UPDATES

സിനിമ

എനിക്കാവശ്യം പ്രേക്ഷകരില്‍ നിന്നുള്ള സഹതാപമല്ല; നല്ല സിനിമയെ ഏറ്റെടുക്കാനുള്ള മനസാണ്; രാമലീലയുടെ സംവിധായകന്‍

നായകന്റെ താരമൂല്യം സിനിമയില്‍ വിജയം നിശ്ചയിക്കുന്ന ഒരുഘടകമാണെങ്കിലും അത് മാത്രമാണ് വിജയത്തിന്റെ മാനദണ്ഡമെന്ന് കരുതാനാകില്ലെന്നും അരുണ്‍ ഗോപി

ഒരു സംവിധായകനെന്ന നിലയില്‍ തനിക്ക് ആവശ്യം പ്രേക്ഷകരില്‍ നിന്നുള്ള സഹതാപമല്ലെന്നും നല്ല സിനിമയാണെന്ന അഭിപ്രായമുയര്‍ന്നാല്‍ അത് ഏറ്റെടുക്കാനുള്ള മനസാണെന്നും രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപി. നടി ആക്രമിക്കപ്പെട്ട കേസില്‍ ചിത്രത്തിലെ നായകന്‍ ദിലീപ് അറസ്റ്റിലായ സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസ് നീണ്ടുപോകുന്നതിനെക്കുറിച്ച് ചിത്രഭൂമിയോട് പ്രതികരിച്ചപ്പോഴാണ് അരുണ്‍ ഇങ്ങനെ പറഞ്ഞത്. സിനിമ നന്നായാല്‍ ജനം അതേറ്റെടുക്കുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്നും അരുണ്‍ ഗോപി പറഞ്ഞു.

ഈ സിനിമയ്ക്കായി കഥ ഒരുങ്ങിയപ്പോഴും ചിത്രീകരണം പുരോഗമിക്കുമ്പോഴും വെല്ലുവിളികളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ജീവിതത്തില്‍ ചില പ്രതിസന്ധികള്‍ ഉണ്ടാകുന്നത് ആകസ്മികമായിട്ടായിരിക്കുമെന്ന് അരുണ്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ സംഭവവികാസങ്ങള്‍ ചില പ്രയാസങ്ങള്‍ ഉണ്ടാക്കിയെങ്കിലും അവയ്‌ക്കൊന്നും സിനിമയെക്കുറിച്ചുള്ള തന്റെ പ്രതീക്ഷയെ നശിപ്പിക്കാനായിട്ടില്ലെന്നും സംവിധായകന്‍ വ്യക്തമാക്കി.

നാല് വര്‍ഷത്തെ ഒരുപാട് പേരുടെ പ്രയത്‌നത്തിന്റെ ഫലമാണ് രാമലീല. ജീവിതത്തില്‍ നിന്നും സിനിമയില്‍ നിന്നും ഇതുവരെ നേടിയെടുത്ത അറിവുകളെല്ലാം താന്‍ സിനിമയ്ക്കായി ഉപയോഗിക്കുകയായിരുന്നെന്നും അരുണ്‍ ഗോപി പറഞ്ഞു. രാമലീല പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ചിത്രം തന്നെയായിരിക്കും. നായകന്റെ താരമൂല്യം സിനിമയില്‍ വിജയം നിശ്ചയിക്കുന്ന ഒരുഘടകമാണെങ്കിലും അത് മാത്രമാണ് വിജയത്തിന്റെ മാനദണ്ഡമെന്ന് കരുതാനാകില്ല. അങ്ങനെയാണെങ്കില്‍ താരമൂല്യമുള്ളവര്‍ അഭിനയിച്ച ചിത്രങ്ങളൊന്നും പരാജയപ്പെടില്ലല്ലോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 2013ലാണ് തിരക്കഥാകൃത്ത് സച്ചിയുമായി ചേര്‍ന്ന് രാമലീലയുടെ കഥ ഒരുക്കിയത്. ചിത്രത്തിലെ രാമനുണ്ണിയെന്ന നായക കഥാപാത്രത്തിന് ഒരു സാധാരണക്കാരന്റെ മുഖമായിരുന്നു വേണ്ടത്. ഉറച്ച തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന മനസില്‍ നര്‍മ്മം സൂക്ഷിക്കുന്ന രാഷ്ട്രീയക്കാരന്റെ ജീവിതമാണ് ഈ സിനിമ. കഥ ആദ്യം പറഞ്ഞത് ദിലീപിനോട് തന്നെയാണെന്നും അദ്ദേഹം അഭിനയിക്കാമെന്ന് സമ്മതിക്കുകയുമായിരുന്നെന്ന് അരുണ്‍ വ്യക്തമാക്കി.

ജൂലൈ ഏഴിനാണ് ചിത്രം റിലീസ് ചെയ്യാനിരുന്നതെന്നും എന്നാല്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്തതിനാലാണ് അത് മാറ്റിവച്ചതെന്നും അരുണ്‍ വ്യക്തമാക്കി. എന്നാല്‍ 21ന് കരുതിയ റിലീസ് മാറ്റാന്‍ കാരണം ദിലീപിന്റെ അറസ്റ്റ് തന്നെയാണ്. നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടവും മറ്റ് പങ്കാളികളുമായി ആലോചിച്ച് റിലീസിംഗ് തിയതി ഉടന്‍ തീരുമാനിക്കുമെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍