UPDATES

ഇടുക്കിയില്‍ നേട്ടമുണ്ടാക്കി എല്‍ഡിഎഫ്; ഞെട്ടിച്ചത് ബിജെപി

അഴിമുഖം പ്രതിനിധി

ഇടുക്കി ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ കൂട്ടുകെട്ടില്‍ നില മെച്ചപ്പെടുത്തി എല്‍.ഡി.എഫ്. ആര്‍ക്കും ഭൂരിപക്ഷമില്ലാതെ തൊടുപുഴ, കട്ടപ്പന നഗരസഭകള്‍. ഇരുമുന്നണികളെയും ഞെട്ടിച്ച് ബി.ജെ.പി. കന്നിഅങ്കത്തില്‍ കരുത്തുകാട്ടി പെമ്പിളൈ ഒരുമൈ. 

35ല്‍ 20 സീറ്റെങ്കിലും പ്രതീക്ഷിച്ചിരുന്ന തൊടുപുഴ നഗരസഭയില്‍ യു.ഡി.എഫ് നിലവിലെ 24 സീറ്റില്‍ നിന്നും 14ലേക്കൊതുങ്ങി. ആറു സീറ്റുണ്ടായിരുന്ന എല്‍.ഡി.എഫ് 13 സീറ്റുമായി കനത്ത മുന്നേറ്റം നടത്തിയപ്പോള്‍ നാലു സീറ്റുകള്‍ ഉണ്ടായിരുന്ന ബി.ജെ.പി എട്ടു സീറ്റുകള്‍ നേടി ഇരുമുന്നണികളേയും ഞെട്ടിച്ചു.

പുതുതായി രൂപീകരിച്ച കട്ടപ്പന നഗരസഭയില്‍ 34ല്‍ 17 സീറ്റ് യു.ഡി.എഫിന് ലഭിച്ചു. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നാല് സീറ്റുകളുമായി എല്‍.ഡി.എഫ് 14 സീറ്റ് കൈയടക്കി. മൂന്നു സീറ്റ് നേടി ബി.ജെ.പി സാന്നിധ്യമറിയിച്ചു. ഇരുനഗരസഭകളിലും യു.ഡി.എഫിന് മേല്‍ക്കൈയുണ്ടെങ്കിലും കേവലഭൂരിപക്ഷം നേടാനായില്ല.

പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി നല്ലതണ്ണി ബ്ലോക്ക് ഡിവിഷനില്‍ ഉജ്ജ്വല ജയം നേടി. മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ കടലാര്‍ വാര്‍ഡില്‍ ഒരുമൈ സ്ഥാനാര്‍ഥി വെളളത്തായിയും ചോലമലയില്‍ മാരിയമ്മാളും വിജയിച്ചു. വെളളത്തായി ഒരു വോട്ടിനും മാരിയമ്മാള്‍ 103 വോട്ടിനുമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തിയത്. 

ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനില്‍ ആറെണ്ണം നേടി എല്‍.ഡി.എഫ് മുന്നേറുമെന്നാണ് സൂചന. നിലവില്‍ പ്രതിപക്ഷമില്ലാത്ത യു.ഡി.എഫ് ഭരണമാണ് ഇടുക്കി ജില്ലാ പഞ്ചായത്തില്‍. എട്ടു ബ്ലോക്ക് പഞ്ചായത്തു ഡിവിഷനുകളും നിലവിലുളള യു.ഡി.എഫ് ഭരണം തുടര്‍ന്നേക്കും. ഹൈറേഞ്ച് മേഖലയിലെ ചില ഗ്രാമപഞ്ചായത്തുകള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍