UPDATES

ട്രെന്‍ഡിങ്ങ്

ദയവായി ഇങ്ങനെ സംരക്ഷിക്കരുത്; നിന്റെ ജീവിതം നിന്റേത് മാത്രമാണെന്ന് പറയാന്‍ നിങ്ങളെന്ന് പഠിക്കും?

ലാ ജെസ്‌

ലാ ജെസ്‌

സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം 2016ല്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരേയുള്ള ബലാത്സംഗത്തിനു രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ എണ്ണം 1644. 2007ല്‍ ഇത് 500 ആയിരുന്നു. ലൈംഗിക പീഡനക്കേസുകളുടെ എണ്ണത്തിലും അതേ വര്‍ദ്ധനവു പ്രകടമായി കാണാം. 2007ല്‍ ഈ കണക്ക് 2604 ആയിരുന്നെങ്കില്‍ 2016 ല്‍ എത്തുമ്പോള്‍ കേസുകളുടെ എണ്ണം 4035 ല്‍ എത്തി. കുഞ്ഞുങ്ങൾ, പെണ്‍കുട്ടികള്‍, വൃദ്ധകള്‍ തുടങ്ങി ഏതു പ്രായത്തില്‍പ്പെട്ടവര്‍ക്കെതിരേയും കേരളത്തില്‍ നടന്നു വരുന്ന അക്രമങ്ങളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വരുന്നതിന്റെ കണക്ക് ഞെട്ടിക്കുന്നതാണ്. സൗമ്യ, ജിഷ എന്നീ പെണ്‍കുട്ടികള്‍ക്കുണ്ടായ ദുരന്തങ്ങളില്‍ നാം ഏറെ ചര്‍ച്ച ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇനിയങ്ങനെയൊന്ന് ഒരു സ്ത്രീക്കു നേരെയും ഉണ്ടാകില്ലെന്ന വിശ്വാസം തകര്‍ത്തു കൊണ്ട് കൂടുതല്‍ അപകടകരമായ സാഹചര്യത്തിലേക്കാണ് സ്ത്രീകളുടെ ജീവിതം പോകുന്നതെന്നതിന് തെളിവായിരുന്നു കൊച്ചി പോലൊരു വലിയ നഗരത്തില്‍, പ്രശസ്തയായൊരു ചലച്ചിത്ര താരത്തിനു നേരിടേണ്ടി വന്ന പീഡനം. ഈ ഓരോ സംഭവവും ഒറ്റപ്പെട്ടവയായി കാണാനാകില്ല. കേരളത്തിന്റെ പൊതുസമൂഹത്തില്‍ ഓരോ സ്ത്രീയും നിരന്തരം നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍ പലതാണ്. സമൂഹത്തിന്റെ വിവിധധാരകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ അവയിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് അഴിമുഖം. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയും ആകാശവാണിയില്‍ പ്രോഗ്രാം അനൗണ്‍സറുമായ ലാ ജെസ് പ്രതികരിക്കുന്നു

#Iamthechange എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ ആണ് താഴെയുള്ളത്. മാറ്റങ്ങള്‍ നല്ലത് തന്നെ, പക്ഷേ അതിന് പോസിറ്റീവ് ആയ റിസല്‍ട്ട് വേണം. നല്ല സന്ദേശം തരുന്ന വീഡിയോ എന്ന രീതിയില്‍ ഇത് പ്രചരിക്കപ്പെടുമ്പോള്‍ വീണ്ടും വീണ്ടും എന്താണ് നമ്മള്‍ ഊട്ടിയുറപ്പിക്കുന്നത്. പാട്രിയാര്‍ക്കിയോ?

നിഷ്‌കളങ്കതയാണ് ഏറ്റവും അപകടം പിടിച്ച ‘മൂല്യം’. ഒരു ആത്മവിശകലനത്തിന് പോലും ത്രാണിയില്ലാത്ത വിധം മുരടിച്ചു പോയവയാണ് കേരള പൊതുബോധം താങ്ങി നടക്കുന്ന തലച്ചോറുകള്‍. ഇതില്‍ സ്വന്തം ചിന്താഗതിയും മനോഭാവവും മാറ്റാന്‍ ഏറ്റവും കഷ്ടപ്പെടുന്നതും ‘ഇരകളായ’ പുരുഷന്മാര്‍ തന്നെ.

ഈ കുട്ടി പറയുന്നതില്‍ അവന്‍ വീണ്ടും വീണ്ടും ചൊല്ലിപ്പഠിക്കുന്ന കാര്യങ്ങളാണ് സംരക്ഷണവും ഉത്തരവാദിത്തവും. സംരക്ഷണം! താന്‍ അവളുടെ സംരക്ഷനാണ് എന്ന ചിന്ത തന്നെയാണ് കാലങ്ങളായി കുടുംബങ്ങളില്‍ നിന്ന് നമ്മുടെ ആണ്‍കുട്ടികള്‍ക്ക് ലഭിക്കുന്നതും അവളുടെ മേല്‍ അധികാരം എന്ന നിര്‍മ്മിത പൊതുബോധമായി അത് വളരുന്നതും. സംരക്ഷണം എന്ന പേരില്‍ വൈകുന്നേരമായാല്‍ അവളെ പിടിച്ചു കൂട്ടിലിടുന്ന, സംരക്ഷണം എന്ന പേരില്‍ അവളുടെ വ്യക്തിത്വവും അവകാശങ്ങളും സ്വാതന്ത്ര്യവും ഹനിക്കുന്ന പൊതു ബോധമാണ് മാറേണ്ടത്.

പെണ്ണിന്റെ സ്വാതന്ത്ര്യത്തെ ഭയക്കുന്നത് ഈ സംരക്ഷകര്‍ തന്നെയാണ്. സ്വന്തം ശരീരം ‘കേടുപറ്റാതെ’ ഏതോ ഒരുത്തനു വേണ്ടി സൂക്ഷിക്കുകയാണ് അവളുടെ കടമയെന്നും അതിന്റെ പേരില്‍ മാനസിക, ശാരീരിക, കായിക വിനോദങ്ങളില്‍ നിന്ന്, യാത്രകളില്‍ നിന്ന്, രാത്രികളില്‍ നിന്ന് അവളെ തടഞ്ഞു നിര്‍ത്തി, സ്വന്തം ശരീരം ആക്രമിക്കപ്പെടുമ്പോള്‍, ‘അപമാനിക്കപ്പെടുകയാണ്, മിണ്ടരുത്’ എന്ന് തെറ്റിദ്ധരിപ്പിച്ച് ശരീര കേന്ദ്രീകൃതമായി പഠിപ്പിച്ച് ആരാണീ ആണ്‍താല്പര്യങ്ങളെ സംരക്ഷിക്കുന്നത്? ആരുടെ ആവശ്യമാണത്? തിരുത്തുക! സംരക്ഷണമല്ല, സ്വയം പര്യാപ്തതയാണ്, പ്രാപ്തിയാണ് പെണ്ണെ നിനക്കാവശ്യം എന്ന് പറയാന്‍ കഴിയുന്ന കുട്ടികളെയാണ് നവ സമൂഹത്തിനു വേണ്ടത്.

കള്‍ച്ചറല്‍ കണ്ടിഷനിംഗില്‍ വീണു പോയ പെണ്‍കുട്ടികള്‍ക്ക് നിന്റെ തീരുമാനങ്ങളാണ് നിന്റെ ജീവിതമെന്നു പറഞ്ഞു കൊടുക്കുകയും, ആവശ്യമെങ്കില്‍ കൂടെ നില്‍ക്കുകയും ചെയ്യുന്നവനെയാണ് ഈ സമൂഹത്തിനാവശ്യം. നിന്റെ ജീവിതം എന്റെ ഉത്തരവാദിത്തമല്ല, ഔദാര്യവുമല്ല, അത് നിന്റേത് മാത്രമാണ് എന്ന് പറയാന്‍ വളര്‍ന്ന തലമുറയാണ് നമുക്ക് വേണ്ടത്.

അഴീക്കലില്‍ വെച്ചു അനീഷ് എന്ന തന്റെ സുഹൃത്തില്‍ നിന്ന് ആ പെണ്‍കുട്ടിയെ ‘സംരക്ഷിക്കുക’ എന്ന കര്‍ത്തവ്യം കൂടിയാണ് അന്നാട്ടുകാര്‍ നടത്തിയത്. അവര്‍ക്കറിയാമായിരുന്നു അവരെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കാന്‍ ഈ നാടുണ്ടാവുമെന്ന്. കമ്മ്യൂണിസ്റ്റുകാരില്‍ പോലും ആഴത്തില്‍ വേരോടിയിട്ടുള്ള ഈ മനോഭാവം തന്നെയാണ് കേരളസാമൂഹ്യ ഘടനയുടെ അടിസ്ഥാന പ്രശ്‌നം.

പാട്രിയാര്‍ക്കി അഴിഞ്ഞാട്ടം നടത്തുന്നതും സംരക്ഷണം എന്ന ഈ ‘മൂല്യ’ത്തിന് പുറത്താണ്. പൃഥ്വിരാജിന് കയ്യടി കിട്ടിയത് അയാള്‍ സംരക്ഷകനായി ചമഞ്ഞില്ല എന്നത് കൊണ്ടാണ്. പെങ്ങളായല്ല, തന്റെ സുഹൃത്തായാണയാള്‍ അവളെ കണ്ടത്. അവളുടെ കരുത്തുറ്റ തീരുമാനത്തെ പറഞ്ഞ്  പേടിപ്പിക്കുകയല്ല അയാള്‍ ചെയ്തത്, കൂടെ നില്‍ക്കുകയാണ്. അവളെന്നെ വ്യക്തിയെ ശരീരത്തിനപ്പുറം അംഗീകരിക്കുയാണ് ചെയ്തത്. വിഗ്രഹങ്ങള്‍ വീണുടയുമ്പോള്‍ ആരാധക വൃന്ദം ഒന്ന് ചിന്തിക്കുമെങ്കില്‍ അതൊരു സാമൂഹിക പ്രതിബദ്ധതയുള്ള പ്രതികരണമാണ്.

സംരക്ഷണം എന്ന വാക്ക് പെണ്ണിനെ സംബന്ധിക്കുന്ന ഡിക്ഷനറിയില്‍ നിന്ന് എടുത്തു കളയുക. സര്‍ക്കാരിനും ‘അമ്മ’യ്ക്കും ആങ്ങളമാര്‍ക്കും വാ തുറന്നാല്‍ ഈ വാക്ക് ഛര്‍ദ്ദിക്കാനേ അറിയൂ. വീഡിയോയുടെ അവസാനം പറയുന്നു, സ്ത്രീ എന്നാല്‍ പുരുഷന്റെ ഉത്തരവാദിത്തം ആണെന്ന്. അവന്‍ ബലാത്സംഗം ചെയ്യാതെ വിടുന്നതല്ല അവന്റെ ഉത്തരവാദിത്തം. അവളെ പൊതിഞ്ഞു കെട്ടി സംരക്ഷിക്കുകയല്ല അവന്റെ ഉത്തരവാദിത്തം. നിലവില്‍ അവന്റെ ഉത്തരവാദിത്തം താന്‍ കൂടി ഇരയായ ഈ സാംസ്‌കാരിക മസ്തിഷ്‌ക പ്രക്ഷാളനത്തില്‍നിന്നു മാറി നിന്ന് ചിന്തിക്കുക എന്നതാണ് .

സംരക്ഷണം ഒരുക്കുന്നതതാവരുത് ഒരു സര്‍ക്കാരിന്റെ സ്ത്രീ ശാക്തീകരണ പദ്ധതികള്‍. ദുര്‍ബ്ബല ജനവിഭാഗങ്ങള്‍ക്ക് സ്ത്രീയെന്നോ പുരുഷനെന്നോ ഭേദമില്ലാതെ ഭിന്നലൈംഗിക മനുഷ്യരെക്കൂടി ഉള്‍പ്പെടുത്തി സംരക്ഷണം ഒരുക്കേണ്ട സര്‍ക്കാര്‍ സ്ത്രീശാക്തീകരണത്തിന്റെ പേരില്‍ നടത്തുന്ന അബദ്ധങ്ങള്‍ തിരുത്താന്‍ തയ്യാറാവണം. ഉത്തരവാദിത്തവും സംരക്ഷണവും ആരും ഏറ്റെടുത്ത് ബുദ്ധിമുട്ടേണ്ടതില്ല എന്ന് പെണ്‍കുട്ടികള്‍ക്ക് പറയാന്‍ പ്രാപ്തിയുള്ള തരം സാമൂഹിക ശാക്തീകരണം ആണ് നമുക്ക് വേണ്ടത്.

ഒരു നിര്‍മ്മിത പൊതുബോധത്തെ താങ്ങി നിര്‍ത്തുന്ന ഭരണമല്ല ഇടതു പക്ഷത്തില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നത്. ഇത്തരം മനോഭാവങ്ങള്‍ മാറ്റിയെടുക്കാന്‍, സ്വന്തം ജീവിതത്തിന്റെ കടിഞ്ഞാണ്‍ പെണ്ണിന്റെ കയ്യില്‍ കൊടുക്കാന്‍ എന്നാണോ സമൂഹം ധൈര്യപ്പെടുന്നത്; എന്നാണോ അവള്‍ പ്രാപ്തയാവുന്നത് അന്ന് നമുക്ക് കേരളത്തെക്കുറിച്ച് അഭിമാനിക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

ലാ ജെസ്‌

ലാ ജെസ്‌

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ കള്‍ച്ചറല്‍ സ്റ്റഡീസില്‍ ഗവേഷക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍