UPDATES

ബിജു എബനേസര്‍

കാഴ്ചപ്പാട്

ബിജു എബനേസര്‍

ന്യൂസ് അപ്ഡേറ്റ്സ്

നമ്മള്‍ കേട്ടത് സി ഐ എ ചാരന്മാരുടെ പാദ പതന ശബ്ദങ്ങളോ?

ഒ വി വിജയന്‍, വയലാര്‍ രവി, ബിനോയ് വിശ്വം എന്നീ പേരുകളുടെ ഉടമകളെ കേരളീയര്‍ നന്നായി അറിയുമെന്ന് കരുതുന്നു. ഇവരാരും തമ്മില്‍ യാതൊരു ബന്ധവുമില്ല. മൂവരും ഒരു പാര്‍ട്ടിയിലെ അംഗങ്ങളോ ഒരേ വിശ്വാസ പ്രമാണത്തെ ആശ്രയിക്കുന്നവരോ അല്ല. എന്നാല്‍ വിജയനും രവിയും ബിനോയിയും തമ്മില്‍ യാദൃച്ഛികമായി സംഭവിച്ച ഒരു പൊരുത്തമുണ്ട്. മൂന്നുപേരും ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിലിന്റെ നോട്ടപ്പുള്ളികളാണ്. ക്രിസ്തീയ യുവതികളെ കടത്തിക്കൊണ്ടുപോയി കല്യാണം കഴിച്ചോ കഴിക്കാതെയോ ഭാര്യയാക്കിയവര്‍.

എറണാകുളത്തെ കട്ടിക്കാരന്‍ വീട്ടില്‍ മേഴ്‌സിയെ വളരെ നിഗൂഢമായി വയലാര്‍ രവി എന്ന എം കെ രവീന്ദ്രന്‍ ഒരു സംഘം കെ എസ് യുക്കാരുടെ ഒത്താശയോടെ കാറില്‍ വയലാറിലെ വീട്ടിലേക്ക് തട്ടിക്കൊണ്ടുപോയപ്പോള്‍ വേലയും കൂലിയും ഇല്ലാത്ത ഒരു ചെറുപ്പക്കാരന്‍ മാത്രമായിരുന്നു. ഓട്ടോറിക്ഷ ഓടിക്കാന്‍ പോലും അറിയാത്ത ആള്‍. ഒ വി വിജയന്‍ ഡല്‍ഹി സര്‍വകലാശാലയിലെ അദ്ധ്യാപികയായ തെരേസാ ഗബ്രിയേലിനെ സഹധര്‍മ്മിണിയാക്കുമ്പോള്‍ അറിയപ്പെടുന്ന എഴുത്തുകാരനും കാര്‍ട്ടൂണിസ്റ്റും ആയിരുന്നു. ആള്‍ ഇന്ത്യ യുവജന ഫെഡറേഷന്റെ നേതാവായിരുന്ന ബിനോയ് വിശ്വം കമ്യൂണിസ്റ്റ് വിപ്ലവകാരി കൂത്താട്ടുകുളം മേരിയുടെ മകളെയാണ് വധുവായി സ്വീകരിച്ചത്. ഇടുക്കി ബിഷപ്പ് പറഞ്ഞതുപോലെ ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലര്‍ത്താന്‍ പ്രാപ്തി തെളിയിച്ചിട്ടില്ലാത്ത കാലത്ത് കാട്ടിയ സാഹസികതയായിരുന്നു ഇവരുടേത്. ദീര്‍ഘമായ അനുരാഗത്തിന്റെ സാഫല്യമാണ് ഇവരുടെ ദാമ്പത്യ ജീവിതം. ഇതുപോലെ അനേകായിരങ്ങള്‍ കേരളത്തിലുണ്ട്. പേരുപറഞ്ഞാല്‍ നാലാള്‍ അറിയുന്നവരും അല്ലാത്തവരുമായ നിരവധി സ്വയംവര ദമ്പതികള്‍. മനുഷ്യന്‍ എന്ന മഹാപദത്തിന് അര്‍ത്ഥവും വ്യാപ്തിയും കല്‍പ്പിച്ച് സാഹസികമായി ജീവിക്കുന്നവര്‍. രാജ്യത്തെ നിയമ വ്യവസ്ഥ മിശ്രവിവാഹത്തെ പിന്തുണയ്ക്കുന്നു. അതൊരു സാമൂഹിക പ്രസ്ഥാനമയി വളര്‍ന്നു വരണമെന്ന് എല്ലാ മനുഷ്യ സ്‌നേഹികളും ആഗ്രഹിച്ചിരുന്നു. ജാതിമത വിചാരങ്ങളില്ലാത്ത ഒരു മാതൃകാ മനുഷ്യ സമൂഹം ഉണ്ടാക്കാന്‍ മിശ്രവിവാഹ പ്രസ്ഥാനം ഉപകരിക്കുമെന്ന് ചിലര്‍ സ്വപ്നം കണ്ടു. സംഘടിതമതസ്ഥാപനങ്ങള്‍ ഭയന്നുപോയിട്ടുണ്ടാകണം. പുരോഹിത വര്‍ഗ്ഗം നിലനില്‍പ്പിന്റെ അസ്ഥിവാരം ഇളകുന്നത് കണ്ട് അമ്പരന്നിരിക്കാം. ചരിത്രത്തിന്റെ ഏതോ ഇടവഴിയില്‍ മിശ്രവിവാഹ പ്രസ്ഥാനം സ്തംഭിച്ചു നിന്നു. രവിക്കും വിജയനും പിന്‍ഗാമികള്‍ കുറഞ്ഞു. വിവാഹം കച്ചവടവും കരാറും വികൃതമായ ആചാരവുമായി. ധൂര്‍ത്തും ദുരന്തവും ആയി.

ജീവിതശൈലിയിലും ചിന്താരീതിയിലും ഓരോ തലമുറയും അനുക്രമം വളരുമെന്നാണ് സങ്കല്‍പ്പം. മിശ്രവിവാഹദമ്പതികളുടെ മക്കള്‍ അവരുടെ മാതാപിതാക്കന്മാരെക്കാള്‍ പുരോഗമന വാദികളും വിപ്ലവകാരികളും ആകേണ്ടതാണ്. സാഹിത്യകാരനായ സി ആര്‍ ഓമനക്കുട്ടന്‍ ഭാര്യയായി സ്വീകരിച്ച ഹേമലത ക്രിസ്തുമത വിശ്വാസിയല്ല. അതിനാല്‍ മിശ്രവിവാഹിതരായിട്ടും ഇടുക്കി ബിഷപ്പിന്റെ ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെടില്ല. അവരുടെ ദാമ്പത്യവല്ലരിയില്‍ പൂത്ത അമര്‍ നീരദ് ഈയിടെ സിനിമാനടി ജ്യോതിര്‍മയിയെ പുനര്‍വിവാഹം ചെയ്തു. വയലാര്‍ രവി-മേഴ്‌സി രവി ദമ്പതികളുടെ അനന്തരഗാമികള്‍ക്ക് എന്തു സംഭവിച്ചു എന്ന് നോക്കാം. മൂത്തമകള്‍ ചക്കി ഹിന്ദുമതാചാര പ്രകാരം കൊല്ലത്തുള്ള പ്രമുഖ ഈഴവ കുടുംബത്തിലേക്ക് വിവാഹം ചെയ്യപ്പെട്ടു. മകന്‍ രവീകൃഷ്ണന്‍ എന്ന ഉണ്ണി തമിഴ്‌നാട്ടിലെ വ്യവസായ പ്രമുഖന്‍ എം പി പുരുഷോത്തമന്റെ മകളെ ജാതിമതാചാരപ്രകാരം വിവാഹം കഴിച്ചു. ഒ വി വിജയന്‍-തെരേസ ദമ്പതികളുടെ ഏക മകന്‍ മധു അമേരിക്കയിലാണ്. വിജയന്റെ മരണശേഷം ചിതാഭസ്മത്തിന്റെ അവകാശത്തെച്ചൊല്ലിയും ശേഷക്രിയയെച്ചൊല്ലിയും തര്‍ക്കവും വ്യവഹാരവും ഉയര്‍ന്നു. വിജയന്റെ സഹോദരീപുത്രന്‍ രവിശങ്കറും മധുവും തമ്മില്‍ ഇരുചേരികളിലായി നിന്ന് മത്സരിച്ചത് മതാചാരച്ചടങ്ങുകളുടെ പേരിലായിരുന്നു. ‘തലമുറകള്‍’ എന്ന മനോഹരമായ നോവല്‍ എഴുതിയ ഖസാക്കിന്റെ ഇതിഹാസകാരന്‍ തന്റെ അനന്തര തലമുറ മതവിശ്വാസത്തിന്റെ പേരില്‍ തമ്മില്‍ കലഹിക്കുമെന്ന് സ്വപ്നത്തില്‍പ്പോലും കരുതിയിട്ടുണ്ടാകില്ല.

ബിനോയ് വിശ്വം വനംവകുപ്പുമന്ത്രിയായിരുന്നപ്പോള്‍ പത്രപ്രവര്‍ത്തകയായ മകള്‍ സ്വയം തിരഞ്ഞെടുത്ത യുവാവിനെ വരിച്ചു. ജാതിമത പരിഗണനകളില്ലാതെ വളരെ ലളിതമായ മാതൃകാ വിവാഹം. സി പി എം നേതാവ് പിണറായി വിജയനോ സാക്ഷാല്‍ ഇ എം എസ്സിനോ മക്കളുടെ വിവാഹക്കാര്യത്തില്‍ ബിനോയ് വിശ്വത്തോളം മാതൃകയാകാന്‍ കഴിഞ്ഞില്ല. എഴുത്തുകാരനായ സി രാധാകൃഷ്ണന്‍ കേരളത്തില്‍ ബിനോയ് വിശ്വത്തെപ്പോലുള്ളവരുടെ കുലംപെരുകട്ടെ എന്ന് ആശംസിച്ചു. ആശംസകള്‍ ചൂണ്ടുപലകകളാണ്. ഒരു സ്ഥത്തുനിന്ന് നാട്ടുകാര്‍ക്ക് വഴികാട്ടിയാല്‍ മതി. ചൂണ്ടുപലക ഒരിക്കലും ആരോടൊപ്പവും സഞ്ചരിക്കാറില്ലല്ലോ.

ഈ ലേഖകന്‍ മിശ്രവിവാഹിതനല്ല. എന്നാല്‍ മിശ്രവിവാഹത്തെ അനുകൂലിക്കുന്നു. നിരവധി മിശ്രവിവാഹിതരുടെ സൗഹൃദം എനിക്കുണ്ട്. കവി ചാത്തന്നൂര്‍ മോഹന്‍ മുതല്‍ കാര്‍ട്ടൂണിസ്റ്റ് ബാലു വരെ. അവരുടെ ദാമ്പത്യജീവിതം സുന്ദരവും സംഗീതാത്മകവും ആണെന്നാണ് എന്റെ വിശ്വാസം. എന്റെ മകന്‍ മൂന്നര വര്‍ഷം മുമ്പ് വധുവായി സ്വീകരിച്ചത് ഇടുക്കി ബിഷപ്പിന്റെ ഒരു കുഞ്ഞാടിനെയാണ്. ഒരു സമുദായ സംഘടനയുടെയും ഗൂഢാലോചനയില്‍ പങ്കാളികളല്ല അവരെന്ന് എനിക്കറിയാം. സമുദായം അറിഞ്ഞിട്ടുപോലുമില്ല. സംസ്ഥാന സര്‍ക്കാരിന്റെ രജിസ്‌ട്രേഷന്‍ വകുപ്പില്‍ ഔദ്യോഗികമായി രേഖപ്പെടുത്തട്ടെ ശാന്തമായ ഒരു സംഭവമായിരുന്നു ഞങ്ങള്‍ക്ക് അത്. ബിഷപ്പിന്റെ കണക്കിലെ ആറ് ശതമാനത്തില്‍പ്പെട്ടതായിരിക്കാം ആ വിവാഹം. എങ്കിലും അതിന്റെ പിന്നില്‍ സ്‌നേഹവും പരസ്പര വിശ്വാസവും എന്ന മനുഷ്യ ഗുണവിശേഷങ്ങള്‍ മാത്രമേ ഉള്ളൂ. ഒരു സംഘടനയുടെയും കൊടി അടയാളങ്ങള്‍ അഭിവന്ദ്യപിതാക്കന്മാര്‍ അവര്‍ക്ക് ചാര്‍ത്തിക്കൊടുക്കരുത്. പാവങ്ങള്‍ ജീവിച്ചുപോട്ടെ.

വയലാര്‍ രവി-മേഴ്‌സി രവി ദമ്പതികളുടെ മക്കള്‍ ജാതിമതശീലങ്ങള്‍ ഇല്ലാത്ത മനുഷ്യക്കുഞ്ഞുങ്ങളായി വളര്‍ന്നോ? വയലാര്‍ രവിയുടെ പേരക്കുട്ടിക്ക് ഗുരുവായൂര്‍ അമ്പലത്തില്‍ ചോറൂണ് കൊടുത്തത് ക്ഷേത്ര പരിശുദ്ധിക്കു കളങ്കമുണ്ടാക്കിയെന്ന് ആരോപണമുയര്‍ന്നു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അതിനു പരിഹാരമായി അമ്പലത്തില്‍ ‘ശുദ്ധികലശം’ നടത്തി വിവാദമുണ്ടാക്കി. മതസ്ഥാപനങ്ങള്‍ പള്ളിയായാലും അമ്പലമായാലും കണക്കുതന്നെ. മനുഷ്യനെ അപമാനിക്കാന്‍ എല്ലാ പുരോഹിതരും ദൈവത്തെ കൂട്ടുപിടിക്കും. പുരോഹിതരുടെ വയറ്റിപ്പാടാണ് മതം. അതിന് ഹിന്ദു എന്നോ ക്രിസ്ത്യാനിയെന്നോ ഭേദമില്ല. വേദമന്ത്രങ്ങള്‍ ഉരുവിടേണ്ട നാവില്‍ പുലഭ്യം പിറക്കുമ്പോള്‍ പുരോഹിതന്‍ ചെകുത്താന്റെ കൂട്ടുകാരനായി മാറുന്നു. നിഷ്‌കളങ്കരായി ജീവിക്കുന്ന മനുഷ്യ സമൂഹത്തിന്റെ അന്തരംഗം കലുഷമാക്കാന്‍ പാഷാണത്തില്‍ ക്രിമിയെന്നപോലെ ഒന്നോ രണ്ടോ പുരോഹിതവേഷങ്ങള്‍ മതി. ”പേര് പേരയ്ക്ക, ജാതി ജാതിക്ക, നാള് നാരങ്ങ” എന്ന് ഉരുവിടുന്ന ശിശുസഹജമായ മനസ്സാണ് ജനങ്ങളുടേത്. രാഷ്ട്രീയക്കാരും പുരോഹിതരും ചേര്‍ന്ന് അത് തല്ലിക്കെടുത്തിയതിന്റെ എത്രയോ ദൃഷ്ടാന്തങ്ങള്‍ സമീപകാല ചരിത്രത്തിലുണ്ട്.

പഞ്ചാബില്‍ എഴുപതുകളില്‍ രൂപംകൊണ്ട സിക്കു തീവ്രവാദം മതപുരോഹിതരുടെ തീക്കളിയായിരുന്നു. ഖുശ്‌വന്ത് സിംഗ് എഡിറ്റര്‍ ആയി ചുമതലയേറ്റ മുംബൈ വാരിക പഞ്ചാബിനെക്കുറിച്ച് 1971ല്‍ ഒരു കവര്‍‌സ്റ്റോറി ചെയ്തു. കാര്‍ഷിക-വ്യാവസായിക-സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനം പഞ്ചാബ് ആണെന്ന് ഖുശ്‌വന്ത് സിംഗ് അന്നത്തെ സ്ഥിതി വിവരക്കണക്കുകള്‍ നിരത്തി എഴുതി സ്ഥാപിച്ചു. മാസങ്ങള്‍ക്കു ശേഷം പഞ്ചാബില്‍ ഖലിസ്ഥാന്‍ തീവ്രവാദ പ്രസ്ഥാനം തലപൊക്കി. പിന്നെ ഒന്നര ദശകം പഞ്ചാബില്‍ മനുഷ്യക്കുരുതി ഒഴിഞ്ഞ ദിവസങ്ങള്‍ ഉണ്ടായില്ല. അമേരിക്കന്‍ ചാര സംഘടനയായ സി ഐ എ പഞ്ചാബിലെ യുവാക്കള്‍ക്കിടയില്‍ തീവ്രവാദത്തിന്റെ വിത്ത് വിതച്ചു വളര്‍ത്തിയതായിരുന്നു എന്ന് പില്‍ക്കാലത്തു തെളിഞ്ഞു. കേരളം സാമൂഹിക വളര്‍ച്ചയില്‍ രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനമാണെന്ന വസ്തുത ഏവര്‍ക്കും അറിയാം. ഈയിടെ ഒരു ഇംഗ്ലീഷ് പത്രത്തില്‍ കേരളത്തിലെ ബാങ്കുകള്‍ വഴി ഈ സാമ്പത്തിക വര്‍ഷം വിദേശത്ത് നിന്ന് ഒരു ലക്ഷം കോടി രൂപ എത്തിയതായി ഒരു കണക്ക് പ്രസിദ്ധീകരിച്ചിരുന്നു. വിദേശ മലയാളികള്‍ നാട്ടിലയച്ച തുകയാണത്. സമുദായ സൗഹൃദം തകര്‍ക്കുന്ന തരത്തില്‍ ഇടുക്കി ബിഷപ്പില്‍ നിന്ന് ഓര്‍ക്കാപ്പുറത്ത് വിഷകലുഷിതമായ വാക്കുകള്‍ വരുമ്പോള്‍ പേടിയാകുന്നു. ദയാപരനായ കര്‍ത്താവേ, സി ഐ എയുടെ ചാരക്കുരുന്നുകള്‍ വല്ലതും മൂന്നാര്‍ വഴി ഇടുക്കിയിലെത്തിയോ? കേരളത്തിലെ ഏറ്റവും പ്രബലമായ രണ്ടു സമുദായങ്ങള്‍ക്കു നേരേ അടിസ്ഥാനമില്ലാത്ത ആരോപണം തൊടുത്തുവിടാന്‍ ഒരു ബിഷപ്പ് ധൈര്യപ്പെട്ടു. അജ്ഞതയും അഹങ്കാരവും ആയിക്കണ്ട് അവഗണിക്കാവുന്ന കാര്യമാണോ അത്? ഇടുക്കി അരമനയിലെ രഹസ്യ സന്ദര്‍ശകരുടെ പട്ടികയെടുക്കാന്‍ മിശ്രവിവാഹിതനായ പി ടി തോമസ് ശ്രമിക്കട്ടെ.

മനുഷ്യന്‍ എങ്ങനെയായാലും വേണ്ടില്ല മതം നമ്മുടേതു മാത്രമാവണം എന്ന വാശിയോടെ ഇവിടെ ആര്‍ക്കും നിലനില്‍ക്കാനാകില്ല. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന മഹനീയ മാനവ ചിന്ത ഒരു നൂറ്റാണ്ടു മുമ്പ് പ്രതിധ്വനിച്ച നാടാണിത്. അതിനാല്‍ മിശ്രവിവാഹിതരായ എല്ലാ ദമ്പതികള്‍ക്കും എന്റെ പൂച്ചെണ്ട്.

ബിജു എബനേസര്‍

ബിജു എബനേസര്‍

പ്രമുഖ ഓണ്‍ലൈന്‍ എഴുത്തുകാരനും Foonza Mediaയുടെ സഹ സ്ഥാപകനുമാണ് ബിജു എബെനേസര്‍. മലയാള സിനിമയുടെ കഴിഞ്ഞകാലത്തെ ആര്‍ക്കൈവ് ചെയ്യുന്ന കമ്യൂണിറ്റി പവേര്‍ഡ് ഇനിഷ്യേറ്റീവ് ആയ ഓള്‍ഡ് മലയാളം സിനിമ ബ്ലോഗ്, മലയാള സിനിമ പേരുകളെ കുറിച്ചുള്ള ചിന്തകള്‍ പങ്ക് വെക്കുന്ന സെല്ലുലോയിഡ് കാലിഗ്രാഫി തുടങ്ങിയ ഓണ്‍ലൈന്‍ സംരംഭങ്ങളുടെ ബുദ്ധികേന്ദ്രം. നേരത്തെ AOL.comല്‍ കോളമിസ്റ്റായിരുന്നു. ഇപ്പോള്‍ ബംഗളൂരുവില്‍ താമസം.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍