UPDATES

ബൈജു എന്‍ നായര്‍

കാഴ്ചപ്പാട്

ബൈജു എന്‍ നായര്‍

ന്യൂസ് അപ്ഡേറ്റ്സ്

എസ് യു വി വിപണിയുടെ തലവര മാറ്റാന്‍ ക്രെറ്റ

എസ് യു വി പ്രേമികള്‍ ഏറെക്കാലമായി ചോദിക്കുന്ന ഒരു ചോദ്യമേയുണ്ടായിരുന്നുള്ളു. ഹ്യുണ്ടായുടെ കോംപാക്ട് എസ് യു വി എന്നുവരും? ആദ്യം ഐ എക്‌സ് 25 എന്നും പിന്നീട് ക്രെറ്റ എന്നും പേരിട്ട ഈ കോംപാക്ട് എസ് യു വിക്കായുള്ള കാത്തിരിപ്പ് അവസാനിക്കുകയാണ്. ജൂലായ് 21-നാണ് ക്രെറ്റയെ വിപണിയില്‍ അവതരിപ്പിക്കുന്നത്.

ശ്രീപെരുംപുത്തൂരിലെ ഹ്യൂണ്ടായുടെ പ്ലാന്റില്‍ ക്രെറ്റയുടെ ടെസ്റ്റ് ഡ്രൈവിനായി കമ്പനിയുടെ ക്ഷണപ്രകാരം എത്തിയ എന്നോടൊപ്പം പതിവിന് വിരുദ്ധമായി ഫോട്ടോഗ്രാഫറെ അനുവദിച്ചില്ല. മൊബൈലില്‍ പോലും ഫോട്ടോ എടുക്കാന്‍ പാടില്ല. വിപണിയിലിറക്കുന്നതിന് മുമ്പ് ക്രെറ്റയുടെ ചിത്രങ്ങള്‍ ചോരുന്നത് തടയാനാണ് ഈ മുന്‍കരുതല്‍. പടങ്ങള്‍ കമ്പനി തരുമെന്നാണ് വാഗ്ദാനം. പക്ഷേ തന്ന പെന്‍ഡ്രൈവില്‍ ഇന്റീരിയര്‍ ചിത്രങ്ങളുണ്ടായിരുന്നില്ല.

ക്രെറ്റ
2012 ജൂലായില്‍ റെനോ ഡസ്റ്റര്‍ തുറന്നിട്ട കോംപാക്ട് എസ് യു വി മേഖലയില്‍ മത്സരം ക്രെറ്റ ശക്തമാക്കും. ഫോര്‍ഡ് ഇക്കോ സ്‌പോര്‍ട്ടും റെനോ ഡസ്റ്ററും മത്സരിക്കുന്ന എസ് യു വി കളിക്കളത്തിലേക്കാണ് ക്രെറ്റ വരുന്നത്. ഇന്ത്യയില്‍ വാഹന രംഗത്തെ അനവധി പുതുമകള്‍ അവതരിപ്പിച്ച ഹ്യുണ്ടായ് അല്പം പിന്നിലായിപ്പോയി. ആ കുറവ് ക്രെറ്റയിലൂടെ നികത്തുകയാണ് ലക്ഷ്യം. കൂടാതെ മാരുതിയുടെ കോംപാക്ട് എസ് യു വി പിന്നാലെ വരുന്നുമുണ്ട്. ഈ സെഗ്‌മെന്റിലെ ആദ്യ ഡീസല്‍ ഓട്ടോമാറ്റിക്കാണ് ക്രെറ്റ.

കാഴ്ച
ഒറ്റനോട്ടത്തില്‍ സാന്റഫേ എന്ന വലിയ എസ് യു വിയുടെ ചെറു രൂപമാണ് ക്രെറ്റയ്ക്കുള്ളത്. വലിപ്പം റെനോ ഡസ്റ്ററിന്റേതിന് തുല്യമായി വരും. എസ് യു വി ശൈലിയിലെ നീണ്ട ബോണറ്റ്, ഉയര്‍ന്ന രൂപം. വലിയ ബമ്പറിന്റെ മുന്‍ ഭാഗത്തിന് ക്രാഷ്ഗാര്‍ഡിന്റെ രൂപം. മുന്നില്‍ അലൂമിനിയം ഫിനിഷുള്ള സ്‌കഫ് പ്ലേറ്റുമുണ്ട്. ചതുരാകൃതിയില്‍ ഫോഗ്‌ലാമ്പ്. ഇരട്ടകണ്ണുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ്. വലിയ ഗ്രില്ലില്‍ ക്രോമിയം പ്ലേറ്റുകള്‍.

വശങ്ങളില്‍ എസ് യു വിയുടെ ഗൗരവം ഒരുപൊടിക്ക് കുറയുന്നുണ്ട്. കണ്ണുകള്‍ ക്രെറ്റയുടെ മുന്നില്‍ നിന്ന് വശങ്ങളില്‍ എത്തുമ്പോള്‍ ഒരു ക്രോസ് ഓവറിന്റെ സാമ്യത തോന്നും. 17 ഇഞ്ച് ടയറും അഴകുള്ള അലോയ് വീലും കറുത്ത ക്ലാഡിങ്ങും ഗ്രാബ് റെയ്‌ലും വലിപ്പം കുറഞ്ഞ രണ്ടാം വിന്‍ഡോയുമാണ് വശങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍.

പിന്‍ഭാഗത്തിന് അഴകേറെയുണ്ട്. വശങ്ങളില്‍ നിന്ന് കയറുന്ന ടെയ്ല്‍ ലാമ്പും ചെറിയ വിന്‍ഡ് ഷീല്‍ഡുമാണ് പിന്നിലുള്ളത്. വശങ്ങളിലെ ക്ലാഡിങ്ങ് പിന്‍ബമ്പറിലുമുണ്ട്. ബമ്പറില്‍ റിഫ്ലക്ടറുകള്‍, റിയര്‍ സ്‌പോയ്‌ലര്‍, അതിന്മേല്‍ സ്റ്റോപ്പ് ലൈറ്റ് എന്നിവയാണ് പിന്നിലെ അഴകേറിയ വിശേഷങ്ങള്‍.

ഉള്ളില്‍
പുറത്തെ ഗ്ലാമര്‍ അകത്ത് അല്പം ഇടിയുന്നുണ്ട്. ഇവിടെ ഇക്കോസ്‌പോര്‍ട്ടാണ് സൗന്ദര്യത്തില്‍ അല്പം മുന്നില്‍. തെളിച്ചു പറഞ്ഞാല്‍ ഹ്യുണ്ടായുടെ സെഡാനുകളുടെ ഉള്‍ഭാഗ സൗന്ദര്യം ക്രെറ്റയ്ക്കില്ല. എങ്കിലും വളരെ ഭംഗിയായി ക്രമീകരിക്കപ്പെട്ട ഉള്‍ഭാഗമാണ്. ബീജ്/ബ്ലാക്ക് നിറമാണ് ഉള്‍ഭാഗത്ത്. ഡാഷ്‌ബോര്‍ഡുമായി ഇഴുകിച്ചേരുന്ന സെന്റര്‍ കണ്‍സോള്‍. ഇടയ്ക്കിടെ അലൂമിനിയം ഫിനിഷ്.

സെന്റര്‍ കണ്‍സോളിന്റെ തുടക്കത്തില്‍ ഏഴിഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച് സ്‌ക്രീനുണ്ട്. സ്വിച്ചുകള്‍ എല്ലാം ഐ-20 യില്‍ കണ്ടതു തന്നെ. സ്റ്റിയറിങ്ങിന് ഇടതുവശത്തായി പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സ്വിച്ച്, റിയര്‍വ്യൂ ക്യാമറ, നാവിഗേഷന്‍ സിസ്റ്റം. പിന്നില്‍ എയര്‍കണ്ടീഷണറിന്റെ വെന്റുകള്‍. സ്റ്റിയറിങ്ങില്‍ ഓഡിയോ ടെലിഫോണ്‍ (ബ്ലൂടൂത്ത്) കണ്‍ട്രോളുകള്‍ എന്നിവയുണ്ട്. വില കൂടിയ മോഡലില്‍ ലെതര്‍ അപ്‌ഹോള്‍സ്റ്ററിയുമുണ്ട്. ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇഎസ്പി തുടങ്ങിയ സുരക്ഷാ സൗകര്യങ്ങളും ക്രെറ്റയിലുണ്ട്.

പിന്‍ഭാഗത്തും സ്ഥലസൗകര്യത്തിന് കുറവില്ല. സെന്‍ട്രല്‍ ടണലിന് ഉയരം കുറവായതിനാല്‍ നടുവില്‍ ഇരിക്കുന്ന ആള്‍ക്ക് കാല്‍ നീട്ടിവെച്ച് ഇരിക്കാം. പിന്നിലെ വിന്‍ഡോഗ്ലാസ് അല്പം ചെറുതാണ്. ഉയരത്തിലുമാണ്, അതുകൊണ്ട് പിന്നില്‍ ഇരിക്കുന്നവര്‍ക്ക് ഉയര്‍ന്ന സീറ്റിങ് പൊസിഷനാണെങ്കിലും അങ്ങനെ അനുഭവപ്പെടില്ല. ഒരു സെഡാനെ ഓര്‍മ്മിപ്പിക്കുന്നത്ര ബൂട്ട്‌പ്ലേസും ക്രെറ്റയ്ക്കുണ്ട്.

എഞ്ചിന്‍
വെര്‍ന എന്ന സെഡാനിലെ എഞ്ചിനുകളാണ് ക്രെറ്റയിലും. 1.4, 1.6 ലിറ്റര്‍ ഡീസല്‍, 1.6 ലിറ്റര്‍ പെട്രോള്‍ എന്നിവയാണവ. 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ മോഡലില്‍ ഒരു 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സുകളുണ്ട്. ഹ്യുണ്ടായുടെ ടെസ്റ്റ് ട്രാക്കില്‍ ടെസ്റ്റ് ഡ്രൈവിനായി ലഭിച്ചത് 1.4 ലിറ്റര്‍ ഡീസല്‍ മാനുവല്‍ മോഡലും 1.6 ലിറ്റര്‍ ഡീസല്‍ ഓട്ടോമാറ്റിക് മോഡലുമാണ്. 125 ബി.എച്ച്.പി. പവറും 26.5 കി.ഗ്രാം മീറ്റര്‍ ടോര്‍ക്കും തരുന്ന മാനുവല്‍ മോഡല്‍ ആരുടെയും മനംകവരും. മാനുവല്‍ മോഡലില്‍ വളരെ ചെറിയ ലാഗ് തുടക്കത്തിലുണ്ടെങ്കിലും 1000-1200 ആര്‍ പി എമ്മില്‍ അത് അപ്രത്യക്ഷമാകുന്നുണ്ട്. പിന്നെ വാഹനം കുതിച്ചുപായും. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സില്‍ പാഡ്ല്‍ ഷീറ്റുകളില്ലെങ്കിലും ഗിയര്‍ ലിവറില്‍തന്നെയുള്ള പ്ലസ്, മൈനസ് മോഡുകള്‍ ഉപയോഗിച്ച് മാനുവല്‍ ഷിഫ്റ്റിലും വാഹനം ഓടിക്കാം. ടെസ്റ്റ് ട്രാക്കില്‍ ഒരു റേസ് കാര്‍ പോലെ പാഞ്ഞ ക്രെറ്റയില്‍ വളരെ ചെറിയ വേഗതയിലെ ഡ്രൈവ് ആസ്വദിക്കാനാകും. 6 സ്പീഡ് ഓട്ടോമാറ്റിക്കില്‍ ഗിയര്‍ ഷിഫ്റ്റുകളൊന്നും അറിയുന്നതേയില്ല. ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ സാങ്കേതിക വിദ്യയാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഹാന്‍ഡ്‌ലിങ്ങ്
ടെസ്റ്റ് ട്രാക്കില്‍ മാത്രമേ ഓടിച്ചുള്ളുവെങ്കിലും കോര്‍ണറിങ്ങിലും നേര്‍റോഡിലും ക്രെറ്റയുടെ സ്റ്റെബിലിറ്റി അഭിനന്ദനാര്‍ഹമാണ്. ബോഡിറോള്‍ വളരെ കുറവാണ് അനുഭവപ്പെട്ടത്. മാക്‌സിമം വേഗതയിലും ആത്മവിശ്വാസം നല്‍കുന്നുണ്ട് ക്രെറ്റ.

വിധി
മൈലേജും വിലയും ഉള്‍പ്പെടെയുള്ള പല കാര്യങ്ങളും ഇതുവരെ ഹ്യുണ്ടായ് വെളിപ്പെടുത്തിയിട്ടില്ല. 7.12 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. ഒരു കാര്യം ഉറപ്പ്. ഇന്ത്യയിലെ എസ്‌യുവി വിപണി ക്രെറ്റയുടെ 6 സ്പീഡ് ഡീസല്‍ ഓട്ടോമാറ്റിക് മോഡല്‍ മാറ്റിയെഴുതും.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

ബൈജു എന്‍ നായര്‍

ബൈജു എന്‍ നായര്‍

കേരളത്തിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റായ ലേഖകന്‍ സ്മാര്‍ട്ട് ഡ്രൈവ് മാസികയുടെ ചീഫ് എഡിറ്ററാണ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍