UPDATES

സിനിമ

മരണാനന്തരം മാര്‍ലന്‍ ബ്രാന്‍ഡോ അയാളുടെ ജീവിതം പറയുന്നു

Avatar

ജെന്‍ ചാനെയ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

“നടന്മാര്‍ യഥാര്‍ത്ഥമല്ല. അവര്‍ ഒരു കമ്പ്യൂട്ടറിന്റെ ഉള്ളിലാകും ഉണ്ടാവുക. നിങ്ങള്‍ കണ്ടോളൂ”, ലിസന്‍ ടു മി മാര്‍ലന്‍ (Listen to me Marlon) എന്ന ഡോക്യുമെന്റിയുടെ തുടക്കത്തില്‍ മാര്‍ലന്‍ ബ്രാന്‍ഡോ പറയുന്നു.

2004ല്‍ ബ്രാന്‍ഡോ മരിക്കുന്നതിനും വളരെ വര്‍ഷം മുന്‍പ് റെക്കോര്‍ഡ് ചെയ്തുവെച്ച ഒരു ഓഡിയോ ടേപ്പ് പിന്നീട് ഒരു ത്രീഡി അനിമേറ്റഡ് വെര്‍ഷനിലേയ്ക്ക് ചേര്‍ത്തുവെച്ച് ബ്രാന്‍ഡോ പറയുന്നരീതിയില്‍ ചുണ്ടുചലിപ്പിച്ച് നിര്‍മ്മിച്ചെടുത്തതാണിത്.

എണ്‍പതുകളിലെ നടന്റെ മുഖത്തില്‍ നിന്ന് പുനഃസൃഷ്ടിച്ചെടുത്ത ഈ CGI ദൃശ്യം ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഒന്നാണ്. ചില കോണുകളില്‍ നിന്ന് നോക്കിയാല്‍ ജോര്‍ജ് വാഷിംഗ്‌ടനെ പോലെയും ചിലയിടങ്ങളില്‍ നിന്ന്‍ നോക്കിയാല്‍ മാക്സ് ഹെഡ്റൂമിനെപ്പോലെയും തോന്നിക്കും. ചില സമയങ്ങളില്‍ പൂര്‍ണ്ണമായും ബ്രാന്‍ഡോയെപ്പോലെയും. ആധുനിക സിനിമാഭിനയത്തിന്റെ പിതാവ് തന്‍റെ ചിന്തകള്‍ പങ്കിടാന്‍ കമ്പ്യൂട്ടറിന്റെ ഉള്ളില്‍ നിന്നും ഇറങ്ങി വന്നത് പോലെ.

അതാണ്‌ “ലിസന്‍ ടു മി മാര്‍ലന്‍” എന്ന സിനിമ സംവിധാനവും എഡിറ്റിങ്ങും ചെയ്ത സ്റ്റീവന്‍ റൈലിയുടെ മാന്ത്രിക വിദ്യ. ബോധധാരാ രീതിയാണ് എക്കാലത്തെയും സ്വാധീനശക്തിയുള്ള നടനെ സ്ക്രീനിലെത്തിക്കാന്‍ റൈലി അവലംബിച്ചിരിക്കുന്നത്. ജീവിതവും അഭിനയകലയും ഉള്‍പ്പെടുത്തിയ ഒരു കഥേതരസിനിമ നിര്‍മ്മിക്കുകയല്ല, നടനെ പുനരുജ്ജീവിപ്പിക്കുക തന്നെയാണ് സംവിധായകന്‍.

ഡിജിറ്റലായി നിര്‍മ്മിച്ച ഈ സംസാരിക്കും തലയെയാണ് സിനിമ ആശ്രയിക്കുന്നത്. ഡോക്യുമെന്റികളില്‍ സാധാരണ കാണുന്ന സംസാരിക്കുന്ന തലകളെ മുഴുവനായി ഒഴിവാക്കിയിട്ടുമുണ്ട്. ഇരുനൂറിലേറെ മണിക്കൂറുകളിലൂടെയുള്ള സ്വകാര്യഓഡിയോ ടേപ്പുകളാണ് സിനിമയുടെ ആഖ്യാനം രൂപപ്പെടുത്താന്‍ റൈലി ഉപയോഗിച്ചിരിക്കുന്നത്. 

ഇത് ബ്രാന്‍ഡോയുടെ ഒരു ജീവചരിത്രമല്ല, മനോഹരവും സങ്കീര്‍ണ്ണവുമായ അയാളുടെ മനസിനുള്ളിലേയ്ക്കുള്ള ഒരു യാത്രയാണിത്. ബ്രാന്‍ഡോ റെക്കോര്‍ഡ് ചെയ്ത ഈ കാസറ്റുകളില്‍ പലതും “സെല്‍ഫ്-ഹിപ്നോസിസ്” എന്ന് പേരിട്ടതായിരുന്നു. ഒരു ധ്യാനഭാവത്തിലിരുന്ന് സംസാരിക്കുന്ന ബ്രാന്‍ഡോയെ കേള്‍ക്കുന്നത് കാണികള്‍ക്കും ഹിപ്നോട്ടിക്ക് തന്നെ.

“എ സ്ട്രീറ്റ് കാര്‍ നേംഡ് ഡിസയര്‍” എന്ന സിനിമയില്‍ ബ്രാന്‍ഡോ അവതരിപ്പിച്ച സ്റ്റാന്‍ലി കൊവാല്‍സ്കി എന്ന ദേഷ്യക്കാരന്‍ പീഡകനെപ്പറ്റി ബ്രാന്‍ഡോ പറയുന്നു: “എനിക്ക് അങ്ങനെയുള്ള ആളുകളോട് വെറുപ്പാണ്. ഞാന്‍ അയാളെ പൂര്‍ണ്ണമായി വെറുത്തിരുന്നു, എനിക്ക് അയാളുമായി പൊരുത്തപ്പെടാനേ കഴിഞ്ഞില്ല.” ആദ്യത്തെ അക്കാദമി അവാര്‍ഡ് ലഭിച്ച “ഓണ്‍ ദി വാട്ടര്‍ഫ്രണ്ടി’നെപ്പറ്റി അദ്ദേഹം പറയുന്നത് “ഒടുവില്‍ സിനിമ കണ്ടപ്പോള്‍ നാണക്കേട് തോന്നി” എന്നാണ്. ഗോഡ്ഫാദറിനെപ്പറ്റിയാവട്ടെ “ആ സിനിമയ്ക്ക് സ്ക്രീന്‍ ടെസ്റ്റ്‌ നടത്തിയപ്പോള്‍ തന്റെ കരിയര്‍ വീണ്ടും തിരിച്ചുപിടിച്ചെങ്കിലും അത് തന്റെ നിലയ്ക്ക് ചേരുന്നതായിരുന്നില്ല എന്നും എന്നാല്‍ ആ സമയത്ത് ആ ഭാഗം വേണ്ടിയിരുന്നുവെന്നും” ബ്രാന്‍ഡോ പറയുന്നു.

“ലാസ്റ്റ് ടാംഗോ ഇന്‍ പാരിസ്” എന്ന സിനിമയിലെ അഭിനയത്തിനിടെ ബര്‍നാര്‍ഡോ ബേര്‍ട്ടലൂചി ഒരുപാട് “സ്വകാര്യ” വിവരങ്ങള്‍ ചോര്‍ത്തിയെന്നും “അപ്പൊകാലിപ്സോ നൌ”വിന്റെ ഷൂട്ടിംഗിനിടെ ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോള തനിക്ക് അമിതവണ്ണമാണെന്നും തന്നെ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാണ് എന്നും പറഞ്ഞതിനെയും ബ്രാന്‍ഡോ വിമര്‍ശിക്കുന്നുണ്ട്.

എത്രത്തോളം ന്യായവാദങ്ങളുമായാണ് ബ്രാന്‍ഡോ ഇരിക്കുന്നതെങ്കിലും ചിലപ്പോഴൊക്കെ ഇയര്‍പീസ്‌ വഴി വരികള്‍ കേട്ട് അഭിനയിച്ചിട്ടുണ്ടെന്ന് അദ്ദേഹം തുറന്ന് സമ്മതിക്കുന്നു. അപ്രതീക്ഷിതമായത് പരീക്ഷിക്കാനുള്ള നടനത്വരയില്‍ നിന്ന് സംതൃപ്തി ലഭിച്ചതിനെപ്പറ്റിയും ബ്രാന്‍ഡോ പറയുന്നു. “ആളുകള്‍ പോപ്‌കോണ്‍ ചവയ്ക്കുന്നത് പോലും നിറുത്തിവയ്ക്കാന്‍ നിങ്ങള്‍ക്ക് കഴിയും”.

ജീവിത സായാഹ്നത്തില്‍ ബ്രാന്‍ഡോ ഒരു ഭ്രാന്തന്‍ ഏകാകി ജീവിതമാണ് നയിച്ചിരുന്നത്. ആളുകള്‍ വലിയ തമാശകള്‍ക്ക് ബ്രാന്‍ഡോയെ ഉപയോഗിച്ചിരുന്നു, കുടുംബ പ്രശ്നങ്ങള്‍ വലച്ചിരുന്നു. ഇവയെല്ലാം അദ്ദേഹത്തെ വല്ലാതെ പീഡിപ്പിച്ചുവെന്നാണ് “ലിസന്‍ ടു മീ മാര്‍ലന്‍” പറയുന്നത്. ഒരു സെല്‍ഫ് ഹിപ്നോസിസ് സെഷനില്‍ അദ്ദേഹം സ്വയം ആശ്വസിപ്പിച്ചുകൊണ്ടു പറയുന്നത് “നിങ്ങള്‍ക്ക് ഇഷ്ടമുള്ള നല്ല കാര്യങ്ങളൊക്കെ ഓര്‍ക്കുക, ആപ്പിള്‍ പൈ, ഐസ്ക്രീം, ബ്രൌണീസ്, പാല്‍. എന്നാല്‍ നിങ്ങള്‍ അത് എപ്പോഴും തിന്നരുത്” എന്നാണ്.

ബ്രാന്‍ഡോ മക്കളെപ്പറ്റി നേരിട്ട് ഒന്നും പറയുന്നില്ലെങ്കിലും അര്‍ദ്ധസഹോദരിയായ ചെയെനിന്റെ കാമുകനെ ക്രിസ്ത്യന്‍ ബ്രാന്‍ഡോ കൊന്നപ്പോള്‍ ഉണ്ടായ മാധ്യമ കോലാഹലം സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചെയെന്‍ പിന്നീട് ആത്മഹത്യ ചെയ്തു. ബ്രാന്‍ഡോയുടെ സ്വകാര്യ വേദനകളുടെ ഒരു ഉദാഹരണമായിരുന്നു ഇത്.

ചെയെനിന്റെ സന്തോഷം നിറഞ്ഞ വീഡിയോകള്‍ മുന്നില്‍ വരുമ്പോള്‍ ബ്രാന്‍ഡോ പറയുന്നത് കേള്‍ക്കാം, “ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു ഈ വര്‍ഷങ്ങള്‍. നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുന്നതിലും ഏറെ ബുദ്ധിമുട്ട് നിറഞ്ഞത്.”

മകന്റെ കേസും മകളുടെ മരണവും നടന്ന വര്‍ഷമാണോ അതോ മറ്റേതെങ്കിലും വര്‍ഷമാണോ ബ്രാന്‍ഡോ ഉദ്ദേശിക്കുന്നത്? അത് വ്യക്തമല്ല. റൈലി ചില സംഭവങ്ങളുടെ കാലം വെളിപ്പെടുത്തുന്നില്ല. ഓഡിയോ പലപ്പോഴും യാഥാര്‍ത്ഥ്യത്തെ വളച്ചൊടിക്കുന്നത് പോലെയും തോന്നാം. എന്നാല്‍ മാര്‍ലന്‍ ബ്രാന്‍ഡോ ജീവിച്ചിരുന്നപ്പോള്‍ എന്തുസംഭവിച്ചു എന്നത് വിശദീകരിക്കുകയല്ല ഈ ചിത്രത്തിന്റെ ലക്‌ഷ്യം.

മാര്‍ലന്‍ ബ്രാന്‍ഡോ ആയിരിക്കുക എന്നാല്‍ എന്താണ് എന്ന് മനസിലാക്കാനുള്ള തികച്ചും വ്യക്തിപരവും ഫലപ്രദവുമായ ഒരു ശ്രമമാണ് ഈ സിനിമ. ഒരു സന്ദര്‍ഭത്തില്‍ പാതി തമാശയായി ബ്രാന്‍ഡോ പറയുന്നു, “മരണ ശേഷം അയാള്‍ക്ക് ഒരു പ്രത്യേക മൈക്രോഫോണ്‍ ശവപ്പെട്ടിയില്‍ വേണം, കുഴിയില്‍ നിന്നും സംസാരിക്കാനായി.” 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍