UPDATES

‘വാലായിപ്പുരകള്‍’ക്കും ‘സത്രങ്ങള്‍’ക്കും ഇടയില്‍ ഇടമലക്കുടിയിലെ കുട്ടികളുടെ വിദ്യാഭ്യാസ ജീവിതം

കേരളത്തിലെ ആദ്യത്തെ ആദിവാസി പഞ്ചായത്തിലെ കുട്ടികള്‍ക്ക് പഠിക്കണം;അതിനു ഹൈസ്കൂള്‍ വേണം, അദ്ധ്യാപകരും

‘ഞങ്ങളുടെ കുട്ടികള്‍ക്ക് പഠിക്കാന്‍ താല്‍പര്യമുണ്ട്. ഞങ്ങള്‍ക്കിവിടെ തന്നെ ഒരു സ്‌കൂള്‍ ഉണ്ടാക്കിത്തന്നുകൂടേ?’ ഇടമലക്കുടിയിലെ ഒരു രക്ഷകര്‍ത്താവ് ചോദിക്കുന്നു. ഇടമലക്കുടിയിലെ ആദിവാസി ഊരുകളില്‍ ആയിരത്തോളം കുടുംബങ്ങളാണുള്ളത്. എഴുത്തും വായനയുമറിയാവുന്നവര്‍ ഇരുന്നൂറ് പേരിലധികം വരില്ല. വിദ്യാര്‍ഥികളായി നൂറിലധികം കുട്ടികള്‍ വരും. പക്ഷെ ഇവര്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും അന്യമാണ്. ആകെയുള്ളത് ഒരു ഏകാധ്യാപക വിദ്യാലയം. പ്രൈമറി സ്‌കൂളായിരുന്ന ഈ വിദ്യാലയം പിന്നീട് അപ്പര്‍ പ്രൈമറി സ്‌കൂളായി ഉയര്‍ത്തി. പക്ഷെ ഏഴാം ക്ലാസ് കഴിഞ്ഞാല്‍? പഠനം തുടരണമെങ്കില്‍ കിലോമീറ്ററുകള്‍ അപ്പുറത്തുള്ള മറയൂരിലോ മൂന്നാറിലോ പോവണം. സ്വന്തം ഊര് ഉപേക്ഷിച്ച് പോവാന്‍ താത്പര്യമില്ലാത്ത ഇടമലക്കുടിയിലെ കുട്ടികള്‍ പഠനം ഉപേക്ഷിക്കും.

കഴിഞ്ഞയിടെ മഹിളാ സമഖ്യ നടത്തിയ സര്‍വ്വേയില്‍ 59 കുട്ടികള്‍ പഠനം ഉപേക്ഷിച്ചതായി കണ്ടെത്തി. ഇതില്‍ 39 പേരും പെണ്‍കുട്ടികളാണ്. ഇവരെ അക്ഷരങ്ങളുടേയും അറിവിന്റേയും ലോകത്തേക്ക് കൊണ്ടുവരാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമങ്ങള്‍ നടക്കുകയാണ്. മൂന്നാറില്‍ ഇവര്‍ക്കായി ഹോസ്റ്റല്‍ സൗകര്യവും സ്‌കൂളും തയ്യാറാണ്. എന്നാല്‍ എട്ടു വിദ്യാര്‍ഥികള്‍ മാത്രമാണ് പാതിമനസ്സോടെയെങ്കിലും സ്‌കൂളില്‍ വരാന്‍ തയ്യാറെടുത്തു നില്‍ക്കുന്നത്. ബാക്കിയുള്ള കുട്ടികളെ എങ്ങനെ സ്‌കൂളുകളിലേക്കെത്തിക്കുമെന്നത് മഹിള സമഖ്യയ്ക്കും വിദ്യാഭ്യാസ വകുപ്പിനും മുന്നിലുള്ള വലിയ ചോദ്യമാണ്. നിരവധി തവണ ആദിവാസി ഊരുകളിലൂടെ കയറിയിറങ്ങിയ മഹിള സമഖ്യയ്ക്ക് പലപ്പോഴും നിരാശരായി മടങ്ങേണ്ടി വന്നു.

ആര്‍ത്തവം എന്ന ‘പാപം’
ഇടമലക്കുടി ഊരുകളിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തോട് അറപ്പോ വെറുപ്പോ ഇല്ല. പക്ഷെ അവരെ അതില്‍ നിന്ന് അകറ്റുന്നത് പാപം ആണെന്ന് അവര്‍ കരുതുന്ന ആര്‍ത്തവമാണ്. 10 വയസ്സുകഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ സാരിയുടുക്കണം. അതാണ് ഊരിലെ നിയമം. സാരിയുടുപ്പ് ഒരു തയ്യാറെടപ്പുകൂടിയാണ്. ഏത് സമയവും ഋതുമതിയായി ‘വാലായിപ്പുര’ കളിലേക്ക് പോവാനുള്ള തയ്യാറെടുപ്പ്. ആര്‍ത്തവ ദിവസങ്ങളില്‍ പുരുഷന്‍മാര്‍ കണ്ടാല്‍ അത് കൊടും പാപമാണെന്ന ‘തിരിച്ചറിവ്’ ഇവരെ വാലായിപ്പുരകളിലെത്തിക്കുന്നു. കുടി, വാലായിപ്പുര ഈ രണ്ടിടങ്ങളില്‍ ഒതുങ്ങിക്കൂടുന്ന പെണ്‍കുട്ടികള്‍ക്ക് ഇതിനിടയില്‍ സ്‌കൂളില്‍ പോവാനും പഠിയ്ക്കാനും താല്‍പര്യമില്ല. ഈ ആചാരങ്ങള്‍ ഉപേക്ഷിച്ച് പെണ്‍കുട്ടികള്‍ ഊര് വിട്ട് പോണമെന്ന താത്പര്യം രക്ഷിതാക്കള്‍ക്കുമില്ല.

ഇടമലക്കുടിയില്‍ നിന്ന് ഏഴാം ക്ലാസ് പാസ്സാവുന്നവരെ മറയൂരിലും മൂന്നാറിലും പ്രത്യേകം ഒരുക്കിയിരിക്കുന്ന ഹോസ്റ്റലുകളിലേക്ക് മാറ്റി വിദ്യാഭ്യാസം തുടരാനുള്ള അവസരം വിദ്യാഭ്യാസ വകുപ്പ് ഒരുക്കുന്നുണ്ട്. എന്നാല്‍ ആര്‍ത്തവം, അതുമായി ബന്ധപ്പെട്ട ആചാരങ്ങള്‍- ഹോസ്റ്റലിലേക്ക് മാറി താമസിക്കാന്‍ ഇവരില്‍ പലരും തയ്യാറാവാത്തതിന് ഒരേ ഒരു കാരണം ഇതാണ്.

തയ്യല്‍ പരിശീലനം എന്ന മോഹവലയം
മഹിളാ സമഖ്യ പ്രവര്‍ത്തകരോട് മൂന്നാറിലെ ഹോസ്റ്റലില്‍ പഠിയ്ക്കാനെത്താമെന്ന് എട്ട് പെണ്‍കുട്ടികള്‍ സമ്മതിച്ചു. എന്നാല്‍ പ്രാഥമിക വിദ്യാഭ്യാസം നേടുക എന്ന ലക്ഷ്യത്തേക്കാള്‍ ഇവരെ ഈ തീരുമാനത്തിലെത്തിച്ചത് വേറൊന്നാണ്. തയ്യല്‍ പരിശീലനം നല്‍കാമെന്ന മഹിളാ സമഖ്യ പ്രവര്‍ത്തകരുടെ ഉറപ്പ്. 10 വയസ്സ് കഴിഞ്ഞാല്‍ തയ്യല്‍ അറിയണമെന്നാണ് ഇടമലക്കുടിയിലെ പെണ്‍കുട്ടികളുടെ ആഗ്രഹം. ഈ ആഗ്രഹത്തിന് പിന്നിലും ഒരു കാരണമുണ്ട്. പത്ത് വയസ്സ് തികഞ്ഞാല്‍ സാരി ഉടുക്കണം. ബ്ലൗസ് തയ്പ്പിക്കണമെങ്കില്‍ മൂന്നാറിലോ വാള്‍പ്പാറയിലോ പോവണം. മണിക്കൂറുകള്‍ നീണ്ട യാത്രകള്‍ ഇതിന് ആവശ്യമാണ്. അതിനാല്‍ ബ്ലൗസുകള്‍ അവരവര്‍ക്ക് തന്നെ തയ്ച്ചിടാനായാല്‍ ഈ യാത്രകള്‍ ഒഴിവാക്കാം. അതിനാല്‍ അക്ഷരമറിയുന്നതിലും ഇവര്‍ക്ക് താത്പര്യം ബ്ലൗസ് തയ്ക്കാന്‍ പഠിക്കാനാണ്. തയ്യല്‍ പരിശീലനം കിട്ടുമെങ്കില്‍ ഹോസ്റ്റലില്‍ വന്ന് സ്‌കൂളില്‍ പോവാനും തയ്യാറാണെന്നാണ് പെണ്‍കുട്ടികളുടെ പക്ഷം. ഇത് രക്ഷിതാക്കള്‍ക്കും സന്തോഷമുള്ള കാര്യമായതിനാല്‍ അവര്‍ക്കും സമ്മതം.

അധ്യാപകരില്ലാത്ത വിദ്യാലയം
ഇടമലക്കുടിയില്‍ ബിരുദവും ബിരുദാനന്തബിരുദവും നേടിയവരുണ്ട്. ടി.ടി.സി. കഴിഞ്ഞവരുണ്ട്. വിദ്യാഭ്യാസത്തിനുള്ള സാഹചര്യവും പ്രോത്സാഹനവും ലഭിക്കുകയാണെങ്കില്‍ മറ്റെല്ലാവരേയും പോലെ തങ്ങള്‍ക്കും വിജയം നേടാന്‍ കഴിയുമെന്ന് തെളിയിച്ചവരാണിവര്‍. പ്രദേശത്ത് ആകെയുള്ള സ്‌കൂള്‍ കഞ്ഞിവയ്പ് കേന്ദ്രം മാത്രമായി മാറുമ്പോള്‍ പഠിക്കണമെന്ന താത്പര്യം കുട്ടികള്‍ക്കും ഇല്ലാതാവുന്നു. റോഡോ, വെളിച്ചമോ ഇല്ലാത്ത പ്രദേശത്ത് അധ്യാപകരായെത്താന്‍ ആര്‍ക്കും താത്പര്യമില്ല. എത്തിയാല്‍ തന്നെ ഒരാഴ്ച, കൂടിപ്പോയാല്‍ രണ്ടാഴ്ച അതിനുള്ളില്‍ സേവനം അവസാനിപ്പിച്ച് മടങ്ങും. ഊരുകളില്‍ തന്നെ ഉന്നത വിദ്യാഭ്യാസം ലഭിച്ചവരെ സ്‌കൂളില്‍ അധ്യാപകരായി നിയമിച്ചാല്‍ തീരാവുന്ന പ്രശ്‌നമാണിത്. എന്നാല്‍ സര്‍ക്കാര്‍ ഇത് കണ്ടില്ലെന്ന് നടിക്കുന്നു. മഹിളാ സമഖ്യയുടെ ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് ഊരില്‍ നിന്ന് തന്നെയുള്ള രണ്ട് പേരെ അവിടെ ദിവസ വേതന അടിസ്ഥാനത്തില്‍ അധ്യാപകരായി നിയമിച്ചത്. ഇത് കുട്ടികള്‍ക്ക് സഹായകരമായെന്നു മഹിളസമഖ്യ പ്രവര്‍ത്തകര്‍ പറയുന്നു. ഊരിനു പുറത്തു നിന്ന് എത്തുന്ന അധ്യാപകരേക്കാള്‍ കുട്ടികളോട് ആശയവിനിമയം നടത്താന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ഊരില്‍ നിന്നു തന്നെ കൂടുതല്‍ പേരെ ഇത്തരത്തില്‍ നിയമിച്ച് സ്‌കൂളിലെ ഹൈസ്‌കൂളാക്കി ഉയര്‍ത്തണമെന്ന് മഹിളാ സമഖ്യ സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല.

ഏഴാം ക്ലാസ് കഴിഞ്ഞ് പഠനം ഉപേക്ഷിക്കുന്ന ആണ്‍കുട്ടികള്‍ ഊരുകളിലെ ‘സത്ര’ത്തിലേക്ക് താമസം മാറുകയാണ് (മുതുവാന്‍ സമുദായത്തിന്റെ ആചാരമനുസരിച്ച് 12 വയസു കഴിഞ്ഞ ആണ്‍കുട്ടികള്‍ അവരുടെ കുടികളില്‍ പ്രായം തികഞ്ഞ പെണ്‍കുട്ടികള്‍-സഹോദരിമാര്‍- ഉണ്ടെങ്കില്‍ രാത്രികാലങ്ങളില്‍ പ്രത്യേകം കെട്ടിയുണ്ടാക്കിയ സത്രങ്ങള്‍ അഥവ ചെറിയ പുരകളിലായിരിക്കും താമസം. ഭക്ഷണത്തിനായി മാത്രം സ്വന്തം വീടുകളെ ആശ്രയിക്കുന്നു). വിദ്യാഭ്യാസത്തിന്റെ മഹത്വത്തേക്കാള്‍ ‘സത്ര’ത്തെ സ്‌നേഹിക്കുന്ന ആണ്‍കുട്ടികളും തുടര്‍ വിദ്യാഭ്യാസത്തിന് മടികാണിക്കുകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നു. സ്‌കൂളില്‍ അധ്യാപകരെത്തുകയും പഠനത്തിന് പ്രോത്സാഹനം നല്‍കുകയും ചെയ്താല്‍ ഇതില്‍ മാറ്റം വരുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

മൂന്നോ നാലോ മണിക്കൂറുകള്‍ യാത്ര ചെയ്തു വേണം മൂന്നാറിലെത്താന്‍. മക്കളെ പഠിക്കാന്‍ അയക്കാന്‍ രക്ഷിതാക്കള്‍ക്ക് താല്‍പര്യമില്ലാത്തതും ഈ ദൂരക്കൂടുതല്‍ കൊണ്ടാണ്. ഊരുകളില്‍ ലഭിക്കുന്ന സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ കുട്ടികള്‍ക്കും താല്‍പര്യമില്ല. ഇത് കണക്കിലെടുത്തുകൊണ്ട് സര്‍ക്കാര്‍ ഇടമലക്കുടിയിലെ സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തണമെന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെയും ആവശ്യം.

(മാധ്യമപ്രവര്‍ത്തകയാണ് ധന്യ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍