UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബെംഗളൂരുവില്‍ ഐബിഎം ജീവനക്കാരിയെ സോഷ്യല്‍ മീഡിയ സുഹൃത്ത് കൊലപ്പെടുത്തി

അഴിമുഖം പ്രതിനിധി

സോഷ്യല്‍ മീഡിയ സുഹൃത്താല്‍ ബംഗളൂരുവില്‍ ഐ ബി എം ജീവനക്കാരി കൊല്ലപ്പെട്ടു. സ്വന്തം ഫ്ലാറ്റില്‍ വച്ചാണ് കുസും സിംഗ്ല എന്ന 31 കാരി സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട സുക്ബീര്‍ സിംഗിന്റെ കൈകൊണ്ട് കൊല്ലപ്പെട്ടത്. തലയില്‍ ശക്തമായ പ്രഹരിച്ചശേഷം ലാപ്‌ടോപ്പിന്റെ ചാര്‍ജര്‍ വയര്‍ കൊണ്ട് കഴുത്തു മുറുക്കിയാണ് സുക്ബീര്‍ സിംഗ് കൊലനടത്തിയത്. സുക്ബീറിനെ ഹരിയാനയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു.

പഞ്ചാബ് സ്വദേശിയായ കുസും ട്രാന്‍സ്ഫര്‍ കിട്ടിയാണ് ബംഗളൂരുവില്‍ എത്തുന്നത്. ആറുമാസമായി ഇവര്‍ ഇവിടെയാണ്. മൂന്നുമാസം മുമ്പാണ് സുക്ബീറിന്റെ ഫ്രണ്ട് റിക്വസ്റ്റ് കുസുമിന് കിട്ടുന്നത്. തുടര്‍ന്ന് ഇരുവരും സുഹൃത്തുക്കളാവുകയും ഫോണ്‍ നമ്പര്‍ പരസ്പരം കൈമാറുകയും ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുക്ബീര്‍ കുസുമിനെ കാണാനായി ബെംഗളൂരുവില്‍ എത്തുന്നത്. ഇവര്‍ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച്ചയായിരുന്നു. ഫ്ലാറ്റില്‍ എത്തിയശേഷം ഇരുവരും പുറത്തു നിന്നു ഭക്ഷണം ഓഡര്‍ ചെയ്തിരുന്നു. ഇതിനിടയിലാണ് തനിക്ക് അമ്പതിനായിരം രൂപ വേണമെന്നു സുക്ബീര്‍ കുസുമിനോട് ആവശ്യപ്പെടുന്നത്. അത്രയും പണം നല്‍കാന്‍ തയ്യാറാല്ലെന്നു കുസും അറിയിച്ചതിനെ തുടര്‍ന്ന് ആവശ്യം അയ്യായിരം രൂപയിലെത്തി. ഒടുവില്‍ തനിക്കു തിരിച്ചു പോകാനുള്ള വിമാന ടിക്കറ്റിനുള്ള പണമെങ്കിലും തരണമെന്ന് ശഠിച്ചു. ഇതിനും കുസും വഴങ്ങാതിരുന്നതിനെ തുടര്‍ന്ന് സുക്ബീര്‍ അവരെ ആക്രമിക്കുകയായിരുന്നു. കുസുമിനെ കൊലപ്പെടുത്തിയശേഷം അവരുടെ എടിഎം കാര്‍ഡും ചെക്ബുക്കുമായി സുക്ബീര്‍ വൈകുന്നേരത്തോടുകൂടി ഫ്ലാറ്റില്‍ നിന്നും സ്ഥലം വിടുകയായിരുന്നു.

വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ സഹമുറിയയാണ് കുസും രക്തത്തില്‍ കുളിച്ചു കിടക്കുന്നത് കാണുന്നത്. സംഭവസ്ഥലത്തെത്തിയ പൊലീസ് പരിസരത്ത് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സുക്ബിറിലേക്ക് നീളുന്ന തെളിവുകള്‍ കിട്ടിയത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലെ പോസറ്റുകളില്‍ നിന്നും ഫോണ്‍ നമ്പര്‍ ട്രാക്ക് ചെയ്യുക വഴിയും കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് അയാള്‍ എവിടെയുണ്ടെന്നു കണ്ടെത്തുകയായിരുന്നു. അങ്ങനെയാണ് സുക്ബീറിനെ ഹരിയാനയില്‍ നിന്നും അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ഇയാളുടെ യഥാര്‍ത്ഥ സ്വദേശം ഏതാണെന്നോ അയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ വിശദമായ ചോദ്യം ചെയ്യലില്‍ നിന്നെ വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍