UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യോഗ ഇന്ത്യയുടേതാണത്രേ; നമ്മുടെ സര്‍ക്കാരിന്റെ ചില യോഗാ നമ്പറുകള്‍

Avatar

അനിവര്‍ അരവിന്ദ്‌

ഈ വിവരം ഗവണ്‍മെന്റ് പോളിസി സര്‍ക്കിളുകളില്‍ നിന്നു കേട്ടതാണ്. എന്തുകൊണ്ടു കേന്ദ്രസര്‍ക്കാര്‍ യോഗയ്ക്കു പിന്നാലെ ഓടുന്നു എന്നതിനു നല്ലൊരു കാരണം ഈ കഥ തരുന്നുണ്ട്. 

ICANN (The Internet Corporation for Assigned Names and Numbers) എന്ന അമേരിക്കന്‍ ഗവണ്‍മെന്റിനു കീഴിലുള്ള സന്നദ്ധ സംഘടനയാണ് ഇന്റര്‍നെറ്റിലെ റൂട്ട് സോണ്‍ സേവനങ്ങള്‍ എല്ലാം കൈകാര്യം ചെയ്യുന്നതു് .com .net .org പോലെയുള്ള ടോപ്പ് ലെവല്‍ ഡൊമൈന്‍ സേവനങ്ങളുടെ രജിസ്ട്രാര്‍ ഇവരാണ്. ടോപ്പ് ലെവല്‍ ഡൊമൈനുകള്‍ അതായതു് .com ലെ കോം പോലെ എന്തുവരണമെങ്കിലും അത് തെരഞ്ഞെടുത്ത് അവയുടെ രജിസ്‌ട്രേഷന്‍ ആര്‍ക്കും നടത്താവുന്ന രീതിയില്‍ സ്ഥിതി മാറിയിട്ട് കുറച്ചധികമായി .

ഇങ്ങനെ ഒട്ടനവധി ഡൊമൈനുകള്‍ വരുന്ന പോലെ 2014 ഓഗസ്റ്റ് 15 ന് .yoga ടോപ്പ് ലെവല്‍ ഡൊമൈനിന്റെ അംഗീകാരം ഒരു കമ്പനിയ്ക്ക് നല്‍കി. അതായതു മോദിജി അധികാരത്തില്‍ വന്നതിനു ശേഷം തന്നെ. ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്റിലെ Top Level Domain Holdings Limited എന്ന കമ്പനിയാണതു ബുക്ക് ചെയ്തത്. ഈ കമ്പനിയില്‍ നിന്നാര്‍ക്കും .yoga ഡൊമൈന്‍ വാങ്ങാം . അതായതു് www.<എന്തെങ്കിലും>.yoga എന്ന വെബ് വിലാസങ്ങള്‍.  https://www.iana.org/reports/c.2.9.2.d/20141013yoga ഇതുപോലെയുള്ള മറ്റു ടോപ്പ് ലെവല്‍ ഡൊമൈനുകളുടെ വിവരങ്ങള്‍ ഇവിടെക്കാണാം https://www.iana.org/domains/root/db 

ഈ ഡൊമൈനുകളുടെ പ്രത്യേകത എന്തെന്നാല്‍ അപേക്ഷ നല്‍കി അംഗീകാരം നല്‍കുന്നതു വരെയുള്ള കാലയളവില്‍ ആര്‍ക്കും ഈ ഡൊമൈന്‍ നല്‍കല്‍ പ്രൊസസ്സിനെ ചോദ്യം ചെയ്യാം. ഒരിക്കല്‍ അംഗീകാരം നല്‍കിയാല്‍ പിന്നെ ചോദ്യം ചെയ്യാന്‍ പറ്റില്ല. മോദി ഭരണത്തിലുള്ള കാലമായിട്ടും യോഗാ മഹാത്മ്യം പറയുന്ന ബിജെപിയോ ഇപ്പോഴത്തെ ഇന്ത്യന്‍ ഗവണ്‍മെന്റോ രാംദേവാദികളോ ഒന്നും ഇതു അറിഞ്ഞതും ശ്രദ്ധിച്ചതുമില്ല. അങ്ങനെ യോഗ ഡൊമൈന്‍ ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്റിലെ കമ്പനിയുടേതായി.

ഇതിനു ശേഷം, ഈ പരാജയം മുക്കിവെച്ചുകൊണ്ട് ഈ ടോപ്പ് ലെവല്‍ ഡൊമൈന്‍ തിരിച്ചുപിടിയ്ക്കാന്‍ എന്താണ് വഴി എന്നാണത്രേ ഗവണ്‍മെന്റ് തലത്തിലെ ആലോചന. ഇതുവാര്‍ത്തയാക്കാതെ യോഗ ഇന്ത്യയുടേതാണെന്ന് പറയാവുന്ന ഒരു ശക്തമായ വാദമുണ്ടാക്കി ICANN നെക്കൊണ്ട് വിറ്റ ഡൊമൈന്‍ തിരിച്ചെടുക്കാനുള്ള മാര്‍ഗ്ഗം ഉണ്ടാക്കുകയാണത്രേ പ്ലാന്‍. പഴയ ബസ്മതി അരി, വേപ്പ് കേസുകളെപ്പോലെ ഇന്റര്‍നെറ്റ് ഗവര്‍ണന്‍സ് രംഗത്ത് ICANN ന്റെ പോളിസി മാറ്റിയ്ക്കാന്‍ പറ്റുന്ന തരത്തിലെ ഒരു ഇടപെടല്‍.

അതിന്റെ ഭാഗമായാണത്രേ ഈ ടോപ്പ് ലെവല്‍ ഡൊമൈന്‍ നഷ്ടപ്പെട്ട് രണ്ടുമാസങ്ങള്‍ക്കു ശേഷം UN ജനറല്‍ അസംബ്ലിയിലെ പ്രസംഗത്തില്‍ ‘Yoga is an invaluable gift of India’s ancient േൃമdition’ എന്നൊക്കെ പറഞ്ഞ് ‘ Let us work towards adopting an International Yoga Day’ എന്നു മോഡി ആഹ്വാനം ചെയ്യുന്നത്. അതിന്റെ തുടര്‍ച്ചയായാണ് യുഎന്നിനെക്കൊണ്ട് ഇതംഗീകരിപ്പിക്കാനും അതുകഴിഞ്ഞ് അന്തര്‍ദേശീയ യോഗാ ദിനം നടത്താനും ആ ആഘോഷത്തെ ഇന്ത്യന്‍ ഗവണ്‍മെന്റ് ഏറ്റെടുത്ത് വന്‍ സംഭവമാക്കാനുള്ള ശ്രമവും ഒക്കെ നടക്കുന്നത് എന്നാണു കഥ .

ഈ കഥ ഗൂഢാലോചന തിയറി ആവാനും മതി . എന്തായാലും .yoga Domain ഇപ്പറഞ്ഞ കമ്പനി ബുക്ക് ചെയ്തു എന്നത് സത്യമാണ്. യോഗയെ ഇത്രയും വിലവെയ്ക്കുന്ന ഇന്ത്യന്‍ ഗവണ്‍മെന്റ് അതിനെ എതിര്‍ത്തില്ലെന്നുമാത്രമല്ല, യോഗയുടെ പുറത്ത് ഇമ്മാതിരി ഗിമ്മിക്കുകളൊക്കെ കാണിയ്ക്കുന്ന സമയത്തും ഇതുവരെ ഒരു വാര്‍ത്തപോലും ഇതേപ്പറ്റി ഇറങ്ങാതെ സൂക്ഷിച്ചിട്ടുണ്ട്. പൊതുവെ ഇങ്ങനെ ഉള്ള അവസരം കിട്ടുമ്പോ മീഡിയയെ ഫേസ് ചെയ്ത് ICANN നില്‍ നിന്നും ഇന്ത്യയുടെ സ്വന്തം .yoga യെ വീണ്ടെടുക്കും എന്നൊക്കെ ഏതു മന്ത്രിയായാലും ഉദ്യോഗസ്ഥനായാലും ദേശീയവികാരം പുരട്ടി രണ്ടു ഡയലോഗടിയ്ക്കാന്‍ സാധ്യതയുള്ള ഈ സമയത്ത് അതു ചെയ്യാതിരിക്കുന്നത് എന്താണെന്നതേ മനസ്സിലാകാത്തതായുള്ളൂ. അതുപോലെ ഈ അന്തര്‍ദേശീയ യോഗാ ദിനവുമായി ബന്ധപ്പെട്ട് ഒരൊറ്റ .yoga ഡൊമൈനും ഉപയോഗിയ്ക്കുന്നതായും കണ്ടില്ല. എന്തായാലും ഇന്റര്‍നെറ്റ് ഗവര്‍ണന്‍സ് രംഗത്തെ ഒരു പരാജയം മറയ്ക്കാനാണോ ഈ യോഗ ദിന നമ്പറുകള്‍ എന്നു നമുക്കു കാത്തിരുന്നു കാണാം.

 

(ലേഖകന്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചത് – https://www.facebook.com/anivar.aravind.a/posts/1606016422981381)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍