UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അദ്വാനിയല്ല, ഞാനാണ് ബാബറി മസ്ജിദ് തകര്‍ക്കാന്‍ പറഞ്ഞത്; അവകാശവാദം ആവര്‍ത്തിച്ചു വേദാന്തി

അദ്വാനിക്കും ജോഷിക്കുമെതിരേയുള്ള വ്യാജക്കേസ്

ആയോധ്യയില്‍ പള്ളി പൊളിക്കാന്‍ കര്‍സേവകരോട് ആവശ്യപ്പെട്ടത് താനായിരുന്നുവെന്ന് അവകാശപ്പെട്ട് ബിജെപി മുന്‍ എംപി റാം വിലാസ് വേദന്തി. ഇതിന്റെ പേരില്‍ എന്തു നടപടി നേരിടാനും താന്‍ തയ്യറാണെന്നും വേദാന്തി വെല്ലുവിളിച്ചു. അദ്വാനിക്കോ ജോഷിക്കോ ഉമ ഭാരതിക്കോ ഇതില്‍ പങ്കില്ലെന്നും ഇക്കാര്യം സിബിഐയോട് താന്‍ പറഞ്ഞിട്ടുള്ളതാണെന്നും അദ്വാനിക്കും ജോഷിക്കും എതിരെയുള്ളത് കേസ് വ്യാജമാണെന്നും വേദാന്തി ചൂണ്ടിക്കാട്ടുന്നു. ഇന്നു അയോധ്യകേസ് പരിഗണിച്ച സ്‌പെഷ്യല്‍ കോടതിക്കു പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വേദാന്തി.

നേരത്തെ കേന്ദ്രമന്ത്രി ഉമാഭാരതി പറഞ്ഞത് പള്ളി പൊളിക്കുന്നതിനു പിന്നില്‍ യാതൊരു ഗൂഡാലോചനയും നടന്നിട്ടില്ലെന്നായിരുന്നു. ആരൊക്കെ എതിര്‍ത്താലും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുക തന്നെ ചെയ്തിരിക്കുമെന്നായിരുന്നു ഇന്ന് ബിജെപി എംപി സാക്ഷി മഹാരാജ് ഉറപ്പിച്ചു പറഞ്ഞത്.

അതേസമയം ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍കെ അദ്വാനി അടക്കമുള്ള ബിജെപി നേതാക്കള്‍ക്കള്‍ നല്‍കിയ വിടുതല്‍ ഹര്‍ജി ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതി ഇന്നു തള്ളിയിരുന്നു. എല്ലാ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചെങ്കിലും ക്രിമിനല്‍ ഗൂഢാലോചന കുറ്റത്തിന്റെ പേരിലുള്ള വിചാരണ തുടരും. അദ്വാനിയെ കൂടാതെ മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി, വിനയ് കത്യാര്‍. സാധ്വി ഋതംബര തുടങ്ങിയ ബിജെപി, വിഎച്ച്പി നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചു. 50,000 രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഗൂഢാലോചന കുറ്റം കോടതിയില്‍ പ്രതികള്‍ നിഷേധിച്ചു.

അദ്വാനിയടക്കമുള്ളവര്‍ക്കെതിരായ ഗൂഢാലോചന കുറ്റം 2001ല്‍ വിചാരണ കോടതി ഒഴിവാക്കുകയും 2010ല്‍ ഇത് അലഹബാദ് ഹൈക്കോടതി ശരി വക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2017 ഏപ്രില്‍ 19ന് ഇത് റദ്ദാക്കിയ സുപ്രീംകോടതി, അദ്വാനി അടക്കമുള്ള പ്രതികള്‍ ഗൂഢാലോചന കുറ്റത്തിന് വിചാരണ നേരിടണമെന്ന് വ്യക്തമാക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍