UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അശാസ്ത്രീയമായ നഗരവത്ക്കരണമായിരിക്കില്ല കാട്ടാക്കടയില്‍- ഐ.ബി സതീഷ് സംസാരിക്കുന്നു

Avatar

പതിനാലാം കേരള നിയമസഭയില്‍ ഇത്തവണ പുതുമുഖങ്ങള്‍ ഏറെയുണ്ട്. അവരില്‍ ഏറെ പ്രതീക്ഷകളാണ് സംസ്ഥാനത്തിനുള്ളത്. സഭയിലെ കന്നിയംഗങ്ങളായവര്‍ തങ്ങളുടെ ഓദ്യോഗികജീവിതം ആരംഭിക്കുന്നത് ഒട്ടേറെ ലക്ഷ്യങ്ങളുമായാണ്. ഓരോരുത്തരും അവരുടെ മണ്ഡലത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന വികസന പദ്ധതികളും ജനപ്രതിനിധിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും പങ്കുവയ്ക്കുകയാണ് ഈ പരമ്പരയിലൂടെ.

നിയമസഭ മുന്‍ സ്പീക്കറും സിറ്റിംഗ് എംഎല്‍എയുമായ എന്‍ ശക്തനെ പരാജയപ്പെടുത്തി കന്നി മത്സരത്തില്‍ തന്നെ നിയമസഭ പ്രവേശനം നേടിയ ഐ ബി സതീഷുമായി അഴിമുഖം പ്രതിനിധി വിഷ്ണു എസ് വിജയന്‍ നടത്തിയ സംഭാഷണം.

വിഷ്ണു: ആദ്യ നിയമസഭ തെരഞ്ഞെടുപ്പ് അനുഭവങ്ങള്‍?
സതീഷ്: വളരെ ആവേശകരമായ തെരഞ്ഞെടുപ്പ് ആയിരുന്നു ഇത്തവണത്തേത്. തുടക്കം മുതല്‍ എല്ലാവരും ഒത്തൊരുമയോടെയാണ് പ്രവര്‍ത്തിച്ചത്. സാധാരണ ജനതയുടെ പകരം വീട്ടലായിരുന്നു നമ്മള്‍ ഈ തെരഞ്ഞെടുപ്പില്‍ കണ്ടത്. അത്രമേല്‍ ദു:സഹമായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കേരള ജനതയുടെ അവസ്ഥ. ആദ്യമായി മത്സരിക്കുകയായിരുന്നെങ്കിലും നാട്ടുകാരുടെയും പ്രവര്‍ത്തകരുടെയും ഒക്കെ ശക്തമായ പിന്തുണയുണ്ടായിരുന്നു. വിജയം മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതിനു വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുകയും ചെയ്തു. എതിരാളിയുടെ വലിപ്പം ഭയപ്പെടുത്തിയിരുന്നില്ല. ഇടതുപക്ഷത്തിനെതിരെ മണ്ഡലത്തില്‍ വ്യാപക അക്രമങ്ങളാണ് നടന്നത്. ഞങ്ങള്‍ ആദ്യം ചുമരെഴുതിയ മതില്‍ തന്നെ യുഡിഎഫുകാര്‍ ഇടിച്ചു കളഞ്ഞു. പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചു പ്രശ്‌നമുണ്ടാക്കി ഇടതുപക്ഷം അക്രമം അഴിച്ചു വിടുന്നു എന്ന് വരുത്തിതീര്‍ക്കാനായിരുന്നു ശ്രമം. എന്നാല്‍ ഞങ്ങള്‍ അവിടെ സംയമനം പാലിക്കുകയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയും ചെയ്തു.

വി: തിരുവനന്തപുരം ജില്ലയില്‍ ഇടതു പക്ഷത്തിന്റെ തിളക്കമുള്ള വിജയങ്ങളില്‍ ഒന്നായിരുന്നു താങ്കളുടേത്. സ്പീക്കറും സിറ്റിംഗ് എംഎല്‍എയുമായിരുന്ന ഒരാളെയാണ് പരാജയപ്പെടുത്തിയത്?
സ: ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് നടന്ന മണ്ഡലമായിരുന്നു കാട്ടാക്കട. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ഇടതുപക്ഷം ഏറ്റവും പുറകില്‍ പോയതും ഇവിടെയായിരുന്നു. എന്നാല്‍ എതിര്‍പക്ഷത്തിന്റെ എല്ലാ പ്രതീക്ഷയും തെറ്റിച്ചു ജനം വിധിയെഴുതി. അതിനു കാരണം ഞങ്ങളുടെ ചിട്ടയായ സംഘടന പ്രവര്‍ത്തനവും വലതുപക്ഷ രാഷ്ട്രീയത്തിനോടും അഴിമതിയോടും ജനങ്ങള്‍ക്ക് തോന്നിയ വെറുപ്പുമാണ്.

വി: തിരുവനന്തപുരം മണ്ഡലത്തില്‍ ആന്റണി രാജുവിന് സീറ്റ് നല്‍കിയത് മുന്നണിക്കകത്ത് അസ്വസ്ഥതകള്‍ സൃഷ്ടിച്ചിരുന്നോ?
സ: എല്ലാ ഘട്ടത്തിലും ഇടതുപക്ഷത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ ഉണ്ട് എന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഞാന്‍ ഈ വിഷയത്തേയും കാണുന്നത്. അതല്ലാതെ ഇടതുപക്ഷത്തിനകത്തോ പാര്‍ട്ടിക്കകത്തോ ഒരു തരത്തിലുള്ള പ്രശ്‌നവും തിരുവനന്തപുരം ജില്ലയില്‍ ഉണ്ടായിട്ടില്ല.

വി: ഇത്തവണത്തെ തെരഞ്ഞെടുപ്പ് ബിജെപിയുടെ ശക്തമായ കടന്നുവരവ് കൊണ്ട് ശ്രദ്ധിക്കപ്പെട്ടതായിരുന്നു. മൂന്നാം മുന്നണിയുടെ കടന്നുവരവ് ഇടതു ക്യാമ്പുകളെ എത്രമാത്രം സജീവമാക്കി?
സ: കേരളത്തിന്റെ തനതു സ്വഭാവം എന്ന് പറയുന്നത് മതനിരപേക്ഷതയാണ്. ഒത്തൊരുമയാണ്. അങ്ങനെ നമ്മള്‍ അഭിമാനിക്കുന്ന, ഇടതുപക്ഷം കേരളത്തിനു സമ്മാനിച്ച എല്ലാ നവോഥാന മൂല്യങ്ങളും തകര്‍ക്കാന്‍ ഒരു വിഭാഗം കടന്നു വരുമ്പോള്‍ അതിനെ എതിര്‍ക്കുവാന്‍ ഇവിടുത്തെ പുരോഗമന സംഘടനകള്‍ കൂടുതല്‍ സജീവമാകും. ആ സജീവത ഇടതു ക്യാമ്പുകളില്‍ ഇത്തവണ ഉണ്ടായിരുന്നു. യുവജനത വല്ലാതെ ആവേശത്തിലായിരുന്നു. കേരളത്തെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ പാതാളക്കുഴിയിലേക്ക് തള്ളിവിടരുത് എന്ന ഉറച്ച തീരുമാനം എല്ലാ പ്രവര്‍ത്തകരുടെ മനസിലും ഉണ്ടായിരുന്നു. നാട്ടിന്‍പുറങ്ങളില്‍ അധ്യാപകരുടെ റോള്‍ ആയിരുന്നു പാര്‍ട്ടി നേതാക്കള്‍ വഹിച്ചത്. എല്ലാവര്‍ക്കും നിരന്തരം നിര്‍ദേശങ്ങള്‍ നല്‍കി, തിരുത്തേണ്ടത് തിരുത്തി, മുതിര്‍ന്ന സഖാക്കള്‍ യുവനിരയ്‌ക്കൊപ്പം നിന്നു.

വി: ഇനിയുള്ള അഞ്ചു വര്‍ഷക്കാലം ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തനങ്ങളും സമരങ്ങളും എതു തരത്തിലായിരിക്കും?
സ: സമരങ്ങള്‍ എന്ന് പറയുന്നത് തെരുവിലിറങ്ങുന്നതും പൊലീസുമായി ഏറ്റുമുട്ടുന്നതും മാത്രമല്ല. ഇടതുപക്ഷം നടത്തുന്ന സമരങ്ങള്‍ ശരിക്കു വേണ്ടി ആയിരിക്കും. ഇന്ത്യ പോലൊരു രാജ്യത്ത് ക്ഷുഭിതയൗവനങ്ങളുടെ പ്രതിഷേധങ്ങള്‍ ഒരിക്കലും അവസാനിക്കുകയില്ല. കേരളത്തിലെ ഭരണമാറ്റം കൊണ്ട് ഇന്ത്യ ഒട്ടാകെ അത്യത്ഭുതങ്ങള്‍ സംഭവിക്കും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. പക്ഷെ ഇടതുപക്ഷമാണ് ശരിയെന്നു മനസ്സിലാക്കി കൊടുക്കുവാന്‍ ഞങ്ങള്‍ക്ക് ഈ ഭരണം കൊണ്ട് സാധിക്കും. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാതല്‍ ഇടത് ആശയങ്ങള്‍ ആണ് എന്ന് ഞങ്ങള്‍ക്ക് മറ്റുള്ളവരെ മനസ്സിലാക്കി കൊടുക്കുവാന്‍ സാധിക്കും. കേവലം കേരളത്തില്‍ മാത്രം ഡിവൈഎഫ്‌ഐയുടെ സമരങ്ങള്‍ ഒതുങ്ങുന്നില്ല. ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ കാലോചിതമായ മാറ്റങ്ങളോടെ ഞങ്ങള്‍ സമരങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.

വി: ബംഗാളിലെ കോണ്‍ഗ്രസ് കൂട്ടുകെട്ട് പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ് ഇപ്പോള്‍, താങ്കളുടെ അഭിപ്രായം എന്താണ്?
സ: ബംഗാളിലെ പാര്‍ട്ടിയെ തകര്‍ക്കാന്‍ ബോധമായി വലതു സംഘടനകള്‍ ശ്രമിച്ചു കൊണ്ടേയിരിക്കുകയാണ്. അവിടുത്തെ നിലപാടുകളെ പറ്റി കേരളഘടകം വ്യക്തമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതേ അഭിപ്രായം തന്നെയാണ് എനിക്കുമുള്ളത്. പാര്‍ട്ടി അവിടെ തിരിച്ചു വരിക തന്നെചെയ്യും.

വി: തെരഞ്ഞെടുപ്പ് കാര്യമാക്കാതെ നഷ്ടപ്പെട്ടു പോയ അടിത്തറ കെട്ടിപടുക്കുവാനായിരുന്നില്ലേ പാര്‍ട്ടി ശ്രമിക്കേണ്ടത്?
സ: അവിടെ അടിത്തറയിളകി എന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല. ചില തെറ്റുകള്‍ സംഭാവിച്ചിട്ടുണ്ടാകാം. അത് തിരുത്തികഴിഞ്ഞാല്‍ പ്രശ്‌നം പരിഹരിക്കാനാകും. അതിനാണ് പാര്‍ട്ടി ശ്രമിക്കുന്നത്.

വി: 1964-ല്‍ 34 പേര്‍ പാര്‍ട്ടി വിട്ടത് ശരിയാണ് എന്ന് പറഞ്ഞവര്‍ ഇപ്പോള്‍ ഒരാള്‍ പാര്‍ട്ടി വിട്ടത് തെറ്റാണെന്ന് പറയുന്നു?
സ: രാഷ്ട്രീയത്തില്‍ ഓരോ കാലഘട്ടത്തിലും ഓരോ തീരുമാനങ്ങള്‍ ഉണ്ടാകും. അത് ആത്യന്തികമായി തെറ്റും ശരിയുമാണ് എന്ന് പറയുവാന്‍ സാധിക്കുകയില്ല. 64-ലെ സാഹചര്യമല്ല ഇപ്പോള്‍. കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ അടിസ്ഥാന തത്വങ്ങള്‍ പാലിക്കപെടാതെ വന്നപ്പോള്‍ ആണ് അന്നങ്ങനെ സംഭവിച്ചത്. 34 തലച്ചോറുകള്‍ വിട്ടു വന്നു. അവര്‍ പ്രചരിപ്പിച്ച ഒരു ബോധം ഉണ്ട്. ആ ബോധത്തില്‍ തന്നെയാണ് ഇപ്പോഴും പാര്‍ട്ടി ഉറച്ചു നില്‍ക്കുന്നത്. ഇപ്പോള്‍ ഈ ഒരാള്‍ കാട്ടുന്നത് വെറും ക്ഷോഭം മാത്രമാണ്. ആ ക്ഷോഭം കൊണ്ട് ഒന്നും നേടാന്‍ പോകുന്നില്ല. ഒരുമിച്ചു നിന്ന് പ്രശ്‌നങ്ങളോട് പൊരുതുകയാണ് വേണ്ടത്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട്. ആ അഭിപ്രായം വാശിയും ദുര്‍വാശിയും ആകുമ്പോള്‍ ആണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.

വി: മണ്ഡലത്തിലേക്ക് തിരിച്ചു വരാം. എന്തൊക്കെയാണ് മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍?
സ: മണ്ഡലത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ജലസാക്ഷരത ആണ് ലക്ഷ്യം വെക്കുന്നത്. നശിച്ചു കൊണ്ടിരിക്കുന്ന ധാരാളം കുളങ്ങളും തോടുകളും ഒക്കെ ഉണ്ട്. അതൊക്കെ സംരക്ഷിക്കേണ്ടതുണ്ട്. അതിനായിരിക്കും പ്രാഥമിക പരിഗണന. മണ്ഡലത്തിന്റെ ഒരു ഭാഗം മലയോരപ്രദേശങ്ങളോടും ഒരു ഭാഗം നഗരത്തിനോടും ചേര്‍ന്നാണ് നിലകൊള്ളുന്നത്. അപ്പോള്‍ പ്രകൃതിക്ക് കോട്ടം തട്ടാത്ത രീതിയില്‍ വികസന പ്രവര്‍ത്തഞങ്ങള്‍ നടത്തേണ്ടതുണ്ട്. അശാസ്ത്രീയമായ നഗരവത്കരണ രീതിയയിരിക്കുകയല്ല മണ്ഡലത്തില്‍ സ്വീകരിക്കുക.

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് വിഷ്ണു)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍