UPDATES

സയന്‍സ്/ടെക്നോളജി

2016-ല്‍ ഇന്ത്യക്കാര്‍ ‘കണ്ടെത്തി’യ ഏഴ് ശാസ്ത്ര വിഡ്ഢിത്തങ്ങള്‍; ചിലത് വിഷലിപ്തവും

ഗുജറാത്തിലെ ഗിര്‍ മേഖലയിലുള്ള 400 പശുക്കളില്‍ നിന്നും ലഭിച്ച ഓരോ ലിറ്റര്‍ മൂത്രത്തിലും 3-10 മില്ലിഗ്രാം വരെ സ്വര്‍ണം കണ്ടെത്തിയതായി ജുനഗഡ് കാര്‍ഷിക സര്‍വകലാശാല അവകാശവാദം നടത്തി

സമീപകാല ഇന്ത്യയില്‍, ശാസ്ത്രീയ അടിത്തറയില്ലാത്തതും സംശയാസ്പദവുമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന ഗവേഷകരുടെയും രാഷ്ട്രീക്കാരുടെയും എണ്ണം വര്‍ദ്ധിക്കുകയാണ്. ഇവയില്‍ പലതും വിഷലിപ്തമല്ലെങ്കിലും മിക്കതും ഹാസ്യാത്മകമാണ്. ചില അവകാശവാദങ്ങള്‍ കൂടുതല്‍ ഗവേഷണങ്ങള്‍ അര്‍ഹിക്കുന്നതാണെങ്കിലും പലതും പ്രശസ്തി എന്ന ഒറ്റ ലക്ഷ്യം മാത്രം ലാക്കാക്കിയുള്ളതാണ്. 2016ല്‍, വന്ന ഇങ്ങനെയുള്ള ഏഴ് അവകാശവാദങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ഓണ്‍ലൈന്‍ പ്പോര്‍ട്ടലായ thewire.in പുറത്തുവിടുന്നത്.

1. ശാസ്ത്ര, വ്യാവസായ ഗവേഷണ കൗണ്‍സില്‍ എന്ന സംഘടന പുറത്തിറക്കിയ വില കുറഞ്ഞ പ്രമേഹമരുന്നായ ബിജിആര്‍-34 ആണ് ഇവയില്‍ പ്രമുഖം. മരുന്നിന്റെ ശേഷിയെ കുറിച്ച് എന്തെങ്കിലും പഠനങ്ങള്‍ നടക്കുകയോ പേറ്റന്റ് പോലെയുള്ള പിന്തുണയോ ലഭിക്കുന്നതിന് മുമ്പ് ഇതിന് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നു. വിലയും ഒട്ടും കുറവല്ല എന്നതാണ് വിചിത്രം. ഒരു ഗുളികയ്ക്ക് അഞ്ച് രൂപയാണ് വില. പ്രതിദിനം നാല് ഗുളിക കഴിക്കണമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. മരുന്ന് വികസിപ്പിക്കുന്ന സമയത്ത് അന്താരാഷ്ട്ര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ ഇന്ത്യന്‍ നിയമങ്ങളോ പാലിച്ചിട്ടില്ലെന്ന് പിന്നീട് വ്യക്തമായി. ഇതിനെ കുറിച്ച് വയറില്‍ ലേഖനം വന്ന് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഔഷധത്തിന്റെ പരസ്യം നല്‍കുന്നത് അഡ്വര്‍ട്ടൈസിംഗ് സ്റ്റാന്റേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നിരോധിച്ചിട്ടുണ്ട്.

2. ഗുജറാത്തിലെ ഗിര്‍ മേഖലയിലുള്ള 400 പശുക്കളില്‍ നിന്നും ലഭിച്ച ഓരോ ലിറ്റര്‍ മൂത്രത്തിലും 3-10 മില്ലിഗ്രാം വരെ സ്വര്‍ണം കണ്ടെത്തിയതായി ജുനഗഡ് കാര്‍ഷിക സര്‍വകലാശാല കഴിഞ്ഞ ജൂണില്‍ അവകാശവാദം നടത്തി. ലോഹങ്ങള്‍ സ്വന്തം ശരീരത്തില്‍ ഉല്‍പാദിപ്പിക്കാനോ പുല്ലുകളില്‍ നിന്നും അവ വലിച്ചെടുക്കാനോ പശുക്കള്‍ക്ക് സാധിക്കില്ല. ചെടികള്‍ക്ക് മണ്ണില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യ ഇതുവരെ ലഭ്യമായിട്ടില്ല. പിന്നീട് ചോദിച്ചപ്പോള്‍ ശേഖരിച്ച മൂത്രത്തില്‍ മറ്റ് വസ്തുക്കള്‍ ചേര്‍ത്തിരിക്കാമെന്ന് ഗവേഷണ തലവന്‍ ദ വയറിനോട് പറഞ്ഞു.

3. ഐന്‍സ്റ്റീന്റെ പ്രസിദ്ധമായ ആപേക്ഷികതാ സിദ്ധാന്തം ‘യുക്തിരഹിതമാണ്’ എന്ന് ഹിമാചല്‍ പ്രദേശിലെ അസിസ്റ്റന്റ് വിദ്യാഭ്യാസ ഡയറക്ടര്‍ അജയ് ശര്‍മ ചിന്തിക്കുന്നതായി കഴിഞ്ഞ ജനുവരിയില്‍ പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. പക്ഷെ ശര്‍മയുടെ വാദങ്ങളുടെ യുക്തിയെ കുറിച്ച് മാധ്യമങ്ങള്‍ ആരാഞ്ഞില്ല എന്നതായിരുന്നു സംഭവത്തിലെ യഥാര്‍ത്ഥ യുക്തിരാഹിത്യം. യുക്തിരഹിതമായ ഗണിതശാസ്ത്രം ഉപയോഗിച്ച് ഐന്‍സ്റ്റിന്‍ തെറ്റാണ് എന്ന് തെളിയിക്കാന്‍ ശ്രമിച്ച ശര്‍മ്മ പക്ഷെ സംഭവത്തോടെ കേന്ദ്ര മന്ത്രിമാരുടെ അടുത്ത ആളായി മാറി.

4. ബാബ രാംദേവ് സ്ഥാപിച്ച പതഞ്ജലി യോഗപീഢവും ദിവ്യ ഫാര്‍മസിയും മേയില്‍ ഒരു പരസ്യം പ്രസിദ്ധീകരിച്ചു. ഒരു കോടിയിലേറെ ജനങ്ങള്‍ക്കിടയില്‍ രണ്ട് ദശാബ്ദത്തിലേറെ നീണ്ടുനിന്ന ഗവേഷണങ്ങള്‍ക്ക് ശേഷം, ‘പാന്‍ക്രിയാസിനെ ശക്തിപ്പടുത്തുന്നതും അങ്ങനെ സ്വാഭാവികമായി പ്രമേഹം നിയന്ത്രിക്കുന്നതുമായ’ ഒരു ഔഷധം കണ്ടുപിടിച്ചു എന്നതായിരുന്നു അത്. ഉല്‍പ്പന്നം അര്‍ത്ഥരഹിതമായ ഒരവകാശവാദമാണെന്ന് വെക്കാം. എന്നാല്‍, ഒരു കോടിയിലേറെ ജനങ്ങളില്‍ പരീക്ഷണം നടത്തിയപ്പോള്‍ കെട്ടുകണക്കിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടാവണം. അവ എവിടെയാണ് എന്നതാണ് ചോദ്യം.

5. ഐതീഹ്യങ്ങളിലുള്ള മൃതസഞ്ജീവനിയെ കുറിച്ച് ഗവേഷണം നടത്തുന്നതിനായി 25 കോടി നീക്കി വെക്കുന്നതായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ജൂലൈയില്‍ പ്രഖ്യാപിച്ചു. രാമായണം കഥയിലെ പ്രധാന കഥാപാത്രങ്ങളിലൊന്നാണ് മൃതസഞ്ജീവനി. പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഏതാനും ആയൂര്‍വേദ വൈദ്യന്മാര്‍ ചെടി കണ്ടുപിടിക്കുന്നതിനായി പുറപ്പെട്ടു.

6. മസ്തിഷ്‌ക മരണം സംഭവിച്ച രോഗികളെ രക്ഷപ്പെടുത്താന്‍ സാധിക്കുമോ എന്നതിനെ കുറിച്ച് ഉത്തരാഖണ്ഡിലെ ഒരു വിത്ത് കോശ (stem cell) ഗവേഷകനായ ഹിമാന്‍ശു ബന്‍സാല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചു. ആവശ്യത്തിന് ചോദ്യങ്ങള്‍ ഒന്നും ചോദിക്കാതെ ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ തുടക്കത്തില്‍ അദ്ദേഹത്തിന്റെ പരീക്ഷണങ്ങള്‍ക്ക് അനുമതി നല്‍കി. പിന്നീട് തെറ്റ് തിരിച്ചറിയുകയും അവര്‍ അത് പിന്‍വലിക്കുകയും ചെയ്തു. ഇപ്പോള്‍ ബന്‍സാലിന്റെ അടിസ്ഥാന യോഗ്യത തന്നെ സംശയാസ്പദമായിരിക്കുകയാണ്.

7. ഒക്ടോബറില്‍, ചില ഹിന്ദു പുരോഹിതര്‍ ജപ്പാനിലെ ടോക്കിയോയില്‍ പരിസ്ഥിതി ശുദ്ധീകരിക്കുന്നതിനായി ഒരു യാഗം നടത്തി. മരക്കഷ്ണങ്ങളില്‍ നെയ്യൊഴിച്ച് നടത്തിയ യാഗം വലിയ മാധ്യമ ശ്രദ്ധ നേടി. പക്ഷെ, അന്തരീക്ഷത്തിലേക്കുള്ള കാര്‍ബണ്‍ വികരണം വര്‍ദ്ധിക്കുകയും വായു കൂടുതല്‍ മലിനമാവുകയും ചെയ്തത് മാത്രമായിരുന്നു യാഗത്തിന്റെ ബാക്കിപത്രം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍