UPDATES

ട്രെന്‍ഡിങ്ങ്

എലികളും പാറ്റകളും ഓടിക്കളിക്കുന്നു, കട്‌ലെറ്റില്‍ നഖവും: ട്രെയിനിലെ ഭക്ഷണത്തെക്കുറിച്ച് സിഎജി റിപ്പോര്‍ട്ട്

ട്രെയിനുകളില്‍ ഗുണമേന്മയുള്ളതും ന്യായവിലയിലുള്ളതുമായ ഭക്ഷണം വിതരണം ചെയ്യുന്നതില്‍ റെയില്‍വേ മന്ത്രാലയം പരാജയപ്പെട്ടതായും റിപ്പോര്‍ട്ട്

ട്രെയിനില്‍ യാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ വൃത്തിയെക്കുറിച്ച് നിരവധി പരാതികള്‍ ഉയരുമ്പോള്‍ അത് ശരിവച്ച് സിഎജി റിപ്പോര്‍ട്ടും. ദീര്‍ഘദൂര ട്രെയിനുകളില്‍ വൃത്തിയുള്ള ഭക്ഷണം ഉറപ്പുവരുത്തുന്നതിന് റെയില്‍വേ സോണല്‍ ഓഫീസുകള്‍ തയ്യാറാകുന്നില്ലെന്നും സിഎജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രെയിനുകളില്‍ ഗുണമേന്മയുള്ളതും ന്യായവിലയിലുള്ളതുമായ ഭക്ഷണം വിതരണം ചെയ്യുന്നതില്‍ റെയില്‍വേ മന്ത്രാലയം പരാജയപ്പെട്ടതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ വിവിധ റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും സിഎജി നടത്തിയ ഓഡിറ്റിംഗിലാണ് ഇത് കണ്ടെത്തിയത്. ഇതിന്റെ റിപ്പോര്‍ട്ട് ഇന്നലെ പാര്‍ലമെന്റിന് മുമ്പാകെ വച്ചിരിക്കുകയാണ്. 74 സ്റ്റേഷനുകളിലും 80 ട്രെയിനുകളിലുമാണ് സാമ്പിള്‍ ഓഡിറ്റ് നടത്തിയത്. ഒരു ട്രെയിനില്‍ എലികളും പാറ്റകളും ഓടിക്കളിക്കുന്നുവെന്നും ഒരു യാത്രക്കാരന് കിട്ടിയ കട്‌ലെറ്റില്‍ നഖം കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ പാചകം ചെയ്യാന്‍ ഉപയോഗിക്കുന്നത് ശുദ്ധീകരിക്കാത്ത വെള്ളമാണെന്നും മലിനമായ ഭക്ഷണപദാര്‍ത്ഥങ്ങളാണ് പാന്റി ജീവനക്കാര്‍ ഉപയോഗിക്കുന്നതെന്നും സിഎജി കണ്ടെത്തി. ട്രെയിനില്‍ വിതരണം ചെയ്യുന്ന ഭക്ഷണം മനുഷ്യര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നതല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അടുത്തിടെ പുതിയ കാറ്ററിംഗ് നയം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സോണല്‍ റെയില്‍വേകള്‍ എത്രത്തോളം ഉത്തരവാദിത്വമെടുക്കുമെന്നതിനാല്‍ ഈ നയം വ്യക്തമല്ലെന്നാണ് സിഎജി പറയുന്നത്. 2005ല്‍ റെയില്‍വേ ഐആര്‍സിടിസിയ്ക്കാണ് റെയില്‍വേ കാറ്ററിംഗിന്റെ കരാര്‍ നല്‍കിയത്. 2010ല്‍ ഈ കരാര്‍ തിരിച്ചെടുത്തു. പിന്നീട് ഈ വര്‍ഷം വീണ്ടും ഇവര്‍ക്ക് തന്നെ കരാര്‍ നല്‍കുകയും ചെയ്തിരിക്കുകയാണ്.

തുടര്‍ച്ചയായി കരാര്‍ മാറ്റിനല്‍കുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നതായി ഓഡിറ്റര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സോണല്‍ റെയില്‍വേകള്‍ കച്ചവടത്തിനുള്ള ലൈസന്‍സ് ഫീസായി വന്‍തുക ഈടാക്കുന്നതിനാല്‍ ഭക്ഷണത്തിന് വലിയ വില ഈടാക്കേണ്ടതോ വ്യവസ്ഥ ചെയ്യുന്ന അളവില്‍ കുറവു വരുത്തുകയോ ചെയ്യേണ്ട അവസ്ഥയാണ് കച്ചവടക്കാര്‍ക്കുള്ളത്. ഉദാഹരണത്തിന് നൂറ് ഗ്രാം തൈരാണ് കരാര്‍ അനുസരിച്ച് വിതരണം ചെയ്യേണ്ടതെങ്കില്‍ കച്ചവടക്കാരന്‍ അത് 90 ഗ്രാമാക്കി ചുരുക്കേണ്ടി വരുന്നു.

ചൂണ്ടിക്കാട്ടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് തങ്ങള്‍ക്ക് അറിയാമെന്ന് പറയുന്ന റെയില്‍വേ ഒരു ദിവസം 11.5 ലക്ഷം ഊണ് വിതരണം ചെയ്യുമ്പോള്‍ ശരാശരി 24 പരാതികള്‍ മാത്രമാണ് ലഭിക്കുന്നതെന്നാണ് പറയുന്നത്. കഴിഞ്ഞവര്‍ഷം മാത്രം ഏഴ് കരാറുകാരനെ പിരിച്ചുവിടുകയും 16 പേരെ കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്തു. 21 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തതായും അധികൃതര്‍ വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ പിഴയായി 4.5 കോടി രൂപയോളം റെയില്‍വേ പിരിച്ചെടുത്തിട്ടുമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍