UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ABCDകളുടെ സ്വത്വ പ്രതിസന്ധി അഥവാ നിഖില്‍ ‘നിക്കും’ പീയൂഷ് ‘ബോബി ജിന്‍ഡാലും’ ആകുമ്പോള്‍

Avatar

നൂപുര്‍ ബക്ഷി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

നാല് വയസുള്ള പീയുഷ് ജിന്‍ഡാലിന് പീയുഷ് എന്ന പേരില്‍ താല്‍പര്യമില്ല. ‘ബ്രാഡി ബഞ്ചിലെ’ പ്രമുഖ കഥാപാത്രത്തില്‍ ഭ്രമിച്ചുവശായ പീയുഷ് തന്റെ പേര് ബോബി എന്നാക്കുന്നതായിരിക്കും നല്ലത് എന്നാണ് ചിന്തിക്കുന്നത്. ഇന്ത്യന്‍ പേരുകളെ സംബന്ധിച്ചിടത്തോളം അതിന് ഒരു അര്‍ത്ഥം ഉണ്ടാവണം. സാധ്യമെങ്കില്‍ പണ്ഡിതോചിതമായ ഒന്ന്. ഇന്ത്യന്‍ മാമിമാരുടെ ഒരു സംഘത്തില്‍ പെട്ടു എന്ന് വിചാരിക്കൂ. (കുടുംബത്തിലെ എല്ലാ മുതിര്‍ന്ന അംഗങ്ങളും നമുക്ക് മാമന്മാരും മാമിമാരും ആണല്ലോ.) ‘കുഞ്ഞെ, നിന്റെ പേരെന്താണ്?’ എന്നായിരിക്കും അവര്‍ ആദ്യം ചോദിക്കുക. ‘എന്റെ പേര് ബോബി,’ എന്ന് നിങ്ങള്‍ മറുപടി പറഞ്ഞു എന്നിരിക്കട്ടെ, അടുത്ത ചോദ്യം ഇതായിരിക്കും, ‘ശരി നിന്റെ യഥാര്‍ത്ഥ പേരെന്താണ്?’ എന്നായിരിക്കും. ബോബി എന്നത് ഒരു ഇരട്ടപ്പേരായിരിക്കും എന്നതാണ് വിവക്ഷ.

പക്ഷെ, തന്റെ ഔദ്യോഗിക നാമത്തില്‍ നിന്നും സ്വയം അകലം പാലിക്കാന്‍ പീയുഷ് ‘ബോബി’ ജിന്‍ഡാല്‍ ഉറച്ചിരുന്നു. അദ്ദേഹം ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും രാഷ്ട്രതന്ത്രത്തില്‍ ബിരുദം നേടിയതും യൂണിവേഴ്‌സിറ്റി ഓഫ് ലൂസിയാന സിസ്റ്റത്തിന്റെ അദ്ധ്യക്ഷനായതും ലൂസിയാനയിലെ ആദ്യത്തെ ഇന്ത്യന്‍ വംശജനായ ഗവര്‍ണര്‍ ആയതുമെല്ലാം ബോബി എന്ന പേരിലായിരുന്നു. തന്റെ നിയമപരമായ പേര് മാറ്റിയിരുന്നില്ലെങ്കിലും 2008ലും 2012ലും സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ അദ്ദേഹം തുടങ്ങിയത് ഇങ്ങനെയായിരുന്നു; ‘ബോബി ജിന്‍ഡാല്‍ എന്ന ഞാന്‍…’

ഞങ്ങള്‍ ഭൂരിപക്ഷം അമേരിക്കക്കാര്‍ക്കും ‘സ്റ്റാര്‍ബക്‌സ് പേരുകള്‍’ എന്നറിയപ്പെടുന്ന ഇരട്ടപ്പേരുകള്‍ ഉണ്ട്. എന്റെ പാരമ്പര്യത്തെ കുറിച്ചോ വളര്‍ന്ന് വന്ന രീതികളെ കുറിച്ചോ എനിക്ക് യാതൊരു ലജ്ജയുമില്ല. പക്ഷെ, സ്റ്റാര്‍ബക്‌സ് കാപ്പിക്കടയില്‍ കാപ്പിയുണ്ടാക്കുന്ന ആളെ സംബന്ധിച്ചിടത്തോളം ‘നൂപുര്‍ എഗ്നോഗ് ലാറ്റെ’ എന്ന് പറയുന്നതിനേക്കാള്‍ എളുപ്പം ‘നതാലിന് എഗ്നോഗ് ലാറ്റെ’ എന്ന് പറയുന്നതാണ്. മാത്രമല്ല, നൂപുര്‍ എന്ന പേര് പലപ്പോഴും ‘ന്യൂ-പൂ-ര്‍’ എന്നോ നോ-പോര്‍ എന്നോ ന്യൂ-പോര്‍ എന്നോ തെറ്റായി ഉച്ചരിക്കപ്പെടുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് കാപ്പി തരുന്നയാള്‍ ഒരു ഉച്ചാരണവിദഗ്ധന്‍ ആയിരിക്കണമെന്ന് നിര്‍ബന്ധമൊന്നും ഇല്ല താനും. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന വിഷം കാപ്പിയാണെങ്കില്‍, ഓരോ പ്രഭാതത്തിലും നിങ്ങളുടെ പേര് അംഗഭംഗപ്പെടുന്നത് നിങ്ങള്‍ സഹിക്കേണ്ടിയും വരും. ഒരു കപ്പ് കാപ്പിയുടെ പുറത്ത് നിങ്ങളുടെ കുടംബത്തെ ഒറ്റപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാവില്ല. പക്ഷെ നിഖിലിന് (നി-കില്‍ എന്ന് മിക്കപ്പോഴും ഉച്ചരിക്കപ്പെടുന്നു) പകരം നിക് എന്നാകുമ്പോള്‍, ഒരു നാമ കൂട്ടക്കൊലയില്‍ നിന്ന് എല്ലാവരെയും രക്ഷിക്കാന്‍ സാധിക്കും.

എന്നാല്‍ പലപ്പോഴും ഇന്ത്യന്‍ പേരുകള്‍ ഉച്ചാരണഘടകങ്ങള്‍ക്ക് അപ്പുറത്തേക്ക് വളരുന്നു. നിങ്ങളുടെ പേര് തെറ്റായി ഉച്ചരിക്കുന്നത് ഒരു കാര്യം; അങ്ങേയറ്റം സാധാരണവും ചില സമയത്തെങ്കിലും ബഹുമാനിതവുമായ ഇന്ത്യന്‍ പേരുകള്‍ തെറ്റായി ഉച്ചരിക്കപ്പെടുമ്പോള്‍ തെറിസമാനമായി മാറുന്നത് മറ്റൊരു കാര്യം. ഉദാഹരണത്തിന് ഹാര്‍ദിക് (Hardik) എന്ന പേരെടുക്കാം. ഇന്ത്യന്‍ സംസ്‌കാരത്തില്‍ ഉച്ചരിക്കുന്നത് പോലെ മൃദുവായി ‘ദി’ എന്ന് ഉച്ചരിക്കാന്‍ അമേരിക്കന്‍ ഉച്ചാരണത്തിന് കഴിയാത്തതിനാല്‍, ‘ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും വരുന്നത്’ എന്ന് അര്‍ത്ഥം വരുന്ന ആ പേര് പലപ്പോഴും നീലച്ചിത്രങ്ങളിലെ ബിംബങ്ങളെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലേക്ക് തരംതാഴും. പാവം ഹാര്‍ദിക്. സന്തോഷവാന്‍ എന്ന് അര്‍ത്ഥം വരുന്ന ഹര്‍ഷീദ് (Harshit) എന്ന പേര് അമേരിക്കന്‍ ഉച്ചാരണത്തിലൂടെ പുറത്തുവരുമ്പോള്‍ കുതിരച്ചാണകത്തിന്റെ ഓര്‍മ്മയാണ് ഉണ്ടാക്കുക. വ്യക്തിയെ സംബന്ധിച്ചിടത്തോളം സ്വാഭാവികമായും ഇത് ലജ്ജിപ്പിക്കുന്നതായതിനാല്‍, അവര്‍ ഹാര്‍ദിക്, ഹര്‍ഷിദ് തുടങ്ങിയ പേരകള്‍ക്ക് പകരം ‘ഹാരി’യിലേക്ക് മാറുന്നു.

ഇതിന് ചില അപവാദങ്ങളും ഉണ്ട്. ഉദാഹരണം റസല്‍ പീറ്റേഴ്‌സ്. റസല്‍ എന്നത് ഔദ്യോഗിക ആദ്യനാമം ആണ്. ക്രിസ്ത്യന്‍ വിശ്വാസികളായ ആംഗ്ലോ-ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും വരുന്ന കാനഡക്കാരനായ റസലിനെ പോലെയുള്ളവര്‍ക്ക് സ്വാഭാവികമായും കൂടുതല്‍ പാശ്ചാത്യവല്‍ക്കരിച്ച പേരുകള്‍ ലഭിക്കുന്നു. ഇന്ത്യന്‍ കുടുംബത്തില്‍ പിറന്ന ആളാണെങ്കിലും പീറ്റേഴ്‌സ് നിങ്ങള്‍ വിചാരിക്കുന്നത് പോലെ സ്‌പെല്ലിംഗ് ബീ പരീക്ഷ ജയിച്ച പരമ്പരാഗത ഡോക്ടര്‍/എഞ്ചിനീയര്‍ അല്ല. ഇന്ത്യന്‍ അല്ലാത്ത തന്റെ പേരിനെ കുറിച്ച് പലപ്പോഴും തമാശ പറയാറുള്ള പീറ്റേഴ്‌സ്, പക്ഷെ പരമ്പരാഗത വഴിയില്‍ സഞ്ചരിക്കാതെ ഒരു കോമഡി താരമായി മാറിയതില്‍ തന്റെ മാതാപിതാക്കള്‍ക്കുണ്ടായിരുന്ന അരിശം പക്ഷെ മറച്ചുവെക്കുന്നില്ല.

പക്ഷെ റസല്‍ പീറ്റേഴ്‌സിനെ പോലെ താന്‍ എവിടെ നിന്ന് വരുന്നു എന്നതിനെ കുറിച്ച് വ്യക്തതയുള്ളവരല്ല എല്ലാ എബിസിഡിയും (അമേരിക്കയില്‍ ജനിച്ച ആശയക്കുഴപ്പത്തിലായ ദേശി കുട്ടികള്‍-American Born Confused Desikids). അമേരിക്കന്‍ സംസ്‌കാരത്തിലേക്ക് തങ്ങളുടെ പാരമ്പര്യത്തിനെ ഇണക്കിച്ചേര്‍ക്കുന്നതിനും പുതിയ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനും പഴയ തലമുറ ഇത്തരത്തിലുള്ള വഴികള്‍ സ്വീകരിക്കുമ്പോള്‍, അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന പുതിയ തലമുറയെ സംബന്ധിച്ചിടത്തോളം ഒരാളുടെ പേരില്‍ ഇടപെടുന്നത് ഒരു സ്വത്വപ്രതിസന്ധിയായി മാറുന്നു. ‘ഉള്ളില്‍ വെള്ളയും പുറത്ത് ഇരുനിറവും’ എന്ന പ്രയോഗം അവര്‍ ഇടയ്ക്കിടെ കേള്‍ക്കേണ്ടിയും വരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ വരുന്ന വേനല്‍ ഒഴിവുകാലത്തൊഴിച്ച് അവര്‍ ഒരിക്കലും ഇടപഴകിയിട്ടില്ലാത്ത ഒരു സംസ്‌കാരത്തില്‍ അവരെ വളര്‍ത്തിക്കൊണ്ടുവരാന്‍ അവരുടെ മാതാപിതാക്കള്‍ കഠിനപ്രയത്‌നം ചെയ്യുമ്പോള്‍, ഒരു അമേരിക്കന്‍ ടീനേജര്‍ ആയി വളരുന്നതിന്റെ ദൈനംദിന അനുഭവങ്ങളാണ് അവര്‍ക്കുള്ളത്.

കുടിയേറ്റക്കാരുടെ മിക്ക കുട്ടികളെയും സംബന്ധിച്ചിടത്തോളം അത് വെറും പൊരുത്തപ്പെടലിന്റെ പ്രശ്‌നമല്ല. ഹാര്‍ദികിനെക്കാള്‍ തങ്ങള്‍ ഹാരിയാണെന്ന് അവര്‍ക്ക് ആത്മാര്‍ത്ഥമായും തോന്നുന്നു. അവസാനം ഇതൊരു വ്യക്തിപരമായ തിരഞ്ഞെടുപ്പായി മാറുമെങ്കില്‍ പോലും. നമ്രത ‘നിക്കി’ ഹാലെയെ (ഇന്ത്യന്‍ സിഖ് കുടുംബത്തില്‍ ജനിച്ച ആളാണെങ്കിലും 2011ലെ വോട്ടര്‍ പട്ടികയില്‍ അവര്‍ ഒരു വെള്ളക്കാരിയായാണ് തിരിച്ചറിയപ്പെട്ടത്) പോലെ നിങ്ങള്‍ ‘വെള്ളക്കാരിയായി തോന്നുമെങ്കില്‍,’ നിങ്ങളുടെ പേര് വളരെ ലളിതമാണെങ്കില്‍ പോലും ഒരു അപരാഭിധാനം ഉപയോഗിക്കുന്നതിനുള്ള അവസരം ലഭിക്കുന്നതില്‍ നിങ്ങള്‍ സന്തുഷ്ടരായിരിക്കും.

അമേരിക്കയില്‍ ജനിച്ച ആശയക്കുഴപ്പത്തിലായ ദേശിക്കുട്ടിയുടെ ആഭ്യന്തര ധര്‍മ്മസങ്കടത്തിന്റെ ഉത്തമ ഉദാഹരണമാണ് ബോബി ജിന്‍ഡാല്‍. ഇന്ത്യയിലെ പഞ്ചാബില്‍ തങ്ങള്‍ ജനിച്ചുവളര്‍ന്ന അതേ സംസ്‌കാരിക മൂല്യങ്ങള്‍ പിന്തുടര്‍ന്നു കൊണ്ട് തങ്ങളുടെ കുട്ടികളെ വളര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിച്ച ലക്ഷണമൊത്ത ആദ്യ തലമുറ ഇന്ത്യന്‍ കുടിയേറ്റക്കാരുടെ പ്രതിനിധികളാണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ എന്ന് നിസംശയം പറയാനാവും. ബാന്റണ്‍ റൂജില്‍ ഭൂരിപക്ഷം വെള്ളക്കാരായ അയല്‍ക്കാരുടെ ഇടയില്‍ വളര്‍ന്ന പീയുഷ് അഥവാ ബോബി, ഓട്ട്‌സ് പാത്രത്തില്‍ വച്ച പഴക്കഷ്ണം പോലെ ഒറ്റപ്പെട്ടു നിന്നിട്ടുണ്ടാവാം എന്നത് മാത്രമാണ് ഒരേ ഒരു വ്യത്യാസം.

ഉച്ചാരണഭാരമുള്ള ആജ്ഞേയ നാമങ്ങള്‍ കണ്ടെത്തുന്നതില്‍ ഇന്ത്യന്‍ രക്ഷകര്‍ത്താക്കള്‍ അഭ്യാസികളായി തുടരുന്നിടത്തോളം ഇന്ത്യന്‍ കുട്ടികള്‍ക്ക് അലക്‌സ്, അബ്ബി തുടങ്ങിയ പേരുകള്‍ ലഭിക്കാന്‍ (അവര്‍ ബഹുവര്‍ണ ബന്ധങ്ങളില്‍ ജനിച്ചവരല്ലെങ്കില്‍) ഒരു തലമുറ കൂടി കാത്തിരിക്കേണ്ടി വന്നേക്കാം. ഏതായാലും ഇപ്പോള്‍, 2052ല്‍ അമേരിക്കന്‍ പ്രസിഡന്റാവുന്നതിനെ (അവള്‍ ഇപ്പോള്‍ തന്നെ രംഗത്തുണ്ടെന്ന് നിങ്ങള്‍ക്കറിയാം) കുറിച്ച് സ്വപ്‌നം കാണുകയാണ് എട്ടു വയസുകാരിയായ കരിഷ്മ ‘കാറ്റ്‌നിസ്’ പാട്ടീല്‍.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍