UPDATES

ഞങ്ങളെ അക്രമം കൊണ്ട് നിശബ്ദരാക്കാന്‍ സാധിക്കില്ല- വൈഖരി ആര്യാട്ട്

Avatar

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ വൈസ് ചാന്‍സിലര്‍ അപ്പാ റാവുവിനെതിരായ പ്രക്ഷോഭത്തില്‍ അക്രമം നടത്തി എന്നാരോപിച്ച് 30 വിദ്യാര്‍ഥികളെയും അധ്യാപകരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അവരിപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ജയിലില്‍ അവരെ സന്ദര്‍ശിച്ച ക്യാമ്പസിലെ വിദ്യാര്‍ഥി വൈഖരി ആര്യാട്ട് അക്കാര്യങ്ങളെ കുറിച്ച് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രസിദ്ധീകരിച്ചത്.  


കഴിഞ്ഞ 90 മണിക്കൂറുകള്‍ കൊണ്ടുണ്ടായ ദുരിതങ്ങള്‍, ഭീതി, ഉറക്കമില്ലായ്മ, അവസാനമില്ലാത്ത ചര്‍ച്ചകള്‍, സംഭാഷണങ്ങള്‍… വേദനയില്‍ തളര്‍ന്ന ശരീരവുമായി ചെര്‍ലപ്പള്ളി ജയിലില്‍ നിന്നും സുഹൃത്തുക്കളായ വൈജയന്തി, പ്രമീള കെ.പി, സല്‍മാന്‍, പ്രമോദ് എന്നിവര്‍ക്കൊപ്പം തിരികെ വന്നതേ ഉള്ളൂ. ഇതിന്റെ എല്ലാം നടുവില്‍ സന്തോഷം പകരുന്ന ഒന്ന്, അറസ്റ്റ് ചെയ്യപ്പെട്ട ശേഷം ആദ്യമായി എന്റെ സുഹൃത്തുക്കളെയും അധ്യാപകരെയും കാണാന്‍ കഴിഞ്ഞു എന്നുള്ളതാണ്. ഞങ്ങളെ കണ്ടതോടെ അവരും ഏറെ ഏറെ ഊര്‍ജ്ജസ്വലരും സന്തോഷമുള്ളവരുമായി. തമ്മില്‍ വേര്‍തിരിച്ച രണ്ടു പാളി ഇരുമ്പ് കമ്പികള്‍ക്കിടയിലൂടെ ഞങ്ങള്‍ സംസാരിച്ചു. ദേശദ്രോഹം ചുമത്തിയുള്ള കസ്റ്റഡി മര്‍ദ്ദനത്തിനിടെ ദേശവിരുദ്ധര്‍ എന്ന് വിളിക്കപ്പെട്ടതിനെക്കുറിച്ചും ഭീഷണിപ്പെടുത്തിയതിനെക്കുറിച്ചും അവര്‍ തമാശകള്‍ പറഞ്ഞു. മുസ്ലിം വിദ്യാര്‍ഥികളെ ഒറ്റപ്പെടുത്തി പാകിസ്ഥാനി, തീവ്രവാദി വിളികളോടെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ആണ്‍ വിദ്യാര്‍ഥികളെ പോലീസ് മര്‍ദ്ദനത്തില്‍ നിന്നും സംരക്ഷിക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിനികളെക്കുറിച്ച് മോശം ഭാഷയിലാണ്‌ വാനില്‍ വച്ച് പോലീസ് സംസാരിച്ചത് എന്ന് അവര്‍ പറഞ്ഞു. കസ്റ്റഡിയില്‍ എടുക്കുന്ന സമയത്തും സ്റ്റേഷനില്‍ നിന്നും റിമാന്‍ഡ് ചെയ്ത ശേഷവും ജയിലേക്കുള്ള വഴിയിലും അവര്‍ക്കു നേരിടേണ്ടി വന്നത് മനുഷ്യത്വരഹിതമായ മര്‍ദ്ദനമായിരുന്നു. 

ഡോക്യുമെന്‍ററി മേക്കര്‍ മോസസ് തുളസിയുടെ സുഹൃത്തുക്കള്‍ കഴിഞ്ഞ മൂന്നു ദിവസമായി അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി എന്നെ വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇത് അവര്‍ക്കു വേണ്ടിയാണ്. അദ്ദേഹത്തെ ജയിലില്‍ വച്ച് കണ്ടു. ഞങ്ങള്‍ എത്തിയപ്പോള്‍ മോസസിന്റെ അമ്മയും സ്ഥത്തുണ്ടായിരുന്നു, അദ്ദേഹത്തെ കാണാന്‍. മോസസ് സമരത്തിന്റെ ഭാഗമായിരുന്നില്ല. രോഹിത് വെമുലയുടെ മരണത്തെക്കുറിച്ചും പ്രക്ഷോഭത്തെക്കുറിച്ചും ഡോക്യുമെന്‍ററി തയ്യാറാക്കുകയായിരുന്നു അദ്ദേഹം. സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ഥികളുടെ ബൈറ്റ് എടുക്കുന്നതിനിടെ അവര്‍ക്കിടയിലേക്ക് മോസസും പെടുകയായിരുന്നു. തന്റെ വീഡിയോ ക്യാമറ നശിപ്പിക്കപ്പെട്ടതായും പോലീസ് തന്നെ വാനിലേക്ക് തള്ളുകയുമായിരുന്നു എന്ന് മോസസ് പറയുന്നു. അദ്ദേഹം ചെയ്ത കുറ്റമോ? സംഭവ സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോട് സമരം നടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കാന്‍ പോലീസ് അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സമരം ചിത്രീകരിക്കുന്നതില്‍ ശ്രദ്ധിച്ചിരുന്ന മോസസ് ഇതേക്കുറിച്ച് അറിഞ്ഞിരുന്നില്ല. വിദ്യാര്‍ത്ഥിനികളോട് സംസാരിച്ചതിലൂടെ അവരെ അക്രമത്തിന് പ്രേരിപ്പിച്ചു എന്നു പറഞ്ഞാണ് പോലീസ് മോസസിനോട്‌ ഒച്ച വച്ചത്. സമാധാനത്തോടെയിരുന്ന്‍ ഈ പ്രക്ഷോഭത്തിനു പിന്തുണ നല്‍കാനാണ് മോസസ് തന്റെ സുഹൃത്തുക്കളോട് ആവശ്യപ്പെടുന്നത്.

ഷാന്‍ മുഹമ്മദ്, ശ്രീരാഗ് പോയ്ക്കടത്ത് എന്നിവരെ എനിക്ക് നേരിട്ടു കാണാന്‍ സാധിച്ചില്ല, ക്രൂരമായ മര്‍ദ്ദനത്തിനു വിധേയരായെങ്കിലും  അവരും ‘OK’ ആണ് എന്നറിഞ്ഞു. പോലീസിന്റെ ഈ അക്രമത്തിനു ശേഷം രത്നം സാറിന്റെ അവസ്ഥ മോശമായിരുന്നു. അദ്ദേഹത്തിന്റെ ബിപി കൂടിയിരുന്നു. ഇന്ന് അതില്‍ അല്‍പ്പം മാറ്റമുണ്ട് എന്നറിഞ്ഞു. തങ്ങള്‍ എല്ലാവരും ഒരു മുറിയില്‍ ആണെന്നും നേരിടേണ്ടി വന്ന ആഘാതങ്ങളെ അവഗണിച്ച് രാഷ്ട്രീയം, വിദ്യാഭ്യാസ സംബന്ധിയായ വിഷയങ്ങള്‍ എന്നിവയില്‍ ചര്‍ച്ച നടക്കുകയാണ് എന്നും  തഥാഗത് സെന്‍ഗുപ്ത പറഞ്ഞു. എല്‍ എസ് ബൈകാനി കുടുംബത്തിനുണ്ടായ ആശങ്കയെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഇതുതന്നെയാണ് അവിടെയുള്ള ഭൂരിഭാഗം വിദ്യാര്‍ഥികളുടെയും അവസ്ഥ. കുടുംബങ്ങളെ സമാധാനിപ്പിക്കുതിനെക്കുറിച്ച് ഞങ്ങള്‍ അവര്‍ക്ക് ഉറപ്പു നല്‍കി. സര്‍വ്വകലാശാലയിലേക്കാള്‍, പോലീസ് കസ്റ്റഡിയേക്കാള്‍ ജയിലിലാണ് തങ്ങള്‍ സുരക്ഷിതരെന്ന് അവര്‍ പറയുന്നു. ജയിലില്‍ അടയ്ക്കപ്പെട്ട വിദ്യാര്‍ഥികളെ കണ്ടതോടെ വിഷമം സഹിക്കവയ്യാതെ കരഞ്ഞ രാധിക വെമുലയെ ദോന്ത പ്രശാന്ത് സമാധാനിപ്പിക്കുകയായിരുന്നു. തങ്ങള്‍ സുരക്ഷിതരാണെന്നും അവരുടെ മകന് നീതി ലഭിക്കാനുള്ള പോരാട്ടത്തില്‍ മുന്നോട്ടു പോകുമെന്നും അവര്‍ രാധിക വെമുലയോട് പറഞ്ഞു. കരുതലില്ലാത്ത ചുറ്റുപാടുകളില്‍ നിന്ന് വരുന്ന തങ്ങളുടെ വിദ്യാര്‍ഥികളെ തന്നെ ഇല്ലാതാക്കുന്ന കില്ലിംഗ് മെഷീനുകള്‍ ആവുന്ന നിലപാടുകളില്‍ നിന്നും സര്‍വ്വകലാശാലകളെ പിന്തിരിപ്പിക്കുമ്പോഴേ അന്തിമനീതി ലഭ്യമാകൂ എന്ന് അവര്‍ പറഞ്ഞു. അതിന് രോഹിത് ആക്റ്റ് നടപ്പിലാവണം. അതിനു വേണ്ടിയാണ് നമ്മള്‍ പോരാടുന്നത്.

ഞങ്ങളുയര്‍ത്തുന്ന കാര്യങ്ങളെ അക്രമം കൊണ്ട് നിശബ്ദരാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. ജയിലുകള്‍ ഞങ്ങളുടെ സഖാക്കളെ ഭീതിപ്പെടുത്തില്ല. പ്രതിസന്ധികള്‍ക്ക് മെരുക്കാനാവാത്ത അവരുടെ സ്പിരിറ്റിന് അതുകൊണ്ട് ഒന്നും സംഭവിക്കില്ല. പോരാട്ടം ഞങ്ങള്‍ തുടരുക തന്നെ ചെയ്യും.

(വൈഖരി ആര്യാട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌)  
ചിത്രങ്ങള്‍ക്ക് കടപ്പാട്-ബിലാല്‍ ഫോട്ടോഗ്രഫി     

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍