UPDATES

ഇടുക്കിയുടെ രാഷ്ട്രീയ ചിത്രം മാറ്റിവരച്ച് പെമ്പിളൈ ഒരുമൈയും ഹൈറേഞ്ച് സമിതിയും

Avatar

അഴിമുഖം പ്രതിനിധി

തോട്ടങ്ങളുടെ രാഷ്ട്രീയ ഭൂപടം മാറ്റിവരച്ച് പെണ്‍കൂട്ടായ്മയായ പെമ്പിളൈ ഒരുമൈ. എല്‍.ഡി.എഫ് മുന്നേറ്റത്തിന് കരുത്ത് പകര്‍ന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി. 2010ലെ തെരഞ്ഞെടുപ്പിനേക്കാള്‍ ഇരട്ടി ജനപിന്തുണ നേടി ബി.ജെ.പി. 

16 ജില്ലാ പഞ്ചായത്ത് സീറ്റില്‍ ഒന്നുപോലുമില്ലാതിരുന്ന എല്‍.ഡി.എഫ് ഇക്കുറി ആറ് സീ്റ്റ് നേടി. അതില്‍ ആറെണ്ണം ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സീറ്റുകളാണ്. നെടുങ്കണ്ടം, മുരിക്കാശേരി, പൈനാവ്, വാഗമണ്‍, ദേവികുളം, മുളളരിങ്ങാട് ഡിവിഷനുകളാണ് എല്‍.ഡി.എഫ് നേടിയത്. 89 സീറ്റില്‍ മല്‍സരിച്ച ഹൈറേഞ്ച് സംരക്ഷണ സമിതി 42 സീറ്റുകള്‍ കൈയടക്കി. നാലു ജില്ലാ പഞ്ചായത്ത ഡിവിഷനില്‍ രണ്ടും എട്ടു ബ്ലോക്ക് ഡിവിഷനില്‍ നാലും 77 ഗ്രാമപഞ്ചായത്ത് വാര്‍ഡില്‍ 36ലും സംരക്ഷണ സമിതി വിജയിച്ചു. മരിയാപുരം, കഞ്ഞിക്കുഴി പഞ്ചായത്തുകള്‍ പിടിച്ചെടുക്കാന്‍ എല്‍.ഡി.എഫിനെ തുണച്ചത് ഹൈറേഞ്ച് സംരക്ഷണ സമിതിയാണ്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഇന്ദു സുധാകരന്‍ വാഗമണ്‍ ഡിവിഷനില്‍ പരാജയപ്പെട്ടത് യു.ഡി.എഫിന് തിരിച്ചടിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമായ ഇവിടെ യു.ഡി.എഫ് ഈ സ്ഥാനത്തേക്ക് കണ്ടുവെച്ചിരുന്നത് ഇന്ദു സുധാകരനെയായിരുന്നു. രാജാക്കാട് നിന്നും വിജയിച്ച കൊച്ചുത്രേസ്യാ പൗലോസിന് ഈ സ്ഥാനത്തേക്ക് നറുക്കുവീഴും. 

പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിന്‍ ദേവികുളം ബ്ലോക്കിലെ നല്ലതണ്ണി ഡിവിഷനില്‍ ഉജ്ജ്വല ജയം നേടി. രണ്ട് സീറ്റ് നേടിയ പെമ്പിളൈ ഒരുമൈയുടെ സഹായമില്ലാതെ മൂന്നാര്‍ പഞ്ചായത്തില്‍ ആര്‍ക്കും ഭരിക്കാനാകില്ല. 21 സീറ്റുളള പഞ്ചായത്തില്‍ 10 സീറ്റ് എല്‍.ഡി.എഫിനും ഒമ്പത് സീറ്റ് യു.ഡി.എഫിനും ലഭിച്ചെങ്കിലും ആര്‍ക്കും കേവലഭൂരിപക്ഷമില്ല. മൂന്നാര്‍ പഞ്ചായത്തിലെ കടലാര്‍ വാര്‍ഡില്‍ ഒരുമൈ സ്ഥാനാര്‍ഥി വെളളത്തായിയും ചോലമലയില്‍ മാരിയമ്മാളും വിജയിച്ചു. വെളളത്തായി ഒരു വോട്ടിനും മാരിയമ്മാള്‍ 103 വോട്ടിനുമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തിയത്.26 ഗ്രാമപഞ്ചായത്ത് വാര്‍ഡിലും ആറു ബ്ലോക്ക് ഡിവിഷനിലും ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനിലുമാണ് പൈമ്പിളൈ ഒരുമൈ മല്‍സരിച്ചത്. മൂന്നാര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ പെമ്പിളൈ ഒരുമൈയുടെ ജെ.മനോജ് ്അവസാനം വരെ മുന്നിട്ടു നിന്നിരുന്നു. 

കഴിഞ്ഞ തവണത്തെ 14ല്‍ നിന്നും ബി.ജെ.പി 39 സീറ്റായി മുന്നേറിയത് ഇരുമുന്നണികള്‍ക്കും പ്രഹരമായി. തൊടുപുഴ നഗരസഭയില്‍ എട്ടിടത്തും കട്ടപ്പന നഗരസഭയില്‍ മൂന്നിടത്തും ബി.ജെ.പി വിജയം നേടി. 

ചിത്രം നല്ലതണ്ണി ഡിവിഷനില്‍ വിജയിച്ച പെമ്പിളൈ ഒരുമൈ സ്ഥാനാര്‍ഥി ഗോമതി അഗസ്റ്റിനെ അഭിനന്ദിക്കുന്ന പ്രസിഡന്റ് ലിസി സണ്ണി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍