UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിജിലന്‍സ് ഡയറക്ടര്‍ പ്രതികാരം ചെയ്യുന്നു; ഐഎഎസ് ഉദ്യോഗസ്ഥര്‍ നാളെ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുന്നു

ബന്ധുനിയമനക്കേസില്‍ വ്യവസായവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ മൂന്നാം പ്രതിയാക്കിയ വിജിലന്‍സ് തീരുമാനമാണ് ഐഎഎസ് ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചിരിക്കുന്നത്

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെത് പ്രതികാരനടപടികളാണെന്ന് ആരോപിച്ച് സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ നാളെ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുന്നു. ജേക്കബ് തോമസ്, ഐഎഎസ് ഉദ്യോഗസ്ഥരുടെ തൊഴില്‍മാന്യത തകര്‍ക്കുന്ന വിധമുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന പ്രതികാര നടപടികളാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നുമാണ് ശനിയാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വന്നത്.

തുടര്‍ന്ന് ഇതിലുള്ള പ്രതിഷേധം മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍കണ്ട് അറിയിക്കാന്‍ ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റിനെ യോഗത്തില്‍ ചുമതലപ്പെടുത്തി. ജേക്കബ് തോമസിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചുള്ള പ്രമേയവും യോഗം പാസാക്കിയിട്ടുണ്ട്. ജേക്കബ് തോമസിന് അനധികൃത സ്വത്തുണ്ടെന്നും കര്‍ണാടകയില്‍ വനഭൂമി കൈയേറി, തുറമുഖ ഡയറക്ടര്‍ ആയിരിക്കെ ക്രമക്കേട് നടത്തി തുടങ്ങിയ ആരോപണങ്ങളും യോഗത്തില്‍ ഉന്നയിച്ചു.

സംസ്ഥാനത്തെ ക്രമസമാധാനനിര്‍വഹണം ഉള്‍പ്പെടെയുള്ള അടിയന്തരചുമതലകള്‍ നിര്‍വഹിക്കുന്ന കലക്ടര്‍മാര്‍ക്കും മറ്റ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും ചുമതലകള്‍ നിര്‍വഹിക്കാന്‍ അസോസിയേഷന്‍ അനുവദിക്കുന്നുണ്ടെങ്കിലും അവര്‍ അവധി എടുത്താവണം ജോലി ചെയ്യേണ്ടതെന്നാണ് യോഗത്തില്‍ നിര്‍ദേശം വന്നിരിക്കുന്നത്.

മുന്‍ മന്ത്രി ഇപി ജയരാജന്‍ പ്രതിയായ ബന്ധുനിയമനക്കേസില്‍ വ്യവസായവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ മൂന്നാം പ്രതിയാക്കിയ വിജിലന്‍സ് തീരുമാനമാണ് അസോസിയേഷിനിലെ ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍