UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അതുകൊണ്ട് പ്രിയപ്പെട്ട അച്ചോ… നിങ്ങളെന്തു പറഞ്ഞാലും ഞങ്ങളും ജാഗ്രത്തായിരിക്കും

Avatar

ശോഭ പി.വി

മതാതീതമായി / ജാത്യാതീതമായി സമാധാനത്തോടെ കഴിഞ്ഞു പോരുന്ന ലക്ഷക്കണക്കിന്‌ ആളുകൾ ഈ കൊച്ചു കേരളത്തിലുണ്ട്. “സ്വേച്ഛാവിവാഹിതർക്കിടയിലെ ലിംഗനീതി” എന്ന വിഷയത്തിൽ പി.എച്ച്.ഡി ചെയ്യുന്നതിന്റെ ഭാഗമായി 2005 -2008 കാലഘട്ടത്തിൽ അന്വേഷിച്ചപ്പോൾ എട്ടുലക്ഷം പേര്‍ ഇത്തരത്തില്‍ ജീവിച്ചുപോരുന്നുണ്ടെന്നു മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. അതിപ്പോൾ ഏകദേശം പത്തു ലക്ഷമെങ്കിലുമുണ്ടാവും. 🙂 ഈ വസ്തുത മതമേധാവികളും വിശ്വാസികളും “ശ്രദ്ധയോടെ മറക്കുന്നു” എന്നതുകൊണ്ട്  ഇടുക്കിയിലെ ‘അച്ച’നോട് ചില കാര്യങ്ങൾ സ്നേഹത്തോടെ പറയാൻ ശ്രമിക്കട്ടെ… 

 

ഞങ്ങളെപ്പോലുള്ളവര്‍ക്ക് നിത്യജീവിതത്തില്‍ നിങ്ങൾ അഭിമുഖീകരിക്കുന്ന മത-പ്രശ്നങ്ങളൊന്നും ഇല്ല എന്നാണ്  മനുഷ്യജീവികൾ ആദ്യമേ  ചിന്തിക്കുക. സത്യത്തിൽ ഇത്തരം പ്രബോധനശ്രമങ്ങൾ തമാശയായിട്ടേ മതാതീതമായി ജീവിക്കുന്നവരുടെ നാൾവഴികളിൽ കടന്നുവരാറുള്ളൂ. എന്നാൽ ഇത്തരം ശ്രമങ്ങളുടെ ഉദ്യേശ്യം  മതബന്ധിതമല്ലാതെയുള്ള ജീവിതങ്ങളെ വെല്ലുവിളിക്കാനായി പ്രയോഗിക്കപ്പെടുമ്പോൾ അതൊരു തമാശയല്ലാതാവുന്നു. മനുഷ്യജീവിതത്തെ ആഴത്തില്‍ അസ്വസ്ഥപ്പെടുത്തിക്കൊണ്ടാണ് ഈ മതാധിഷ്ഠിത സാമൂഹിക മന:സ്ഥിതി നിലനിര്‍ത്താന്‍ “വിഫല”ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്, നിങ്ങളെപ്പോലുള്ളവർ.

 

മതം ഒരാളുടെ / ഒരു കൂട്ടം ആളുകളുടെ അഭിപ്രായം എന്ന നിലയിൽ ജനാധികാരം മുൻനിർത്തിയുള്ള സാമൂഹികതയിൽ ചർച്ചാവിഷയമാകേണ്ടത് ഏതായാലും അപരർ എന്ന് അധികാരികൾ തീരുമാനിക്കുന്നവരെ (അവരുടെ ജീവിതങ്ങളെ) ആശയപരമോ ചിന്താപരമോ ആയിട്ടാണെങ്കിൽ പോലും, അതിക്രമിച്ചുകൊണ്ടാവരുത്.

 

1988-ല്‍ ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയത് മുതൽ ഇന്ന് വരെ “മത”ബോധങ്ങളോട്‌  അകലം പാലിച്ചും മതവിശ്വാസികളും അല്ലാത്തവരുമായ മനുഷ്യജീവികളോട് / സഹജീവികളോട് അങ്ങേയറ്റം അടുത്തിടപഴകാൻ ശ്രമിച്ചും ജീവിച്ചുപോരുന്നവരാണ് ഞങ്ങൾ – മറ്റു പലരെയും പോലെ. അതുകൊണ്ട് തന്നെ ഞങ്ങളുടേത് മാത്രമായ അവകാശവാദങ്ങളൊന്നും (നിങ്ങൾ നിരത്തുന്നത് പോലെയുള്ളവ) വിശദീകരിക്കുന്നില്ല. ഏതു മനുഷ്യജീവികൾക്കും  തെല്ലു ശ്രദ്ധിച്ചാൽ സാധ്യമാകുന്നതേയുള്ളൂ ഈ ജീവിതം.

 

പ്രത്യേകം ആചാരങ്ങളൊന്നുമില്ലെങ്കിലും കുഞ്ഞുങ്ങൾ വളരും. അവരുടെ cognitive structure-നെ മറ്റു ചിന്താ നേതൃത്വങ്ങൾ / മേധാവികൾ കഴിയുന്നതും ശല്യം ചെയ്യാതിരുന്നാല്‍! അങ്ങനെയും മനുഷ്യർ വളര്‍ന്ന് വരട്ടെ. ഒരൊറ്റ സാധ്യതയല്ലല്ലോ മനുഷ്യർക്കുള്ളത്! മനുഷ്യർ തമ്മിൽ അധികമധികം കരുതലും ശ്രദ്ധയുമുള്ളവരാകട്ടെ. സ്നേഹത്തോടെ ജീവിച്ചു പൊയ്ക്കോട്ടെ. അതില്‍ നിങ്ങള്‍ക്കെന്തു ചേതം!

 

ഇങ്ങനെ ജീവിക്കുന്നവരോടും ജീവിതം തുടങ്ങുന്നവരോടും ഹിംസാത്മകമായി ഇടപെടുന്ന രീതികൾ കൂടിവരുന്നത്  കാണുമ്പോൾ തൊണ്ണൂറുകളുടെ ആദ്യകാലങ്ങളില്‍ ഉണ്ടായ ചില നിത്യജീവിത സന്ദര്‍ഭങ്ങള്‍ “ഇടുക്കിയിലെ അച്ച”നെപ്പോലുള്ളവരെ ഓർമപ്പെടുത്തട്ടെ. കൂട്ടത്തിൽ മതാതീതമായി ജീവിക്കുന്നവരോടുള്ള ഐക്യദാർഡ്യവും രേഖപ്പെടുത്തട്ടെ.

 


കടപ്പാട്: മാതൃഭൂമി ന്യൂസ്

 

പ്രിയപ്പെട്ട അച്ചോ … (ഇടുക്കി ബിഷപ്പ് )
ഒന്നാം ക്ലാസ്സില്‍ ചേർന്ന് ഏകദേശം ഒരാഴ്ച്ചയായിട്ടുണ്ടാകും. ഒരു ദിവസം താച്ചു ഞങ്ങളോട് ചോദിച്ചു. പിന്നെ… അമ്മുക്കുട്ടീ.. (അവന്‍ അന്ന് എന്നെ അങ്ങനെയാണ് വിളിച്ചിരുന്നത്‌) ഒരു കാര്യം പറയാൻണ്ട്.

 

എന്റെ ക്ലാസ്സിലെ നോബിൾ ക്രിസ്ത്യാനിയാണത്രേ;  പ്രസാദ്  പറഞ്ഞു അവൻ ഒരു ഹിന്ദുക്കുട്ട്യാണെന്നു. അസ്ലം ഒരു മുസ്ലീമാണെന്നാ അവൻ പറയണേ. അപ്പൊ ഞാനോ? എനിക്ക് ഒരു ഉത്തരം പറയാൻ പറ്റീല്ല്യ.

 

നാളെ അമ്മയോട് ചോദിച്ചിട്ട് വരണംന്നു അവര്‍ പറഞ്ഞിട്ടുണ്ട്. ഏതു ചോദ്യത്തിനും ഉത്തരമുള്ള അവന്റെ കണ്ണുകളിൽ തെല്ലു സംശയം കണ്ട ഉടൻ ഞാൻ പറഞ്ഞു നീ ഒരു മനുഷ്യക്കുട്ടി.. അവരെല്ലാവരും നിന്നെപ്പോലെതന്നെ മനുഷ്യക്കുട്ടികൾ ആണെന്ന് അവരോടും പറയണം ട്ടോ… പിന്നല്ലാതെ. നുണക്കുഴി തെളിയുന്ന അവന്റെ ചിരി.

 

ഉത്തരം കിട്ടിയതിൽ അവനു സന്തോഷമായി. പിന്നീടെപ്പോഴൊക്കെയോ അവനത് ആവര്‍ത്തിച്ച് ഓർമിക്കാറുണ്ട്. താച്ചുവിന്റെ ബാച്ച് പത്താംക്ലാസ്സിൽ പഠിക്കുമ്പോളാണ് ആദ്യമായി കമ്പ്യുട്ടർവത്ക്കരിച്ച മാർക്ക്‌ ഷീറ്റ് സർക്കാർ നടപ്പിലാക്കിയത്. അവന്റെ ബയോഡാറ്റ എഴുതി നൽകിയപ്പോൾ ഇല്ലാതിരുന്ന “ഹിന്ദു” എന്ന വാക്ക് മാർക്ക്‌ ഷീറ്റ് അച്ചടിച്ച്‌ വന്നപ്പോൾ അതിൽ ഉള്പെടുതിയിരിക്കുന്നത് കണ്ട് ഏറെ അസ്വസ്ഥനായ അവനെ സമാധാനിപ്പിക്കാൻ ഞങ്ങള്‍ക്കായില്ല. കാരണം അതിൽ ഞങ്ങള്‍ക്കും അസ്വസ്ഥതയുണ്ടായിരുന്നു. അന്ന് കമ്പ്യൂട്ടറില്‍ മാർക്ക്‌ ഷീറ്റ് ഉണ്ടാക്കുന്നത്‌ ആദ്യത്തെ ശ്രമമായതിനാൽ മതം എന്നതിന് നേരെ not  applicable എന്നെഴുതാനുള്ള provision ഉണ്ടായിരുന്നില്ല എന്നാണ് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. അക്കാലത്ത് അത് തിരുത്തണമെന്ന് എപ്പോഴും വാശി പിടിച്ചിരുന്നു അവന്‍.

 

നമ്മളറിയാതെ (ഞാൻ ഇന്നതാണ് എന്ന് ഞാൻ പറയാതെ / അവകാശപ്പെടാതെ തന്നെ) നമ്മൾ എന്തെല്ലാമോ ആണെന്ന് മറ്റുള്ളവർ നമ്മളെ പറ്റി വിചാരിക്കുന്നത് വലിയ ഒരു പ്രശ്നമാണെന്ന് അവൻ എന്നേ തിരിച്ചറിഞ്ഞിരിക്കുന്നു! തന്‍റെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റിന്റെ (പത്താം  ക്ലാസ്) കാലമായപ്പോൾ ഈ അനുഭവം എന്നും ഓര്‍മിച്ചിരുന്നത്‌ കൊണ്ട് തന്നെ പ്രത്യേകം ശ്രദ്ധിച്ചു. not applicable എന്നെഴുതിപ്പിക്കാന്‍. 

 

നമ്മുടെ പൊതു (വിദ്യാഭ്യാസ) സ്ഥാപനങ്ങളിലുള്ളവര്‍ പോലും ഇത്തരം കാര്യങ്ങളില്‍ പലപ്പോഴും ജാഗ്രത പുലര്‍ത്താത്തവരാണെന്നത് വാസ്തവത്തില്‍ മനുഷ്യര്‍ നേരിടുന്ന ഒരു പ്രശ്നമാണ്. അതുകൊണ്ട് പ്രിയപ്പെട്ട അച്ചോ, നിങ്ങൾ എന്ത് പറഞ്ഞാലും ഞങ്ങൾ മനുഷ്യജീവിതത്തെക്കുറിച്ച് ജാഗ്രത്തായിരിക്കും.

 

(കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്‍റ് രജിസ്ട്രാറാണ് ശോഭ പി.വി) 

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍