UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഴാങ് ലൂക് ഗൊദാര്‍ദ് ഈ മേളയിലെ ഏറ്റവും ചെറുപ്പക്കാരനായ സംവിധായകന്‍- കെ ബി വേണു

Avatar

പത്തൊമ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമകളില്‍ 10 മികച്ച ചിത്രങ്ങളെ തിരഞ്ഞെടുക്കുകയാണ് പ്രശസ്ത സംവിധായകനും മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ ബി വേണു. മത്സര വിഭാഗം, മലയാള സിനിമ, ഇന്ത്യന്‍ സിനിമ എന്നീ വിഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ചിത്രങ്ങളെ ഈ തിരഞ്ഞെടുപ്പില്‍ പരിഗണിച്ചിട്ടില്ല. ഇത്തവണത്തെ മത്സര വിഭാഗം സെലക്ഷന്‍ കമ്മിറ്റി അംഗം കൂടിയാണ് കെ ബി വേണു.

ഗുഡ്‌ബൈ ടു ലാംഗ്വേജ്
(ഫ്രാന്‍സ്)
സംവിധാനം ഴാങ് ലൂക് ഗൊദാര്‍ദ്

ലോകത്തിലെ ഏറ്റവും contemporary and young filim maker എന്നാണ് ഴാങ് ലൂക് ഗൊദാര്‍ദിനെ വിശേഷിപ്പിക്കാന്‍ തോന്നുന്നത്. കഴിഞ്ഞ വര്‍ഷവും ചലിച്ചിത്രമേളയില്‍ അദ്ദേഹത്തിന്റെ 3x3D എന്ന സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. ഇത്തവണ പ്രദര്‍ശിപ്പിക്കുന്ന ഗുഡ് ബൈ ടു ലാംഗ്വേജും ത്രീഡിയാണ്.

ലോകസിനിമയില്‍ വലിയ പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിച്ച ഫ്രഞ്ച് നവതരംഗത്തിന്റെ സൃഷ്ടാക്കളില്‍ ഒരാളാണ് ഗൊദാര്‍ദ്. സാമ്പ്രദായിക എഡിറ്റിംഗ് രീതികളെ, അഭിനയരീതികളെ, നരേഷനെ, തിരക്കഥയെ ഒക്കെ ഉല്ലംഘിച്ചുകൊണ്ടുള്ള ഒരു ഫിലിം മേക്കിംഗ് രീതി അതിധീരമായി പരീക്ഷിച്ച സിനിമയാണ് അദ്ദേഹത്തിന്റെ ബ്രത്‌ലെസ്സ്. ഇപ്പോഴും ഗൊദാര്‍ദ് സിനിമകളെടുത്തുകൊണ്ടേയിരിക്കുന്നു. ഈ പ്രായത്തില്‍പ്പോലും ത്രീഡി എന്ന സാങ്കേതിക വിദ്യയെ പരമാവധി ഉപയോഗിച്ച് സിനിമ ചെയ്യാന്‍ അദ്ദേഹത്തിന് കഴിയുന്നു.

ഐ എഫ് എഫ് കെയില്‍ ഇതുവരെ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഗൊദാര്‍ദ് ചിത്രങ്ങള്‍ പരിശോധിച്ചാല്‍, ഇത്രയും പരീക്ഷണാത്മക സിനിമകള്‍ ചെയ്യുന്ന സംവിധായകര്‍ അധികമില്ലെന്ന് മനസ്സിലാകും. ലോകമെമ്പാടുമുള്ള പ്രേക്ഷകരില്‍ നിന്ന് പുതിയ സെന്‍സിബിലിറ്റി പ്രതീക്ഷിച്ചുകൊണ്ടാണ് ഗൊദാര്‍ദ് ഓരോ സിനിമയുമെടുക്കുന്നത്. നവീനമായ ആശയങ്ങള്‍ നിറഞ്ഞ ഫിലിം മേക്കിംഗിലൂടെ സിനിമ എന്ന മാധ്യമത്തെ തന്റെ വരുതിയില്‍ നിര്‍ത്താന്‍ അതീവ ജാഗ്രതയോടെ ശ്രമിച്ചു കൊണ്ടേയിരിക്കുന്ന ഗൊദാര്‍ദിന്റെ ഗുഡ്‌ബൈ ടു ലാംഗ്വേജ് തന്നെയാണ് ഈ തെരഞ്ഞെടുപ്പില്‍ എനിക്ക് ആദ്യ സ്ഥാനം നല്‍കാനുള്ളത്.

മെല്‍ബണ്‍
(പേര്‍ഷ്യന്‍/ഇറ്റാലിയന്‍)
സംവിധാനം: നിമ ജാവിദി

വളരെ ചെറുപ്പക്കാരായ ഭാര്യാഭര്‍ത്താക്കന്മാര്‍ മെല്‍ബണിലേക്കുള്ള യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ്. അവര്‍ സാധനങ്ങള്‍ പായ്ക്ക് ചെയ്യുന്നതിനിടയില്‍ നടക്കുന്ന അസാധാരണമായൊരു സംഭവമാണ് സിനിമയുടെ ഇതിവൃത്തം. അവരെ അയല്‍ക്കാര്‍ എല്‍പ്പിച്ചിട്ടുപോയ നവജാത ശിശു മരിച്ചു! എങ്ങനെയാണ് കുട്ടി മരിച്ചതെന്ന് അവര്‍ക്കറിയില്ല.

ഏതാണ്ട് മുഴുവന്‍ സമയവും സിനിമ നടക്കുന്നത് അവരുടെ ഫ്‌ലാറ്റിനകത്ത് തന്നെയാണ്. ഒറ്റ ലൊക്കേഷനില്‍ സിനിമ ചെയ്യുക എന്നത് നിസ്സാര കാര്യമല്ല. പൈമാന്‍ മാദിയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. പാസ്റ്റ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച അഭിനേതാവാണ് മാദി. മേക്കിംഗിന്റെയും പെര്‍ഫോമന്‍സിന്റെയും ബലംകൊണ്ട് എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ് മെല്‍ബണ്‍.

വണ്‍ ഓണ്‍ വണ്‍
(ദക്ഷിണ കൊറിയ)
സംവിധാനം: കിം കി ദക്ക്

ഒരു ഫിലിം മേക്കറുടെ കരിയറില്‍ വല്ലാത്തൊരു ഭാവുകത്വ പരിണാമത്തിന്റെ കാലമുണ്ട്. കിം കി ദക്കിന്റെ കാര്യത്തില്‍ അത് സംഭവിച്ചത് 2000 ന്റെ തുടക്കത്തില്‍ എടുത്ത സിനിമകളിലാണ്. സമാരിയ, സ്പ്രിംഗ് സമ്മര്‍ ഫോള്‍, ത്രീ അയണ്‍ തുടങ്ങിയ സിനിമകള്‍ ഉദാഹരണം. അതിനുശേഷം ഏതൊരു ഫിലിം മേക്കറേയും പോലെ സ്വയം ആവര്‍ത്തിക്കുന്നൊരു സ്വഭാവം കിം കി ദക്കില്‍ കണ്ടു. ചെറിയൊരു നിലവാരത്തകര്‍ച്ച അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. എന്നാല്‍ മേബിയസിലേക്ക് എത്തുമ്പോള്‍ പിന്നെയും തന്റെ പഴയ സങ്കേതത്തിലേക്ക് തിരിച്ചു പോകാന്‍ കിമ്മിന് കഴിഞ്ഞിരുന്നു.കിം കി ദക്കിനെ കുറിച്ച് ആരോ പറഞ്ഞൊരു വാചകം കടമെടുക്കുകയാണ് ഞാന്‍- he is an untiring filim maker! എല്ലാവര്‍ഷവും സ്വന്തം നിലപാടില്‍ ഉറച്ചു നിന്നുകൊണ്ട് സിനിമ എടുക്കാനുള്ള അദ്ദേഹത്തിന്റെ ആര്‍ജ്ജവത്തെ അഭിനന്ദിച്ചേ മതിയാകൂ. അതുകൊണ്ട് തന്നെ വണ്‍ ഓണ്‍ വണ്ണിന് ഞാന്‍ മൂന്നാം സ്ഥാനം നല്‍കുന്നു.

വിന്റര്‍ സ്ലീപ്
(തുര്‍ക്കി)
സംവിധാനം: നൂറി ബില്‍ജി സെയ്‌ലാന്‍

ക്ലൈമറ്റ്, ത്രീ മങ്കീസ് എന്നീ സിനിമകള്‍ കൊണ്ട് നമ്മളെ വിസ്മയിപ്പിച്ച സംവിധായകനാണ് നൂറി. തന്റെ മുന്‍കാല ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതുമയാര്‍ന്നൊരു ആഖ്യാനരീതി കൊണ്ടുവന്നിരിക്കുകയാണ് വിന്റര്‍ സ്ലീപ്പില്‍ നൂറി. തന്റെ തന്നെ സിനിമാഭാഷയെ പൊട്ടിച്ചെറിയാന്‍ അദ്ദഹം തയ്യാറായിരിക്കുന്നു.

ദി റൗണ്ട് അപ്പ്
(ഹംഗറി)
സംവിധാനം: മിക്ലോസ് യാങ്‌സോ

യാങ്‌സോയുടെ ആദ്യ സിനിമകളില്‍ ഒന്നാണ് 1965 ല്‍ ഇറങ്ങിയ ദി റൗണ്ട് അപ്പ് എന്ന ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രം. ഹംഗറിയുടെ വിശാലമായ സമതലപ്രദേശങ്ങളുടെ സാധ്യതകള്‍ യാങ്‌സൊ എക്കാലത്തും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. തിരശ്ചീനമായ കാഴ്ച്ചകള്‍ യാങ്‌സൊ സിനിമകളുടെ സവിശേഷതയാണ്. ഒരു ഫിലിം മേക്കര്‍ എത്രത്തോളം involved ആയിരിക്കണമെന്ന് പഠിക്കാന്‍ ഈ സംവിധായകന്റെ സിനിമകള്‍ ഉപകരിക്കും. യുദ്ധത്തിന്റെ കെടുതികളില്‍ നിന്ന് ഇതുവരെ മോചനം നേടാത്ത രാജ്യമാണ് ഹംഗറി. രാഷ്ട്രീയചരിത്രത്തെ അടിസ്ഥാനമാക്കിള്‍ നിരവധി സിനിമകള്‍ ഹംഗറിയില്‍ ഇപ്പോഴും ഉണ്ടാകുന്നുണ്ട്. ഈ സിനമകളുടെ സൃഷ്ടക്കാളില്‍ പലരുടെയും പ്രചോദനം യാങ്‌സേ ആയിരുന്നു. ഗൊദാര്‍ദിന്റെ ബ്രെത്‌ലെസ് പോലെ ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ള സിനിമയാണ് ദി റൗണ്ട് അപ്പും.

ദി ട്രൈബ് 
(യുക്രൈന്‍ )
സംവിധാനം: മിറോസ്ലാവ് സ്ലാബോസ്പിറ്റ്‌സ്‌കി

സംഭാഷണമില്ല എന്നതു തന്നെയാണ് ഈ സിനിമയുടെ പ്രധാന സവിശേഷത. terrible kind of film making എന്നാണ് ഈ സിനിമയെ വിശേഷിപ്പിക്കാനുള്ളത്.

ഗ്രാന്‍ഡ് സെന്‍ട്രല്‍
(ഫ്രഞ്ച്)
സംവിധാനം: റബേക്ക സ്ലോട്ടോവിസ്‌കി

നമുക്ക് അത്രയൊന്നും പരിചിതമല്ലാത്തൊരു ഭൂമികയിലാണ് ഈ സിനിമ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. ഒരു ന്യൂക്ലിയര്‍ റിയാക്ടറാണ് പശ്ചാത്തലം. ഓരോ നിമിഷവും അവിടെ റേഡിയഷന്റെ ഭീഷണി നിറഞ്ഞു നില്‍ക്കുന്നു. വളരെ ഭയാനകമായൊരു സാഹചര്യത്തിലാണ് അവിടെയുള്ളവര്‍ ജോലി ചെയ്യുന്നത്. ഇവിടേയ്ക്ക് അത്ര തൊഴില്‍ പരിചയമില്ലാത്ത ഗാരി എന്ന ചെറുപ്പക്കാരന്‍ എത്തുന്നു. തന്റെ ബോസിന്റെ ഭാവിവധുവുമായി ഗാരി പ്രണയത്തിലാകുന്നു. ആണവ റിയാക്ടറിന്റെ ഭീഷണിയും ത്രികോണ പ്രണയത്തിന്റെ സങ്കീര്‍ണതയും ചിത്രത്തില്‍ നിറയുന്നു.

ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത് ഓസ്ട്രിയയിലെ ഡി കമ്മീഷന്‍ ചെയ്തൊരു ആണവ റിയാക്ടറിലാണ്. ഡികമ്മീഷന്‍ ചെയ്തതാണെങ്കില്‍പ്പോലും അത് പൂര്‍ണമായും അപകടരഹിതമൊന്നുമല്ലായിരുന്നു. ഇത്തരമൊരു പശ്ചാത്തലത്തില്‍, യാന്ത്രികമായ വന്യതയ്ക്കുള്ളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു എന്നതു തന്നെയാണ് ഈ സിനിമയുടെ സവിശേഷത.
സിനിമയിലെ കേന്ദ്ര കഥാപാത്രമായ ലിയ സെയ്ദൗ ന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്.

നൈറ്റ് ഓഫ് സൈലന്‍സ്
(തുര്‍ക്കി)
സംവിധാനം: റെയ്‌സ് സെലിക്

60 കഴിഞ്ഞ ഒരാള്‍ ജയില്‍ മോചിതനായി വന്നശേഷം വിവാഹം കഴിക്കുകയാണ്, അതും തന്റെ ചെറുമകളാകാന്‍ പ്രായമുള്ള ഒരു പെണ്‍കുട്ടിയെ. വളരെ യാഥാസ്ഥിതകമായ ഗോത്രത്തില്‍ പെട്ടവരാണ് ഇവര്‍. ജീവിത പങ്കാളിയെ സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത ഒരു ഗോത്രമാണ് അവരുടേത്. ചടങ്ങ് അനുസരിച്ച് വിവാഹപ്പിറ്റേന്ന് വിരിപ്പില്‍ കന്യാരക്തം കാണേണ്ടതാണ്. എന്നാല്‍ ഭയന്നുവിറച്ചിരിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ അടുത്ത് എന്ത് ചെയ്യാന്‍. അയാള്‍ പലതരത്തിലും അവളെ അനുനയിപ്പിക്കാന്‍ നോക്കുന്നു. അവള്‍ അയാളോട് ആയിരത്തിയൊന്ന് രാവുകളിലെ കഥകള്‍ പറയുന്നു. പരസ്പരം സംസാരിച്ചു സാംസാരിച്ച് അവര്‍ക്കിടയില്‍ മറ്റൊരു തലത്തിലുള്ള ബന്ധം ഉടലെടുക്കുന്നു. നേരം വെളുക്കുമ്പോള്‍ കിടക്ക വിരിയെടുക്കാന്‍ ആളുവരും.പക്ഷെ, അയാള്‍ വളരെ സ്‌നേഹപൂര്‍വം അവളുടെ നെറ്റിയില്‍ ഒന്നു ചുംബിക്കുക മാത്രം ചെയ്യുന്നു. ഈ സിനിമയുടെ സിംഹഭാഗവും മനോഹരമായി അലങ്കരിച്ച ഒരു മുറിക്കുള്ളിലാണ് നടക്കുന്നത്. ധ്യാനാത്മകമായൊരു അനുഭവമാണ് എനിക്ക് ഈ സിനിമ പ്രദാനം ചെയ്തത്.

ബ്രൈറ്റ്  ഡെയ്‌സ് എഹേഡ്
(ഫ്രഞ്ച്)
സംവിധാനം: മരിയോണ്‍ വെര്‍ണക്‌സ്

അറുപതു വയസ് കഴിഞ്ഞ ഒരു സ്ത്രീയും ഊര്‍ജ്ജസ്വലനായൊരു ചെറുപ്പക്കാരനും തമ്മില്‍ പ്രണയത്തിലാകുന്നു. ആ സ്ത്രീക്ക് ഭര്‍ത്താവുള്ളതാണ്. പെണ്‍മക്കളും അവരുടെ പേരക്കുട്ടികളുമുണ്ട്. ദന്തഡോക്ടറായിരുന്നു അവര്‍. വിരമിച്ചതിനു ശേഷം തനിക്കിനി എന്തു ചെയ്യാനാകും എന്ന നിരാശയിലാണ്ടിരിക്കുകയായിരുന്നു അവര്‍.. അറുപതു കഴിഞ്ഞവര്‍ക്ക് താാമസിക്കാനും അവരവര്‍ക്ക് ഇഷ്ടമുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടാനും സൗകര്യമൊരുക്കുന്ന സ്ഥാപനമാണ് െ്രെബറ്റ് ഡെയ്‌സ് എഹേഡ്. അവിടെവച്ചാണ് കമ്പ്യൂട്ടര്‍ എഞ്ചിനീയറായ ആ ചറുപ്പക്കാരനുമായി അവര്‍ പ്രണയത്തിലാകുന്നത്. ഒരു കടലോര നഗരമാണ് പശ്ചാത്തലം. പതുക്കെപ്പതുക്കെ ഭര്‍ത്താവടക്കം എല്ലാവരും ഈ ബന്ധത്തെക്കുറിച്ചറിയുന്നു. എങ്കിലും തന്റെ മനസ്സിനും ശരീരത്തിനും ഇപ്പോഴും യൗവ്വനം നഷ്ടപ്പെട്ടിട്ടില്ലെന്ന ബോദ്ധ്യം ആ സ്ത്രീയെ മുന്നോട്ട് നയിക്കുന്നു. ഫാനി ആര്‍ദന്റിന്റെ മികച്ച പ്രകടനനമാണ് സിനിമയുടെ ഒരു പ്രധാന ആകര്‍ഷണം.

ട്രാക് 143
(ഇറാന്‍)
സംവിധാനം: നര്‍ഗീസ് അബ്യാര്‍

ഇറാന്‍-ഇറാഖ് യുദ്ധമാണ് സിനിമയുടെ പശ്ചാത്തലം. യുദ്ധരംഗത്തേക്ക് പോയ മകനെ കാത്തിരിക്കുകയാണ് ഒരമ്മ. പലരോടും മകനെക്കുറിച്ച് അവര്‍ തിരക്കുന്നുണ്ട്. യുദ്ധഭൂമിയില്‍ നിന്ന് പലപ്പോഴായി മടങ്ങി വരുന്നവരോടെല്ലാം മകനെ കണ്ടോയെന്ന് അവര്‍ ചോദിച്ചു നടക്കുന്നു. അരയില്‍ ഒരു റേഡിയോ കെട്ടിയിട്ടിട്ടുണ്ട്. ഒടുവില്‍ മരിച്ചുപോയ മകന്റെ അവശേഷിപ്പുകളുടെ മുന്നില്‍ നില്‍ക്കുന്ന ആ അമ്മയില്‍ സിനിമ അവസാനിക്കുകയാണ്. യുദ്ധങ്ങള്‍ എപ്പോഴും അതുമായി ഒരു ബന്ധവമുമില്ലാത്തവരെയാണ് കൂടുതല്‍ വേദനിപ്പിക്കയെന്ന് ഈ സിനിമ ഓര്‍മ്മപ്പെടുത്തുന്നു. എക്കാലവും നിലനില്‍ക്കുന്ന വേദനകളാണ് ഓരോ യുദ്ധവും നമുക്ക് പകര്‍ന്നു നല്‍കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍