UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജ്യദ്രോഹി ആയതില്‍ ഞാന്‍ അഭിമാനിക്കുന്നു-രാജ്ദീപ് സര്‍ദേശായി

Avatar

അഴിമുഖം പ്രതിനിധി

ദേശവിരുദ്ധന്‍ എന്നു വിളിക്കപ്പെടുന്നത് അഭിമാനകരമാകുന്നത് എന്തുകൊണ്ടാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമായ രാജ് ദീപ് സര്‍ദേശായി ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതിയ ലേഖനത്തില്‍ വിശദീകരിക്കുന്നു. അദ്ദേഹത്തിന്റെ വാദമുഖങ്ങള്‍ ഇവയാണ്:

1990കളില്‍ല്‍ രാജ്യത്തിന്റെ ഭരണസംവിധാനം മതേതര, വ്യാജ മതേതതര തരംതിരിവുകളാല്‍ മുഖരിതമായിരുന്നു. ഇപ്പോള്‍ കൂടുതല്‍ ഹാനികരമായ മറ്റൊരു വിഭജനം സൃഷ്ടിക്കപ്പെട്ടുവരികയാണ്- ദേശസ്‌നേഹികളും ദേശവിരുദ്ധരും.

സാമൂഹിക മാധ്യമങ്ങളില്‍ ആദ്യമായി ദേശവിരുദ്ധന്‍ എന്ന് ആക്ഷേപിക്കപ്പെട്ടപ്പോള്‍ എനിക്ക് ക്ഷോഭം തോന്നി. ഇന്ന്, വര്‍ഷങ്ങള്‍ക്കുശേഷം, ദേശഭക്തി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യപ്പെടുന്ന വര്‍ത്തമാനകാല രാഷ്ട്രീയം ഇങ്ങനെ വിളിച്ചുപറയാന്‍ എന്നെ പ്രേരിപ്പിക്കുന്നു: അഭിമാനത്തോടെ പറയൂ ഞങ്ങള്‍ ദേശവിരുദ്ധരാണ്. കാരണം പറയാം.

അതെ, ഞാന്‍ ഒരു ദേശവിരുദ്ധനാണ്. കാരണം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വിശാല അര്‍ത്ഥത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. ഇതിനു യുക്തമായ രണ്ട് നിയന്ത്രണങ്ങള്‍ അക്രമത്തിന് പ്രേരിപ്പിക്കലും വിദ്വേഷം ഉണ്ടാക്കലും മാത്രമാണ്.

വിദ്വേഷം ഉണ്ടാക്കുന്നത് എന്ത് എന്നത് സംവാദത്തിനു വിഷയമാണ്. ഉദാഹരണത്തിന് രാം ജന്മഭൂമി പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം – ജോ ഹിന്ദു ഹിത് കി ബാത് കരേഗ, വഹി ദേശ് പെ രാജ് കരേഗ – ഹിന്ദുരാജ്യത്തിനു വേണ്ടിയുള്ള തുറന്ന ആഹ്വാനമായിരുന്നു. ഇത് നിയമവിരുദ്ധമാണോ അല്ലയോ? ഇത് സമുദായസ്പര്‍ധ വളര്‍ത്തുന്നതാണോ?

ഖാലിസ്ഥാന്‍ വാദികളുടെ മുദ്രാവാക്യമായ – രാജ് കരേഗ ഖല്‍സ – ദേശവിരുദ്ധമാണോ? ബല്‍വന്ത് സിങ്ങും പഞ്ചാബ് സര്‍ക്കാരും തമ്മിലുള്ള കേസില്‍ സുപ്രിം കോടതിവിധി ഇത് ദേശവിരുദ്ധമല്ല എന്നായിരുന്നു.

പാര്‍ലമെന്റ് ഭീകരാക്രമണത്തിലെ പ്രതി അഫ്‌സല്‍ ഗുരുവിന് അനുകൂലമായി ജെഎന്‍യുവില്‍ നടന്ന മുദ്രാവാക്യങ്ങള്‍ എന്നെ അസ്വസ്ഥനാക്കുന്നുവെങ്കിലും അത് ദേശവിരുദ്ധമായി കാണുന്നില്ല എന്നതിലാണ് ഞാന്‍ ദേശവിരുദ്ധനാകുന്നത്. തെളിവായി കാണിക്കപ്പെടുന്ന വിഡിയോയില്‍ വിദ്യാര്‍ത്ഥികള്‍ – അവരെല്ലാം യഥാര്‍ത്ഥ വിദ്യാര്‍ത്ഥികള്‍ തന്നെയോ എന്നറിയില്ല – ഭാരത് കി ബര്‍ബാദി തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും അഫ്‌സലിന്റെ രക്തസാക്ഷിത്വത്തെ പ്രശംസിക്കുകയും ചെയ്യുന്നുണ്ട്.

പ്രസംഗങ്ങള്‍ പൊതുവെ സര്‍ക്കാരിനെതിരെയാണ്. പക്ഷേ വിദ്യാര്‍ത്ഥികളെ ഭീകരരായി കാണാന്‍ മാത്രം പോന്നതാണോ അവ? സ്വാതന്ത്ര്യബോധത്തോട് രാഷ്ട്രീയചായ്‌വ് കാണിക്കുന്നു എന്നതല്ലേ അവര്‍ ചെയ്യുന്നുള്ളൂ?  ഒരു ആശയത്തെ പിന്തുണയ്ക്കുന്നതുകൊണ്ടുമാത്രം അവരെ ജിഹാദികള്‍ എന്നു മുദ്രകുത്തുകയും രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ചെയ്യാന്‍ കഴിയുമോ?

അതെ. നമ്മുടേതുപോലുള്ള ബഹുഗോത്ര ജനാധിപത്യത്തില്‍ കാശ്മീര്‍ വിഭജനവാദികളുമായും സ്വയംഭരണം ആവശ്യപ്പെടുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമായും ചര്‍ച്ച നടത്തണമെന്നു വിശ്വസിക്കുന്നതുകൊണ്ട് ഞാന്‍ ദേശവിരുദ്ധനാണ്. എഫ്ടിഐഐയിലെയും ജെഎന്‍യുവിലെയും വിദ്യാര്‍ത്ഥി പ്രക്ഷോഭകരുടെ ആവശ്യങ്ങള്‍ കേള്‍ക്കുന്നതുപോലെ തന്നെ ഞാന്‍ ശ്രീനഗറിലും ഇംഫാലിലുമുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭകര്‍ക്കും ചെവികൊടുക്കും.

നിയമം ലംഘിക്കുന്ന, അക്രമത്തിനു പ്രേരിപ്പിക്കുന്ന, ഭീകരതയില്‍ അഭയം പ്രാപിക്കുന്നവരെ ശിക്ഷിക്കുക. പക്ഷേ ഭിന്നാഭിപ്രായങ്ങള്‍ ഉള്ളവരുമായി ചര്‍ച്ച നടത്താനുള്ള കഴിവ് ഇല്ലാതാക്കരുത്. അഭിപ്രായസ്വാതന്ത്ര്യം നിലനില്‍ക്കുന്നത് വിയോജിക്കാനുള്ള അവകാശത്തിന്മേലാണ്. ഭിന്നവീക്ഷണങ്ങളെ കൂവിത്തോല്‍പ്പിക്കുന്നത് – തെരുവിലായാലും പ്രൈം ടൈം ടിവിയിലായാലും – എന്റെ ആശയത്തിലെ ഇന്ത്യയല്ല.

ദേശീയത സംബന്ധിച്ച കാര്യത്തില്‍ ഇരട്ടത്താപ്പിനു മുതിരുന്നില്ല എന്നതിനാല്‍ ഞാന്‍ ദേശവിരുദ്ധനാണ്. അഫ്സല്‍ ഗുരുവിനെ പിന്തുണയ്ക്കുന്നത് ദേശദ്രോഹമാണെങ്കില്‍ ബിജെപിയും പിഡിപിയും ചേര്‍ന്ന ജമ്മു കശ്മീര്‍ മന്ത്രിസഭയിലെ പകുതിപ്പേരെങ്കിലും ദേശദ്രോഹക്കുറ്റം ചുമത്തപ്പെടേണ്ടവരാണ്. തെറ്റായ നീതിനിര്‍വഹണമെന്ന് ആരോപിച്ച് അഫ്‌സലിന്റെ വധത്തിനെതിരെ പ്രതിഷേധിക്കുകയായിരുന്നു പിഡിപിയുടെ നിലപാട്. വ്യാജകേസില്‍ കുടുക്കപ്പെട്ടയാള്‍ എന്നനിലയിലാണു കശ്മീരി യുവത അഫ്‌സലിനെ കാണുന്നതെങ്കില്‍ അവരെ നിയമ, രാഷ്ട്രീയ സംവാദത്തിനു വെല്ലുവിളിക്കാം. പക്ഷേ അവരുടെ കാഴ്ചപ്പാട് രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലുള്ളവര്‍ക്ക് അപ്രിയമാണ് എന്നതുകൊണ്ടുമാത്രം അവരെ ജിഹാദികള്‍ എന്നുവിളിക്കാനാകുമോ?

ജനുവരി 30ന് രാജ്യം മഹാത്മാഗാന്ധിയുടെ മരണത്തില്‍ ദുഃഖിക്കുമ്പോള്‍ എല്ലാ വര്‍ഷവും നാഥുറാം ഗോഡ്‌സെയെ മഹത്വവല്‍ക്കരിക്കുന്ന ഹിന്ദു മഹാസഭയും ദേശവിരുദ്ധ സംഘടനയല്ലേ? ബിജെപി എംപി സാക്ഷി മഹാരാജിന്റെ ഗോഡ്‌സെ അനുകൂലവാദങ്ങള്‍ ദേശവിരുദ്ധമാണോ അതോ ദേശീയതയുടെ നിര്‍വചനങ്ങള്‍ അധികാര രാഷ്ട്രീയത്തിന്റെ സൗകര്യത്തിനനുസരിച്ച് മാറ്റപ്പെടുമോ?

ഗായത്രിമന്ത്രം കേട്ടുണരുന്ന ഒരു അഭിമാനമുള്ള ഹിന്ദുവാണ് ഞാന്‍. നല്ല ബീഫ് സ്റ്റീക്കിനെയും ഞാന്‍ ഇഷ്ടപ്പെടുന്നു. ഇത് ബിജെപി മന്ത്രി മുക്താര്‍ നഖ്‌വിയുടെ അഭിപ്രായപ്രകാരം എന്നെ പാക്കിസ്ഥാനിലേക്ക് അയയ്ക്കാന്‍ തക്ക ദേശദ്രോഹ പ്രവൃത്തിയാണ്. എന്റെ രാജ്യത്തിന്റെ സമ്പന്നമായ പാരമ്പര്യം ഞാന്‍ ഭക്ഷണത്തിലൂടെ ആഘോഷിക്കുന്നു. ഈദിന് കൊര്‍മ, ക്രിസ്മസിന് ഗോവയിലെ എന്റെ കത്തോലിക്ക അയല്‍ക്കാര്‍ക്കൊപ്പം പോര്‍ക്ക് സോര്‍പൊടെല്‍, ദിവാലിക്ക് ശ്രീഖണ്ഡ് എന്നിങ്ങനെയാണ് എന്റെ ഇഷ്ട ഭക്ഷണം. എനിക്കിഷ്ടപ്പെട്ട ഭക്ഷണം കഴിക്കുക എന്നത് എന്റെ സ്വാതന്ത്ര്യമാണ്. അത് വിട്ടുകൊടുക്കാന്‍ ഞാന്‍ തയാറില്ല. അങ്ങനെ ഞാന്‍ വീണ്ടും ദേശവിരുദ്ധനാകുന്നു.

പൊലീസുകാര്‍ നോക്കിനില്‍ക്കെ, ഭാരത് മാതായുടെ പേരില്‍ നിരായുധരായ വനിതാ ജേണലിസ്റ്റുകളെ ആക്രമിക്കുന്ന നിയമമില്ലാത്ത അഭിഭാഷകരെ എതിര്‍ക്കുന്നതിനാലും ഞാന്‍ ദേശവിരുദ്ധനാണ്. 1992 ഡിസംബറിലും വനിതാ ജേണലിസ്റ്റുകള്‍ ആക്രമിക്കപ്പെട്ടിരുന്നു എന്നത് മറക്കരുത്.

അതിര്‍ത്തികളില്‍ നമ്മുടെ സൈനികരുടെ ത്യാഗങ്ങളെ മാനിക്കുന്ന ഇന്ത്യക്കാരനാണ് ഞാന്‍. ഔദ്യോഗിക ചുവപ്പുനാടകളില്‍ കുരുക്കാതെ അവര്‍ക്ക് ഉയര്‍ന്ന ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നു,വധശിക്ഷയെ തത്വത്തില്‍ എതിര്‍ക്കുന്നു. ജാതി, മതം, വര്‍ഗം എന്നിവയുടെ പേരിലുള്ള ഏത് അക്രമത്തിനും ഞാന്‍ എതിരാണ്. ഇതിനൊക്കെപ്പുറമെ അസ്വസ്ഥതയുണ്ടാക്കുന്ന സത്യങ്ങള്‍ ഞാന്‍ പരസ്യമായി വിളിച്ചുപറയുന്നു. അത് എന്നെ ദേശവിരുദ്ധനാക്കുന്നുവെങ്കില്‍ അങ്ങനെയായിരിക്കട്ടെ.

എല്ലാറ്റിനും ഉപരിയായി പൗരനെയും നിയമവ്യവസ്ഥയെയും പരമപ്രധാനമായി കാണുന്ന അംബേദ്കറുടെ റിപ്പബ്ലിക്കന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നത് എന്റെ ദേശവിരുദ്ധതയാണ്. ഒരു ബഹുമുഖ സമൂഹത്തിനുമേല്‍ ‘ഒരു ദേശം, ഒരു മതം, ഒരു സംസ്‌കാരം’ എന്ന മുഖംമൂടിയിട്ട് സ്വന്തം ‘സാംസ്‌കാരിക ദേശീയത’ അടിച്ചേല്‍പിക്കാന്‍ ആര്‍ക്കും അവകാശമില്ല.

ദേശദ്രോഹി വിളികള്‍ കേട്ടു മടുക്കുമ്പോള്‍ ഞാന്‍ ആശ്വാസം കാണുന്നത് എന്റെ ആരാധനാപാത്രമായ മുഹമ്മദ് അലിയിലാണ്. വെള്ളക്കാര്‍ക്കു മാത്രമുള്ള ഒരു റസ്റ്ററന്റില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് സ്വര്‍ണമെഡലുകള്‍ ഒരു നദിയില്‍ എറിഞ്ഞുകളയുകയായിരുന്നു കാഷ്യസ് ക്ലേ എന്ന മുഹമ്മദ് അലി. ഇതേത്തുടര്‍ന്ന് ദേശവിരുദ്ധനായി പ്രഖ്യാപിക്കപ്പെട്ട അലിയില്‍ നിന്ന് ഒളിംപിക്സ് മെഡല്‍ തിരിച്ചുവാങ്ങിയിരുന്നു. പിന്നീട് 1996ലെ അറ്റ്‌ലാന്റ ഒളിംപിക്‌സില്‍ അലി ദീപം കൊളുത്തുമ്പോള്‍ അത് അമേരിക്കയുടെ ക്ഷമാപണമായിരുന്നു. നിങ്ങളില്‍ കുറച്ചുപേരെങ്കിലും ഒരിക്കല്‍ എന്നോടു ക്ഷമ പറയുമെന്നു ഞാന്‍ കരുതുന്നു.

വാല്‍ക്കഷണം: കഴിഞ്ഞയാഴ്ച ഡല്‍ഹി ജിംഘാന ലിറ്റ്‌ഫെസ്റ്റില്‍ അഭിപ്രായസ്വാതന്ത്ര്യം അഭിപ്രായസംഘട്ടനത്തിനുള്ള സ്വാതന്ത്ര്യത്തോളം വളരണമെന്ന് ഞാന്‍ പറഞ്ഞു. അത് അക്രമത്തില്‍ എത്താത്തിടത്തോളം. ഒരു മുന്‍ സൈനിക ഓഫിസര്‍ ക്ഷുഭിതനായി എണീറ്റു: ‘നിങ്ങള്‍ ഇവിടെത്തന്നെ കൊല്ലപ്പെടേണ്ട ദേശവിരുദ്ധനാണ്,’ എന്നായിരുന്നു ആക്രോശം. ജിംഘാന ക്ലബ് പോലെ സൗമ്യമായ ഇടങ്ങളില്‍ ഇതാണ് പ്രതിധ്വനിക്കുന്നതെങ്കില്‍ നാം യഥാര്‍ത്ഥത്തില്‍ ആശങ്കപ്പെടേണ്ടിയിരിക്കുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍