UPDATES

സിനിമ

ഭര്‍ത്താക്കന്‍മാരെ കൊല്ലുന്ന റോഡ്; വിധവകളുടെ ഗ്രാമത്തില്‍ നിന്നുള്ള കാഴ്ചകള്‍

Avatar

അന്താരാഷ്ട്ര ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ കേരള(IDSFFK)യില്‍ നാളെ പ്രദര്‍ശിപ്പിക്കുന്ന ‘വില്ലേജ് ഓഫ് വിഡോസ്’ എന്ന ഡോക്യുമെന്ററിയെക്കുറിച്ച് സംവിധായകന്‍ ബിജീഷ് ബാലന്‍ അഴിമുഖം പ്രതിനിധി വിഷ്ണു എസ് വിജയനുമായി സംസാരിക്കുന്നു.

വില്ലേജ് ഓഫ് വിഡോസ്; വിധവകളുടെ ഗ്രാമം. ഒരു ഗ്രാമം മുഴുവന്‍ വിധവകള്‍… കഥയല്ല; സത്യമാണ്. തെലങ്കാനയിലെ ആദിവാസി ഗ്രാമമായ പെഡകുണ്ട താണ്ടയാണ് പുരുഷന്മാരെല്ലാം മരിച്ചുപോകുന്ന ദുര്‍വിധിയും പേറി നിലകൊള്ളുന്നിടം. ഇവിടുത്തെ സ്ത്രീകളെ വിധവകളാക്കിയത് മറ്റാരുമല്ല, കണ്ണും കാതുമില്ലാത്ത വികസനവേഗമാണ്. പെഡകുണ്ട താണ്ടയുടെയും അവിടുത്തെ വിധവകളെയും പ്രമേയമാക്കി കഥപറയുന്ന ഡോക്യുമെന്ററിയാണ് ബിജീഷ് ബാലന്‍ സംവിധാനം ചെയ്ത ‘വില്ലേജ് ഓഫ് വിഡോസ്; ദി സ്‌ട്രെയ്ഞ്ച് സ്‌റ്റോറി ഓഫ് ഹൈവേ 44.’ 

ഗ്രാമത്തിനു കുറുകെ പുതിയതായി നിര്‍മ്മിച്ച ഹൈവേയില്‍ വാഹനാപകടങ്ങളില്‍ പെട്ട് ഈ ഗ്രാമത്തിലെ പുരുഷന്മാരില്‍ മുക്കാല്‍പങ്കും മരിച്ചുകഴിഞ്ഞു. ഇതുവരെ സമൂഹം അറിയാത്ത, അല്ലെങ്കില്‍ അറിഞ്ഞവര്‍ അറിഞ്ഞില്ല എന്നു ഭാവിക്കുന്ന ഒരു ആദിവാസി ഗ്രാമത്തിന്റെ ദുര്‍വിധി വരച്ചിടുകയാണ് സംവിധായകന്‍ ഈ ഡോക്യുമെന്ററിയിലൂടെ.

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ബന്ധിപ്പിച്ചു കൊണ്ടുള്ള എന്‍ എച് 48ന്റെ ഭാഗങ്ങള്‍ ആറുവര്‍ഷം മുന്‍പ് ഈ പ്രദേശത്തൂടുകൂടി നിര്‍മിക്കുകയുണ്ടായി. അതിനു ശേഷമണ് ആദിവാസി ഊരുകളില്‍ നിന്നും പുറത്ത് തൊഴിലിനായും മറ്റാവശ്യങ്ങള്‍ക്കായും പുറത്തുപോകുന്ന പുരുഷന്മാര്‍ വാഹനാപകടങ്ങളില്‍ പെട്ടു ദുര്‍മരണമടയാന്‍ തുടങ്ങിയത്. ഇത്തരം മരണങ്ങള്‍ ഇവര്‍ക്കിപ്പോള്‍ ഒരു ഞെട്ടലുപോലും അല്ലാതായി എന്നതാണ് വാസ്തവം.

ശരിക്കും ഈ ഗ്രാമത്തിനെ മുറിച്ചുകൊണ്ടാണ് റോഡ്. ഈ റോഡിന്റെ ഒരു വശത്താണ് ആദിവാസി ഊരുകള്‍. മറുവശത്താണ് അവരുടെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളും, സര്‍ക്കാര്‍ സ്ഥാപനങ്ങളും, തൊഴിലിടങ്ങളും. അപ്പോള്‍ ഈ റോഡു മുറിച്ചു കടന്നു വേണം ഇവര്‍ക്ക് അവിടെക്കെത്തുവാന്‍. തിരക്കുള്ള, വേഗതയേറിയ ഈ റോഡു മുറിച്ചു കടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്. ഇതുവരെയായി എണ്‍പതോളം പുരുഷന്മാര്‍ ഇപ്രകാരം മരണപ്പെട്ടു. അതിന്റെ കഥയാണ് ഞാന്‍ ഡോക്യുമെന്ററിയിലൂടെ പറയുന്നത്;  സംവിധായകന്‍ ബിജീഷ് ബാലന്‍ പറയുന്നു. ബിജീഷിന്റെ ആദ്യ സംരംഭമാണ് ഈ ചിത്രം.

ബിജീഷും സുഹൃത്തുക്കളായ ജയേഷും അഭിലാഷും ചേര്‍ന്നാണ് ഡോക്യുമെന്ററി നിര്‍മ്മിച്ചത്. മൂന്ന് ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചതും ബിജീഷ് തന്നെ.

മിഡ് ഡേ് എന്ന പത്രത്തിന്റെ ഓണ്‍ലൈന്‍ സൈറ്റിലാണ് ആദ്യമായി ഞാനീ ഗ്രാമത്തെക്കുറിച്ചു വായിക്കുന്നത്. പിന്നീട് കൂടുതല്‍ അറിയാന്‍ ആകാംഷയായി. എല്ലാ വിവരങ്ങളും അറിഞ്ഞപ്പോള്‍, ഇതൊരു ഡോക്യുമെന്ററിയാക്കാന്‍ തീരുമാനിച്ചു. കൗതുകം എന്നതിലുപരി ഇതൊരു മാനുഷികതയുടെ പ്രശ്‌നമായിരുന്നു എനിക്ക്. നമ്മളിലൂടെ പുറത്തറിഞ്ഞ് അധികാരികള്‍ കണ്ണ് തുറക്കുന്നെങ്കില്‍ അത് നല്ലതല്ലേ.. ഈ ഡോക്യുമെന്ററിയിലേക്ക് എത്തിപ്പെട്ടതിനെ പറ്റി ബിജീഷ് പറയുന്നത് ഇങ്ങനെയാണ്.

വിധവകളുടെ ഗ്രാമത്തെ പറ്റി ആദ്യമായി വാര്‍ത്ത കൊടുത്ത ദിനേശ് ആക്കുളയാണ് ചിത്രീകരണത്തിനും മറ്റും സഹായമായി നിന്നത്. ആദിവാസി ഭാഷ തന്നെയായിരുന്നു ചിത്രീകരണത്തിനുള്ള വെല്ലുവിളിയായി ഇവര്‍ കരുതിയിരുന്നത്. എന്നാല്‍ ഭാഷയറിയാവുന്ന ദിനേശ് കൂടി സംഘത്തിനൊപ്പം ചേര്‍ന്നപ്പോള്‍ ചിത്രീകരണം ബുദ്ധിമുട്ടുകള്‍ ഇല്ലാതെ പൂര്‍ത്തിയാക്കുവാന്‍ സാധിച്ചു.

നഗരവത്കരണം ഒരു ജനതയെ എങ്ങനെയൊക്കെ ദ്രോഹിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ മനുഷ്യരുടെ ജീവിതം. ഹൈദരാബാദിലെ ബഞ്ചാര കുന്നുകളില്‍ വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെട്ട കാടിന്റെ മക്കളുടെ പിന്‍തലമുറയാണ് ഇപ്പോള്‍ ഇവിടെയുള്ളത്. നഗരകേന്ദ്രീകൃത മനുഷ്യര്‍ റോഡിന്റെ രൂപത്തില്‍ ഇവിടെയും ഇവരുടെ സ്വൈര്യജീവിതം തകര്‍ക്കുകയാണ്.

ഇവരുടെ പ്രശ്‌നങ്ങള്‍ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമ്പോള്‍ കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങള്‍ പരസ്പരം പഴിചാരുന്നതല്ലാതെ ഇവര്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. നോക്കു ഒരു വിഭാഗത്തിലെ മുഴുവന്‍ പുരുഷന്മാരും മരിച്ചു പോകുന്ന,സ്ത്രീകള്‍ വിധവകളായി ജീവിതകാലം മുഴുവന്‍ കഴിയേണ്ടി വരുന്ന,കുട്ടികളെ വിദ്യാഭ്യാസത്തിന് അയക്കാന്‍ പോലും പേടിക്കുന്ന ഒരു വിഭാഗത്തിന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കു..അവര്‍ കാത്തിരിക്കുകയാണ് അടുത്തതാര് എന്ന ചോദ്യവുമായി. അതെല്ലാമാണ് ഞാന്‍ എന്റെ ഡോക്യുമെന്ററിയില്‍ പറയുന്നത്. ബീജീഷ് പറഞ്ഞു. 

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് വിഷ്ണു)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍