UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിണറായി, താങ്കള്‍ എത്ര ക്രാന്തദര്‍ശി!

Avatar

ചിന്ത ടി കെ       

ശബ്ദതാരാവലി ‘നികൃഷ്ടം’ എന്ന പദത്തെ ഹീനമായത് അഥവാ കേടുവന്നത് എന്നൊക്കെയാണ് വിവക്ഷിക്കുന്നത്. ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഭർത്സനങ്ങൾ കേട്ടപ്പോഴാണ് സഖാവ് പിണറായി വിജയൻ എത്ര ക്രാന്തദർശിയാണ് എന്ന് തിരിച്ചറിയുന്നത്. ( ഇതേ സഖാക്കൾ തന്നെയാണ് മറ്റവസരങ്ങളിൽ ഇത്തരം ‘നികൃഷ്ട’ ജീവികളുടെ പിന്നാമ്പുറങ്ങളിൽ സന്ദർശനം നടത്തുന്നത് എന്നത് വിസ്മരിക്കുന്നില്ല). ക്രിസ്ത്യാനി പെണ്‍കുട്ടികൾ അന്യസമുദായക്കാരെയും ഓട്ടോക്കാരെയും വിവാഹം കഴിക്കുന്നത് തടയണമെന്നും കാട് കയ്യേറുന്ന മനുഷ്യരെ തിന്നുന്ന കടുവകളെ നാടുകടത്തുകയോ വന്ധ്യംകരിക്കുകയോ ചെയ്യണമെന്നും ഒക്കെ പ്രഘോഷിക്കുന്ന ഈ വർഗത്തിനെ വിശേഷിപ്പിക്കാന്‍ ഇത്രയും നല്ലൊരു പദം ഇല്ല തന്നെ. 

ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിൽ പറഞ്ഞതിൽ ഉള്‍പ്പെട്ടിരിക്കുന്ന കടുത്ത വർഗീയതയുടെയും സ്ത്രീവിരുദ്ധതയുടെയും അംശങ്ങൾ മാറ്റിവച്ചാൽ തന്നെയും ആ വാക്കുകൾ ക്രിസ്തുമതത്തിന്റെ സംരക്ഷണത്തിനല്ല മറിച്ച് സ്വന്തം മതത്തിലെ സമ്പന്നരുടേയും  ഉന്നതരുടെയും താല്പര്യങ്ങൾ മാത്രം സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണ് എന്ന് വ്യക്തം. അല്ലായെങ്കിൽ ക്രിസ്ത്യാനികൾക്കിടയിൽ ഓട്ടോ ഡ്രൈവർമാര് ഇല്ലായിരിക്കണം. അപ്പോൾ വേദപുസ്തകത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ ഒന്നായ ‘നിന്നെപ്പോലെ നിന്റെ അയൽക്കാരനേയും സ്നേഹിക്കുക’ എന്നത് അയൽക്കാരൻ ക്രിസ്ത്യാനിയയാൽ മാത്രം പോര പണവും പ്രതാപവും ഉള്ളവനും ആണെങ്കിൽ  മാത്രം പാലിച്ചാൽ മതിയെന്നാണ് ബിഷപ്പിന്റെ വാക്കുകളുടെ അർഥം. തീര്‍ച്ചയായും പൌരോഹിത്യം, ഏതു മതത്തിലായാലും, എന്നും ഉന്നതന്‍മാര്‍ക്ക് ഒത്താശ ചെയ്യുന്നവർ  തന്നെയായിരുന്നു. അതുകൊണ്ട് തന്നെയാണല്ലോ ജറുസലേം ദേവാലയത്തിലെ പുരോഹിതര്‍ക്ക് നേരെ യേശുവിനു ചാട്ടവാർ ഓങ്ങേണ്ടി വന്നത്. പക്ഷെ ഇതൊന്നും തന്നെ ചരിത്ര ബോധമോ മതബോധമോ ഇല്ലാത്ത ഇവിടത്തെ പുരോഹിതന്മാരുടെ അറിവിൽപ്പെടില്ല. (ബിഷപ്പ് പൗലോസ്‌ മാർ പൌലോസിനെപ്പോലുള്ളവരെ മറക്കുന്നില്ല).

ഇന്ത്യയിൽ ഹിന്ദു- മുസ്ലിം പുരോഹിതന്മാർ തങ്ങളുടെ തുറന്ന വര്‍ഗ്ഗീയ സമീപനങ്ങൾ കാരണം വിമർശിക്കപ്പെട്ടിട്ടുള്ളപ്പോൾ ക്രൈസ്തവ പൌരോഹിത്യം വളരെ കൌശലപൂർവം  തങ്ങളുടെ  ക്ഷുദ്രതാല്പര്യങ്ങൾ മറച്ചുവയ്ക്കുന്നതിൽ വിജയിച്ചു നിന്നിട്ടുണ്ട്. അപൂർവമായി മാത്രം പൊതുസമൂഹത്തിനു മുന്നില് അവരുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ വെളിവാക്കപ്പെട്ടു. എന്നിരിക്കിലും ഞായറാഴ്ചപ്പള്ളികളിൽ അച്ചന്മാർ നടത്തുന്ന പ്രഭാഷണങ്ങൾ കൂടുതലും അന്യമതദ്വേഷം വളര്‍ത്തുന്നവ തന്നെയാണ് എന്നത് പരസ്യമായ കാര്യം തന്നെ.   

പലപ്പോഴും ശ്രദ്ധിക്കപ്പെടുന്ന ഒരു വസ്തുത പൌരോഹിത്യം ഏറ്റവും കൂടുതൽ താത്പ്പര്യമെടുക്കുന്നത് വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ്. തങ്ങൾക്കു വിധേയരാവാനുള്ള അടുത്ത തലമുറ ഉണ്ടാകേണ്ടത് ഈ വഴിയാണ് എന്നതാവാം ഇതിന്റെ കാരണം. എന്തുകൊണ്ട് അക്രമ സംഭവങ്ങളിലോ പീഡനക്കേസുകളിലോ ക്രൈസ്തവർ  ഉൾപ്പെടുന്നു എന്നതിനെക്കുറിച്ച്  ഒരു ബിഷപ്പും ഇവിടെ ആകുലപ്പെടുന്നത് കണ്ടിട്ടില്ല. അതുമല്ലെങ്കിൽ ക്രിസ്ത്യാനികളായ ആണ്‍കുട്ടികൾ അന്യമതസ്ഥരെ വിവാഹം കഴിക്കുന്നതിനെ കുറിച്ചും ബിഷപ്പിന് വേവലാതിയില്ല. എപ്പോഴും അവർ പേടിക്കുന്നത് സ്ത്രീകളെയാണ്, അവരുടെ തീരുമാനങ്ങളെയാണ്. അവരുടെ വിവേചനാധികാരങ്ങളെ കൂച്ച് വിലങ്ങിടുന്നതിൽ മാത്രമാണ് ശ്രദ്ധ.

പതിറ്റാണ്ടുകൾക്കപ്പുറം ആരുടെയോ പ്രേരണകൾക്ക്  വഴങ്ങി ഓരോരോ മതങ്ങളിലേക്ക് ചേക്കേറപ്പെട്ട  മനുഷ്യരുടെ രക്തത്തിൽ എന്തെല്ലാം കലർപ്പുകളും  മിശ്രിതങ്ങളും ഉണ്ടാവാം. രണ്ടോ മൂന്നോ ഏറിയാൽ നാലോ അഞ്ചോ തലമുറകൾക്കപ്പുറം തങ്ങളുടെ പൂർവികർ ആരായിരുന്നെന്നോ എന്തായിരുന്നെന്നോ പറയാൻ കഴിയാത്ത  മനുഷ്യൻ എന്തിന്റെ പേരിലാണ് അന്യന്റെ മതത്തെയും കുലത്തെയും തൊഴിലിനേയും പുലഭ്യം പറയുന്നത്? പഴമയുടെയും പാരമ്പര്യത്തിന്റെയും പൊള്ളയായ മേന്മകളിൽ അഭിരമിക്കുന്ന ന്യൂനപക്ഷം വരുന്ന  പ്രമാണിമാർക്ക് ഓശാന പാടുകയും താഴെക്കിടയിൽ എന്ന് അവർ വിശേഷിപ്പിക്കുന്ന ഭൂരിപക്ഷം വരുന്ന വിശ്വാസികളെ ഭർത്സിക്കുകയും ചെയ്യുന്ന ഈ പൌരോഹിത്യവൃന്ദത്തിനു നേരെ ചാട്ടവാർ വീശാൻ വരും തലമുറയെയെങ്കിലും പ്രാപ്തരാക്കിയേ തീരൂ. നവമാധ്യമങ്ങൾ അവർക്ക് വഴികാട്ടിയാവും എന്ന് പ്രത്യാശിക്കാം. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

(വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥയാണ് ചിന്ത)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍