UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വേദ പുസ്തകത്തേക്കാള്‍ വലുതാണോ സഭ? ആനിക്കുഴിക്കാട്ടിലിന് ഒരച്ചന്റെ മറുപടി

Avatar

റവ. ജോബി ജോണ്‍ 

എന്താണ് ആനിക്കുഴിക്കാട്ടില്‍ പിതാവിനെ ഇത്തരത്തില്‍ പ്രസ്താവിക്കുവാന്‍ പ്രേരിപ്പിച്ചതെന്ന് കൃത്യമായി അറിയില്ല. പക്ഷെ ഈ പ്രസ്താവനയില്‍ വലിയ അതിശയോക്തിയും തോന്നുന്നില്ല. ഒരു പ്രതിബന്ധം വരുമ്പോള്‍ തീര്‍ച്ചയായും ന്യായീകരണം കണ്ടെത്തി പരിഹാരം ഉണ്ടാക്കേണ്ടത് ഒരു നേതാവിന്റെ ഉത്തരവാദിത്തം തന്നെയാണ്. പക്ഷെ ഇവിടെ ഒരു പ്രശ്‌നം ഉള്ളത്, ഈ വേവലാതി എന്തിനെക്കുറിച്ചാണ് എന്നുള്ളതാണ്. കുടുംബം എന്ന സ്‌നേഹം നിറഞ്ഞ അന്തരീക്ഷം ഇത്തരം മിശ്ര വിവാഹങ്ങളിലൂടെ നഷ്ടപ്പെടുന്നതാണോ പ്രിയ പിതാവിനെ വേദനിപ്പിച്ചത് അതോ കുറേപ്പേരെ സഭയ്ക്ക് നഷ്ടപ്പെട്ടു എന്നതാണോ? കുടുംബാന്തരീക്ഷം തകര്‍ക്കപ്പെടും ഇത്തരം വിവാഹങ്ങളിലൂടെ എന്ന വാദമാണ് ഉയര്‍ത്തുന്നതെങ്കില്‍ അതിന് മറുവാദങ്ങള്‍ സ്വജീവിതത്തിലൂടെ തെളിയിച്ച ആയിരങ്ങളുടെ പ്രതികരണങ്ങള്‍ വന്നുകഴിഞ്ഞു. എന്റെ പതിനഞ്ച് വര്‍ഷത്തെ ശുശ്രൂഷയ്ക്കിടയില്‍ ഒരു ഡസനോളം മിശ്ര വിവാഹിതരെ (സഭയിലേക്ക് ചേര്‍ന്നതും, സഭ വിട്ടുപോയതും) എനിക്ക് വ്യക്തിപരമായും അറിയാം. അവരെല്ലാവരും നല്ല കുടുംബാന്തരീക്ഷം നിലനിര്‍ത്തുന്നവര്‍ തന്നെയാണ്. മാത്രവുമല്ല ക്രൈസ്തവരെ തന്നെ വിവാഹം കഴിച്ച എല്ലാ കുടുംബങ്ങളിലും സമാധാനം പുലരുന്നുണ്ട് എന്ന് ഉറപ്പിച്ച് പറയാനും കഴിയില്ലല്ലോ. അപ്പോള്‍ ആനിക്കുഴിക്കാട്ടില്‍ പിതാവിന് ഇവിടെ രണ്ടുണ്ട് പ്രശ്‌നം : ഒന്ന്, അംഗ സംഖ്യയില്‍ കുറവ് കാണുന്നു, രണ്ട്, പെണ്‍കുട്ടികള്‍ തീരുമാനങ്ങള്‍ എടുക്കുന്നു. അംഗ സംഖ്യയില്‍ കുറവ് വന്നിട്ടുണ്ടെങ്കില്‍ സഭ അത് ആത്മീയ ജീവിതത്തിന്റെ പരാജയമായി വിലയിരുത്തണം. ആരും പുതുതായി ആകര്‍ഷിക്കപ്പെടാത്തത് എന്തെന്ന് പരിശോധിക്കണം.

പെണ്‍കുട്ടികള്‍ സ്‌നേഹിച്ചുസ്വയം തീരുമാനിച്ച് വിവാഹങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ആ പുരോഗമനപരമായ സ്വാതന്ത്ര്യത്തെയാണ് പിതാവിനെപ്പോലുള്ളവര്‍ കൂച്ചുവിലങ്ങിടാന്‍ ആഗ്രഹിക്കുന്നത്. അത്രയ്‌ക്കൊന്നും പെണ്ണ് വളര്‍ന്നിട്ടില്ല എന്ന ഒരു വിലയിരുത്തല്‍. അത് ഈ തലമുറയെ ശരിക്കും വിലയിരുത്താത്തതിലെ പോരായ്മയാണ്. പുരോഗമനപരമായ ചിന്തകള്‍ സഭയുടെ അടിവേരറുക്കും എന്ന ആശങ്ക പുതിയതൊന്നും അല്ല. പക്ഷെ യഹൂദ മതത്തിലുണ്ടായ പുരോഗമനപരമായ തിരുത്തലുകള്‍ ആണ് ക്രൈസ്തവ കൂട്ടായ്മയുടെ തുടക്കം എന്നത് ഇക്കൂട്ടര്‍ മറന്നു പോകുന്നുണ്ട്. പുരോഗമന ചിന്തകള്‍ സഭയെ തകര്‍ക്കില്ല, നവീകരിക്കുകയെ ഉള്ളൂ. യേശു ക്രിസ്തുവിന് എതിര്‍ക്കേണ്ടി വന്നതും യഹൂദമതത്തിലെ യാഥാസ്ഥിതിക ചിന്താധാരയോടായിരുന്നു. അതുകൊണ്ടാണ് ക്രിസ്തു മത വിരുദ്ധനെന്നും, ദൈവനിഷേധിയെന്നും മറ്റുമുള്ള വിശേഷണങ്ങള്‍ കേള്‍ക്കാനും ഇടയായത്.

ക്രിസ്തുവിന്റെ പാഠങ്ങള്‍ അന്നത്തെ പുറം തള്ളപ്പെട്ടവര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കിയത്. പക്ഷെ അത് യഹൂദ മതത്തിന്റെ പല മാമൂലുകളെയും ചോദ്യം ചെയ്യുന്നതും വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നതും ആയിരുന്നു. ആ ജനപിന്തുണ തന്നെയാണ് അവരെ വിറളി പിടിപ്പിച്ചതും. പെണ്‍കുട്ടികള്‍ തീരുമാനങ്ങള്‍ എടുക്കുവാന്‍ പ്രാപ്തരായെങ്കില്‍ അതിനെ തല്ലിക്കെടുത്താന്‍ പിതാക്കന്മാര്‍ക്കെന്തവക്കാശം? ഉപദേശിക്കാം ഭവിഷ്യത്തുകള്‍, എല്ലാ ബന്ധങ്ങള്‍ക്കും സംഭാവിക്കാവുന്നതുപോലെ ഇവിടെയും സംഭവിച്ചേക്കാമെന്ന്. അല്ലാതെ കൂച്ച് വിലങ്ങും കല്പിച്ച് യോഗക്കാരേയും അധിക്ഷേപിച്ചാല്‍ ആരുണ്ട് വകവയ്ക്കാന്‍?

എസ് എന്‍ ഡി പി ക്കാരും ലവ് ജിഹാദ് കാരും അറിയാന്‍ മറ്റൊന്ന് കൂടെ ഇവിടെ കുറിക്കുന്നു. ഈ പ്രസ്താവനയില്‍ എനിക്ക് പുതുമ തോന്നാത്തത് ഒരു ക്രൈസ്തവ പുരോഹിതനായതുകൊണ്ട് കൂടിയാണ്, അതും സി.എസ്. ഐ. സഭയിലെ (കത്തോലിക്കാ സഭ കഴിഞ്ഞാല്‍, നാല്പതു ലക്ഷം അംഗങ്ങള്‍ ഉള്ള ഇന്ത്യയിലെ ഏറ്റവും വലിയ സഭയാണ് സി.എസ്. ഐ. സഭ). സഭകള്‍ തമ്മിലുള്ള ബന്ധത്തില്‍ പോലും അപ്രമാദിത്തം കാത്തു സൂക്ഷിക്കുന്ന ഒരു വിഭാഗമാണ് കത്തോലിക്കര്‍. പ്രത്യേകിച്ചും പ്രൊട്ടസ്റ്റന്റ് സഭകളോട് കാണിക്കുന്ന ‘അയിത്തം’ ക്രിസ്തീയം ആണോയെന്ന് പരിശോധിക്കുവാന്‍ മിനക്കെടാത്തവരാണ് ഇവര്‍. വിവാഹം കത്തോലിക്കാ ഇതര ക്രൈസ്തവരുമായാണെങ്കില്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കില്ല എന്നുള്ളതും അത്തരം വിവാഹങ്ങളില്‍ കത്തോലിക്ക പുരോഹിതര്‍ സംബന്ധിക്കുകയില്ല എന്നുള്ളതും എത്ര പേര്‍ക്കറിയാം. കത്തോലിക്കാ സഭയിലേക്ക് ഒരു സി.എസ്. ഐ. പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചയക്കാന്‍ ആഗ്രഹിച്ചാല്‍ അതിനും ചടങ്ങുകള്‍ വേറെയുണ്ട്. ‘കത്തോലിക്കാ ഇതരരെ’ ക്രൈസ്തവരായി പോലും പരിഗണിക്കാത്തവര്‍ ആണ് ഇക്കൂട്ടര്‍. എന്നാല്‍ ഇപ്പോള്‍ ഒരു പ്രതീക്ഷ കൈവന്നിട്ടുണ്ട്, പുതിയ പോപ്പിലൂടെ. പോപ്പ് ഫ്രാന്‍സിസ് വളരെ പുരോഗമനപരമായി ചിന്തിക്കുന്ന വ്യക്തിയാണ് എന്ന് ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. ഈയിടക്ക് പെന്തക്കോസ്തു വിഭാഗക്കരോട് അദ്ദേഹം ക്ഷമാപണം നടത്തിയത് അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണ്. എന്നാല്‍ അതുകൊണ്ടെന്നും മാറുന്നതല്ല കേരളത്തിലെ വ്യവസ്ഥാപിത സഭ. 

ഒന്ന് ഉറപ്പിച്ച് പറയാം; വലിയ മാറ്റങ്ങള്‍ ഒന്നും ആരും പ്രതീക്ഷിക്കരുത്. ഞങ്ങള്‍ ഇങ്ങനൊക്കെ ആയിരിക്കും. സ്‌നേഹിക്കുന്നത് തെറ്റാണെന്ന് വേദപുസ്തകത്തില്‍ എവിടെയാണ് പറഞ്ഞിട്ടുള്ളത്? വേദപുസ്തകം എന്ത് പഠിപ്പിച്ചാലും ഞങ്ങള്‍ക്ക് ഞങ്ങളുടെ ‘സഭയാണ്’ വലുത്, അംഗസംഖ്യയാണ് വലുത് എന്ന് കരുതുന്നവര്‍ ഓര്‍ക്കണം. ശമര്യാക്കാരി സ്ത്രീയുടെ കഥ. വിവാഹ ബന്ധം വേര്‍പെട്ടവളും, ശമര്യയില്‍ ജനിച്ചതു കൊണ്ടും, സ്ത്രീ ആയതു കൊണ്ടും യഹൂദനായ യേശു പരസ്യമായി ‘ആ സ്ത്രീയോട്’ സംസാരിക്കുവാന്‍ പാടില്ലാത്തതും ആയിരുന്നു. എന്നാല്‍ അവളുടെ ജാതിയെക്കുറിച്ചോ, പ്രദേശത്തെ കുറിച്ചോ ചിന്തിക്കാതെ അവളുടെ പക്കല്‍ നിന്നും വെള്ളം ചോദിച്ച് വാങ്ങിക്കുടിച്ച ക്രിസ്തു എവിടെ ക്രൈസ്തവര്‍ എവിടെ?

ഇതര ക്രൈസ്തവ സഭകളുമായി പോലും തുറന്ന മനസ്സ് കാണിക്കാത്തവര്‍ക്കെതിരെ പ്രതിഷേധവുമായി ഇറങ്ങുന്നവരോട് ഒരു വാക്ക്. നിങ്ങള്‍ എരി തീയില്‍ എണ്ണ ഒഴിക്കരുത്. ഞങ്ങളില്‍ ചിലര്‍ ഇങ്ങനെയൊക്കെ ആയിരിക്കും എപ്പോഴും. ‘നിങ്ങളില്‍’ ചിലരും ഇത്തരത്തില്‍ ചിന്തിക്കുന്നവര്‍ ഇല്ലേ. അപ്പോള്‍ ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്ന ഇടത്ത് സ്വാതന്ത്ര്യത്തിനായും, സമധാനത്തിനായും പുരോഗമനപരമായും നമുക്ക് ചിന്തിക്കാം. അതെ വഴിയുള്ളൂ. അല്ലാത്തവര്‍ പുലമ്പട്ടെ. ഏറ്റ് പിടിക്കുവാനോ ശ്രദ്ധിക്കുവാനോ ഇല്ലാതെ വരുമ്പോള്‍ താനെ നിലയ്ക്കും ഇത്തരം സാമൂഹിക വിരുദ്ധ പ്രസ്താവനകള്‍.

(സി.എസ്. ഐ മദ്ധ്യകേരള മഹായിടവകയിലെ പട്ടക്കാരനാണ്  ലേഖകന്‍) 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച റവ. ജോബി ജോണിന്റെ ലേഖനം

അവര്‍ ഭ്രാന്തന്മാരല്ല; ജെ. രാജശേഖരന്‍ നായരുടെ മാവോയിസ്റ്റ് വിമര്‍ശനത്തിന് മറുപടി

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍