UPDATES

സിനിമ

ഓസ്കര്‍ പുരസ്കാരം കിഴക്കന്‍ യൂറോപ്പില്‍ അഭിരമിക്കുമ്പോള്‍

Avatar

ലിയോനിഡ് ബെര്‍ഡിഷ്കി
(ബ്ലൂംബര്‍ഗ് ന്യൂസ്)

ഇത്തവണത്തെ ഓസ്‌കാര്‍ പുരസ്‌കാരങ്ങളെ സൂചനയായി കണക്കാക്കാമെങ്കില്‍ പടിഞ്ഞാറന്‍ പ്രേക്ഷകരും വിമര്‍ശകരും കിഴക്കന്‍ യൂറോപ്പിന്റെ ആകര്‍ഷണവലയത്തിനകത്താണ് എന്ന് മനസിലാക്കാം. കാരണം മികച്ച വിദേശ ചിത്രത്തിനായുള്ള മത്സരത്തില്‍ നിര്‍ദേശിക്കപ്പെട്ട അഞ്ച് ചിത്രങ്ങളില്‍ മൂന്നെണ്ണവും കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ളതായിരുന്നു. മികച്ച ചിത്രത്തിനായി മത്സരിക്കുകയും അത്ര പ്രധാനമല്ലാത്ത രണ്ട് പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത വെസ് ആന്‍ഡേഴ്‌സണിന്റെ ‘ഹോട്ടല്‍ ഗ്രാന്റ് ബുഡാപെസ്റ്റ്’ കിഴക്കന്‍ യൂറോപ്പിലെ സാങ്കല്പിക രാജ്യമായ സുബ്രോവ്കയെ കേന്ദ്രീകരിച്ചുള്ളതാണ്. പാശ്ചാത്യര്‍ ഈ സിനിമകളിലേക്ക് മാത്രമായി തങ്ങളെ ഒതുക്കാതെ പ്രദേശത്തിന്റെ സങ്കീര്‍ണമായ പോയകാലത്തിലേക്കും ദുരന്തപൂര്‍ണമായ വര്‍ത്തമാനകാലത്തിലേക്കും ആഴത്തില്‍ ഇറങ്ങിച്ചെല്ലുമെന്ന് നമുക്ക് പ്രതീക്ഷിക്കാനെ കഴിയു.

മികച്ച വിദേശചിത്രമായി തെരഞ്ഞെടുക്കപ്പെട്ട പാവല്‍ പവ്‌ലികോവ്‌സ്‌കിയുടെ `ഇഡ’യും ആ വിഭാഗത്തിലെ കടുത്ത എതിരാളി ആയിരുന്ന ആന്‍ഡ്രി സ്യാഗിന്‍സേവിന്റെ `ലെവിയാതനും’ തങ്ങളുടെ രാജ്യങ്ങളില്‍ ദേശവിരുദ്ധമെന്ന് മുദ്രകുത്തപ്പെട്ടത് യാദൃശ്ചികമാകാന്‍ ഇടയില്ല. നിഷേധിക്കാനാവാത്തത്രയും പ്രബലമായ സിനിമാ പാരമ്പര്യമാണ് കിഴക്കന്‍ യൂറോപ്പിനുള്ളതെങ്കിലും അടുത്തിടെയൊന്നും പ്രദേശത്തെ സിനിമകളിലധികമൊന്നും ബോക്‌സ്ഓഫീസിലോ ചലച്ചിത്രോത്സവങ്ങളിലോ വിജയം നേടിയിട്ടില്ല. അതിനാല്‍ തന്നെ `ഇഡ`യെയും `ലെവിയാതനെ`യും പോലെ പ്രമുഖ ചലച്ചിത്രോത്സവങ്ങളില്‍ പുരസ്‌കാരം നേടുന്ന സിനിമകളൊക്കെയും അതാത് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നതായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇങ്ങനെയാകുമ്പോള്‍ തങ്ങളുടെ ജന്മനാടിനെ വിദേശികള്‍ എങ്ങനെ കാണണമെന്ന് തീരുമാനിക്കാന്‍ കുറച്ചു പേര്‍ക്ക് കഴിയുന്നുവെന്നതാണ് പ്രശ്‌നം.

`ഇഡ` സവിശേഷ സങ്കീര്‍ണതകളുള്ള ഒരു വിഷയമാണ്. മുഖ്യ കഥാപാത്രങ്ങളിലൊരാളായ വാണ്ട, 1950കളുടെ ആദ്യം നടന്ന വിചാരണകളിലെ സ്റ്റാലിനിസ്റ്റ് പ്രോസിക്യൂട്ടറായിരുന്ന ഹെലെന വോളിന്‍സ്‌കയുടെ ഒരു അയഞ്ഞ പുനരാഖ്യാനമാണ്. 1980കളില്‍ പവ്‌ലികോവ്‌സ്‌കി അവരെ ഒക്സ്ഫോര്‍ഡില്‍ വെച്ച് കണ്ടുമുട്ടിയിരുന്നു. സിനിമയില്‍ ജഡ്ജിയും മുന്‍ പ്രോസിക്യൂട്ടറുമായിരുന്ന വാണ്ട, തന്റെ അനന്തിരവളും കാത്തലിക്ക് കന്യാസ്ത്രീയാകാന്‍ തയ്യാറായിക്കൊണ്ടിരിക്കുന്നവളുമായ അന്നയുമൊത്ത് ഗ്രാമപ്രദേശത്തേക്ക് യാത്ര പോകുന്നു. രണ്ടാം ലോക മഹായുദ്ധക്കാലത്ത് ജൂതരായ അവരുടെ കുടുംബാംഗങ്ങളെങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്താനായിരുന്നു ആ യാത്ര. കുഞ്ഞായിരുന്നപ്പോള്‍ ഇഡ എന്ന് പേരുള്ള അന്നയുടെ അമ്മയെയും അച്ഛനെയും ഒരു പോളിഷ് കര്‍ഷകന്‍ വീടും സ്വത്തും കൈക്കലാക്കാന്‍ വേണ്ടി കൊല്ലുകയായിരുന്നുവെന്ന് മനസ്സിലാക്കുന്നു.

എന്നാല്‍ ഇത്തരത്തില്‍ കഥ കെട്ടിപ്പൊക്കിയതില്‍ പന്തികേടുള്ളതായി ചിലര്‍ക്കൊക്കെ തോന്നിയിട്ടുണ്ട്. കോളമിസ്റ്റും ടിവി അവതാരകനുമായ റോമന്‍ കുര്‍കീവിസ്, പഴയ ആന്റി സെമിറ്റിക് ക്ലീഷേകള്‍ക്ക് ജീവന്‍കൊടുത്ത് നാസി കൂട്ടക്കൊലയെ നിസാരവത്കരിക്കുകയാണ് `ഇഡ’ ചെയ്യുന്നതെന്ന് കുറ്റപ്പെടുത്തുന്നു: `ഒരു കാത്തലിക് കന്യാസ്ത്രീയായാല്‍ മാത്രമെ ഒരു ജൂത സ്ത്രീ നന്നാവുകയുള്ളൂ’. പിന്നെ തീര്‍ച്ചയായും നിഷ്‌കളങ്കരായ പോളണ്ടിലെ മനുഷ്യരുടെ ചോര പുരണ്ട വാണ്ടാ എന്ന ജൂത കമ്മ്യൂണിസ്റ്റുമുണ്ട് ചിത്രത്തില്‍.

മറുവശം പരിശോധിക്കുമ്പോള്‍ `ഇഡ’ പോളണ്ടിലെ ആന്റി സെമിറ്റിക് അവസ്ഥയെ ഊതിവീര്‍പ്പിക്കുന്നില്ലേ? `ഉയര്‍ന്ന നിലവാരമുള്ള സിനിമകളുടെ കൂട്ടത്തില്‍, നാസി കൂട്ടക്കൊലയുണ്ടായിട്ടും ജര്‍മ്മന്‍കാരെ കാണാന്‍ പറ്റാത്ത ആദ്യ സിനിമയാണ് ഇത്’. യൂറോപ്യന്‍ പാര്‍ലമെന്റിലെ പോളിഷ് അംഗമായ ജെയ്‌നൂസ് വൊച്ചിക്കോവ്‌സ്‌കി സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ കുറിച്ചു. ”ജൂതരെ കൊന്നത് നാസിപ്പടയല്ല, മറിച്ച് ദുഷ്ടരും പ്രാകൃതരും ദുരാഗ്രഹികളും വിഡ്ഢികളുമായ പോളിഷ് കര്‍ഷകനാണ്”. റെഡൂട്ട ദൊബ്രെഗോ ഇമേനിയ എന്ന ദേശീയ സംഘടന ഇഡക്കെതിരെ പെറ്റീഷന്‍ പുറപ്പെടുവിച്ചിരിക്കുകയാണ്. ജര്‍മന്‍ അധിനിവേശത്തിനിടെ ജൂതരെ സഹായിക്കാനായി സ്വന്തം ജീവിതം അപകടപ്പെടുത്തിയ പോളിഷ് ജനതയെ തരംതാഴ്ത്തുന്ന തരത്തിലുള്ളതാണ് സിനിമയെന്നാണ് സംഘടനയുടെ ആരോപണം.

ഇടത് വലത് വിമര്‍ശനങ്ങളെ മാറ്റിവെച്ചാലും രാജ്യത്തിന് പുറത്ത് കടത്താന്‍ വേണ്ടി സിനിമയില്‍ അമിത ലളിതവത്കരണം നടത്തിയെന്ന ആരോപണവും നിലനില്‍ക്കുന്നു. അത്തരത്തിലുള്ള ആരോപണം `ലെവിയാതെനും’ നേരിടുന്നുണ്ട്. സിനിമാ നിരൂപകന്‍ വീസ്ലോ കോട്ടിനെ സംബന്ധിച്ച് “ഇഡയുടെ ഫെസ്റ്റിവല്‍ വിജയങ്ങള്‍ കാണിക്കുന്നത് നമ്മള്‍ നമ്മുടെ ചരിത്രം ലളിതവത്കരിക്കണമെന്നാണ്, അവിടെയും ഇവിടെയും മുറിച്ചു കളഞ്ഞ് പിന്നെ അത് പാശ്ചാത്യ പ്രേക്ഷകര്‍ക്കായുള്ള രൂപത്തിലേക്ക് മാറ്റുക. ”

ഇത്തരം രാഷ്ട്രീയ വിമര്‍ശനങ്ങളോടുള്ള പവ്‌ലികോവ്‌സ്‌കിയുടെ പ്രതികരണം അത് പോളണ്ടില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഉണ്ടായതാണെന്നാണ്. ”ഇതൊരു ആര്‍ട്ട് ഹൗസ് സിനിമ മാത്രമായിരുന്നപ്പോള്‍ ആളുകള്‍ അതിന്റേതായ നിലയില്‍ സിനിമയെ കാണുകയും വിലയിരുത്തുകയും ചെയ്യുമായിരുന്നു. ഇപ്പോള്‍ ഇതൊരു വലിയ രാഷ്ട്രീയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. ഓസ്‌കറുമായി ബന്ധപ്പെട്ട കോലാഹലങ്ങള്‍ ആളുകളുടെ ചിന്തകളെ സ്വാധീനിച്ചതിന്റെ ഫലമാണിത്.”

ആ പ്രസ്താവനയില്‍ ആത്മാര്‍ഥത ഉള്ളതായിട്ട് എനിക്ക് തോന്നുന്നില്ല: പോളണ്ടിന് പുറത്ത് ജീവിതത്തിലെ ഭൂരിഭാഗം സമയവും ചെലവഴിച്ച പവ്‌ലികോവ്‌സ്‌കിക്ക്, രാഷ്ട്രീയ നിഷ്പക്ഷത പുലര്‍ത്തണമായിരുന്നുവെങ്കില്‍ തന്റെ രാജ്യത്തിന്റെ സമീപ ചരിത്രം അദ്ദേഹത്തിന് വിഷയമാക്കാതിരിക്കാമായിരുന്നു. മുഴുവനായും പോളണ്ടില്‍ ചിത്രീകരിക്കപ്പെട്ട പവ്‌ലികോവ്‌സ്‌കിയുടെ ആദ്യ ചിത്രമാണ് `ഇഡ’, അതും രാജ്യം സോവിയറ്റ്‌വത്കരിക്കപ്പെട്ട 1960കളിലെ വേദനിപ്പിക്കുന്ന ഓര്‍മകളെ ഉണര്‍ത്തിയേക്കാവുന്ന ചിത്രം.

`ഇഡ`യുടെ വിജയം സമര്‍പ്പിക്കപ്പെടേണ്ടത് കഴിഞ്ഞ കാലത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള അതിന്റെ ഛായാഗ്രഹണത്തിനാണ്. യുക്രെയ്‌നിലെ റഷ്യന്‍ ആക്രമണം, ഇരുപതാം നൂറ്റാണ്ടിനെ പത്രത്താളുകളിലേക്ക് വീണ്ടും എത്തിച്ച വര്‍ഷമായിരുന്നു 2014 എന്നതും വിജയത്തിന് പിന്നിലെ കാരണമാകാം. എന്നിരുന്നാലും ആധുനിക റഷ്യയുടെ കൊള്ളരുതാത്ത ഉദ്യോഗസ്ഥ ഭരണത്തിനെതിരെയുള്ള പോരാട്ടം പ്രമേയമാക്കിയ `ലെവിയാതെനെ`ക്കാളും, 1992ലെ അബ്കാസിയ ആഭ്യന്തര കലാപത്തെ ഓര്‍മിപ്പിക്കുന്ന ജോര്‍ജിയയില്‍ നിന്നുള്ള `ടാന്‍ജറിന്‍സി’നെക്കാളും മികച്ചതായി `ഇഡ` തെരഞ്ഞെടുക്കപ്പെട്ടു എന്നുള്ളത് രസകരമാണ്.

ഇന്നത്തെ പ്രതിസന്ധികളുടെ സാംസ്‌കാരികവും ചരിത്രപരവുമായ പശ്ചാത്തലത്തിന്റെ കലാപരമായ വ്യാഖ്യാനങ്ങളോടും, തെറ്റ് പറ്റിയതിന്റെ കാരണങ്ങളെ ഭാഗികമായി മാത്രം അളക്കുന്നതിലും പരിഷ്‌കാരികളായ പാശ്ചാത്യ പ്രേക്ഷകര്‍ക്ക് താത്പര്യമുണ്ട്. കൂടുതല്‍ തത്ത്വശാസ്ത്രപരമായ, സാംസ്‌കാരികവും ചരിത്രപരവുമായ സന്ദര്‍ഭങ്ങളുടെ വിദൂരപ്രതിഫലനങ്ങളായവയ്ക്ക് മാത്രം പ്രതിഫലം നല്‍കാനാണ് അവര്‍ തയ്യാറെടുത്തിരിക്കുന്നത്. അഡോള്‍ഫ് ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ നടന്ന ഹോളോകോസ്റ്റും സ്റ്റാലിന്റെ നേതൃത്വത്തില്‍ നടന്ന ഗ്രെയ്റ്റ് പര്‍ജും ഇപ്പോള്‍ പരിചിത ഭൂമികയാണ്. ക്രെംലിന്റെ യുക്രെയ്ന്‍ നയങ്ങളുടെ വക്താവായി മാറിയ റഷ്യന്‍ സംവിധായകന്‍ നികിത മിഖേല്‍കോവിന്റെ 1994ല്‍ പുറത്തിറങ്ങിയ ‘ബേണ്‍ട് ബൈ ദി സണ്‍’ എന്ന സ്റ്റാലിന്‍ വിരുദ്ധ സിനിമ ഓസ്‌കര്‍ നേടിയിരുന്നു. ദൃശ്യപരമായ എല്ലാ പൂര്‍ണതയുമുണ്ടെങ്കില്‍ ഇത്തരത്തിലുള്ള സിനിമകളുടെ കൂട്ടത്തില്‍ `ഇഡ’ ഒരു അപവാദമല്ല.

ഇന്നത്തെ ദുരന്തങ്ങളുടെയെല്ലാം വേര് ആഴ്ന്നിരിക്കുന്നത് ഇരുപതാം നൂറ്റാണ്ടിലെക്കാണ്, പോളണ്ടില്‍ `ഇഡ’ ഉണ്ടാക്കിയ പ്രതികരണങ്ങളില്‍ നിന്ന് ഇതാണ് വ്യക്തമാകുന്നത്. കിഴക്കന്‍ യൂറോപ്പില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ എങ്ങനെയാണ് ജീവിതത്തെ ബാധിക്കുന്നതെന്ന് അന്വേഷിക്കുന്നവര്‍ എങ്ങനെയാണ് ആദ്യ കാലത്തെ അവസ്ഥകള്‍ ഇന്നത്തേതിലേക്ക് രൂപാന്തരപ്പെട്ടതെന്ന് പരിഗണിക്കുന്നത് കൂടുതല്‍ പ്രസക്തമാണ് – സ്റ്റാലിനിസ്റ്റ് അടിച്ചമര്‍ത്തലില്‍ നിന്ന് പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്റെ ജഡവും ദയാരഹിതവുമായ വ്യവസ്ഥയിലേക്കുള്ള രൂപാന്തരപ്പെടല്‍, രണ്ടാം ലോക മഹായുദ്ധത്തില്‍ നിന്ന് യൂഗോസ്ലാവ്യയിലേക്കും സോവിയറ്റാനന്തര യുദ്ധങ്ങളിലേക്കുമുള്ള രൂപാന്തരപ്പെടല്‍ ഇവയൊക്കെയും ഇന്ന് കൂടുതല്‍ പ്രസക്തമാണ്.

‘ഇഡ’ നിങ്ങള്‍ ഇഷ്ടപ്പെട്ടുവെങ്കില്‍, മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌കറിനായി മത്സരിച്ച, കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ള മറ്റ് രണ്ട് ചിത്രങ്ങളും കാണണം. പ്രസാദാത്മകമായ അനുഭവമായിരിക്കില്ലയെങ്കിലും, റഷ്യയുടെയും പോളണ്ടിന്റെയും ജോര്‍ജിയയുടെയും ഏറ്റവും മോശം അവസ്ഥകളിലെ ചിത്രീകരണം കൃത്രിമ ലാളിത്യത്തോടുകൂടിയാണെന്നും തോന്നുമെങ്കിലും അത് കാര്യമാക്കാനില്ല. ഈ മൂന്ന് സിനിമകളും കണ്ടു കഴിഞ്ഞാല്‍ അതിന്റെ പശ്ചാത്തലത്തെ സംബന്ധിച്ച ചില വായനകള്‍ നടത്താന്‍ നിങ്ങള്‍ പ്രേരിതനാകുമെന്നതില്‍ സംശയമൊന്നുമില്ല. പിന്നീട് ആദ്യകാല കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ നിങ്ങളില്‍ കൂടൂതല്‍ ധാരണകളുണ്ടാക്കാന്‍ തുടങ്ങും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍