UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുല്‍ഭൂഷണ്‍ യാദവിന്റെ വിധി ഇന്നറിയാം; വൈകിട്ട് 3.30ന് വിധി പ്രഖ്യാപിക്കും

ശിക്ഷ വിയന്ന കണ്‍വെന്‍ഷന്‍ വ്യവസ്ഥകളുടെ ലംഘനമാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യ വാദിച്ചിരുന്നു

പാകിസ്ഥാന്‍ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷയ്‌ക്കെതിരെ ഇന്ത്യ നല്‍കിയ ഹര്‍ജിയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് വിധി പറയും. ഇന്ത്യന്‍ സമയം 3.30നാണ് രാജ്യാന്തര കോടതിയുടെ വിധി പ്രഖ്യാപനം.

ഇന്ത്യയ്ക്ക് വേണ്ടി ബലൂചിസ്ഥാനില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് പാക് സൈനിക കോടതി ഇദ്ദേഹത്തിന് വധശിക്ഷ വിധിച്ചത്. അതേസമയ ബിസിനസ് ആവശ്യങ്ങള്‍ക്കായി ഇറാനിലെത്തിയ ഇദ്ദേഹത്തെ പാക് സൈന്യം ബലൂചിസ്ഥാനിലേക്ക് തട്ടിക്കൊണ്ട് പോകുകയായിരുന്നെന്നും ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് ഇന്ത്യയുടെ നിലപാട്. ശിക്ഷ വിയന്ന കണ്‍വെന്‍ഷന്‍ വ്യവസ്ഥകളുടെ ലംഘനമാണെന്ന് തിങ്കളാഴ്ച ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഹാജരായ ഹരിഷ് സാല്‍വെ വാദിച്ചിരുന്നു.

വിചാരണ സ്വതന്ത്രമായിരുന്നില്ലെന്നും നിയമസഹായം എത്തിക്കാന്‍ ഇന്ത്യയെ അനുവദിച്ചില്ലെന്നുമാണ് അദ്ദേഹം മുഖ്യമായും ചൂണ്ടിക്കാട്ടിയത്. 16 തവണ ഇന്ത്യ ഇക്കാര്യം ഉന്നയിച്ച് കത്ത് നല്‍കിയെങ്കിലും നിരസിക്കപ്പെടുകയായിരുന്നു. കുല്‍ഭൂഷണ്‍ യാദവ് ഇന്ത്യയുടെ ചാരനാണെന്നും അദ്ദേഹത്തിന് വിയന്ന കണ്‍വെന്‍ഷന്റെ പരിരക്ഷ ലഭിക്കില്ലെന്നുമാണ് പാകിസ്ഥാന്‍ വാദിച്ചത്. യാദവിന്റെ കുറ്റസമ്മത മൊഴിയാണ് ഇതിന് പ്രധാന തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നത്. എന്നാല്‍ ഇതിന്റെ വീഡിയോ കാണാന്‍ അന്താരാഷ്ട്ര കോടതി വിസമ്മതിച്ചത് വാദത്തില്‍ പാകിസ്ഥാന് തിരിച്ചടിയായി.

മഹാരാഷ്ട്രയിലെ സംഗ്ലി സ്വദേശിയാണ് 47കാരനായ കുല്‍ഭൂഷണ്‍ യാദവ്. അച്ഛന്‍ മുംബൈയില്‍ പോലീസ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. മുംബൈയിലാണ് ഇപ്പോള്‍ കുടുംബം താമസിക്കുന്നത്. നാവിക സേനയില്‍ നിന്നും വിരമിച്ച ശേഷം ബിസിനസ് ചെയ്ത് ജീവിക്കുകയായിരുന്നു. 2016ലാണ് ഇറാന്‍-പാക് അതിര്‍ത്തിയില്‍ നിന്നും പാകിസ്ഥാന്‍ രഹസ്യാന്വേഷകര്‍ ഇദ്ദേഹത്തെ പിടികൂടിയത്. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ഉദ്യോഗസ്ഥനാണ് യാദവ് എന്നാണ് പാകിസ്ഥാന്‍ ആരോപിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍