UPDATES

മായ ലീല

കാഴ്ചപ്പാട്

മായ ലീല

ന്യൂസ് അപ്ഡേറ്റ്സ്

കാവിരാജ്യക്കാര്‍ ചരിത്രത്തില്‍ നടത്തുന്ന കുത്തിത്തിരുപ്പുകള്‍

മായ ലീല

Indian Council of Historical Research (ICHR)-ന്‍റെ പുതിയ ചെയര്‍മാനായ സുദര്‍ശന്‍ റാവുവിന്റേതായി ഈ അടുത്തുവന്ന അഭിമുഖവും, അതില്‍ അദ്ദേഹത്തിന്‍റെ വിലയിരുത്തലുകളും വെറുതെ വായിച്ചു പോകാവുന്ന ഒന്നല്ല. കാരണം, അത്യന്തം അപകടകരമായ അവസ്ഥകളിലേക്ക് രാജ്യം നീങ്ങുന്നു എന്നതിന്റെ ഉത്തമോദാഹരണമാണിത്; ഇങ്ങനെ പറയേണ്ടി വരുന്നത് സുദര്‍ശന്‍ റാവു ICHR ചെയര്‍മാന്‍ എന്ന നിലയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത് എന്നത് തന്നെ. ഈ കൌണ്‍സിലിനുള്ള മുഖ്യ ഉത്തരവാദിത്തങ്ങള്‍ ചരിത്രത്തെ പറ്റിയുള്ള ഗവേഷണത്തിന് സാമ്പത്തിക സഹായം നല്‍കുക, വിവിധ വീക്ഷണ കോണുകളില്‍ നിന്ന് ചരിത്ര ഗവേഷണ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുക മുതലായവയാണ്. സാധാരണക്കാര്‍ ചരിത്രം അറിയുന്നത് സ്വയം ഗവേഷണം നടത്തിയല്ല, മറിച്ച് ചരിത്രം പഠിക്കുന്നവര്‍ അവരുടെ കണ്ടുപിടിത്തങ്ങള്‍ ലോകത്തിനു വെളിപ്പെടുത്തുമ്പോള്‍ അത് വായിച്ചറിഞ്ഞാണ്. അങ്ങനെ ഉള്ള പഠനങ്ങളും കണ്ടുപിടിത്തങ്ങളും നടത്താന്‍ സഹായിക്കുന്ന, അതിനെ നയിക്കുന്ന ഒരു സുപ്രധാന വിഭാഗത്തിന്‍റെ തലവനാണ് ഇദ്ദേഹം എന്നതുകൊണ്ട് തന്നെ ആ അഭിപ്രായങ്ങള്‍ക്ക് പ്രാധാന്യമുണ്ട്.

 

പരസ്പര വൈരുധ്യങ്ങള്‍ ആണ് അദ്ദേഹത്തിന്‍റെ വാക്കുകളില്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നത്‌. ആദ്യം തന്നെ പറയുന്നുണ്ട്; പാശ്ചാത്യര്‍ രചിച്ച ഇന്ത്യന്‍ ചരിത്രം നമ്മുക്കിനി വേണ്ട എന്ന്. പിന്നീട് പറയുന്നു പാശ്ചാത്യരുടെ പക്കല്‍ നിന്നും വിഭവങ്ങള്‍ ശേഖരിക്കാന്‍ ഉണ്ടെന്ന്! റാവുവിന്‍റെ അഭിപ്രായത്തില്‍, ഇത്രയും കാലം നമ്മള്‍ അറിഞ്ഞത് പാശ്ചാത്യര്‍ എഴുതിയ ചരിത്രമാണ്, ഇനി ഇന്ത്യന്‍ ചരിത്രം ഇന്ത്യക്കാര്‍ എഴുതട്ടെ എന്നാണ്. ഒരു ചരിത്ര ഗവേഷകനും ഒരിക്കലും പിന്തുടരാന്‍ പാടില്ലാത്ത ഒരു ആശയമാണിത്. ചരിത്രം പഠിക്കേണ്ടത് അതില്‍ താത്പര്യമുള്ളവരാണ്. ഇന്ത്യന്‍ ഗവേഷകന്‍ എന്ന മുന്‍ധാരണയുടെ മറയിട്ടു കാണേണ്ട ഒന്നല്ല ചരിത്രം. ഇന്ത്യാക്കാരന്‍ പഠിച്ചാലും അമേരിക്കക്കാരന്‍ പഠിച്ചാലും വസ്തുതാപരമായി കണ്ടുപിടിത്തങ്ങളെ സാധൂകരിക്കാന്‍ സാധിച്ചാല്‍ ലോകം അത് അംഗീകരിക്കും. പൂര്‍ണ്ണരൂപമുള്ള തെളിവുകളുടെ അഭാവം ചരിത്ര ഗവേഷണത്തിന് എന്നും ഒരു തടസ്സമാണ്. ലഭിക്കുന്ന ഫോസ്സിലുകളും പിന്നെ ഓരോ കാലഘട്ടത്തിലെയും മനുഷ്യര്‍ അവരുടെ ഭാഷയില്‍, കലയില്‍, സാഹിത്യത്തില്‍, വിജ്ഞാന ഗ്രന്ഥങ്ങളില്‍ അവശേഷിപ്പിച്ചു പോയ കഷ്ണങ്ങള്‍ പെറുക്കി എടുത്തു ഒരു സമഗ്ര ചിത്രം നിര്‍മ്മിക്കാന്‍ മാത്രമേ ചരിത്രകാരന് സാധിക്കൂ.

 

 

കൊളോണിയല്‍ ശക്തികള്‍ അവരുടെ താത്പര്യങ്ങള്‍ക്ക് വേണ്ടി ചരിത്രം വളച്ചൊടിക്കുക എന്ന കൊള്ളരുതായ്മ ചെയ്തിട്ടുണ്ട്. ചരിത്രത്തെ വ്യാഖ്യാനിക്കുന്നത് മാത്രമേ അവര്‍ക്ക്‌ അവരുടെ ഇഷ്ടത്തിന് ചെയ്യാന്‍ കഴിയുകയുള്ളൂ, നിലനില്‍ക്കുന്ന തെളിവുകള്‍ കൊണ്ട് മറുവാദങ്ങള്‍ ഉന്നയിച്ചാല്‍ അതൊക്കെ തെറ്റായിരുന്നു എന്ന് സാധൂകരിക്കാന്‍ ഒരു പ്രയാസവുമില്ല. അങ്ങനെ ഒരു പഠനത്തിന് ആഹ്വാനം നടത്താതെ ഇന്ത്യാക്കാരന്‍ പഠിക്കുന്ന ചരിത്രമാണ് ഇന്ത്യയുടെ യഥാര്‍ത്ഥ ചരിത്രം എന്ന് നമ്മുക്കെങ്ങനെ പറയാന്‍ കഴിയും! അതും പാശ്ചാത്യ- കൊളോണിയല്‍ ചരിത്രകാരന്മാരും ചെയ്തത് തമ്മില്‍ എന്ത് വ്യത്യാസം ഉണ്ടാവും! വര്‍ഗ്ഗീയമായ ചിന്തയുടെ രൂപാന്തരം ആണിത്. എന്‍റെത് ഞാന്‍ പറയും, അതാണ്‌ സത്യം എന്ന രീതി. അത് ശാസ്ത്രീയമല്ല, അടിച്ചേല്‍പ്പിക്കലാണ്. ഇന്ത്യന്‍ വിദ്യാര്‍ഥി ആയാലും വിദേശി വിദ്യാര്‍ഥി ആയാലും പഠിക്കുന്നത് ഒരേ വസ്തുക്കള്‍ ഉപയോഗിച്ച് ആണെങ്കില്‍ അതില്‍ വീക്ഷണം പലതുണ്ടെങ്കില്‍ വീണ്ടും വീണ്ടും ഗവേഷണം നടത്തുകയല്ലേ വേണ്ടത്. അതിനുപകരം ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ ചരിത്ര വീക്ഷണം ആണ് ശരി എന്ന് പറഞ്ഞു വെയ്ക്കുന്നത് എന്തിന്? മേല്‍ക്കോയ്മയുടെയും, അധികാര ദുര്‍വിനിയോഗത്തിന്റെയും കഥകള്‍ തന്നെ വീണ്ടും പാടിപ്പതിയാന്‍ വേണ്ടിയാണ് ഇത്തരത്തിലെ ഒരു തെറ്റായ രീതിശാസ്ത്രം ഇത്രയും സുപ്രധാനമായ സ്ഥാനത്തിരിക്കുന്ന ഒരാള്‍ പിന്തുടരുന്നത്.

 

രണ്ടാമതായി ഒരു ഹിന്ദുത്വ സര്‍ക്കാര്‍ അല്ലേ ഈ സ്ഥാനത്തേയ്ക്ക്‌ അദ്ദേഹത്തെ നിയമിച്ചത് എന്ന് ചോദിക്കുമ്പോള്‍ ബാലിശമായ മറുചോദ്യങ്ങള്‍ ആണ് ഉത്തരം. ഇതിനു മുന്‍പുണ്ടായിരുന്നവരെ ആര് നിയമിച്ചു എന്ന് നിങ്ങള്‍ നോക്കിയിട്ടുണ്ടോ, എന്ന് മറുചോദ്യം. അതിനു പ്രസക്തിയില്ല. ഒരു നിയമനം നടക്കുമ്പോള്‍ അതിന്‍റെ എഴുതപ്പെട്ട നിയമങ്ങള്‍ പാലിക്കുക എന്നത് തന്നെയാണ് മാനദണ്ഡം. ചരിത്രത്തെ ജനാധിപത്യത്തിന്‍റെ ആദര്‍ശസൂക്തത്തില്‍ തിരുത്തി എഴുതി അദ്ദേഹം ഒരു മൈതാനപ്രാസംഗികന്റെ ചാതുര്യം പ്രകടിപ്പിക്കുന്നു. ചരിത്രം ജനക്കൂട്ടങ്ങളെ കൈയ്യിലെടുക്കുന്ന മൈതാനപ്രസംഗം ആയാല്‍ ലോകത്തിന് എന്ത് സംഭവിക്കും എന്ന് 1920-കളിലെ ജര്‍മ്മനി കാണിച്ചു തന്നതാണ്.

 

രാമായണവും മഹാഭാരതവും കെട്ടുകഥകള്‍ അല്ല, ഒരു കാലഘട്ടത്തില്‍ നടന്ന സംഭവങ്ങള്‍ ആണ്, ഒരു കൂട്ടം തലമുറകളുടെ ഓര്‍മ്മയില്‍ ഇന്നും ഉള്ളതാണ് അവ രണ്ടും എന്ന് അദ്ദേഹം വാദിക്കുന്നു. പഴക്കമേറിയ ഗ്രന്ഥങ്ങള്‍ ആണിവ രണ്ടും എന്നതിനും ഇതിലേക്ക് ഒരുപാട് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയിട്ടുണ്ട് എന്നതും ചരിത്ര ഗവേഷകര്‍ തെളിയിച്ചിട്ടുള്ള വസ്തുതകളാണ്. രാമായണവും മഹാഭാരതവും അത് എഴുതപ്പെട്ട കാലഘട്ടങ്ങളിലെ സത്യമായ വസ്തുതകള്‍ ആണെന്ന് റാവു വിഭാവനം ചെയ്യുമ്പോള്‍ ചിലത് കൃത്യമായി ഉറപ്പിക്കപ്പെടേണ്ട ആവശ്യമുണ്ട്. കുരങ്ങ് മനുഷ്യര്‍ എന്നൊരു വിഭാഗം ജീവിച്ചിരുന്നതായി തെളിവുണ്ടോ? രാമയാണത്തില്‍ വിന്ധ്യനിപ്പുറം രാക്ഷസന്മാരും കുരങ്ങു മനുഷ്യരും ആണ് ഭരിച്ചിരുന്നതും ജീവിച്ചിരുന്നതും എന്ന് പറയപ്പെടുന്നു. ആ കാലഘട്ടത്തില്‍ എഴുതപ്പെട്ട മറ്റേതെങ്കിലും ഗ്രന്ഥത്തില്‍ ഇതിനൊരു തെളിവുണ്ടോ? ദക്ഷിണ ഭാരതത്തില്‍ എഴുതപ്പെട്ട ഏതെങ്കിലും കൃതികളില്‍ ഇവിടെ രാക്ഷസരും കുരങ്ങു മനുഷ്യരും ആണുണ്ടായിരുന്നത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടോ? ദേവന്മാരും അപ്സരസ്സുകളും രാക്ഷസന്മാരും ഒക്കെ സ്വൈര്യ വിഹാരം നടത്തിയിരുന്ന ഭാരതത്തിലേക്ക് സഞ്ചരിച്ച ഏതെങ്കിലും വിദേശികള്‍ ഇത്തരത്തില്‍ മനുഷ്യരല്ലാത്ത ആളുകളെ കണ്ടതായി കുറിച്ചുവെച്ചിട്ടുണ്ടോ? പറക്കാന്‍ കഴിവുള്ള, മനുഷ്യരൂപവും ജീവികളുടെ മുഖവും ഉള്ളവര്‍ ജീവിച്ചിരുന്നതായി എന്താണ് തെളിവ്?

 

പുരാണങ്ങള്‍ കഥകളാണ്, രചിക്കപ്പെട്ട, ഉദ്ദേശ്യങ്ങള്‍ ഉള്ള കഥകള്‍. അവ ഒരു കാലഘട്ടത്തിന്‍റെ ഒരു സമൂഹത്തിന്‍റെ ഒക്കെ പ്രതിച്ഛായകളാണ്. ഓരോ കാലത്തേയും ഓരോ നാഗരികതയുടേയും കഥകള്‍ വിളിച്ചു പറയുന്നത് അവരുടെ സമൂഹത്തിന്‍റെ അറിവുകള്‍ ആണ്, ചിട്ടവട്ടങ്ങളും ചിന്താഗതികളും ആണ്. തിരിച്ചും ആകാം. വിപ്ലവ ചിന്തകള്‍ ഉദ്ദീപിപ്പിക്കുന്ന കഥകള്‍ ആവും ഒരുപക്ഷെ കഥാകാരന്‍ എഴുതിയിട്ടുണ്ടാവുക. അപ്പോഴെങ്ങനെ തിരിച്ചറിയാം, സമൂഹത്തിന്‍റെ ഗതിവിഗതികള്‍ ആണോ അതോ അതില്‍ നിന്നൊക്കെ ഉണ്ടാവേണ്ട മാറ്റങ്ങളെ പറ്റിയാണോ ഒരു പ്രത്യേക പുരാണമോ/ഇതിഹാസമോ ഉണ്ടായിരിക്കുന്നത് എന്ന്? എളുപ്പമാണ്, അതേ കാലഘട്ടത്തിന്‍റെ മറ്റു രചനകളുമായി താരതമ്യം ചെയ്‌താല്‍ മതിയാകും; നമുക്ക് അറിയേണ്ട കൃതി ഒഴുക്കിനെതിരേ നീന്തിയതോ അതോ വെറുതെ തിരകളില്‍ പൊങ്ങി കിടന്നൊഴുകിയതോ എന്ന്. സകലരേയും രമിപ്പിക്കുന്ന രാമന്‍ എന്നൊരു ഭരണാധികാരി ജീവിച്ചിരുന്നിരിക്കാം, അദ്ദേഹത്തിന്റെ രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണം അദ്ദേഹത്തിന് അധികാരം നഷ്ടപ്പെട്ടിരിക്കാം, അദ്ദേഹത്തിന്റെ ഭാര്യയെ ശത്രുക്കള്‍ കടത്തിക്കൊണ്ട് പോയിരിക്കാം. അത്രയും ചരിത്രമെന്ന് സമ്മതിക്കാന്‍ കൂടെ വേണ്ട തെളിവുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ എങ്ങനെയാണ് പുരാണങ്ങളിലെ അതിഭാവുകത്വങ്ങളും ദൈവീകതയും അവതാര രൂപങ്ങളും മറ്റും ചരിത്രമാണ് എന്ന് അടിയുറപ്പിച്ചു പറയാന്‍ കഴിയുക. ഒന്നുകില്‍ റാവു തന്റെ പദവിയും അദ്ദേഹത്തിന്റെ അധികാരത്തില്‍ ഉള്ള ഗവണ്മെന്റ് സമ്പത്തും ദുര്‍വിനിയോഗം ചെയ്യാന്‍ ഇത്തരം ഒരു മിഥ്യാധാരണയെ പടര്‍ത്തിവിടാന്‍ ശ്രമിക്കുന്നു എന്ന് കരുതണം, അല്ലെങ്കില്‍ ദേശീയതാവാദത്തിന്റെ അടിത്തറകളില്‍ ഒന്നായ, ഞങ്ങളാണ് ഇവിടെ ആദ്യം മുതലേ ഉണ്ടായിരുന്നത് എന്ന വാദം ഊട്ടിയുറപ്പിക്കാനും വ്യവസ്ഥാപിത താത്പര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കാനും വേണ്ടിയാണ് എന്ന് കരുതണം. രണ്ടായാലും നഷ്ടം ചരിത്രത്തിനും സത്യത്തിനും സമൂഹത്തിനും ആണ്. ഞങ്ങളുടെ പൂര്‍വ്വികര്‍ ആണിവിടെ ഉണ്ടായിരുന്നത്, അതുകൊണ്ട് ഞങ്ങള്‍ നിങ്ങളെ ഭരിക്കണം എന്ന് പറഞ്ഞ കൊളോണിയല്‍ ശക്തികളില്‍ നിന്ന് ഇവിടെ ഉണ്ടായിരുന്നത് ബ്രാഹ്മണ മേധാവിത്വം ആണ് അതുകൊണ്ട് വര്‍ണ്ണവെറിയില്‍ അധിഷ്ടിതമായ ബ്രാഹ്മണ ഭരണം നിലനിന്നാല്‍ മതിയാകും എന്ന് പറയുന്നതില്‍ എന്താണ് വ്യത്യാസം? 

 


സുദര്‍ശന്‍ റാവു

 

ചരിത്രം പഠിക്കാന്‍ വസ്തുക്കാന്‍ തെളിവുകളായി വേണ്ട എന്നാണ് റാവുവിന്റെ അഭിപ്രായം. എന്തിനും ഏതിനും തെളിവുകള്‍ നിരത്താന്‍ സാധിക്കുകയില്ല. ശരിയാണ്, ലോകത്തിലുണ്ടാകുന്ന എല്ലാ സങ്കല്‍പ്പങ്ങങ്ങള്‍ക്കും തെളിവുകള്‍ ഉണ്ടാക്കാന്‍ സാധിക്കുകയില്ല. പക്ഷെ ഇന്ത്യന്‍ എഴുതുന്ന ഇന്ത്യയുടെ ചരിത്രം എന്ന് വാദിക്കുമ്പോള്‍ അത്തരത്തിലെ സാങ്കല്‍പ്പിക പുരാണങ്ങള്‍ക്ക് മേല്‍ കാല്‍പ്പനികതയോടെ ചരിത്രം എഴുതി പിടിപ്പിക്കാനാണ് ഈ ചരിത്രകാരന്‍ ശ്രമിക്കുന്നത് എന്ന് കാണാം. പാടിപ്പതിഞ്ഞ പാട്ടുകളിലും കഥകളിലും സത്യമില്ല എന്നത് വസ്തുതയല്ല. പക്ഷേ ഒരു ദേശത്ത് ഒരുത്തി കാക്കയെ ഛര്‍ദ്ദിച്ചു എന്ന രീതിയിലാണ് മിക്ക പഴങ്കഥകളും  ഐതീഹ്യങ്ങളും പ്രചരിക്കുന്നത്. അവയൊന്നും ചരിത്രമല്ല, പൂര്‍ണ്ണമായ വസ്തുതയല്ല. ഒരു നാട്ടില്‍ നിന്നും മറ്റൊരു നാട്ടിലേക്ക് ആശയവിനിമയം വായ്മൊഴി ആയി മാത്രം നടക്കുന്ന കാലത്ത് ആളുകള്‍ക്ക് സ്വന്തം ഭാവന ഉപയോഗിച്ച് എന്തും കെട്ടിച്ചമയ്ക്കാം. പക്ഷെ അതൊക്കെ ചരിത്രം ആക്കണം എന്നും ഒരു രാജ്യം മുഴുവന്‍ അത് വിശ്വസിക്കണം എന്നും പുതിയ തലമുറയ്ക്ക് അത് പഠിപ്പിച്ചു കൊടുക്കണം എന്ന് ശഠിക്കുന്നത് അത്യന്തം പിന്തിരിപ്പന്‍ പരിപാടിയാണ്. 

 

പുരാണങ്ങളില്‍ പറയുന്നതുപോലെ കുതിരയൊന്നും അന്ന്  ഇവിടെ ഇല്ലായിരുന്നെന്നും അയണ്‍ ഏജ് തുടങ്ങുന്നതിനും മുന്നേ ഇതില്‍ പറയുന്ന ആയുധങ്ങള്‍ ഒന്നും ഉണ്ടാക്കാന്‍  കഴിയില്ലെന്നും ഇതില്‍ പറയുന്നതുപോലെയുള്ള നാശശേഷിയുള്ള  അസ്ത്രങ്ങളോ ശാസ്ത്രത്തിനു നിരക്കാത്ത സംഭവങ്ങളോ സാധ്യമല്ലെന്നും ഒക്കെ തെളിവു നിരത്തുന്നവര്‍ക്കും റാവുവിന് മറുപടിയുണ്ട്. മഹാഭാരതവും രാമായണവും സാഹിത്യമല്ല ചരിത്രമാണ് എന്നു തെളിയിക്കാന്‍ ഇദ്ദേഹം പറയുന്നത് ഇങ്ങനെ: രാമായണത്തില്‍ രാമന്‍ ഭദ്രാചലം വരെ യാത്ര ചെയ്തു എന്നുണ്ട്. ഭദ്രാചലത്തിലെ ആളുകളോട് ചോദിക്കൂ, രാമന്‍ അവിടെ വന്ന് താമസിച്ചിട്ടുണ്ടെന്ന് അവര്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അതാണ്  തെളിവ്. ഭൂരിപക്ഷം വിശ്വസിക്കുന്നതാണ് തെളിവ്, അല്ലാതെ എല്ലാത്തിനും  ചരിത്രത്തില്‍ നിന്നുള്ള തെളിവുകള്‍ ലഭ്യമാക്കാന്‍ പറ്റില്ല എന്നും  ആവര്‍ത്തിക്കുന്നു. അതായത് നമ്മള്‍ എല്ലാവരും നാളെ ഒന്നിച്ച് അങ്ങു വിശ്വസിച്ചാല്‍ മതി, ബ്രിട്ടന്‍ ഇന്ത്യ ഭരിച്ചിട്ടില്ലെന്ന്, ചരിത്രം  അങ്ങനെയാകും. ആര്‍ക്കിയോളജിക്കല്‍ തെളിവുകള്‍ അല്ല മനുഷ്യവിശ്വാസമാണ് ശരിയായ തെളിവ് എന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നു. 

 

പാശ്ചാത്യര്‍ക്ക്  രാമായണവും ഭാരതവും  മിത്ത് ആയിരിക്കും, നമുക്കങ്ങനെ അല്ല എന്നു പറയുന്ന അദ്ദേഹം ചരിത്രം ആളുകളുടെ സംഭാവനയാണ്, അത് നമുക്ക് വേണ്ടപ്പോള്‍ തിരുത്താം എന്നും പറയുന്നു. എന്തായാലും, അദ്ദേഹം സത്യസന്ധനാണ്. അവരുടെ ഭാവനയാണ് അവരെഴുതാന്‍ പോകുന്ന ചരിത്രം എന്നും ആളുകള്‍ വിശ്വസിക്കുന്നതാണ് സത്യം എന്നതിന്റെയും അടിസ്ഥാനത്തിലാണ് ചരിത്രം തിരുത്താന്‍ പോകുന്നതെന്നും അദ്ദേഹം തുറന്നു സമ്മതിക്കുന്നുണ്ട്.

 

റാവുവിന്റെ പരസ്പര വിരുദ്ധമായ ഒരു പ്രസ്താവനയാണ് കൗതുകകരമായി പിന്നീടുള്ളത്. എന്തിനും ഏതിനും മെറ്റീരിയല്‍ തെളിവുകളുടെ പിന്‍ബലം പറ്റാന്‍ കഴിയില്ല എന്ന് പറയുന്ന അദ്ദേഹം പിന്നീട് ഭാരതത്തിന്റെ അതിര്‍ത്തി ഇറാക്ക് വരെ നീണ്ടതായിരുന്നു എന്നതിന് മതിയായ പുരാവസ്തു തെളിവുകള്‍ ഉണ്ടെന്നും പറയുന്നു!! ഇറാക്കിലെ ജനത കൂട്ടമായി അവരുടെ ഐതീഹ്യങ്ങളില്‍ വിശ്വസിക്കുന്നത് ഇത്തരത്തില്‍ ഒന്നല്ലെങ്കില്‍ റാവു അത് അംഗീകരിക്കാന്‍ തയ്യാറാകുമോ? സാധ്യതയില്ല, കാരണം അത് അദ്ദേഹത്തിന്റെ അജണ്ടയില്‍ ഉള്ളതല്ലല്ലോ. ഭാരതം എന്നതിനെ ഹിന്ദുത്വ ബ്രാഹ്മണ മേധാവിത്വത്തിന്റെ അധീശതയില്‍ നിലനിര്‍ത്താന്‍, അതിര്‍ത്തികള്‍ വ്യാപിപ്പിക്കാന്‍, ചരിത്രം ഇവരെല്ലാം കൂടെ തിരുത്തി എഴുതാന്‍ തുടങ്ങുകയാണ്; അത് റാവു തുറന്നു പറയുന്നു എന്നേയുള്ളൂ. നമ്മുടെ ചരിത്രം നമ്മള്‍ എഴുതണം, ഭാവിയില്‍ പ്രയോജനപ്പെടുത്താന്‍ വേണ്ടി എന്ന്. ചരിത്രത്തില്‍ നിന്ന് അതിരുകള്‍ വികസിച്ചു കിടന്ന ഒരു ഇന്ത്യയെ ആണ് കണ്ടെത്തേണ്ടത്‌ എന്ന് പറയുന്ന റാവുവിന്റെ ചിത്തം അപകടകരമാം വിധം അധികാരക്കൊതിയോടെ ചലിക്കുന്നു. അഫ്ഗാനിലും ഇറാനിലും ഇറാക്കിലും വരെ നീണ്ടിരുന്നതാണ് ഇന്ത്യാ മഹാരാജ്യം എന്ന് പറഞ്ഞുറപ്പിക്കുന്നത് എന്തിനു വേണ്ടിയാണ്!

 

 

തൊട്ടുകൂടായ്മ സാമ്പത്തിക അടിസ്ഥാനത്തില്‍ മൂവായിരം വര്‍ഷങ്ങള്‍ക്ക് മുന്നേ മാത്രം ഉണ്ടായതാണ് എന്ന് വാദിക്കുന്ന റാവു അത് നിലനില്‍ക്കേണ്ടത് എന്നോ തുടച്ചു മാറ്റപ്പെടെണ്ടതെന്നോ പറയുന്നില്ല. വിദഗ്ദമായി അതില്‍ നിന്ന് ഒഴിഞ്ഞുമാറി രാമായണത്തില്‍ ഉണ്ടോ മഹാഭാരതത്തില്‍ ഉണ്ടോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. രാമായണവും മഹാഭാരതവും രാജകുടുംബങ്ങളുടെയും ദേവഗണങ്ങളുടെയും ഋഷിവര്യന്മാരുടേയും കഥകളാണ്, സമൂഹത്തിന്റെ സമഗ്രചിത്രം തരുന്ന ഒരു ചരിത്ര രേഖയല്ല അത്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഉണ്ടായിരുന്നു എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് പ്രഭുത്വ വര്‍ഗ്ഗത്തിന്റെ കഥ പറയുന്ന പുരാണങ്ങളില്‍ ആ വര്‍ഗ്ഗങ്ങളുടെ നിലനില്‍പ്പ്‌ മുഴുവനായും നിശബ്ദമാണ് എന്നത്. പറക്കുന്ന കരജീവികളും സംസാരിക്കുന്ന മീനും ഗര്‍ഭം തുടയിലൂടെയും സൂര്യരശ്മികളിലൂടെയും മറ്റും ഉണ്ടാവും എന്നുമൊക്കെ ഈ കഥകളില്‍ നിന്ന് യാതൊരു തെളിവും ഇല്ലാതെ വിശ്വസിക്കാമെങ്കില്‍ ഇതില്‍ പരാമര്‍ശിക്കപ്പെടാത്ത ജീവനും ജീവിത രീതികളും ഇവിടെ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുക തന്നെ വേണം.

 

താനൊരു ബ്രാഹ്മണന്‍ ആണെന്ന് ഊറ്റംകൊണ്ട് പറയുകയും ജാതി അടിസ്ഥാനത്തിലുള്ള വേര്‍തിരിവുകള്‍ സമൂഹത്തിന്റെ മേന്മയ്ക്കുള്ളതാണ് എന്നും ഉറച്ചു വിശ്വസിക്കുന്ന ഒരു ചരിത്രകാരന്‍ ഭാവിയ്ക്കും ഭൂതകാലത്തിനും ഒരുപോലെ ദോഷമാണ് ചെയ്യാന്‍ പോകുന്നത്. ഒരുപക്ഷേ അത് സാധാരണക്കാര്‍ തിരിച്ചറിഞ്ഞു വരുമ്പോഴെക്ക് വല്ലാതെ താമസിച്ചു പോയേക്കും; തിരുത്തപ്പെടാന്‍ കഴിയാത്ത രീതിയില്‍. ഫാഷിസം ഊറി ഇറങ്ങി സമൂഹത്തിലെ പഴുതുകള്‍ മുഴുവനും അടച്ചുകൊണ്ടിരിക്കുകയാണ്. കണ്ണുതുറന്നു കാണുകയും എതിര്‍ക്കുകയും ചെയ്യാന്‍ വൈകുന്തോറും അനങ്ങാന്‍ പറ്റാത്ത തരത്തില്‍ ബന്ധനത്തില്‍ അകപ്പെട്ടു പോകും. ഒന്ന് അടിമത്തത്തിന്‍റെ, രണ്ട്; അറിവില്ലായ്മയുടെ.

 

Original interview:

‘Ramayana, Mahabharata Are True Accounts Of The Period…Not Myths’

 

വായനക്കാര്‍ക്ക് വേണ്ടി, രണ്ടു ഭാരതീയരുടെ കാഴ്ച്ചപ്പാടില്‍ ഇതിഹാസങ്ങള്‍:

The Epic of the Bharatas 

Three Hundred Ramayanas; Five Examples and Three Thoughts on Translations 

മായ ലീല

മായ ലീല

പാവപ്പെട്ടവരെ എല്ലാക്കാലത്തും ചൂഷണം ചെയ്യുന്നതും അസമത്വം വളര്‍ത്തുന്നതും സ്ത്രീകളോട് മനുഷ്യത്വരഹിതമായി പെരുമാറുന്നതും അവരെ സമൂഹത്തിന്റെ പാര്‍ശ്വധാരയിലേക്ക് തള്ളി മാറ്റുന്നതുമായ വ്യവസ്ഥിതിയോട് ഒരു തരത്തിലുള്ള സന്ധിയും പാടില്ല. അതാണ് എന്റെ രാഷ്ട്രീയവും എന്റെ ഐഡന്റിറ്റിയും. അത്തരം വ്യവസ്ഥിതിയോടുള്ള കലഹങ്ങളും പോരാട്ടങ്ങളുമാണ് Perpendicular to the system. അത് സമൂഹത്തിന്റെ മുഖ്യധാരയോട് ചേര്‍ന്നു നില്‍ക്കുന്നതായിക്കൊള്ളണമെന്നുമില്ല. അധ്യാപികയും ഗവേഷകയുമാണ് മായ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍