UPDATES

ഇത് അതിജീവനത്തിന്‍റെ ജീവിത യുദ്ധം

Avatar

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അടക്കം അഞ്ചു ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രമാണ് ഫ്രഞ്ച് സംവിധായകനായ ലൌറെന്റ് ലാവിയെറിന്റെ ഐ ആം എ സോള്‍ജ്യര്‍. ലൌറെന്റ് അഴിമുഖം പ്രതിനിധി ഉണ്ണികൃഷ്ണന്‍ വിമായി സംസാരിക്കുന്നു. 

തൊഴിലില്ലായ്മ ഫ്രാന്‍സിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതായി താങ്കള്‍ പറയുന്നു. താങ്കളുടെ ചിത്രത്തിലെ കേന്ദ്രകഥാപാത്രം സമാനമായ ഒരവസ്ഥയില്‍ നിന്നാണ് വരുന്നത്. അതേക്കുറിച്ച്  വിശദീകരിക്കാമോ? 

തൊഴിലില്ലായ്മ ഒരു വലിയ പ്രശ്‌നമാണ്, അത് ഏതു രാജ്യത്തായാലും. ഫ്രാന്‍സും അങ്ങനെ ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുന്നുണ്ട്. ഈ ചിത്രത്തിന്റെ കേന്ദ്രം 30വയസ്സുകാരിയായ ഒരു സ്ത്രീയാണ്. ആ പ്രായത്തില്‍ സമൂഹത്തില്‍ ഇവര്‍ക്കുണ്ടാവുന്ന അപമാനത്തില്‍ നിന്നാണ് കഥ ആരംഭിക്കുന്നത്. അങ്ങനെയൊരു ചുറ്റുപാട് തരണം ചെയ്യുക അത്യന്തം കഠിനമായ ഒന്നാണ്. കാശില്ല, വീടില്ല, വാഹനമില്ല, പ്രണയമില്ല അങ്ങനെ ഒരുപാടു കാര്യങ്ങള്‍ നമ്മളെ വേദനിപ്പിക്കും. അത്തരം ഒരു അവസ്ഥ അഭിമുഖീകരിക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം ജീവിതം പരാജയമാണ്.

സമൂഹത്തില്‍ ആ വ്യക്തി നേരിടേണ്ടി അവസ്ഥയാണ് ഞങ്ങള്‍ ആദ്യമായി ശ്രദ്ധിച്ചത്. അതില്‍ നിന്നും അയാള്‍ക്കുണ്ടാവുന്ന ട്രാന്‍സ്‌ഫോര്‍മേഷന്‍ ആണ് കൂടുതലും രേഖപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ കേന്ദ്രകഥാപാത്രമായ സാന്‍ഡ്രൈന്‍ എന്ന യുവതി എത്തപ്പെടുന്നത് കിഴക്കന്‍ യൂറോപ്പില്‍ നിന്നും നായകളെ കടത്തുന്ന ഒരു കേന്ദ്രത്തിലേക്കാണ്. പുരുഷമേധാവിത്യമുള്ള ആ മേഖലയില്‍ അവര്‍ പ്രശസ്തയാകുന്നു. അത് അവരുടെ വ്യക്തിത്വത്തില്‍ നിന്ന് തന്നെയുള്ള മാറ്റമാണ്.

ചിത്രത്തില്‍ അവര്‍ ഏര്‍പ്പെടുന്ന ജോലിയിലൂടെ ഞങ്ങള്‍ വ്യക്തമാക്കാന്‍ ശ്രമിച്ചത് ഇപ്പോള്‍ മനുഷ്യര്‍ മനുഷ്യരോട് എങ്ങനെയാണ് പെരുമാറുന്നത് എന്നതാണ്. സാന്‍ഡ്രൈന്റെ ഏക ലക്ഷ്യം തന്റെ ജീവിതം സുരക്ഷിതമാക്കുകയാണ്. അതിനു മുന്‍പില്‍ പ്രതിബന്ധമാകുന്ന ജീവനുകള്‍, സിനിമയില്‍ അത് നായ്ക്കളുടെതാണ്, അവര്‍ക്ക് പ്രശ്‌നമേയല്ല. 

തൊഴില്‍രഹിതയായ യുവതിയില്‍ നിന്നും നായ്ക്കളെ കടത്തുന്ന കേന്ദ്രത്തിലൂടെ ആ മേഖലയിലെ പ്രധാനിയായുള്ള നായികയുടെ വളര്‍ച്ച. കഥയിലുണ്ടാകുന്ന മാറ്റം തികച്ചും അപ്രതീക്ഷിതമാണ്. അത്തരമൊരു പ്ലോട്ടിലേക്ക് കഥയെ വഴിതിരിച്ചുവിടാനുള്ള കാരണം?

തുടക്കത്തില്‍ വളരെയധികം ഒറ്റപ്പെടുത്തലുകളും പഴികളും ഒക്കെ കേള്‍ക്കേണ്ടി വരികയും ചെയ്ത ഒരു കഥാപാത്രമാണ് സാന്‍ഡ്രൈന്‍. അവര്‍ നായകളെ കടത്തുന്ന തൊഴിലിലേക്ക് എത്തുമ്പോള്‍ അവര്‍ക്ക് സമൂഹത്തില്‍ സ്ഥാനം ലഭിക്കുന്നു. അവരുടെ ആത്മവിശ്വാസത്തില്‍ തന്നെ ഉയര്‍ച്ചയുണ്ടാവുന്നു. തുടര്‍ന്ന് ആ മേഖലയില്‍ അവര്‍ അറിയപ്പെടുന്ന വ്യക്തിത്വമാകുന്നു. ജോലിക്കു വേണ്ടി കഷ്ടപ്പെട്ട നാളുകളില്‍ താന്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അവര്‍ ബോധവതിയായിരുന്നില്ല. എന്നാല്‍ വളര്‍ച്ചയുടെ ആ ഘട്ടത്തില്‍ തന്റെ ജീവനുവേണ്ടി ഹോമിക്കപ്പെടുന്ന ജീവനുകളെക്കുറിച്ച് അവര്‍ക്കു മനസ്സിലാക്കുന്നു.

സിനിമാ സംവിധായകന്‍ എന്ന നിലയില്‍ സമൂഹത്തോടുള്ള പ്രതിബദ്ധത എങ്ങനെയാണ് പ്രകടിപ്പിക്കുന്നത്?

ഒറ്റയടിക്ക് ലോകം മാറ്റാന്‍ നമ്മെക്കൊണ്ടു സാധിക്കില്ല. പക്ഷേ എന്തിലും നമ്മെക്കൊണ്ടു കഴിയുന്ന ഒന്നുണ്ടാവും. ഞാന്‍ കണ്ടസിനിമകള്‍ ലോകത്തിനെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകള്‍ മാറ്റിയിട്ടുണ്ട്. അതുപോലെ തന്നെ മറ്റു ചിലരെയും ആ ചിത്രങ്ങള്‍ സ്വധീനിച്ചിട്ടുണ്ടാവാം. ഒരു പക്ഷേ വളരെ കുറച്ച് ആള്‍ക്കാരെ മാത്രമാവാം. എന്നാലും അതു മാറ്റം തന്നെയാണ്. അവരിലൂടെ ഒരു പക്ഷെ നല്ലൊരു ശതമാനം ആള്‍ക്കാര്‍ക്കും മാറ്റമുണ്ടായേക്കാം.

കേരളത്തെക്കുറിച്ചും ഐഎഫ്എഫ്‌കെയെക്കുറിച്ചും എന്താണ് അഭിപ്രായം?

ഇന്ത്യയിലേക്കുള്ള ആദ്യ വരവാണ് ഇത്. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ശ്രീലങ്കയില്‍ വന്നിട്ടുണ്ടായിരുന്നു. ഇപ്രാവശ്യം ആദ്യം ഗോവയിലെ ഫെസ്റ്റിവലില്‍ എത്തി, പിന്നീട് കേരളത്തിലും. മറ്റുള്ള ഫെസ്റ്റിവലുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഇവിടം. ഇത്രത്തോളം ജനപങ്കാളിത്തമുള്ള ഒന്ന് ഞാനാദ്യം കാണുകയാണ്. ഇന്ത്യന്‍ സിനിമകള്‍ തിയേറ്ററില്‍ കാണാന്‍ അവസരം ലഭിച്ചിട്ടില്ല. ഡിവിഡി ഷോപ്പുകളില്‍ ലഭ്യമായ ചില സിനിമകള്‍ കണ്ടിട്ടുണ്ട്. എന്റെ ചിത്രത്തില്‍ ഒരു സീനില്‍ താജ്മഹലും വരുന്നുണ്ട്. ഡെക്കറേഷന്റെ ഭാഗമായി ഭിത്തിയില്‍ തൂക്കിയത് താജ്മഹലിന്റെ ഫോട്ടോ ആയിരുന്നു.

അടുത്ത ചിത്രം?
ഓരോ ചിത്രങ്ങളുടെയും പ്ലോട്ട് കണ്ടെത്തുന്നത് ഞാനും സഹഎഴുത്തുകാരനും കൂടിയാണ്. നാളുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് കഥയിലേക്ക് വരിക. ഓരോ പ്രാവിശ്യവും കൂടുതലായി എന്ത് ചിത്രങ്ങളില്‍ കൊണ്ടുവരാം എന്നുള്ളതില്‍ വിശദമായ ചര്‍ച്ചകള്‍ നടത്താറുണ്ട്.

പുതിയത് എഴുതി തുടങ്ങിയിട്ടേയുള്ളൂ. തികച്ചും വ്യത്യസ്തമായ ഒരു പ്രമേയമാണ്. ഓര്‍മ്മകള്‍, അതാണ് കഥാതന്തു. നമ്മള്‍ മറക്കാന്‍ ആഗ്രഹിക്കുന്നതും സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നതുമായ ഓര്‍മ്മകള്‍. കുറെയേറെ കടമ്പകള്‍ ബാക്കിയുണ്ട്, എന്നാലും അധികം താമസിയാതെ തന്നെ ആരംഭിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍