UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിശുദ്ധപശുക്കള്‍ പിന്നെയും പുല്ലുതിന്നുമ്പോള്‍

Avatar

എം.ബി സന്തോഷ്

 

കേരളത്തിലെ സിവില്‍ സര്‍വീസില്‍ എന്തൊക്കെയോ സംഭവിക്കാന്‍ പോവുന്നു എന്നും അങ്കക്കലി പൂണ്ട് രണ്ട് ചേരിയായി തിരിഞ്ഞ് ഗ്‌ളോറിഫൈഡ് ചേകവന്‍മാര്‍ വാള്‍പയറ്റ് നടത്താന്‍ പോവുന്നു എന്നുമൊക്കെയാണ് മാദ്ധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരം. ഒന്നും സംഭവിക്കാന്‍ പോവുന്നില്ലെന്ന് സിവില്‍ സര്‍വീസ് ചരിത്രം വിളിച്ചുപറയുന്നുണ്ട്. വാലാട്ടി മാത്രം ശീലിച്ച വിശുദ്ധപശുക്കളില്‍ ചിലത് വാലിട്ടടിക്കുന്നു എന്നതിനപ്പുറം ഇപ്പോഴത്തെ വിവാദങ്ങളില്‍ ഒരു കഴമ്പുമില്ല. ഇരുട്ടി വെളുക്കുമ്പോഴേക്കും അവര്‍ പുല്ലുതുന്നുന്നത് തുടരും.

 

ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷന്റെ അമിതാധികാരാസക്തിയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ കാരണങ്ങളിലൊന്ന്. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും തട്ടിക്കളിച്ചിട്ടും അതിനെ നിയന്ത്രിക്കാനോ തടയാനോ ഭരണനേതൃത്വത്തിന് കഴിയാത്തതാണ് മറ്റൊരു കാരണം. മന്ത്രിസഭായോഗത്തിനുള്ള കുറിപ്പുകളില്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് വിയോജനക്കുറിപ്പെഴുതാനുള്ള അനുമതി നല്‍കിയത് ഇതിനുദാഹരണമാണ്. അങ്ങനെ അനുമതി നല്‍കണമെങ്കില്‍ കേരള സെക്രട്ടേറിയറ്റ് ഓഫീസ് മാന്വലിലെ 190, 191 ഖണ്ഡികകളില്‍ മാറ്റം വരുത്തണം. അതുചെയ്യേണ്ടത് മന്ത്രിസഭായോഗമാണ്. അതിനുപകരം മുന്‍ ചീഫ്‌ സെക്രട്ടറി അനുമതി നല്‍കി ഉത്തരവിറക്കിയിട്ടും ഭരണനേതൃത്വം അനങ്ങിയില്ല. അതിന്റെ ഫലമായി മന്ത്രിസഭായോഗ തീരുമാനങ്ങള്‍പോലും നടപ്പാക്കാനാവില്ല എന്ന പരസ്യനിലപാടുമായി ഐ.എ.എസുകാര്‍ നില്‍ക്കുമ്പോള്‍ മന്ത്രിമാര്‍ കാഴ്ചക്കാരായി അന്തംവിട്ടുനില്‍ക്കുന്നു.

 

സിവില്‍ സര്‍വീസില്‍ വലിയൊരു വിഭാഗം അഴിമതിക്കാരാണെന്ന ധാരണ പൊതുസമൂഹത്തില്‍ പടരാന്‍ ഇപ്പോഴത്തെ വിവാദം വഴിയൊരുക്കി. മന്ത്രിസഭയില്‍ വലിയൊരു പങ്കും അഴിമതിക്കാര്‍ മാത്രമല്ലെന്ന് സരിതനായര്‍ എന്ന ‘സോളാര്‍ നായിക’ മലയാളിയെ ബോദ്ധ്യപ്പെടുത്തിയിട്ട് അധികനാളായിട്ടില്ല. എന്നാല്‍, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ വിശുദ്ധരാണെന്ന് കരുതിപ്പോന്ന ഒരു സമൂഹത്തിന് അവരിലേറെപ്പേരും അഴിമതിക്കാരാണെന്ന യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടേണ്ടിയിരിക്കുന്നു.

 

അഴിമതി എന്നാല്‍ നേരിട്ട് പണമോ കൈക്കൂലിയോ വാങ്ങുന്നത് മാത്രമല്ല. ഖജനാവിന് നഷ്ടവും മറ്റുള്ളവര്‍ക്ക് ലാഭവും ഉണ്ടാവുന്നതിന് നേരിട്ടോ അല്ലാതെയോ ഇടപെടല്‍ നടത്തുന്നതും അഴിമതി തന്നെയാണ്. കുപ്രസിദ്ധമായ പാമോയില്‍ അഴിമതി ഇടപാട് ഓര്‍മ്മയില്ലേ? സക്കറിയാ മാത്യു, പി.ജെ തോമസ്, ജിജി തോംസണ്‍ എന്നീ ഐ.എ.എസുകാര്‍ ആ ഇടപാടിലോ മറ്റേതെങ്കിലും ഇടപാടിലോ നയാപൈസ കൈക്കൂലി വാങ്ങിയതായി ഇതുവരെയും ശത്രുക്കള്‍പോലും ആരോപിച്ചിട്ടില്ല. പക്ഷെ, അഴിമതിക്കാര്‍ക്ക് പണമുണ്ടാക്കാന്‍വേണ്ടി ചെയ്യേണ്ടത് ചെയ്യേണ്ടപ്പോള്‍ ചെയ്യാതിരുന്നാലും അഴിമതിയാണ്. അതനുസരിച്ചാണ് ഇവര്‍ പ്രതികളായി കോടതി വരാന്തകളില്‍ കയറിയിറങ്ങുന്നത്.

 

 

അഡീഷണല്‍ ഡി.ജി.പിമാരായ വിന്‍സെന്‍ എം പോളും എ ഹേമചന്ദ്രനും അഴിമതിക്കാരാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരീ ഭര്‍ത്താവ് റൗഫ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലുള്ള കുറ്റങ്ങള്‍ നടന്നിട്ടുണ്ടെന്നും എന്നാല്‍, തെളിവുകളില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ വിന്‍സെന്‍റ് എം പോള്‍ എന്ന വിഗ്രഹം ഉടയുകയായിരുന്നു. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ വാലറ്റങ്ങളായിരുന്ന ജോപ്പനും സലിംരാജും ജിക്കുവുമൊന്നുമല്ല പ്രതികളെന്നും വമ്പന്‍ സ്രാവുകള്‍ വേറെയുണ്ടെന്നും അറിയാത്തത് ഹേമചന്ദ്രന് മാത്രമാണെന്ന് ഭരണകക്ഷിനേതാക്കള്‍തന്നെ ചാനല്‍ ചര്‍ച്ചകളില്‍ പറയുമ്പോള്‍ ആരുടെ വിശ്വാസ്യതയാണ് തകരുന്നത്?

ഇവിടെ മറ്റൊരു കാര്യംകൂടി ഓര്‍ക്കേണ്ടതുണ്ട്. സ്വന്തം മതവുമയി ബന്ധമുള്ള ഒരു ആശ്രമത്തിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കാന്‍ വിന്‍സെന്‍ എം.പോളിനെയാണ് ചുമതലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ സത്യസന്ധമായ റിപ്പോര്‍ട്ട് ഹൈക്കോടതി അംഗീകരിച്ചു. വിശ്വാസത്തിന്റെ പേരിലുള്ള അപ്രഖ്യാപിത വിലക്കുകള്‍ കണക്കാക്കാതെയായിരുന്നു അന്വേഷണോദ്യോഗസ്ഥന്‍ മുന്നോട്ടുപോയത്. സുപ്രീംകോടതിയില്‍ തുടരന്വേഷണം വിലക്കിയത് ഇപ്പോള്‍ മക്കളുടെയും മരുമക്കളുടെയും അഴിമതി ഏറെക്കുറെ തെളിഞ്ഞ ന്യായാധിപനായിരുന്നു! പാമോയില്‍ കേസില്‍ തുടരന്വേഷണത്തില്‍ ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയത് വേണ്ടത്ര അന്വേഷണം നടത്താതെയാണെന്ന് കേസ് ഡയറിയുടെ അടിസ്ഥാനത്തില്‍ വിധി എഴുതിയ ജഡ്ജി മുസ്‌ലിം ആയിപ്പോയതിനാല്‍ പാകിസ്ഥാന്‍ ചാരനാണെന്നുവരെ ആക്ഷേപിക്കാന്‍ കൊടിവച്ച കാറില്‍ സഞ്ചരിക്കുന്നവര്‍ തയ്യാറായി. അതിനെതിരെ ഒരു ചെറുവിരലനക്കാന്‍ ഒരു കോടതിയും മുന്നോട്ടുവന്നില്ല. ഇതൊക്കെ സത്യസന്ധരായ ഉദ്യോഗസ്ഥരെ നിസ്സഹായരാക്കുന്ന ഘടകങ്ങളാവാം.

 

നിയമവകുപ്പിന്റെയും ധനവകുപ്പിന്റെയും എതിര്‍പ്പിനെ മറികടന്ന് റിട്ടയര്‍ ചെയ്ത ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ ഒരു കമ്മിഷന്‍ സെക്രട്ടറിയായി നിയമിക്കുന്നതിന് കേട്ടുകേള്‍വിയോ നിയമമോ ഇല്ലാതിരുന്നിട്ടും സെക്രട്ടേറിയറ്റില്‍ പുനര്‍നിയമനം നല്‍കാന്‍ ചീഫ്‌ സെക്രട്ടറി ഭരത് ഭൂഷണ്‍ കൂട്ടുനിന്നത് ഈ വ്യക്തി അസാധാരണവൈഭവമുള്ള ഉദ്യോഗസ്ഥനായതിനാലല്ലല്ലോ. തിരുവനന്തപുരത്ത് പാറ്റൂരിലെ ഫ്ലാറ്റ് കമ്പനിക്കുവേണ്ടിയുള്ള ഇടപെടലില്‍ ആര്‍ക്കോ നേട്ടമുണ്ടായി എന്നതും വ്യക്തമാണ്. എറണാകുളം ജില്ലാ കളക്ടറേയും ആലപ്പുഴ സബ്കളക്ടറേയും മാറ്റിയതിനുപിന്നിലും ആര്‍ക്കോ നേട്ടമുണ്ടായിട്ടുണ്ട്.

 

ഔദ്യോഗികഭാഷാ വകുപ്പ് സെക്രട്ടറിയായ കെ.സുരേഷ്‌കുമാറിന്റെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് (സി.ആര്‍) വകുപ്പുമന്ത്രി എന്ന നിലയില്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഒപ്പിട്ടതിന്റെ പേരില്‍ അര്‍ഹതപ്പെട്ട പ്രമോഷന്‍ തടഞ്ഞതും വെറ്ററിനറി വാഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ: ബി അശോക് സര്‍വകലാശാലക്കോ സര്‍ക്കാരിനോ കാല്‍ക്കാശിന്റെ ചെലവില്ലാതെ അംഗീകാരം എന്ന നിലയില്‍ വിദേശത്ത് പ്രബന്ധം അവതരിപ്പിക്കാന്‍ പോവുന്നത് വിലക്കിയതും അവരിരുവരും ചീഫ്‌ സെക്രട്ടറിയുടെ മുന്നില്‍ ഇടക്കിടെ മുഖം കാണിച്ച് തലചൊറിഞ്ഞ് വിധേയത്വം പ്രകടിപ്പിക്കാത്തതിനാലാണെന്ന് അറിയാത്തവര്‍ മന്ദബുദ്ധികളായിരിക്കും. അഡീഷണല്‍ ഡി.ജി.പി രാജേഷ് ദിവാന്റെ സി.ആറില്‍ ഡി.ജി.പി ഇട്ട മാര്‍ക്കുകള്‍ തിരുത്താന്‍ ചീഫ് സെക്രട്ടറി ആശ്രയിച്ച മാനദണ്ഡം എന്താണെന്ന് വിശദീകരിക്കേണ്ടേ? കുറഞ്ഞപക്ഷം അത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയേയും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയും ഐ.എ.എസ് അസോസിയേഷന്‍ സെക്രട്ടറിയുമായ എന്‍. പ്രശാന്തിനെയുമെങ്കിലും ബോദ്ധ്യപ്പെടുത്തണം. ‘സുതാര്യകേരളം’ ഒരു മുദ്രാവാക്യമായി സര്‍ക്കാര്‍ കൊണ്ടാടുമ്പോള്‍ അതിന്റെ ആവശ്യകത ചീഫ് സെക്രട്ടറിക്കും ബാധകമാവണ്ടേ?

 

ഐ.എ.എസ് അസോസിയേഷന്‍ പ്രസിഡന്റ് ടോം ജോസ് അഴിമതി വിരുദ്ധ നിലപാടുള്ള ആളാണന്നു പറഞ്ഞാല്‍ അരിയാഹാരം കഴിക്കുന്നവര്‍ വിശ്വസിക്കില്ല. കൊച്ചി മെട്രോ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ കേരളീയര്‍ കണ്ടതാണ്. രാജുനാരായണസ്വാമി പരീക്ഷക്ക് പഠിക്കാനും റാങ്ക് വാങ്ങാനും മിടുക്കനാണ്. റാങ്കും ഉദ്യേഗമികവും രണ്ടാണെന്ന് രാജു നാരായണസ്വാമി മലയാളികളെ ബോദ്ധ്യപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ്. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലില്‍ ‘മൂന്നുപൂച്ച’യായി നിന്നശേഷം സി.പി.ഐ യുടെ ഓഫീസ് പൊളിക്കാന്‍ തുടങ്ങിയപ്പോള്‍ റവന്യൂ മന്ത്രിയുടെ വിരട്ടലില്‍ പിന്തിരിഞ്ഞ് മാളം തിരഞ്ഞ സ്വാമിയെ പൂച്ചയായി കണ്ടതാണ് ആ ദൗത്യം പരാജയപ്പെടാന്‍ കാരണമായതെന്ന് ചിലരെങ്കിലും പരിഹസച്ചിട്ടുണ്ട്. 

ബെസ്റ്റ് ഓഫ് അഴിമുഖം

കര്‍ഷകര്‍ക്കും പശ്ചിമഘട്ടത്തിനുമിടയിലെ മാഫിയകള്‍
പൌരബോധം കാട്ടിയ ഒരു പാവം പിടികിട്ടാപ്പുള്ളിയുടെ കഥ
റാന്‍ബാക്‌സിയുടെ തട്ടിപ്പ് മരുന്ന് നിങ്ങളും കഴിച്ചിട്ടുണ്ടോ?
നികുതിരഹിത രാജ്യങ്ങളിലേക്ക് പണം കടത്തുന്നവരില്‍ മലയാളികളുമെന്ന്‍ രഹസ്യ രേഖകള്‍
ഐ.എസ്.ആര്‍.ഒയുടെ ബ്രാഹ്മണക്കുറി

ഇപ്പോള്‍ ഉന്നയിക്കപ്പെട്ട, സിവില്‍ സര്‍വീസിലെ ചിലരുടെ പരാതികള്‍ കഴമ്പുള്ളതാണ്. അതൊന്നും കാര്യമായി പരിഗണിക്കാന്‍ പോവുന്നില്ല. തലയുയര്‍ത്തി, തന്റേടത്തോടെ ജോലി ചെയ്യുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ എണ്ണം കേരളത്തിലെങ്കിലും അന്യം നിന്നിട്ടില്ല. ഇരുപത് ശതമാനത്തോളം അത്തരക്കാരുണ്ടല്ലോ എന്നത് ഭാഗ്യമായി കാണണം. മറ്റുപല സംസ്ഥാനങ്ങളിലും അഴിമതിക്കാരുടെ എണ്ണം നൂറ് ശതമാനമാണ്. മന്ത്രിമാരുടെ അടുക്കള സര്‍വീസാണ് പലേടത്തും സിവില്‍ സര്‍വീസ്. അഴിമതിക്കാരെ സംരക്ഷിക്കുന്നതില്‍ അതുകൊണ്ടുതന്നെ രാഷ്ട്രീയ നേതൃത്വം മുന്നിലായിരിക്കും. സംസ്‌കൃത സര്‍വകലാശാലാ ഭൂമി ഇടപാട്, വനം വകുപ്പ് അഴിമതി, സിവില്‍ സപ്‌ളൈസ് അഴിമതി, പേര്യ മരംമുറി എന്നിങ്ങനെ കേരളത്തെ നടുക്കിയ അഴിമതിക്കേസുകളില്‍ ഉത്തരവാദപ്പെട്ടവര്‍ ഇപ്പോഴും സമൂഹ മദ്ധ്യത്തില്‍ ഞെളിഞ്ഞ് നടക്കുന്നുണ്ട്. എന്നിട്ടും 20 ശതമാനത്തോളം ഉദ്യോഗസ്ഥര്‍ സത്യസന്ധരായി, നല്ല വകുപ്പുകള്‍ കിട്ടാതെയും മന്ത്രിപുംഗവന്‍മാരുടെ ആട്ടും തുപ്പും ശകാരവും അതിജീവിച്ചും നട്ടെല്ലുയര്‍ത്തി നില്‍ക്കുന്നു എന്നത് ഭാവിയെ പ്രത്യാശയോടെ കാണാന്‍ പ്രേരിപ്പിക്കുന്നതാണെന്ന് ഉറച്ചുവിശ്വസിക്കാം.

 

ഇന്ത്യയിലെ ആദ്യത്തെ ഓണ്‍ലൈന്‍ വാര്‍ത്താസംവാദ ചാനലായ ഇന്ത്യാപോസ്റ്റ് ലൈവിന്റെ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍. കേരളകൗമുദി, ഇന്ത്യാവിഷന്‍ എന്നിവയുടെ തിരുവനന്തപുരം ബ്യൂറോ ചീഫ്, റീജിയണല്‍ എഡിറ്റര്‍ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സ്വദേശാഭിമാനി,പാമ്പന്‍മാധവന്‍, എം.ശിവറാം, ഫാ.കൊളംബിയര്‍,എം.ആര്‍.മാധവവാര്യര്‍,നരേന്ദ്രന്‍ എന്നിവരുടെ പേരിലുള്ളതുള്‍പ്പെടെ ഒരു ഡസനോളം പ്രമുഖ മാദ്ധ്യമ അവാര്‍ഡുകള്‍ക്കര്‍ഹനായി. പി.എ ഉത്തമന്‍ സ്മാരക അവാര്‍ഡ് നേടിയ രാഷ്ട്രീയനോവലായ ‘പകരം’ ഉള്‍പ്പെടെ അഞ്ച് കൃതികളുടെ കര്‍ത്താവാണ്.

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍