂനപക്ഷമാണ് രോഹിത്. അന്നൊക്കെ നിനക്ക് തോന്നിയതുപോലെ തന്നെയാണ് എനിക്കും തോന്നിയിരുന്നത്. ‘ഒരു ഫേറ്റൽ ആക്സിഡന്റ് ആയിരുന്നു ഞാൻ എന്ന് എനിക്കുതന്നെ പലവട്ടം തോന്നിയിട്ടുണ്ട്. പക്ഷെ ഇപ്പോൾ എനിക്കറിയാം. നീയും ഞാനുമാണ് ശരി. അവരല്ല. തീർച്ചയായും അവരല്ല.

വെളിച്ചം കാണാതെ പോയ ഈ റിപ്പോർട്ട് ഞാൻ നിനക്ക് സമർപ്പിക്കുന്നു.

(ഓപ്പണ്‍ മാസികയില്‍ അസിസ്റ്റന്‍റ് എഡിറ്ററാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍