UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമ്മയുടെ മരണം അന്വേഷിക്കാന്‍ അഞ്ചുവയസ്സുകാരി പോലീസിന് തന്റെ പണക്കുടുക്ക വാഗ്ദാനം ചെയ്തു

കൈക്കൂലി കൊടുത്താലേ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കൂവെന്ന് കേട്ടാണ് കുട്ടി തന്റെ ഇതുവരെയുള്ള സമ്പാദ്യമായ കുടുക്കയിലെ പണം വാഗ്ദാനം ചെയ്തത്

രണ്ട് മാസം മുമ്പ് മരിച്ച അമ്മയുടെ മരണം അന്വേഷിക്കാന്‍ അഞ്ചു വയസ്സുകാരി തന്റെ പണ ശേഖരത്തിലെ പണം പോലീസിന് വാഗ്ദാനം ചെയ്തു. കൈക്കൂലി കൊടുത്താലേ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കൂവെന്ന് കേട്ടാണ് മാനവി എന്ന കുട്ടി തന്റെ ഇതുവരെയുള്ള സമ്പാദ്യമായ കുടുക്കയിലെ പണം വാഗ്ദാനം ചെയ്തത്.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. കുട്ടിയും മുത്തശ്ശനും ഐജി രാം കുമാറിനെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു. മാനവിയുടെ പരാതി എത്രയും വേഗം പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിയ ഐജി കുട്ടിയുടെ പണം നിരസിച്ചു. ഏപ്രിലിലാണ് മാനവിയുടെ അമ്മ സീമ കൗശിക് ആത്മഹത്യ ചെയ്തത്. ഇവരുടെ ഭര്‍ത്താവും ബന്ധുക്കളും സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കാറുണ്ടെന്നാണ് സീമയുടെ ബന്ധുക്കളുടെ ആരോപണം. സീമയ്‌ക്കെതിരെ ഭര്‍ത്താവും ബന്ധുക്കളും രണ്ട് കള്ളക്കേസുകള്‍ കൊടുത്തിരുന്നെങ്കിലും കോടതി ഇത് രണ്ടും തള്ളിക്കളഞ്ഞിരുന്നു. നാല് വര്‍ഷം മുമ്പാണ് ഈ ദമ്പതികള്‍ വിവാഹ മോചിതരായത്. ഭര്‍ത്താവും ബന്ധുക്കളും തന്നെ മാനസികമായി പീഡിപ്പിക്കുന്നെന്നും ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി യുവതി പരാതിപ്പെട്ടെങ്കിലും പോലീസ് ഇത് അവഗണിച്ചെന്നും ആരോപണമുണ്ട്.

ഇതോടെ അവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കേസില്‍ സീമയുടെ ഭര്‍ത്താവ് അറസ്റ്റിലായെങ്കിലും അനുകൂലമായ വിധത്തില്‍ ചാര്‍ജ്ജ് ഷീറ്റ് തയ്യാറാക്കണമെങ്കില്‍ കൈക്കൂലി നല്‍കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. അതേസമയം പോലീസ് കാര്യക്ഷമമായാണ് ഈ കേസില്‍ പ്രവര്‍ത്തിക്കുന്നതെന്നും സീമയുടെ ഭര്‍ത്താവിന് ഇനിയും ജാമ്യം ലഭിക്കാത്തത് അതിനാലാണെന്നാണ് മീററ്റിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനായ ജെ രവിന്ദ്ര ഗൗര്‍ പറയുന്നത്. അതേസമയം മറ്റ് ബന്ധുക്കള്‍ക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കേസില്‍ ലഭ്യമായ എല്ലാ തെളിവുകളും ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇദ്ദേഹം അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍