UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നരേന്ദ്ര മോദി അന്തസോടെ മാത്രം പെരുമാറണമെന്ന് വാശി പിടിക്കരുത്

Avatar

വിനയ രാഘവന്‍

ഞാന്‍ ദേശസ്‌നേഹിയാണ്, പക്ഷേ കടുത്ത ദേശീയതാവാദവുമായി നടക്കുന്ന പാവയല്ല. ഞാന്‍ രാജ്യസ്‌നേഹിയാണ്, പക്ഷേ, ഒരു സ്വിച്ചിട്ടാല്‍ രാജ്യത്തെക്കുറിച്ച് അഭിമാനവും ലജ്ജയും നിറയുന്ന ആളല്ല ഞാന്‍. ഇന്ത്യാക്കാരിയായതില്‍ അഭിമാനിക്കുന്നു എന്നും ലജ്ജിക്കുന്നു എന്നും ആളുകള്‍ പറയുമ്പോള്‍ ഞാന്‍ അമ്പരക്കാറുണ്ട്. രണ്ടും ഒരേപോലെ അസംബന്ധമായാണ് എനിക്കു തോന്നാറുള്ളത്. താന്‍ പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് ഇന്ത്യയില്‍ ജനിച്ചതില്‍ ആളുകള്‍ ലജ്ജിച്ചിരുന്നു എന്ന നരേന്ദ്ര മോദിയുടെ പ്രസ്താവന ഒന്നുകില്‍ അദ്ദേഹത്തിന്റെ തന്നെ സൃഷ്ടിയാകാം അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പി ആര്‍ കമ്പനി വക ബുദ്ധിയുമാകാം. വിദേശരാഷ്ട്രങ്ങളില്‍ നമ്മെ പ്രതിനിധീകരിച്ച് ഇതുപോലെ സംസാരിക്കാന്‍ മാത്രം ധാര്‍ഷ്ട്യമുള്ള അല്ലെങ്കില്‍ ഇതുപോലെ സംസാരിക്കണം താന്‍ എന്നു കരുതുന്ന ഒരു നേതാവ് നമുക്കുണ്ടായതാണ് ശരിക്കും ലജ്ജാകരമായ കാര്യം. യു എസ് പ്രസിഡന്റിനെ ‘ബരാക്’ എന്നു വിളിച്ചതേ തെറ്റായിരുന്നു. പിന്നെ നമ്മുടെ പ്രധാനമന്ത്രിയായതുകൊണ്ട് അയാള്‍ ചെയ്യുന്ന ഇത്തരം കാര്യങ്ങളൊക്കെ നമ്മെ ലജ്ജിപ്പിക്കണോ? വേണമെന്നും വേണ്ടെന്നുമാണ് ഉത്തരം. തന്റെ സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങളില്‍ നിന്നും ഈ വക കൈക്രിയകളിലൂടെ ശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിക്കുന്ന ഒരാളെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തതിലാണ് നാം വീണ്ടും ലജ്ജിക്കേണ്ടത്.

അതുകൊണ്ടായിരിക്കും ഇങ്ങനെ രസിപ്പിക്കുന്ന, വിവാദമുണ്ടാക്കുന്ന, ഒരു ജനപ്രിയ പ്ലിംഗമുഖനെ പ്രധാനമന്ത്രിയാക്കാന്‍ ബി ജെ പി തീരുമാനിച്ചത്. ഒരുതരത്തിലുള്ള ബോളിവുഡ് ആഗ്രഹപൂര്‍ത്തി അത് നല്കും. ഫാസിസത്തിന്, ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ തെരഞ്ഞെടുത്ത് ജനങ്ങളുടേതാകാന്‍ കഴിയുമെന്നതാണ് ജനാധിപത്യത്തിന്റെ ഒരു കുറവ്. ഇന്ത്യക്കിതിലൂടെ കടന്നുപോയേ പറ്റൂ. കാരണം ഇത്തരം ആളുകള്‍ക്ക് അധികാരത്തിലെത്താന്‍ കഴിയുമെന്നത് അതിന്റെ ജനാധിപത്യത്തിന്റെ ജന്‍മസ്വഭാവമാണ്. ഇത്തവണ നമ്മള്‍ കുറച്ചേറെ നിര്‍ഭാഗ്യവാന്മാരായിപ്പോയി എന്നുമാത്രം.
 
സിയൂളില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ കാര്യമെടുക്കാം. മധ്യവര്‍ഗ പ്രവാസി ഇന്ത്യക്കാരുമായി അദ്ദേഹം ഒരു ബന്ധം സൃഷ്ടിച്ചെടുത്തു എന്നത് ശരിയാണ്. നാട് വിട്ടു പോകുന്നവരുടെ അബോധമനസില്‍ ഒരു ഹോളിവുഡ്/ബോളിവുഡ് ശൈലിയിലെ കുറ്റബോധമുണ്ട്. മാതൃഭൂമി. മദര്‍ ഇന്ത്യ എന്ന സിനിമ. നര്‍ഗീസ് ദത്തും പിന്നെ സകല ഗൃഹാതുര ദൃശ്യങ്ങളും. മാതൃഭൂമി എന്ന വാക്ക് തന്നെ ആ കുറ്റബോധം സൃഷ്ടിക്കാനാണ്. മതത്തില്‍ ദൈവമെന്ന പോലെ. ജീവിതത്തെക്കുറിച്ച് പൊതുവേ ചിന്തിക്കുമ്പോള്‍ മനുഷ്യരെ കുറ്റബോധം എളുപ്പത്തില്‍ പിടികൂടുമെന്നതിനാല്‍ ഇത്തരം ആളുകള്‍ സ്വതന്ത്രരല്ല. കുറ്റബോധം നമ്മെ അന്ധരാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. ഇതിനപ്പുറത്തേക്ക് കടക്കാന്‍ വലിയ പാടാണ്. കാരണം എല്ലാ ദിവസവും അത്തരത്തില്‍ എന്തെങ്കിലുമൊന്നുണ്ടാകും, ചെയ്യേണ്ടയത്ര ചെയ്തില്ല, വേണ്ടത്ര സ്‌നേഹിച്ചില്ല, അങ്ങനെ പലതും. ഞാനും ഒരു പ്രവാസിയായിരുന്നു. എനിക്കുമുണ്ടായിരുന്നു അത്തരം തോന്നലുകള്‍.

 
മനുഷ്യര്‍ക്കിടയില്‍ വൈവിധ്യം വളരെ സ്വാഭാവികമാണെന്ന് വളരെക്കാലമെടുത്താണ് എനിക്കു മനസിലായത്. നിങ്ങളൊരു നല്ല ജീവിതം ജീവിക്കുകയും ജീവിക്കുന്ന സ്ഥലത്തെ സമ്പുഷ്ടമാക്കുകയും ചെയ്യുന്നിടത്തോളം നിങ്ങള്‍ക്ക് എവിടെയായാലും ഒറ്റപ്പെടല്‍ തോന്നേണ്ടതില്ല. ദേശസ്‌നേഹം എന്നാല്‍ നിങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകളെ പരിഗണിക്കുകയും സ്വാര്‍ത്ഥിയാകാതിരിക്കുകയും ചെയ്യുക എന്നതാണ്. നിങ്ങള്‍ സമൂഹത്തില്‍ നിന്നും എന്തെങ്കിലും എടുക്കുന്നു, അത് തിരിച്ചും കൊടുക്കുക എന്ന ലളിതയുക്തി. അതിപ്പോള്‍ ദാനമോ എന്‍ജിഒ പണിയോ ആകണമെന്നില്ല. ജോലിയും, നികുതിയടക്കലും, അയല്‍ക്കാരനെ സഹായിക്കലും അങ്ങനെ എന്തുമാകാം.

ഞാന്‍ സാമാന്യവത്കരിക്കുകയല്ല. പക്ഷേ എന്റെ പ്രവാസി അനുഭവങ്ങള്‍ കുറ്റബോധവും ആശയക്കുഴപ്പങ്ങളും നിറഞ്ഞതാണ്. എന്റെ യു കെ ജീവിതം തുടക്കത്തില്‍ ഒട്ടും സുഖമുള്ളതായിരുന്നില്ല. പോര്‍ട്ട്‌സ്‌മൌത്തിലെ ഒരു ഉറക്കം തൂങ്ങിയ തീരനഗരത്തിലായിരുന്നു ഞാന്‍. ലണ്ടന്‍ പോലെ ബഹു വംശീയതകള്‍ നിറഞ്ഞ ഒരു സ്ഥലമായിരുന്നില്ല അത്. പക്ഷേ നിരന്തരമായ ശ്രമം കൊണ്ട് നാട് വിട്ടതിന്റെ കുറ്റബോധം ഞാന്‍ മറികടന്നു. എന്റെ കുടുംബത്തെ പിരിഞ്ഞതിന്റെ വിഷമം ഉണ്ടായിരുന്നെങ്കിലും. ബാംഗ്ലൂരില്‍ നിന്നും കേരളത്തിലെ വീട്ടില്‍ പോകുന്നതും കുടുംബത്തെ കാണുന്നതുമെല്ലാം ഇല്ലാതായത് വിഷമം തന്നെയായിരുന്നു. എന്റെ തൊലിനിറവും എന്നെ അവിടെ കണ്ടിരുന്ന രീതിയുമായെല്ലാം പൊരുത്തപ്പെടാന്‍ സമയമെടുത്തു. വെളുക്കാനുള്ള ചര്‍മ്മലേപനങ്ങള്‍ പുരട്ടുന്നത് ഞാന്‍ നിര്‍ത്തി, കാരണം എന്റെ തവിട്ടു നിറം കൊള്ളാമെന്ന് അവിടത്തുകാര്‍ പറഞ്ഞു. പബ്ബുകളില്‍ പോയി പീഡനത്തിന്റെയോ ചൂഷണത്തിന്റെയോ ഭീതിയോ കുറ്റബോധമോ (വീണ്ടും കുറ്റബോധം) ഇല്ലാതെ എനിക്കു കുടിക്കാം. രാത്രി ഒമ്പതു മണിക്കും അത്ര പേടി കൂടാതെ വീട്ടിലേക്ക് നടന്നുപോകാം. ആളുകള്‍ എന്റെ മുലകളിലും കാലുകളിലും തുറിച്ചുനോക്കും എന്ന ആശങ്ക കൂടാതെ കുപ്പായങ്ങള്‍ ധരിക്കാം. അങ്ങനെ യു കെ ജീവിതത്തിനു അതിന്റെതായ സുഖങ്ങളും ഉണ്ടായിരുന്നു. ക്രമേണ അതെന്റെ സാധാരണ ജീവിതമായി മാറി. പറഞ്ഞുവന്നത് ഈ കുറ്റബോധത്തിന്റെ ആവശ്യമില്ല എന്നാണ്. ഇന്ത്യക്കാരായതില്‍ ലജ്ജയുണ്ടെന്ന്, ഇന്ത്യ വിട്ടത് ഒരു തന്ത്രമാണെന്നും സൂചിപ്പിക്കുന്നത് ഈ മുറിവില്‍ ലേപനം പുരട്ടുകയും അതേസമയം അതിനെ അവിടെ നിലനിര്‍ത്തുകയും ചെയ്യുന്ന പോലെയാണ്. ആളുകള്‍ക്ക് അവര്‍ക്കിഷ്ടമുള്ള സ്ഥലത്തേക്ക് യാതൊരു കുറ്റബോധവുമില്ലാതെ കുടിയേറാം. അവര്‍ കണ്ടെത്തുന്ന വീടും ശ്വസിക്കുന്ന വായുവും ഇന്ത്യനായിരിക്കണം എന്നില്ല. നിങ്ങള്‍ ജീവിക്കുന്ന സമൂഹത്തോട് ഉള്‍ച്ചേരാന്‍ കഴിയുന്നിടത്തോളം അത് സംതൃപ്തവുമാണ്. 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നമ്മുടേതായ ഒരു തെരഞ്ഞെടുപ്പുമില്ലാതെ തികച്ചും ആകസ്മികതയാല്‍ പിറന്നുവീണ ഒരു സ്ഥലത്തെ കുറിച്ചു അഭിമാനമോ ലജ്ജയോ ഒക്കെ തോന്നുന്നത് തികച്ചും സാങ്കല്‍പികമാണ്. കാരണം ഇങ്ങനെയാണ് കുറ്റബോധത്തെ മുതലെടുക്കുന്ന നേതാക്കന്മാരും അത്തരം ഉന്മാദം നിറഞ്ഞ പൊതുബോധത്തിന്റെ പാവകളും ഉണ്ടാകുന്നത്. ഈ ഒരൊറ്റ പ്രസ്താവന കൊണ്ട് തോന്നുന്നത് പ്രധാനമന്ത്രിക്ക് താന്‍ ജീവിക്കുന്ന സ്ഥലത്തെ കുറിച്ച് ഒരു ദേശാഭിമാനവും ഇല്ലെന്നാണ്. നേപ്പാള്‍ രക്ഷാ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രിയുടെ പരസ്യപരിപാടിയായി മാറ്റിയ മാധ്യമ കോമാളിത്തം ലജ്ജാകരവും അസ്വാസ്ഥ്യജനകവുമാണ്. ഇന്ത്യക്കാരനോ, അറബോ, അമേരിക്കനോ ആയതില്‍ അഭിമാനിക്കാനും ലജ്ജിക്കാനും ഒന്നുമില്ല. സാംസ്‌കാരിക സ്വത്വവും അഭിമാനവും മതം പോലെ, ക്രിക്കറ്റിനോടുള്ള ഇഷ്ടം പോലെ തികച്ചും വ്യക്തിപരമായ ഒന്നാണ്. അതിനു ജനാധിപത്യത്തിലോ രാഷ്ട്രീയത്തിലോ ഒരു സ്വാധീനവും ഉണ്ടാകേണ്ടതില്ല. കൊളോണിയലിസം പറഞ്ഞ് ഒരു ബ്രിട്ടീഷുകാരനെയോ, ഇറാഖ് അധിനിവേശം ചൂണ്ടിക്കാണിച്ച് ഒരു അമേരിക്കക്കാരനെയോ ജാതിയുടെയും, സ്ത്രീകള്‍ക്കെതിരായ ആക്രമങ്ങളുടെയും പേരില്‍ ഒരു ഇന്ത്യക്കാരനെയും നിങ്ങള്‍ക്ക് കുത്തിനോവിക്കാം. പോത്തിറച്ചി തിന്നുന്ന തവിട്ടു നിറമുള്ള തൊലിയുള്ള തെക്കേ ഇന്ത്യന്‍ എന്ന നിലക്ക് അമേരിക്കയിലോ യു കെയിലോ അല്ല ഇന്ത്യയിലാണ് ഞാന്‍ ഏറ്റവുമധികം വംശീയ വിവേചനം നേരിട്ടത്. സമൂഹങ്ങള്‍ വ്യത്യസ്തമായ സാഹചര്യങ്ങളിലും ഭൂപ്രദേശത്തും വ്യതിരിക്തമായ വേഗങ്ങളിലാണ് ഉരുത്തിരിഞ്ഞത്. അതുകൊണ്ടു അതിലൊന്നും അഭിമാനത്തിന്റെയോ ലജ്ജയുടെയോ പ്രശ്‌നം ഉദിക്കുന്നില്ല. ഇത് തിരിച്ചറിഞ്ഞാല്‍ എവിടേയും നമുക്ക് ഉള്‍ച്ചേരാം. ചുറ്റുമുള്ളവരെ കൂടുതല്‍ മെച്ചപ്പെടാന്‍ സഹായിക്കാം. എന്നെ സംബന്ധിച്ചു അതാണ് ദേശസ്‌നേഹം. അതെനിക്ക് സ്വാതന്ത്ര്യവും സംതൃപ്തിയും തരുന്നുണ്ട്.

 

(ബാംഗ്ലൂരില്‍ ഐ.റ്റി മേഖലയില്‍ ജോലി ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍