UPDATES

ഐ എഫ് എഫ് കെ

ടര്‍ക്കിഷ് സിനിമയുടെ 100 വര്‍ഷം; ഐ എഫ് എഫ് കെയില്‍ 8 ചിത്രങ്ങള്‍

Avatar

നീതു ദാസ്

വളര്‍ച്ചയുടെയും തളര്‍ച്ചയുടെയും അതിജീവനത്തിന്റെയും നൂറുവര്‍ഷങ്ങള്‍ പിന്നിട്ട ടര്‍ക്കിഷ് സിനിമയ്ക്ക് 2014 നേട്ടത്തിന്റെതാക്കിമാറ്റിയത് നൂറി ബില്‍ജി സെയ്ലാന്‍റെ ‘വിന്റര്‍ സ്ലീപാ’ണ്. 67ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ പാം പുരസ്‌കാരം ചിത്രം നേടി. 90കളില്‍ നേരിട്ട പ്രതിസന്ധിയില്‍ നിന്ന് ടര്‍ക്കിഷ് സിനിമ കരകയറുന്നത് ഒരു കൂട്ടം ന്യൂജനറേഷന്‍ സംവിധായകരുടെ പരീക്ഷണമികവിലൂടെയാണ്. ടര്‍ക്കിഷ് സിനിമയുടെ രൂപത്തെയും പ്രേക്ഷകരുടെ അഭിരുചികളെ തന്നെയും മാറ്റിമറിച്ച പരീക്ഷണങ്ങളുടെ അമരത്ത് ഡെര്‍വിസ് സയിം, നൂറി ബില്‍ജി സെയ്‌ലാണ്‍, സെകി ഡെമിര്‍കുബുസ്, യെസിം ഉസ്താഒഗ്ലു എന്നീ സംവിധായകരായിരുന്നു. സെമിഹ് കപ്ലനൊഗ്ലു, തയ്ഫൂണ്‍ പിര്‍സേലിമൊഗ്ലു, റെയ്‌സ് ജെലിച്ച്, റേഹ എര്‍ദം എന്നിവരും ആ മുന്നേറ്റത്തില്‍ പങ്കാളികളായി. സ്വകാര്യ ടെലിവിഷന്‍ ചാനലുകളുടെ വളര്‍ച്ചക്കൊപ്പം തുര്‍ക്കിയില്‍ സിനിമാവ്യവസായം തകര്‍ന്നുകൊണ്ടിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. സിനിമ എന്നത് സംവിധായകന്റെ കലയാണെന്ന ബോധം എണ്‍പതുകളില്‍ ടര്‍ക്കിഷ് സിനിമാ രംഗത്തുണ്ടായതും അന്താരാഷ്ട്രതലത്തില്‍ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണമായി.

1914ല്‍ ഫുവത് ഉസ്‌കനൈ സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് ആദ്യ തുര്‍ക്കി ചിത്രമായി കണക്കാക്കപ്പെടുന്നത്. അയെസ്തിഫാനോസ് എന്ന നഗരത്തിലെ റഷ്യന്‍ സ്മാരകം തകര്‍ക്കപ്പെട്ടതിനെക്കുറിച്ചുള്ളതായിരുന്നു ആ ഡോക്യുമെന്ററി. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തോടു കൂടി ടര്‍ക്കിഷ് സിനിമ വ്യവസായം തഴച്ചു വളരാന്‍ തുടങ്ങി. 1960 മുതല്‍ 1975 വരെയുള്ള കാലഘട്ടമാണ് ടര്‍ക്കിഷ് സിനിമയുടെ സുവര്‍ണകാലഘട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്നത്. 1963ലാണ് ആദ്യ ടര്‍ക്കിഷ് കളര്‍ ചിത്രം പുറത്തിങ്ങുന്നത്. അന്താരാഷ്ട്രതലത്തിലെ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങള്‍ ടര്‍ക്കിഷ് സിനിമയെ സ്വാധീനിക്കാന്‍ തുടങ്ങിയത് എഴുപതുകളിലായിരുന്നു. 80കളില്‍ സാങ്കേതികമായി മുന്നേറാന്‍ ടര്‍ക്കിഷ് സിനിമയ്ക്ക് സാധിച്ചു. കുടുംബസദസ്സുകള്‍ക്ക് പുറമെ സിനിമയെ പക്വതയോടെ സമീപിക്കുന്ന പ്രേക്ഷകരും രൂപപ്പെട്ടു. അതിനുശേഷം അകപ്പെട്ട പ്രതിസന്ധിയെ അതിജീവിച്ച് ജനപ്രീതിയും ലോകശ്രദ്ധയും നേടുന്നതില്‍ വിജയിച്ചിരിക്കുകയാണ് ടര്‍ക്കിഷ് സിനിമ ഇന്ന്.

എ ഫെയര്‍ ഗ്രൗണ്ട് അട്രാക്ഷന്‍, പാന്‍ഡോറാസ് ബോക്‌സ്, മെജോറിറ്റി, നൈറ്റ് ഓഫ് സൈലന്‍സ്, ഐ ആം നോട്ട് ഹിം, യോസ്ഗാട്ട് ബ്ലൂസ്, കം ടു മൈ വോയ്‌സ്, സിവാസ് എന്നീ എട്ട് ചിത്രങ്ങളാണ് തുര്‍ക്കിഷ് സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

എ ഫെയര്‍ഗ്രൗണ്ട് അട്രാക്ഷന്‍

മെഹ്മത് എരിയ്ല്‍മസിന്റെ സംവിധാനത്തിലും തിരക്കഥയിലും 2008ല്‍ പുറത്തിറങ്ങിയ ചിത്രമാണ് എ ഫെയര്‍ഗ്രൗണ്ട് അട്രാക്ഷന്‍. സ്ഥിരമായി ഒരിടത്തും തങ്ങാതെ അലയുന്ന രണ്ടു പേരുടെ പ്രണയ കഥയാണ് ചിത്രം പറയുന്നത്. മനുഷ്യരുടെ വൈകാരിക ലോകത്തിന്റെ വിസ്‌ഫോടനാത്മകമായ തലങ്ങളിലേക്ക് ഒട്ടൊരു മമതയോടെയും മാനുഷിക പരിഗണനയോടെയുമാണ് ചിത്രം ഇടപെടുന്നത്. പരമ്പരാഗത ടര്‍ക്കിഷ് സംഗീതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയിലൂടെ ശ്രദ്ധനേടിയ സംവിധായകനാണ് മെഹ്മത് എരിയ്ല്‍മസ്. പതിനേഴോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

പാന്‍ഡോറാസ് ബോക്‌സ്

യെസിം ഉസ്താഒഗ്ലൂ സംവിധാനം ചെയ്ത 2008ല്‍ പുറത്തിറങ്ങിയ പന്തോരാസ് ബോക്‌സ് അല്‍ഷിമേഴ്‌സ് രോഗം ബാധിച്ച അമ്മയുടെയും പരസ്പരം അകന്ന് കഴിയുകയായിരുന്ന മൂന്ന് മക്കളുടെയും കഥയാണ് പറയുന്നത്. അമ്മയെ കാണാനില്ലെന്നറിയുന്നതോടെ മക്കളെല്ലാം തങ്ങളുടെ ജന്മഗ്രാമത്തിലെത്തുകയാണ്. പ്രതിസന്ധികള്‍ മുറുകുന്നതോടെ അവര്‍ക്കിടയിലെ പ്രശ്‌നങ്ങളോരോന്നായി പുറത്തേക്ക് ചാടുന്നു, ഗ്രീക്ക് പുരാണത്തിലെ പന്തോരയുടെ പെട്ടി തുറന്നതുപോലെയാകുന്നു അവരുടെ അവസ്ഥ. 1999ല്‍ പുറത്തിറങ്ങിയ ജേര്‍ണി ടു ദി സണ്‍ എന്ന ചിത്രത്തിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ സംവിധായികയാണ് യെസിം ഉസ്താഒഗ്ലു. 1994ല്‍ പുറത്തിറങ്ങിയ ദി ട്രേസ് ആണ് ആദ്യ മുഴുനീള ചിത്രം.

മെജോറിറ്റി

മെജോറിറ്റി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തന്റെ വരവറിയിച്ച യുവസംവിധായകനാണ് സെറന്‍ യൂസ്. 2010ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ അച്ഛന്റെ കിരാതമായ ഏകാധിപത്യത്തിനെതിരെ കലഹിച്ചുകൊണ്ടിരിക്കുന്ന ഒരു മദ്ധ്യവര്‍ഗയുവാവാണ് കേന്ദ്രകഥാപാത്രം. അയാള്‍ തുര്‍ക്കിയിലെ ന്യൂനപക്ഷ ഗോത്രത്തില്‍പ്പെട്ട യുവതിയെ പ്രണയിക്കുകയും എന്നാല്‍ ‘ഭൂരിപക്ഷത്തിന്റെ’ സാമൂഹിക മൂല്യങ്ങള്‍ സംരക്ഷിക്കാനായി അച്ഛന് മുന്നില്‍ വഴങ്ങുകയും ചെയ്യുന്നു. ചിത്രം നിരവധി മേളകളില്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

നൈറ്റ് ഓഫ് സൈലന്‍സ്

റെയ്‌സ് ജെലിച്ചിന്റെ നൈറ്റ് ഓഫ് സൈലന്‍സ് ഇതിവൃത്തമാക്കുന്നത് പങ്കാളിയെ തെരഞ്ഞെടുക്കാന്‍ വധുവിനോ വരനോ അവസരമില്ലാത്ത ഒരു സാമ്പ്രദായിക ടര്‍ക്കിഷ് വിവാഹമാണ്. പതിനാലുകാരിയായ വധുവും ജയില്‍പുള്ളിയായിരുന്ന വരനും അവരുടെ ആദ്യരാത്രിയും ചിത്രത്തെ സംഭവബഹുലമാക്കുന്നു. ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത് റെയ്‌സ് ജെലിച്ചാണ്. ലെറ്റ് ദേര്‍ ബി ലൈറ്റ് ആണ് റെയ്‌സ് ജെലിച്ചിന്റെ ആദ്യ ചിത്രം. റെഫ്യൂജി, ഗുഡ്‌ബൈ ടുമാറോ എന്നിവയാണ് പത്രപ്രവര്‍ത്തകന്‍ കൂടിയായ ജെലിച്ചിന്റെ മറ്റു ചിത്രങ്ങള്‍.

ഐ ആം നോട്ട് ഹിം

തൈഫുന്‍ പിര്‍സേലിമൊഗ്ലു സംവിധാനം ചെയ്ത ഐ ആം നോട്ട് ഹിം എന്ന ചിത്രം റസ്‌റ്റോറന്റ് ക്ലീനറായി ജോലി ചെയ്യുന്ന അവിവാഹിതനായ യുവാവിന്റെ കഥ പറയുന്നു. സഹപ്രവര്‍ത്തകയുടെ ജയില്‍പുള്ളിയായ ഭര്‍ത്താവുമായുള്ള രൂപസാദൃശ്യം അയാളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. അപരന്റെ രൂപവും വ്യക്തിത്വവും സ്വീകരിക്കാന്‍ യുവാവ് തയ്യാറാകുന്നത് അയാളുടെയും സഹപ്രവര്‍ത്തകയുടെയും ജീവിതത്തില്‍ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു. തുര്‍ക്കിയിലെ ട്രാബ്‌സണില്‍ ജനിച്ച തൈഫുന്‍ പിര്‍സേലിമൊഗ്ലു ഒരു എഴുത്തുകാരനും അധ്യാപകനും കൂടിയാണ്. ഹെയര്‍, ഇന്‍ നോവേര്‍ ലാന്റ്, റിസ, ഹേസ് എന്നിവയാണ് മറ്റു ചിത്രങ്ങള്‍.

യോസ്ഗാട്ട് ബ്ലൂസ

മഹ്മൂദ് ഫാസില്‍ കോസ്‌കൂന്‍ സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ യോസ്ഗാട്ട് ബ്ലൂസ്, യാവൂസ് എന്ന പ്രശസ്തനായ പാട്ടുകാരന്റെ കഥയാണ് പറയുന്നത്. ഭാര്യയുടെ മരണം അയാളെ തീര്‍ത്തും തനിച്ചാക്കിയിരിക്കുന്നു. തന്റെ വിദ്യാര്‍ഥിനിയായ നെസെയുമായി അയാള്‍ക്കുണ്ടാകുന്ന ബന്ധവും അതിന് പിന്നീട് നേരിടേണ്ടി വരുന്ന സങ്കീര്‍ണതകളുമാണ് ചിത്രത്തിന്റെ പ്രമേയം. സ്വന്തം വികാരങ്ങള്‍ പ്രകടിപ്പിക്കാനാകാത്ത മനുഷ്യരുടെ കഥയാണ് തന്റെ ചിത്രങ്ങളിലൂടെ മഹ്മൂദ് പറയാന്‍ ശ്രമിക്കുന്നത്. 2009ല്‍ പുറത്തിറങ്ങിയ റോങ് റോസറി എന്ന ആദ്യ ചിത്രം അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പുരസ്‌കാരം നേടിക്കൊടുത്തു. ആര്‍ക്കിടെക്ട് സിനാന്‍ എന്ന ചിത്രം 2010ല്‍ പുറത്തിറങ്ങി.

കം ടു മൈ വോയ്‌സ്

ഒരു മലയോര ഗ്രാമത്തിലെ ബര്‍ഫി എന്ന വൃദ്ധയും ചെറുമകള്‍ ജിയാനുമാണ് ഹുസൈന്‍ കാരാബെയ് സംവിധാനം ചെയ്ത കം ടു മൈ വോയ്‌സിലെ കേന്ദ്രകഥാപാത്രങ്ങള്‍. ബര്‍ഫിയുടെ മകനും ജിയാന്റെ അച്ഛനുമായ ടെമോയെ തടവിലാക്കിയ പട്ടാളക്കാരില്‍ നിന്ന് അയാളെ രക്ഷിക്കാനായുള്ള അലച്ചിലിലൂടെ ചിത്രം പുരോഗമിക്കുന്നു. സംഘര്‍ഷങ്ങളുടെ ലോകത്ത് നിന്ന് പുറത്തുകടക്കാന്‍ നിഷ്‌കളങ്കരായ ഇവര്‍ക്ക് കഴിയുന്നില്ല. ഹുസൈന്‍ കാരാബെയുടെ ആദ്യ ചിത്രമാണ് ഗിത്‌മെക്- മൈ മാര്‍ലോണ്‍ ആന്റ് ബ്രാന്റോ. അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ മികച്ച സംവിധായകനടക്കമുള്ള പുരസ്‌കാരങ്ങള്‍ ചിത്രം നേടി.

സിവാസ്

കാന്‍ മുജ്‌ദെജിയുടെ ആദ്യ സിനിമയായ സിവാസിന്റെ മുഖ്യ ആകര്‍ഷണം ദൊഗാന്‍ഇസ്ചി എന്ന ബാലനടന്റെ ഉജ്വല പ്രകടനമാണ്. മാതാപിതാക്കള്‍ ഉപേക്ഷിച്ച 11 വയസുകാരന്‍ അസ്‌ലനാണ് ദൊഗാന്‍ഇസ്ചിയുടെ കഥാപാത്രം . അസ്‌ലന്റെയും അവന്‍ രക്ഷിച്ച പോര്‍നായയുടെയും കഥയാണ് ഈ വര്‍ഷം ഇറങ്ങിയ ചിത്രം പറയുന്നത്. 2010ല്‍ പുറത്തിറങ്ങിയ ഡെ ഓഫ് ജര്‍മന്‍ യൂണിറ്റി എന്ന ഷോട്ട് ഫിലിം നിരവധി ടിവി ചാനലുകളിലെ സംപ്രേഷണത്തിലൂടെ ശ്രദ്ധ നേടി. തുര്‍ക്കിയിലെ നായ്‌പ്പോരിനെക്കുറിച്ച് ഫാദേഴ്‌സ് ആന്‍ സണ്‍സ് എന്ന ഡോക്യുമെന്ററിയും കാന്‍ മുജ്‌ദേജി സംവിധാനം ചെയ്തിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍