UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രോഹിത് ചിന്തിയ രക്തം വെറുതെയായിക്കൂടാ… ഗവേഷകക്കൂട്ടത്തിന്‍റെ പ്രസ്താവന

Avatar

ഗവേഷകക്കൂട്ടം

ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ ശാസ്ത്ര സാങ്കേതിക സാമൂഹിക പഠനവിഭാഗത്തില്‍ ഗവേഷകനായിരുന്ന ദളിത് വിദ്യാര്‍ഥി രോഹിത് വെമുല ഹോസ്റ്റല്‍ മുറിയില്‍ കൊല്ലപ്പെട്ടു (അധികാരികളും ഒരു കൂട്ടം അക്രമകാരികളും ചേര്‍ന്നു ആത്മഹത്യയിലേക്ക് തള്ളിവിട്ട ഒരാളുടെ മരണത്തെ കൊലപാതകമെന്നെ വിളിക്കാനാവൂ). ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലെ ദളിത് കോളനിയില്‍ തയ്യല്‍ക്കാരിയായ അമ്മയുടെയും ആശുപത്രിയില്‍ കാവല്‍ ജോലി ചെയ്യുന്ന അച്ഛന്റെയും മകനായി ജനിച്ച രോഹിത് ജാതി വിവേചനങ്ങളോടും പ്രതികൂല സാഹചര്യങ്ങളോടും പൊരുതി യു.ജി.സി. ഫെല്ലോഷിപ്പോടെയാണ് സര്‍വ്വകലാശാലയില്‍ ഗവേഷകനായി ചേരുന്നത്.

ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ദല്‍ഹി സര്‍വ്വകലാശാലയില്‍ മൊണ്ടാഷ് ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ‘മുസഫര്‍നഗര്‍ ബാകി ഹേ’ എന്ന ഡോക്യുമെന്ററി ചിത്രം പ്രദര്‍ശിപ്പിക്കുന്നിടത്ത് സംഘപരിവാറിന്റെ വിദ്യാര്‍ഥി വിഭാഗമായ എ.ബി.വി.പി നടത്തിയ അക്രമത്തിനെതിരെ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ രോഹിത് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെ ഹൈദരാബാദ് സര്‍വ്വകലാശാലയിലെ എ.ബി.വി.പി നേതാവായ സുശീല്‍ കുമാര്‍ ഫെയിസ്ബുക്കില്‍ പോസ്റ്റിട്ടു ‘ASA ഗുണ്ടകളാണ് തെമ്മാടിത്തരത്തെക്കുറിച്ച് സംസാരിക്കുന്നത്. തമാശ തോന്നുന്നു’ എന്ന്. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇതില്‍ ഇയാള്‍ മാപ്പെഴുതി നല്‍കുകയും പ്രശ്‌നം അവസാനിക്കുകയും ചെയ്തു. എന്നാല്‍ നാടകീയമായ സംഭവങ്ങള്‍ ആണ് പിന്നീട് നടന്നത്. പിറ്റേ ദിവസം സുശീല്‍ കുമാര്‍ മുപ്പതോളം വരുന്ന ASA പ്രവര്‍ത്തകര്‍ തന്നെ ആക്രമിച്ചു എന്ന് പറഞ്ഞു ആശുപത്രിയില്‍ ചികിത്സ തേടി. പക്ഷെ സര്‍വകലാശാല തന്നെ നിയോഗിച്ച അച്ചടക്ക സമിതിയും മെഡിക്കല്‍ ബോര്‍ഡും ഈ ആരോപണം തള്ളിക്കളഞ്ഞു.’The board could not get any hard evidence of beating of Mr. Susheel kumar either from Mr Krishna Chaitanya or from the reports submitted by Dr. Anupama. Dr. Anupama’s reports also could not link or suggest that the surgery of the Susheel Kumar is the direct result of the beating’ ഇങ്ങനെയാണ് അച്ചടക്ക സമിതി രേഖപ്പെടുത്തിയത്. പക്ഷെ ഇതിനുശേഷം കാര്യങ്ങള്‍ ആകെ മാറി. ബി.ജെ.പി. നിയമസഭാ സാമാജികന്‍ രാമചന്ദ്ര റാവു മുന്‍ വൈസ് ചാന്‍സലര്‍ ആര്‍.പി. ശര്‍മ്മയെ കാണുകയും കേന്ദ്ര തൊഴില്‍ മന്ത്രി ആയ ബന്ദാരു ദത്താത്രേയ കേന്ദ്ര മാനവശേഷി വിഭവ മന്ത്രി സ്മൃതി ഇറാനിക്ക് നേരിട്ട് കത്ത് നല്‍കുകയും ചെയ്തതോടെയാണ് അച്ചടക്ക സമിതി തങ്ങളുടെ മുന്‍ നിലപാടില്‍ നിന്ന് മാറി രോഹിത് ഉള്‍പ്പെടെയുള്ള അഞ്ചു വിദ്യാര്‍ഥികളെ സര്‍വ്വകലാശാലയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചത് എന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. പിന്നീട് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വ്വകലാശാല ഈ തീരുമാനം പിന്‍വലിക്കുകയും വിഷയത്തില്‍ പുനരന്വേഷണം നടത്താമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. പക്ഷെ പകയൊടുങ്ങാത്തവണ്ണം കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച പുതിയ വൈസ് ചാന്‍സലര്‍ അപ്പ റാവു പുനരന്വേഷണം നടത്താതിരിക്കുകയും എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചേര്‍ന്ന് ഈ വിദ്യാര്‍ഥികളെ ‘ഹോസ്റ്റല്‍, പൊതു സ്ഥലങ്ങള്‍, ഭരണ സ്ഥാപനം, വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പ്’ എന്നിവയില്‍ നിന്നൊക്കെ ‘വിലക്കി’ക്കൊണ്ട് ഉത്തരവിറക്കുകയും ചെയ്തു. ചുരുക്കത്തില്‍ യാതൊരു അന്വേഷണവും കൂടാതെ ‘സാമൂഹിക വിലക്ക്’ ഏര്‍പ്പെടുത്തുകയാണ് സര്‍വ്വകലാശാല ഭരണാധികാരികള്‍ ചെയ്തത്. ‘ഞെട്ടിപ്പിക്കുന്നതും നിഷ്ഠൂരവും’ എന്നാണ് സര്‍വ്വകലാശാലയിലെ ജോയിന്റ് ആക്ഷന്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ഈ നടപടിയെ വിശേഷിപ്പിച്ചത്. 


തങ്ങളോട് വിയോജിക്കുന്നവരെ തേടിപ്പിടിച്ച് വേട്ടയാടി നശിപ്പിക്കുന്ന ഫാസിസ്റ്റ് അധികാരത്തിന്റേയും, സര്‍വകലാശാലകള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ സമസ്ത മേഖലകളിലും തങ്ങളുടെ മേല്‍ക്കോയ്മ നില നിര്‍ത്തുന്നതിനു തന്ത്രങ്ങള്‍ മെനയുന്ന ജാതി താല്‍പ്പര്യങ്ങളുടെയും സംയുക്ത പ്രയോഗമാണ് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ കണ്ടത്. പുറത്താക്കപ്പെട്ട അഞ്ചു പേരും സാമ്പത്തിക-ജാതി ശ്രേണിയുടെ താഴെ തട്ടില്‍ നിന്ന് ഉയര്‍ന്നു വന്നവരായിരുന്നു എന്നത് യാദൃശ്ചികതായി കാണാനാവില്ല. 

സര്‍വകലാശാലകളെ നവലിബറല്‍ മുതലാളിത്തത്തിന് ആവശ്യമായ തൊഴില്‍ സേനയെ സൃഷ്ടിക്കാനും, അതിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഗവേഷണങ്ങള്‍ നടത്താനുമുള്ള ഇടങ്ങളാക്കി ചുരുക്കുകയും, അതേ സമയം ‘മനുധര്‍മ ശാസന’കളിലൂന്നിയ, ഏകതാനകമായ ഒരു ദേശീയ സാംസ്‌കാരികത സൃഷ്ടിക്കാനും അതിനു സാധുത നല്‍കാനുമുള്ള ഉപകരണമായി മാറ്റിയെടുക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഭരണകൂട നേതൃത്വത്തില്‍ അരങ്ങേറുന്നു എന്ന ആരോപണങ്ങളെ ഊട്ടിയുറപ്പിക്കുന്നതാണ് ഹൈദരാബാദ് സര്‍വകലാശാലയിലെ ഇപ്പോഴത്തെ സംഭവങ്ങള്‍.

‘ഞാന്‍ ശാസ്ത്രത്തെ സ്‌നേഹിച്ചു, നക്ഷത്രങ്ങളേയും പ്രകൃതിയേയും സ്‌നേഹിച്ചു. പ്രകൃതിയില്‍ നിന്ന് അകന്ന ശേഷം മനുഷ്യന്‍ ഏറെ ദൂരം താണ്ടിയിരിക്കുന്നു എന്നറിയാതെ ജീവിക്കുന്ന മനുഷ്യരെ ഞാന്‍ സ്‌നേഹിച്ചു ….. ഒരു എഴുത്തുകാരനാവണം എന്ന് ഞാന്‍ ആഗ്രഹിച്ചു … കാള്‍ സാഗനെ പോലെ ഒരു ശാസ്ത്ര എഴുത്തുകാരന്‍.. പക്ഷെ അവസാനം എനിക്ക് ഈ കത്ത് മാത്രമെ എഴുതാന്‍ കഴിഞ്ഞുള്ളു. …… ഞാന്‍ ശൂന്യനാണ്. എന്നെക്കുറിച്ച് പോലും ഉത്കണ്ഠ ഇല്ല. അത്തരമൊരവസ്ഥ ദയനീയമാണ്. അത് കൊണ്ടാണ് ഞാനിത് ചെയ്യുന്നത്.’ എന്ന് എഴുതി വെച്ചാണ് ഹോസ്റ്റലിലെ സുഹൃത്തിന്റെ മുറിയിലെ ഫാനില്‍ തങ്ങളുടെ പ്രതിഷേധത്തിനു ഉയര്‍ത്തിപ്പിടിച്ച ബാനറിന്റെ അറ്റത്ത് രോഹിത് തന്റെ സ്വപ്‌നങ്ങള്‍ അവസാനിപ്പിച്ചത്. വലിയ പ്രതീക്ഷയോടെ സമൂഹത്തിന്റെ അടിച്ചമര്‍ത്തപ്പെട്ട കോണുകളില്‍ നിന്ന് വിമോചനത്തിന്റെ സ്വപ്‌നങ്ങള്‍ കാണുകയും, ചിന്തിക്കുകയും, സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും ചെയ്തുകൊണ്ട് ഉയര്‍ന്നുവരുന്ന വിദ്യര്‍ത്ഥികളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് പകരം അവരെ നിശബ്ദരാക്കുക മാത്രമല്ല വേട്ടയാടി കൊല്ലുകയും അതിനു ഭരണകൂടം ഒത്താശ ചെയ്യുകയും ചെയ്യുന്ന അങ്ങേയറ്റം അപകടകരവും ഭീതിതവുമായ സ്ഥിതി ചെറുത്തു തോല്പ്പിക്കപ്പെടുക തന്നെ വേണം.

ഭരണഘടനാപരമായ പരിരക്ഷ കൊണ്ട് ദളിത്/ ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യര്‍ത്ഥികള്‍ സര്‍വകലാശാലകളിലും മറ്റും കടന്നു വരുന്നത് തടയാന്‍ കഴിയാത്തവര്‍ പ്രവേശനത്തിലൂടെ ലഭിച്ച ഗുണത്തെ ഫെലോഷിപ്പ് നല്‍കാതെയും, മാനസികമായി പീഡിപ്പിച്ചും, അധികാരങ്ങളുപയോഗിച്ചു ദ്രോഹിച്ചും ഫലത്തില്‍ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. സര്‍വകലാശാലകളില്‍ ഗവേഷണത്തിന് നല്‍കിയിരുന്ന നോണ്‍ നെറ്റ് ഫെലോഷിപ്പ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.

രോഹിതിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പേരെയും നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവന്നു ശിക്ഷിക്കണമെന്നു ഗവേഷകക്കൂട്ടം ആവശ്യപ്പെടുന്നു. 

സ്വതന്ത്ര ചിന്തയും, ഭാവനാത്മകമായ അന്വേഷണങ്ങളും, മനുഷ്യ പക്ഷത്തുനിന്ന് കൊണ്ടുള്ള ഇടപെടലുകളും നടത്തുന്ന സജീവവും സക്രിയവുമായ ഇടങ്ങളായി നമ്മുടെ സര്‍വകലാശാലകളെ നില നിര്‍ത്തുന്നതിനു വിഘാതം സൃഷ്ട്ടിക്കുന്നവരെ ഒറ്റപ്പെടുത്താനും, അവരുടെ രഹസ്യ അജണ്ടകളെ തുറന്നു കാട്ടാനും മുന്നിട്ടിറങ്ങാന്‍ മുഴുവന്‍ ഗവേഷകരോടും പൊതു സമൂഹത്തോടും ഗവേഷകക്കൂട്ടം അഭ്യര്‍ത്ഥിക്കുന്നു. 

രോഹിതിന്റെ രക്തം വെറുതെയായിക്കൂട…

(ഗവേഷണം സാമൂഹ്യമാറ്റത്തിന് എന്ന കാഴ്ചപ്പാട് മുന്നോട്ട് വെച്ച്കൊണ്ട് പ്രവർത്തിക്കുന്ന ഒരു പറ്റം സാമൂഹ്യശാസ്ത്ര ഗവേഷണ വിദ്യാർത്ഥികളുടെ കൂട്ടായ്മ ആണ് ഗവേഷകക്കൂട്ടം)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍