UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇടമലക്കുടിയിലെ കുട്ടികള്‍ക്ക് ഇനി അവിടെ തന്നെ പഠിക്കാം; സ്കൂള്‍ അനുവദിച്ചു ധനമന്ത്രിയുടെ പ്രഖ്യാപനം

ഏഴാം ക്ലാസ് കഴിഞ്ഞാല്‍ പഠനം തുടരണമെങ്കില്‍ കിലോമീറ്ററുകള്‍ അപ്പുറത്തുള്ള മറയൂരിലോ മൂന്നാറിലോ പോകേണ്ട അവസ്ഥയാണ് ഇവിടെ

ഞങ്ങളുടെ കുട്ടികള്‍ക്ക് പഠിക്കാന്‍ താല്‍പര്യമുണ്ട്. ഞങ്ങള്‍ക്കിവിടെ തന്നെ ഒരു സ്‌കൂള്‍ ഉണ്ടാക്കിത്തന്നുകൂടേ?’ ഇടമലക്കുടിയിലെ ഓരോ രക്ഷിതാവും കഴിഞ്ഞ കുറെ കാലങ്ങളായി ചോദിച്ചു കൊണ്ടിരിക്കുന്ന ഈ ചോദ്യത്തിനുള്ള ഉത്തരവുമായി ധനമന്ത്രി തോമസ് ഐസക്. ഇന്നത്തെ ബജറ്റ് പ്രസംഗത്തില്‍ ഇടമലക്കൂടി പഞ്ചായത്തിന് ഹൈസ്കൂള്‍ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം ധനമന്ത്രി നടത്തി.

കേരളത്തിലെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിലെ ആദിവാസി ഊരുകളില്‍ ആയിരത്തോളം കുടുംബങ്ങളാണുള്ളത്. എഴുത്തും വായനയുമറിയാവുന്നവര്‍ ഇരുന്നൂറ് പേരിലധികം വരില്ല. വിദ്യാര്‍ഥികളായി നൂറിലധികം കുട്ടികള്‍ വരും. പക്ഷെ ഇവര്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും അന്യമാണ്. ആകെയുള്ളത് ഒരു ഏകാധ്യാപക വിദ്യാലയം. പ്രൈമറി സ്‌കൂളായിരുന്ന ഈ വിദ്യാലയം പിന്നീട് അപ്പര്‍ പ്രൈമറി സ്‌കൂളായി ഉയര്‍ത്തി. പക്ഷെ ഏഴാം ക്ലാസ് കഴിഞ്ഞാല്‍ പഠനം തുടരണമെങ്കില്‍ കിലോമീറ്ററുകള്‍ അപ്പുറത്തുള്ള മറയൂരിലോ മൂന്നാറിലോ പോവണം. സ്വന്തം ഊര് ഉപേക്ഷിച്ച് പോവാന്‍ താത്പര്യമില്ലാത്ത ഇടമലക്കുടിയിലെ കുട്ടികള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയാണ് പതിവ്.

‘വാലായിപ്പുരകള്‍’ക്കും ‘സത്രങ്ങള്‍’ക്കും ഇടയില്‍ ഇടമലക്കുടിയിലെ കുട്ടികളുടെ വിദ്യാഭ്യാസ ജീവിതം

അടുത്തകാലത്ത് മഹിളാ സമഖ്യ നടത്തിയ സര്‍വ്വേയില്‍ 59 കുട്ടികള്‍ പഠനം ഉപേക്ഷിച്ചതായി കണ്ടെത്തിയിരുന്നു. ഇതില്‍ 39 പേരും പെണ്‍കുട്ടികളാണ്. ഇവരെ അക്ഷരങ്ങളുടേയും അറിവിന്റേയും ലോകത്തേക്ക് കൊണ്ടുവരാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമങ്ങള്‍ നടക്കുകയാണ്. മൂന്നാറില്‍ ഇവര്‍ക്കായി ഹോസ്റ്റല്‍ സൗകര്യവും സ്‌കൂളും തയ്യാറാണ്. എന്നാല്‍ എട്ടു വിദ്യാര്‍ഥികള്‍ മാത്രമാണ് അങ്ങോട്ട് പോകാന്‍ തയ്യാറായത്. കാടുമായി ബന്ധപ്പെട്ട് പുറം ലോകവുമായി അധികമൊന്നും ഇണങ്ങാതെ തങ്ങളുടെ സാംസ്കാരിക പാരമ്പപര്യം അതുപോലെ നിലനിര്‍ത്തി ജീവിക്കുന്നവരാണ് ഇടമലക്കുടിയിലെ ആദിവാസികള്‍. സ്വന്തം ഇടം വിട്ടു പുതിയ ഒരു അന്തരീക്ഷത്തില്‍ പോയി പഠിക്കാന്‍ അവരില്‍ പലരും തയ്യാറല്ല. അതുകൊണ്ട് തന്നെ പഠനത്തിനായി പോകുന്നവര്‍ പലപ്പോഴും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങാറാണ് പതിവ്. അതുകൊണ്ട് തന്നെ ഇടമലക്കുടി പഞ്ചായത്തിന് സ്കൂള്‍ അനുവദിച്ചുകൊണ്ടുള്ള ബജറ്റിലെ പ്രഖ്യാപനം ഇടമലക്കുടി നിവാസികള്‍ക്ക് പ്രതീക്ഷയ്ക്ക് വക നല്‍കുന്ന ഒന്നായിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍