UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

അപര്‍ണ്ണ

സിനിമ

ഇടി പ്രേക്ഷകര്‍ക്ക്

അപര്‍ണ്ണ

ഏറ്റവും അധികം സിനിമകൾ ധൈര്യ പൂർവ്വം റിലീസ് ചെയ്യുന്ന സമകാലിക നടന്മാരിൽ ഒരാളാണ് ജയസൂര്യ. ഈ ആഴ്ച്ചയും രണ്ട് ജയസൂര്യ ചിത്രങ്ങൾ റിലീസായി. സാജിദ് യാഹിയയുടെ ഇടിയാണ് അതിലൊന്ന്. ജയസൂര്യ അത്രയൊന്നും കൈവയ്ക്കാത്ത ആക്ഷൻ  ഗണത്തിൽ ഉള്ള സിനിമയാണ് ഇടി. ഇൻസ്‌പെക്ടർ ദാവൂദ് ഇബ്രാഹിം എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ചുരുക്കെഴുത്തു കൂടിയാണ് ഇടി എന്ന ടൈറ്റില്‍.

ഒരു വ്യവസ്ഥാപിത കുടുംബത്തിൽ ജനിച്ച ദാവൂദ് ഇബ്രാഹിം കുഞ്ഞു നാൾ മുതൽ പോലീസ് ആവാൻ ആഗ്രഹിക്കുന്ന ആളാണ്. പോലീസ് സിനിമകളും കഥകളും ഒക്കെയാണ് അയാളുടെ പ്രചോദനം. പോലീസ് സേനാ പ്രവേശനം ഇയാൾക്ക് ആഗ്രഹിച്ച പോലെ ലഭിക്കുകയും ചെയ്യുന്നു. ആദ്യ പോസ്റ്റിങ്ങ് കേരളാ കർണ്ണാടക അതിർത്തിയിലെ കൊല്ലനഹള്ളിയിലാണ്. അവിടെ അയാളനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും വെല്ലുവിളികളുമൊക്കെയാണ് ഇടി അഥവാ ഇൻസ്‌പെക്ടർ ദാവൂദ് ഇബ്രാഹിം.

യാതൊരു പുതുമകളും ഇല്ലാത്ത സിനിമ എന്ന് ഒറ്റ വാക്കിൽ ഇടിയെ വിശേഷിപ്പിക്കാം. ഒരു കോമിക് ബുക്ക്‌ രീതിയിലുള്ള ഭാഗങ്ങൾ സി ഐ ഡി മൂസയെ വളരെ വ്യക്തമായി ഓർമ്മിപ്പിച്ചു. പോലീസാവാൻ ശ്രമിക്കുന്ന ദാവൂദിന്റെ ഓരോ ശ്രമങ്ങളും, സ്വപ്നം കാണുമ്പോൾ വീട്ടുകാർ വിളിച്ചുണർത്തുന്നതടക്കമുള്ള രംഗങ്ങളും സി ഐ ഡി മൂസയിലേതിനു സാമ്യമുള്ള രംഗങ്ങളാണ്. കാരിക്കേച്ചർ സ്വഭാവമുള്ള ദാവൂദിന്റെ സഹപ്രവർത്തകരും, കൊല്ലനഹള്ളിയിലെ മണ്ടന്മാരായ കള്ളന്മാരും പൂർണ്ണമായും അതിന്റെ തുടർച്ചയാണ്. ചാണകം ചവിട്ടുന്നത് മുതൽ കണ്ടു പഴകിയ കോമഡികൾ അതുപോലെ പകർത്തി വച്ചിട്ടുണ്ട്. രണ്ടു പ്ലോട്ടുകൾ ഒന്നാക്കി യാദൃശ്ചികമായി എല്ലാവരുമേറ്റു മുട്ടുന്ന പഴയ നാടോടിക്കാറ്റ് യാദൃശ്ചികതയും ഇടിക്കുണ്ട്. രത്നം തേടിയെത്തുന്ന ഭീകര വില്ലനടക്കം എല്ലാ വ്യവസ്ഥാപിത കഥാപാത്രങ്ങളും ഒന്നിനു പുറകെ ഒന്നായി സിനിമയിൽ അണിനിരക്കുന്നുമുണ്ട്. ഇടക്ക് എപ്പോഴോ വന്നുപോയ ഫഹദ്‌ ഫാസിൽ ചിത്രം മണിരത്നത്തേയും ഇടി ഓർമ്മിപ്പിക്കുന്നുണ്ട്.

പക്ഷെ സിനിമയിൽ തമാശ രംഗങ്ങളിൽ പോലും ശ്വാസം പിടിച്ച്‌ മസ്സിലുരുട്ടി സംസാരിക്കുന്ന ജയസൂര്യയെയാണ് കാണുന്നത്. ആറടി നീളക്കാരനെ ഒറ്റക്ക് നേരിടുന്ന നായകനെ ഒന്ന് മാറ്റിപ്പിടിക്കാൻ പറയുന്നില്ല. പക്ഷെ വളരെ ചെറിയ രീതിയിലെങ്കിലും വിശ്വാസ്യത അത്തരം രംഗങ്ങൾക്ക് നൽകുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. ‘മാസ്സ്’ പ്രതീക്ഷിച്ചു പോയവരും മിനിമം യുക്തിയുള്ള മനുഷ്യർ തന്നെയാണ്.

നായികക്ക് വലിയ പ്രാധാന്യമില്ല സിനിമയിൽ. രണ്ട് മതസ്ഥർ തമ്മിലുള്ള പ്രണയം അറിഞ്ഞോ അറിയാതെയോ സിനിമയിൽ കേറി വരുന്നുണ്ട്. പിന്നെ മെഡൽ വാങ്ങുന്ന നായകൻ വളരെ പണ്ടുമുതലേ ക്ലീഷേ അവസാനമെന്ന ആരോപണം കേട്ട ഒന്നാണ്. ദുഷ്ടന്മാരെ ഇടിച്ചു തോൽപ്പിക്കുന്നവരാണ് പോലീസുകാർ, എല്ലാവരെയും ഇടിച്ചു ജയിക്കാനായി പൊലീസുകാരനാവണം എന്നെല്ലാം ഒരു കുട്ടി ചിന്തിക്കുന്നതിൽ അതിശയോക്തി ഒട്ടുമില്ല. പക്ഷെ എത്ര വലുതായിട്ടും ദാവൂദ്‌ ഇബ്രാഹിമും കൂട്ടാളികളും വളരെ ഗൗരവമായി പോലീസിനെ കുറിച്ച് അതുതന്നെയാണ് ചിന്തിക്കുന്നത്. ഇടി എന്ന പേരിട്ടത് ഇടി കൊണ്ട് നിറയ്ക്കാൻ കൂടിയാണെന്ന് തോന്നും.

ഒരിക്കലും പ്രേക്ഷകർ രാഷ്ട്രീയ ശരികളോ പുരോഗമന നിലപാടുകളോ പ്രതീക്ഷിച്ച്‌ ഇടി പോലൊരു സിനിമക്ക് കയറില്ല എന്നുറപ്പാണ്. പക്ഷെ ഇതുവരെ റിലീസ് ആയ മാസ്സ് പടങ്ങളുടെയും തമാശ പടങ്ങളുടെയും വികലാനുകരണം മാത്രമായി ഇടിയിലെ കഥയും കഥാപാത്രങ്ങളും സിനിമ തന്നെയും. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍